കാശ്മീരിൽ തെരഞ്ഞെടുപ്പിന് തയ്യാറെന്നു കേന്ദ്രം; അന്താരാഷ്ട്രസമ്മർദ്ദവും പ്രധാനം

ന്യൂദൽഹി: ജമ്മു കശ്മീരിൽ മണ്ഡല പുനർനിർണയവും  തെരഞ്ഞെടുപ്പും നടത്താൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് ഇന്നലെ വൈകി പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗത്തിൽ സർക്കാർ അറിയിച്ചു. 

 സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടാക്കി വിഭജിച്ചു കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്‌ത ഉത്തരവ് നടപ്പിലാക്കി രണ്ടുവർഷം തികയുന്നതിനു തൊട്ടുമുമ്പാണ് കേന്ദ്രത്തിന്റെ മനംമാറ്റം സൂചിപ്പിക്കുന്ന പ്രതികരണങ്ങൾ ഇന്നലെ വന്നത്. മാസങ്ങളോളം കേന്ദ്രത്തിന്റെ തടവിലായിരുന്ന പിഡിപി നേതാവ് മഹ്ബൂബ മുഫ്‌തി, എൻസി നേതാവ് ഡോ .ഫറൂഖ് അബ്ദുല്ല എന്നിവരടക്കം ഒരു ഡസനിലേറെ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. പ്രശ്നപരിഹാരത്തിന് 2019 ആഗസ്റ്റ് അഞ്ചിന്റെ മുമ്പത്തെ അവസ്ഥയിലേക്കു തിരിച്ചുപോകൽ പ്രധാനമാണെന്ന് വിവിധ നേതാക്കൾ ചുണ്ടിക്കാട്ടി. പ്രശ്‍നം  പരിഹരിക്കാൻ പാകിസ്ഥാനുമായും ചർച്ചകൾ ആവശ്യമാണെന്ന് മഹ്ബൂബ മുഫ്‌തി പറഞ്ഞു.

നേരത്തെയുള്ള ഏറ്റുമുട്ടൽ നയം ഒഴിവാക്കി കേന്ദ്രസർക്കാരിന്റെ പുതിയ അനുനയ സമീപനത്തിനു കാരണം ഇന്ത്യയുടെ വടക്കും വടക്കുപടിഞ്ഞാറും അതിർത്തികളിലെ പുതിയ വികസനങ്ങളും അന്താരാഷ്ട്രതലത്തിൽ കാശ്മീർ വീണ്ടും ചർച്ചയാവുന്നതും ആണെന്ന് പല നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. അഫ്‌ഗാനിൽ നിന്ന് സേനകളെ പിൻവലിക്കാനാണ് അമേരിക്കയുടെ നീക്കം. അതിനായി താലിബാൻ പ്രതിനിധികളുമായി അമേരിക്ക ദോഹയിൽ ചർച്ച നടത്തിയിരുന്നു. സേനാപിന്മാറ്റം ഉടൻ ആരംഭിക്കുമെന്ന് അമേരിക്ക അറിയിച്ചു കഴിഞ്ഞു. അതോടെ ആ  പ്രദേശം താലിബാൻ നിയന്ത്രണത്തിലാവും. കാശ്മീരിൽ അവരുടെ ഇടപെടൽ സാധ്യതയും കേന്ദ്രം കാണുന്നുണ്ട്. ജനകീയ സർക്കാർ സഹായമില്ലാതെ അത്തരം നീക്കങ്ങളെ ചെറുക്കൽ വിഷമകരമായിരിക്കും എന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

രണ്ടാമത്തെ പ്രശ്‍നം  അന്താരാഷ്ട്രവേദികളിൽ കശ്മീരിലെ സൈനിക ഇടപെടലും മനുഷ്യാവകാശ ലംഘനങ്ങളും കൂടുതൽ സജീവമായ ചർച്ചയായതാണ്. നിരവധി അന്താരാഷ്ട്ര ഏജൻസികളും  നയതന്ത്ര വിദഗദ്ധരും സമീപകാലത്തു കാശ്മീർ സന്ദർശിക്കുകയുണ്ടായി. ഐക്യരാഷ്ട്ര സഭയുടെ വേദികളിലും വീണ്ടും കശ്മീരിലെ സൈനിക ഇടപെടൽ വിഷയമായി. നിലവിൽ ആഗോളതലത്തിൽ  കൂടുതൽ ശക്തമായ ഇടപെടലുകൾക്ക് അമേരിക്കയും നാറ്റോ സഖ്യശക്തികളും തയ്യാറെടുക്കുകയാണ്. ചൈനയുടെ അതിർത്തിയിലെ കടന്നുകയറ്റത്തിനുശേഷം ഇന്ത്യയും പാശ്ചാത്യശക്തികളുമായി യോജിച്ചു പ്രവർത്തിക്കാനാണ് താല്പര്യം കാണിക്കുന്നത്. ഈ അവസ്ഥയിൽ കാശ്മീരിൽ സൈനിക നീക്കങ്ങൾ മാത്രമായി  മുന്നോട്ടുപോയാൽ അത് വലിയ തിരിച്ചടിയാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കങ്ങൾ എന്ന് പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.