പി സായ്‌നാഥിന് ഫുക്കുവോക്ക പുരസ്‌കാരം
ന്യൂദൽഹി: പ്രശസ്‌ത മാധ്യമപ്രവർത്തകൻ പി സായ്‌നാഥിനെ 2021ലെ ഫുക്കുവോക്ക സമ്മാനത്തിനു തെരഞ്ഞെടുത്തതായി ജപ്പാനിലെ പുരസ്‌കാര സമിതി അറിയിച്ചു .
ഓരോ വർഷവും ആഗോളതലത്തിൽ സമുന്നത സംഭാവനകൾ നൽകിയ മുന്നുപേരെയാണ് സമ്മാനത്തിന് തെരഞ്ഞെടുക്കുന്നത്. സായ്‌നാഥിനെ സമഗ്ര സംഭാവനയ്ക്കുള്ള ഗ്രാൻഡ് പ്രൈസിനാണ് തെരഞ്ഞെടുത്തത്. അക്കാമിക പ്രവർത്തനങ്ങൾക്കുള്ള സമ്മാനം ജപ്പാനിലെ കിഷിമോട്ടോ മിയോ, കലാരംഗത്തെ സംഭാവനക്കുള്ള പുരസ്‌കാരം തായ്‌ലൻഡിലെ പ്രാബ്ദ യൂൻ എന്നിവരും നേടി.
ഗ്രാമീണഇന്ത്യയുടെ അവസ്ഥ സംബന്ധിച്ചു സായ്‌നാഥ് നടത്തിയ പഠനങ്ങളും പൊതുസമൂഹത്തിൽ പരസ്‌പരബന്ധങ്ങളും വിശ്വാസവും വളർത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങളുമാണ് സായ്‌നാഥിനെ സമ്മാനത്തിനു അർഹനാക്കിയതെന്നു സമ്മാനസമിതിയുടെ കുറിപ്പിൽ പറയുന്നു.
ഫുക്കുവോക്ക ഗ്രാൻഡ് പ്രൈസ് നേരത്തെ നേടിയവരിൽ ബംഗ്ലാദേശ് സാമ്പത്തിക ശാസ്ത്രജ്ഞൻ മുഹമ്മദ് യൂനുസ്, ഇന്ത്യൻ ചരിത്രകാരി റോമില ഥാപ്പർ, സരോദ് വാദകൻ അംജദ് അലി ഖാൻ തുടങ്ങിയവർ ഉൾപ്പെടുന്നു. 1990ൽ സ്ഥാപിതമായ ഫുക്കുവോക്ക സമ്മാനം ഇതുവരെ 28 രാജ്യങ്ങളിലെ 115 പേർക്കാണ് ലഭിച്ചിട്ടുള്ളത്.