ആശുപത്രി മുറിവാടക: ഉത്തരവ് കോടതി തടഞ്ഞു

കൊച്ചി: കോവിഡ് ചികില്‍സാ മുറിവാടക സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന സംസ്ഥാന സർക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചെറിയ ഇളവുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ല.
കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ഉത്തരവില്‍ അവ്യക്തതകളുണ്ടെന്ന് സമ്മതിച്ച സർക്കാർ, അവ്യക്തതകള്‍ തിരുത്തി പുതിയ ഉത്തരവിറക്കാമെന്നും കോടതിയെ അറിയിച്ചു. അടുത്ത ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.

ചികിത്സാനിരക്ക് ഏകീകരിച്ച് മേയിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍പേരും ചികിത്സതേടുന്ന മുറികളിലെ നിരക്ക് അതില്‍ പരാമര്‍ശിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്.ചികിൽസാ നിരക്ക് നിയന്ത്രിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവച്ചതിനെതിരെ സ്വകാര്യ ആശുപത്രികളുടെ സംഘടന സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിച്ചത്.

എല്ലാ ഭാരവും കോടതിയുടെ ചുമലിൽ വയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വിമര്‍ശിച്ചു .സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്കിന്റെ പരിധിയിൽനിന്ന് മുറികളെ ഒഴിവാക്കിയത് ഗൗരവതരമായ കാര്യമാണ്.