അമേരിക്ക വിടവാങ്ങുന്നു; അഫ്‌ഗാൻ വീണ്ടും താലിബാൻ നിയന്ത്രണത്തിലേക്ക്

കാബൂൾ: അടുത്ത സെപ്റ്റംബർ 11നു അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള സേനാ പിന്മാറ്റം പൂർത്തിയാക്കുമെന്ന് പ്രസിഡണ്ട് ജോ ബൈഡൻ വ്യക്തമാക്കിയതോടെ അഫ്‌ഗാൻ വീണ്ടും താലിബാൻ ഭരണത്തിലേക്ക് തിരിച്ചുപോകുകയാണെന്ന് ഉറപ്പായി. 

2006ലാണ് മുല്ലാ ഉമറിന്റെ നേതൃത്വത്തിലുള്ള താലിബാൻ സൈന്യം അഫ്‌ഗാൻ ഭരണം പിടിച്ചെടുത്തത്. തീവ്ര ഇസ്ലാമിക ആശയങ്ങൾ പുലർത്തുന്ന സൈനിക ശക്തിയായാണ് താലിബാൻ പ്രവർത്തിച്ചുവന്നത്. വിദ്യാലയങ്ങൾ അടച്ചുപൂട്ടുകയും സ്ത്രീകൾ പുറത്തിറങ്ങുന്നത് നിരോധിക്കുകയും പുരുഷന്മാർ ക്ഷൗരം ചെയ്യുന്നതിൽ നിയന്ത്രണവും അടക്കമുള്ള കർശന പരിഷ്കാരങ്ങളാണ് താലിബാൻ നടപ്പിലാക്കിയത്. നേരത്തെ  ഉയർന്ന വിദ്യാഭ്യാസം നേടിയ സ്ത്രീകൾ പോലും വീടുകളിൽ ഒതുങ്ങുകയോ രാജ്യം വിടുകയോ ചെയ്യേണ്ടിവന്നു.

2001  സെപ്റ്റംബർ 11നു ന്യൂയോർക്കിലെ ലോക വ്യാപാര കേന്ദ്രം ഒസാമാ ബിൻ ലാദന്റെ നേതൃത്വത്തിലുള്ള അൽ ഖായിദ വിഭാഗം വിമാനം ഇടിച്ചു നശിപ്പിച്ചതോടെയാണ് അഫ്‌ഗാനിൽ അമേരിക്കൻ സേന നേരിട്ടുള്ള ഇടപെടലിനു തയ്യാറായത്.  അഫ്‌ഗാൻ ഭരണം അതോടെ അമേരിക്കൻ നിയന്ത്രണത്തിലുള്ള സർക്കാരാണ് നടത്തിയത്. രാജ്യത്തെ ഗ്രാമീണ മേഖലകൾ അതേസമയം താലിബാൻ നിയന്ത്രണത്തിൽ തുടരുകയും ചെയ്‌തു. അഫ്‌ഗാനിലാണ്  ബിൻ ലാദൻ ഒളിവിൽ കഴിയുന്നത് എന്നാണ് അമേരിക്ക ആരോപിച്ചത്. എന്നാൽ പാക്കിസ്ഥാനിൽ നടത്തിയ  ആക്രമണത്തിലാണ് ബിൻ ലാദനെ അമേരിക്കൻ സൈന്യം വധിച്ചത്. അഫ്‌ഗാനിലെ ഭരണ നിയന്ത്രണത്തിന് അമേരിക്കൻ സേനകളെയും നാറ്റോ സഖ്യസേനകളെയുമാണ് വിന്യസിച്ചത്.  ബ്രിട്ടീഷ്, ആസ്ട്രേലിയൻ സേനകൾ അടക്കമുള്ള സഖ്യസേനകൾ നേരത്തെ തന്നെ പിൻവാങ്ങിയിരുന്നു.

