ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നൂറാം വർഷം ആഘോഷം ഈയാഴ്ച മുതൽ

ബെയ്‌ജിങ്‌:  ജൂലൈ ഒന്നിന് നൂറാം വർഷത്തിൽ എത്തുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി പരിപാടികൾക്ക് പാർട്ടിയും സർക്കാരും വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. ബീജിംഗിലും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും ഇതുമായി ബന്ധപ്പെട്ട വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ ഏജൻസി അസോസിയേറ്റഡ് പ്രസ്സ് നൽകിയ വിശദമായ വാർത്തയിൽ പറയുന്നു.

1921ൽ  ചൈനയുടെ ചരിത്രത്തിലെ ഒരു സുപ്രധാന ഘട്ടത്തിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊള്ളുന്നത്. പഴയ രാജകീയ ഭരണങ്ങൾ അവസാനിക്കുകയും വൈദേശിക ഇടപെടലുകളുടെ അവസരത്തിൽ കുമിന്താങ് ഭരണം അധികാരത്തിൽ നിലനിൽക്കുകയും ചെയ്യുന്ന അവസരത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം തുടങ്ങിയത് . പിന്നീട്  കടുത്ത ആഭ്യന്തരയുദ്ധം നടക്കുകയും യെനാനിൽ നിന്നും മാവോ സെ തുങിന്റെ നേതൃത്വത്തിൽ പുറപ്പെട്ട ലോങ്ങ് മാർച്ച് കുമിന്താങ് ഭരണത്തെ അട്ടിമറിച്ചു 1949ൽ ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിക്കുകയും ചെയ്‌തു.  കുമിന്താങ് നേതൃത്വം സമീപദ്വീപായ ഫോർമോസയിൽ അഭയം തേടി. അത്  പിന്നീട് തായ്‌വാൻ എന്ന പേരിലാണ് അറിയപ്പെട്ടത്. തായ്‌വാൻ  ഐക്യരാഷ്ട്ര സഭയിൽ അംഗമാണെങ്കിലും അത് ചൈനയുടെ അഭേദ്യഭാഗമാണെന്ന് ചൈനീസ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.  

ചൈനീസ്  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം നാലുഘട്ടങ്ങളായി പല പണ്ഡിതന്മാരും വിഭജിച്ചിട്ടുണ്ട്. 1919ലെ മെയ് 4  പ്രസ്ഥാനമാണ് അതിന്റെ ആദ്യ ഘട്ടം തുടങ്ങുന്ന ചരിത്ര മുഹൂർത്തമായി വിശദീകരിക്കപ്പെടുന്നത്. അതായത് ഔദ്യോഗികമായി പാർട്ടിസംഘടന ആവിർഭവിക്കും മുമ്പ് തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചൈനയുടെ സമൂഹത്തിൽ നിർണായക സ്വാധീനം ചെലുത്താൻ തുടങ്ങിയിരുന്നു. ലി ദശാവോ, ചെൻ ദിക്‌സിയു എന്നീ രണ്ടു ബുദ്ധിജീവികളുടെ  നേതൃത്വത്തിലാണ് സംഘടന ആദ്യം ആരംഭിച്ചത്. മാവോയും അനുയായികളും അതിൽ  ചേരുന്നതോടെയാണ് അതിന്റെ പ്രവർത്തനങ്ങൾ ശക്തമായത്.

