പൂവച്ചല്‍ ഖാദറിന് വിട
തിരുവനന്തപുരം. ചലച്ചിത്ര ഗാനരചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ ( 73 ) കോവിഡ് രോഗ ബാധയെത്തുടർന്ന് അന്തരിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ന്യൂമോണിയയും ശ്വാസതടസവും നേരിട്ടതോടെ ആരോഗ്യസ്ഥിതി ഗുരുതരമായി. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
മൂന്നൂറിലേറെ ചിത്രങ്ങളിലായി 1200 ഓളം പാട്ടുകള്‍ എഴുതി. 1973 ല്‍ പുറത്തിറങ്ങിയ ‘കവിത’ എന്ന സിനിമയിലൂടെയാണ് ഈ രംഗത്തേക്ക് വന്നത് .. മലയാളിയുടെ നാവിന്‍ തുമ്പിലെ നിത്യഹരിത ഗാനങ്ങള്‍ പൂവച്ചല്‍ ഖാദറിന്റെ തൂലികയില്‍ വിരിഞ്ഞതായിരുന്നു. നാഥാ നീ വരും, ഏതോ ജന്മ കല്‍പനയില്‍, ശരറാന്തല്‍ തിരിതാഴും..തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ പൂവച്ചല്‍ ഖാദറിന്റെതായിരുന്നു.തകര, പാളങ്ങൾ, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകളും ജനശ്രദ്ധ നേടി. ഖാദർ കെ.ജി.ജോർജ്, പി.എൻ.മേനോൻ, ഐ.വി.ശശി, ഭരതൻ, പത്മരാജൻ തുടങ്ങിയ എല്ലാ പ്രമുഖരോടൊപ്പം പ്രവർത്തിച്ചു.
ചലച്ചിത്രരംഗത്തും ലളിത ഗാന രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കവി പൂവച്ചൽ ഖാദറിന്റെ നിര്യാണം സാഹിത്യ സാംസ്കാരിക ലോകത്തിനു കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.