മാഫിയയെ സംരക്ഷിക്കുക-യില്ലെന്നു എം വി ഗോവിന്ദൻ; പാർട്ടിയെ സേവിക്കുന്നത് പ്രതിഫലം തേടിയല്ലെന്നു ആയാങ്കി.
മാഫിയയെ സംരക്ഷിക്കുകയില്ലെന്നു എം.വി ഗോവിന്ദൻ;
പാർട്ടിയെ സേവിക്കുന്നത് പ്രതിഫലം തേടിയല്ലെന്നു ആയാങ്കി.
കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം സ്വർണം തട്ടിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിൽ അഞ്ചുപേർ അപകടത്തിൽ മരിച്ച സംഭവം സിപിഎം കണ്ണൂർ ഘടകത്തിൽ വീണ്ടും പൊട്ടിത്തെറിക്ക് കാരണമാകുന്നു.
കള്ളക്കടത്തു ആസൂത്രണം ചെയ്‌ത സംഘത്തിലെ പ്രധാനി ഡിവൈഎഫ്ഐ പ്രവർത്തകനും സിപിഎം സൈബർ പോരാളിയുമായ അർജുൻ ആയാങ്കി എന്ന യുവാവാണെന്നു വ്യക്തമായതോടെയാണ് വിഷയത്തിൽ നിന്ന് തലയൂരാൻ സിപിഎം ശ്രമം തുടങ്ങിയിരിക്കുന്നത്. അഴീക്കൽ സ്വാദേശിയായ ഇദ്ദേഹം മൂന്നുവർഷം മുമ്പ് ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹി ആയിരുന്നു. സൈബർ രംഗത്തെ പ്രവർത്തനങ്ങൾക്കായി സിപിഎം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അവകാശപ്പെട്ടത്. എന്നാൽ അർജുൻ ആയാങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ പലരും സിപിഎം സൈബർ പോരാളികളിൽ പ്രധാനികളാണെന്ന് സംസ്ഥാനത്തും പുറത്തും വ്യാപകമായി അറിയപ്പെടുന്ന വസ്തുതയാണ്. ആകാശ് തില്ലങ്കേരി മട്ടന്നൂരിലെ കോൺഗ്രസ്സ് പ്രവർത്തകനായ ഷുഹൈബ് വധക്കേസിൽ പ്രതിയാണ്.
കരിപ്പൂർ സ്വർണകേസിൽ ഉൾപ്പെട്ട അർജുൻ ആയാങ്കി ഉപയോഗിച്ചവന്ന കാർ തലശ്ശേരി കൊയ്യോട് സ്വദേശിയായ ഒരു സിപിഎം പ്രവർത്തകന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ ജീവനക്കാരനാണ് കാറുടമ സജേഷ് എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇദ്ദേഹവും ഡിവൈഎഫ്ഐ ഭാരവാഹി ആയിരുന്നു. സജേഷിന്റെ പേരിലുള്ള കാർ കള്ളകടത്ത്, ക്രിമിനൽ പ്രവർത്തനങ്ങൾക്കു ഉപയോഗിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനിടയിൽ കേസുമായി ബന്ധപ്പെട്ട സൂഫിയാൻ എന്നയാളെ കോഴിക്കോട് കൊടുവള്ളിയിൽ പോലീസ് അറസ്റ്റ് ചെയ്‌തു. ഇതോടെ മലബാറിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന കള്ളക്കടത്തു പ്രവർത്തനങ്ങളിൽ സിപിഎം നിയന്ത്രണത്തിലുള്ള ക്വൊട്ടേഷൻ സംഘങ്ങളുടെ പങ്കാളിത്തം കൂടുതൽ വ്യക്തമായിരിക്കുകയാണ്.
സൈബർ രംഗത്തെ ഇടതു അനുകൂല പ്രവർത്തനങ്ങൾ എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചു ചെയ്യുന്നതല്ല എന്ന് അർജുൻ ആയങ്കിയുടെതായ പ്രസ്താവന പുറത്തുവന്നിട്ടുണ്ട്. എന്നാൽ സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്ന എതിരാളികൾക്കെതിരേ സംഘടിത ആക്രമണമാണ് ഈ വിഭാഗം നടത്തിവരുന്നത്. അതിൽ കൃത്യമായ ആസൂത്രണം നടക്കുന്നുണ്ട് എന്ന് ആക്രമണത്തിന്റെ ഇരകൾ സൂചിപ്പിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ സിപിഎം എതിർപ്പ് വിളിച്ചു വരുത്തുന്ന നിലപാടെടുത്താൽ ഒരു മുൻ പരിചയവും ഇല്ലാത്ത ആളുകൾ സംഘടിതമായി വന്നു ആക്രമിക്കുന്ന രീതിയാണ് സിപിഎം അനുവർത്തിക്കുന്നത്. ആക്രമണങ്ങളുടെ രീതി നോക്കിയാൽ ആസൂത്രണവും നിർദേശങ്ങളും അതിൽ കാണാനാവുമെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു.
കള്ളക്കടത്ത് അടക്കമുള്ള സംഭവങ്ങളിൽ പ്രതികളായവരെ സിപിഎം സംരക്ഷിക്കുകയില്ല എന്ന് കണ്ണൂരിലെ പ്രമുഖ നേതാവും മന്ത്രിയുമായ എം വി ഗോവിന്ദൻ ഇന്ന് പ്രസ്താവിച്ചു. കേസിലെ പ്രതികൾക്ക് ഡിവൈഎഫ്ഐ ബന്ധമില്ല എന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം ഇന്നു അറിയിച്ചു. എന്നാൽ കള്ളക്കടത്തു കേസിലെ രണ്ടു പ്രധാന പ്രതികൾ സംഘടനയുടെ സമീപകാലം വരെയുള്ള അംഗങ്ങളും ഭാരവാഹികളും ആയിരുന്നു എന്ന വസ്തുത കണ്ണൂരിലെ സിപിഎം നേതാക്കൾ നിഷേധിച്ചിട്ടില്ല.