പാർട്ടിയുടെ വളർച്ചയുടെ ആദ്യഘട്ടം 1921 മുതൽ മാവോയും സഖാക്കളും അധികാരം പിടിച്ചെടുക്കുന്ന 1949 വരെയുള്ളതാണ്. വിപ്ലവം വിജയിക്കുകയും  രാജ്യത്തെ നി യന്ത്രിച്ച വൈദേശികശക്തികളെ പുറത്താക്കി ഏകീകരിക്കുകയും ചെയ്‌തതാണ്‌ ഈ ഘട്ടത്തിലെ പ്രധാന നേട്ടങ്ങൾ. 1949 മുതൽ 1978ൽ മാവോ യുഗത്തിന്റെ അന്ത്യം വരെയുള്ളതാണ് രണ്ടാം ഘട്ടം. ചൈനയുടെ വളർച്ചയുടെയും ആഗോളരംഗത്തെ മുന്നേറ്റത്തിന്റെയും നിർണായകഘട്ടമാണ് ഇത്. അമേരിക്കയടക്കമുള്ള ആഗോളശക്തികളുടെ കടുത്ത എതിർപ്പിനെ ചെറുത്തു കൊണ്ടാണ് ഈ കാലത്തു ചൈന മുന്നേറിയത്. മാവോയും  ചൗ എൻ ലായിയുമാണ് അന്ന് ചൈനയെ നയിച്ചത്. അതേസമയം സാമ്പത്തിക രംഗത്തെ തെറ്റായ നയങ്ങൾ മൂലം 30 ദശലക്ഷത്തിൽ അധികം ഗ്രാമീണർ അക്കാലത്തു പട്ടിണി കാരണം മരിച്ചു എന്നാണ് കണക്കാക്കിയിരിക്കുന്നത്. പാർട്ടിയിലും ലിൻ പിയാവോ  പോലുള്ള നേതാക്കൾക്കെതിരേ ശക്തമായ ഉൾപാർട്ടി സമരം നടന്നതും ഈ കാലത്താണ് .

1978 മുതൽ 2012 വരെയുള്ള കാലം ചൈനയുടെ സാമ്പത്തിക വളർച്ചയുടെ കാലമാണ്. ഡെങ് സിയാവോ പിങ് ആയിരുന്നു ഈ കാലത്തെ നേതാവ്.  അദ്ദേഹം ചൈനയെ ആഗോള കമ്പോളവുമായി അടുപ്പിച്ചു. ലോകത്തെ പ്രധാന ഉല്പാദനകേന്ദ്രമായി ചൈന മാറി.  ലോകത്തെ  രണ്ടാമത്തെ സാമ്പത്തിക ശക്തിയായി  ചൈന ഉയർന്നു. ലോകത്തെ ഏറ്റവും ഉയർന്ന വികസനനിരക്ക്  ദശാബ്ദങ്ങൾ ചൈന നിലനിർത്തി. ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ചൈന ദാരിദ്രം പൂർണമായും തുടച്ചുനീക്കി. ചൈനയിൽ ജനാധിപത്യ പരിഷ്കാരങ്ങൾക്കു വേണ്ടി യുവജനങ്ങൾ രംഗത്ത് ഇറങ്ങിയതും ടിയാനെൻമെൻ ചത്വരത്തിൽ സൈന്യം അവരെ കൂട്ടക്കൊല നടത്തിയതും ഈ കാലത്താണ്.

2012നു ശേഷം നിലവിലെ ക്സി ജിൻ പിങ് ഭരണകൂടം ചൈനയെ ആഗോളരംഗത്തെ മുഖ്യശക്തിയാക്കി മാറ്റുന്ന പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടത്. ചൈനയുടെ സൈനികശക്തി വർധിച്ചു. ഏഷ്യയിലെയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളിൽ ചൈനീസ് നിക്ഷേപം വർധിച്ചു. ആഗോള വികസനരംഗത്തു അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ലോകബാങ്ക്, ഐഎംഎഫ് തുടങ്ങിയ സംവിധാനങ്ങൾക്ക് ബദലായി ചൈനയുടെ നേതൃത്വത്തിൽ പുതിയ ആഗോള സംവിധാനങ്ങൾ വന്നു. ചൈന അമേരിക്കയെ ആഗോളതലത്തിൽ കടത്തിവെട്ടും എന്ന ഭീഷണി ഉയർത്തി. അതേത്തുടർന്നാണ് ചൈനയെ തളയ്ക്കുക എന്ന മുദ്രാവാക്യവുമായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ചൈനക്കെതിരെ വ്യാപാരയുദ്ധം തുടങ്ങിയത്. ഈ ഏറ്റുമുട്ടൽ നിലനിൽക്കുന്ന അവസരത്തിലാണ് ചൈന അതിന്റെ ഒരു നൂറ്റാണ്ടിലെ അനുഭവങ്ങളിലേക്കു തിരിഞ്ഞു നോക്കുന്നത്.  ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്തെ നയിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു എന്നാണ് പൊതുവിൽ അക്കാദമിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.