അഫ്‌ഗാനിൽ നിന്നുള്ള പിന്മാറ്റം സെപ്റ്റംബർ 11 അക്രമണത്തിന്റെ ഇരുപതാം വാർഷികത്തിനു മുമ്പ് പൂർത്തിയാക്കും എന്ന് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് പ്രഖ്യാപിച്ചിരുന്നു. ജോ ബൈഡനും അതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. സേനാപിന്മാറ്റവും  ഭാവിയിലെ അഫ്‌ഗാൻ സുരക്ഷാപ്രശ്നങ്ങളും ചർച്ച ചെയ്യാൻ അഫ്‌ഗാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി അടുത്ത വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ പ്രസിഡണ്ട് ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. അടിയന്തിര ആവശ്യങ്ങൾക്കുള്ള പരിമിതമായ സേനകളെ അഫ്‌ഗാനിൽ നിലനിർത്തണമെന്ന ആവശ്യം അമേരിക്ക അംഗീകരിച്ചിട്ടില്ല.  ഇപ്പോൾത്തന്നെ 2500 അമേരിക്കൻ സൈനികർ മാത്രമാണ് അഫ്‌ഗാനിൽ അവശേഷിക്കുന്നത്. അവർ  പ്രധാനമായും പരിശീലനം, ഉപദേശം തുടങ്ങിയ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്.

അമേരിക്കയുടെ  പിന്മാറ്റത്തോടെ കാബൂളിലെ പാവസർക്കാരിനെ പുറത്താക്കുമെന്നാണ് താലിബാൻ പറയുന്നത്. ഇതുസംബന്ധിച്ചു ദോഹയിൽ താലിബാൻ പ്രതിനിധികളും അമേരിക്കൻ നയതന്ത്രജ്ഞരും തമ്മിൽ ചർച്ച നടന്നെങ്കിലും ഗനി സർക്കാരിന്റെ ഭാവി സംബന്ധിച്ചു യാതൊരു ഉറപ്പുമില്ല. അതിനാൽ  നിലവിലെ സർക്കാരിൽ സേവനം അനുഷ്ടിക്കുന്ന മിക്ക ഉദ്യോഗസ്ഥരും സൈനികരും ഒന്നുകിൽ താലിബാൻ പക്ഷത്തേക്കു കൂറുമാറും.  അല്ലെങ്കിൽ നാടുവിടും എന്നു ഉറപ്പാണ്. അതോടെ സർക്കാർ തകർച്ച പൂർത്തിയാവുകയും ചെയ്യും.

അതേസമയം കഴിഞ്ഞ 20 വർഷമായി അമേരിക്കൻ സേനകളെ സഹായിച്ച ആയിരക്കണക്കിനു അഫ്‌ഗാൻ പൗരന്മാരും പ്രതിസന്ധിയിലാണ്. പരിഭാഷകർ, ഗൈഡുകൾ, ചാരന്മാർ എന്നിങ്ങനെ പലതരം സേവനങ്ങൾ നൽകിയ അഫ്‌ഗാനികളെ തെരഞ്ഞുപിടിച്ചു വിചാരണ ചെയ്യും എന്നതാണ് താലിബാൻ നിലപാട്. അതിനാൽ തങ്ങളെ സേവിച്ച  അഫ്‌ഗാൻ സ്വദേശികളെ കുടുംബസമേതം അമേരിക്കയിലേക്കു കൊണ്ടുപോകാനാണ് അമേരിക്കൻ  സർക്കാരിന്റെ തീരുമാനം എന്ന് ചില വാർത്താ ഏജൻസികൾ ഇന്നലെ അറിയിച്ചിട്ടുണ്ട്.

താലിബാൻ  ഭരണം വീണ്ടും വരുന്നതോടെ അഫ്‌ഗാനിലെ സാമൂഹിക ജീവിതം താറുമാറാകും എന്ന് തീർച്ചയാണ്. പൊതുജീവിതത്തിൽ വീണ്ടും ഇടപെടാൻ തുടങ്ങിയ സ്ത്രീകൾ ഏറ്റവും കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. വിദ്യാലയങ്ങൾ വീണ്ടും അടച്ചുപൂട്ടുകയും മത വിദ്യാലയങ്ങൾ രംഗം കീഴടക്കുകയും ചെയ്യുന്നതോടെ ഒരു രാജ്യം വീണ്ടും ഇരുട്ടറയിലേക്കു തിരിച്ചു പോകുന്ന കാഴ്ചയാണ് ലോകം ദർശിക്കുക.