ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം
കൊച്ചി: രാജ്യദ്രോഹക്കേസില്‍ സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും കവരത്തി പോലീസ് ഐഷയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പരുകള്‍ പോലും എഴുതിയെടുക്കാന്‍ അനുവദിച്ചില്ലെന്ന് ഐഷ സുല്‍ത്താന പറഞ്ഞു. കവരത്തി പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതിവ്യക്തമാക്കി. ഇനി ഐഷയ്ക്ക് ലക്ഷദ്വീപ് വിട്ടുപോകം. അറസ്റ്റ് ചെയ്താൽ അൻപതിനായിരം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലും വിട്ടയയ്ക്കണമെന്ന് ജസ്റ്റിസ് അശോക് മേനോൻ ഉത്തരവിൽ പറഞ്ഞു..
ഐഷ സുല്‍ത്താനയുടെ പരാമർശം സമൂഹത്തിൽ സംഘർഷത്തിന് വഴിവച്ചതായോ വിദ്വേഷത്തിനോ അകൽച്ചയ്‌ക്കോ കാരണമായതായോ കാണുന്നില്ലെന്നു കോടതി വ്യക്തമാക്കി. ഹർജിക്കാരി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടന്നും പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നില്ലന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. അന്വേഷണവുമായി സഹകരിച്ചു. കവരത്തി പൊലീസ് ഐഷയെ മൂന്നു തവണയായി 13 മണിക്കൂറോളം ചോദ്യം ചെയ്തു.
കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷയ്ക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്.ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്ത്.. ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത് കോവിഡ് വ്യാപനത്തിന് കാരണമായിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം (‘ബയോവെപ്പണ്‍’ ) പോലെ തനിക്കു തോന്നുന്നുവെന്നായിരുന്നു ചാനല്‍ അഭിമുഖത്തില്‍ ഐഷയുടെ പരമാര്‍ശങ്ങള്‍..രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും അംഗീകരിക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സർക്കാരിനെതിരായ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായി എന്നാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്.ഭരണകൂടത്തിന് എതിരായ വിമര്‍ശനം ദേശദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന സുപ്രീംകോടതി അടുത്തിടെ സ്വീകരിച്ച നിലപാടു ഐഷ ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആശയവിനിമയം തകരാറിലായതിനാല്‍ ചില തകരാറുകള്‍ ഉണ്ടായെന്നും ഐഷ പറഞ്ഞിരുന്നു.