കണ്ണൂരിലെ കൊലകൾ സംബന്ധിച്ച സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം മുറുകുന്നു

പ്രത്യേക ലേഖകന്‍

കോഴിക്കോട്: കണ്ണൂരിൽ എഴുപതുകളിലും എമ്പതുകളിലും നടന്ന  രാഷ്ട്രീയ കൊലകളുടെ അന്വേഷണത്തിൽ  വ്യാപകമായ രാഷ്ട്രീയ ഇടപെടലും അട്ടിമറിയും നടന്നതായി പുതിയ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിൽ അക്കാലത്തെ കൊലപാതകപരമ്പര സംബന്ധിച്ചു സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന  ആവശ്യത്തിന്  പിന്തുണയേറുന്നു. 

കണ്ണൂരിൽ സേവറി ഹോട്ടലിൽ നടന്ന ബോംബ് ആക്രമണത്തിൽ ഒരു ഹോട്ടൽ തൊഴിലാളി മരിക്കാനിടയായത് കോൺഗ്രസിന് പറ്റിയ അബദ്ധമാണെന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു. തുടർന്ന് കേസിൽ  പുനർ അന്വേഷണം വേണമെന്നും സുധാകരന്റെ കുറ്റസമ്മതത്തിന്റെ പശ്ചാത്തലത്തിൽ  കേസ് എടുക്കണമെന്നും സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു.

തുടർന്നാണ്  കണ്ണൂരിൽ നടന്ന നിരവധി സംഭവങ്ങളിൽ രാഷ്‌ടീയ ഇടപെടൽ കാരണം അന്വേഷണം അട്ടിമറിക്കപ്പെട്ട വിഷയം കൂടുതൽ ഗൗരവത്തോടെ ചർച്ചയായത്.  ഡസൻ കണക്കിന് കൊലകൾ കൃത്യമായ അന്വേഷണമില്ലാതെ കോടതിയിൽ തള്ളിപ്പോയി. യഥാർത്ഥ കുറ്റവാളികളെ  സംരക്ഷിച്ചു വ്യാജ പ്രതികളെ എഫ്‌ഐആറിൽ ചേർത്ത് പോലീസ് കേസ് എടുത്തതു കൊണ്ടാണ് പിന്നീട് വിചാരണ വേളയിൽ  തെളിവില്ലാതെ കേസുകൾ തേഞ്ഞുമാഞ്ഞു പോയത്. ഇത് മിക്കവാറും എല്ലാ  കക്ഷികളും ഉൾപ്പെട്ട ഒരു സംവിധാനമായിരുന്നു. അക്രമിസംഘത്തെ നിയന്ത്രിച്ച വിവിധ പാർട്ടി നേതാക്കൾ തമ്മിൽ നിരന്തരം  സമ്പർക്കവും ഉണ്ടായിരുന്നു. സാധാരണ പ്രവർത്തകരും അവരുടെ കുടുംബങ്ങളുമാണ് ഇതിലെല്ലാം ഇരയായത്. അവരിൽ മിക്ക കുടുംബങ്ങൾക്കും നീതി കിട്ടുകയുണ്ടായില്ല.

ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം സുധാകരന്റെ കൂടെ പത്രക്കാരെ കണ്ട കണ്ണൂരിലെ കോൺഗ്രസ് നേതാവ് കണ്ടോത്തു ഗോപിയുടെ അനുഭവം. പിണറായി വിജയൻ നയിച്ച ഒരു ജാഥയുടെ സമയത്തു വഴിയിൽ നിന്ന തന്നെ അദ്ദേഹം കൊടുവാൾ കൊണ്ടു വെട്ടി എന്നാണ് ഗോപി പറഞ്ഞത്. എന്നാൽ പോലീസ് കേസ് എടുത്തില്ല. ഒരു എഫ്‌ഐആർ പോലും സംഭവത്തിൽ ഉണ്ടായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് കോൺഗ്രസ് പിന്തുണയോടെ സിപിഐ-ലീഗ് ഭരണമാണ് കേരളത്തിൽ നിലനിന്നത്.  

മറ്റൊരു സംഭവം കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകനായ ഷാജി പാണ്ട്യലയുടെ വെളിപ്പെടുത്തലാണ്. പിണറായിയിലെ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് പാണ്ട്യല ഗോപാലന്റെ മകനാണ് ഇപ്പോൾ തലശ്ശേരിയിൽ മാധ്യമപ്രവർത്തകനായ ഷാജി. അദ്ദേഹം എംവിആർ നയിച്ച സിഎംപിയിൽ പോയതാണ്  അക്രമത്തിനു കാരണം. തനിക്കെതിരെ  അക്രമം നടത്താൻ ഗുണ്ടകളെ അയച്ചത് പിണറായി വിജയൻ തന്നെയാണെന്ന് ഷാജി ആരോപിച്ചു. കാലിനു  വെട്ടുകൊണ്ടു റോഡിൽ കിടന്ന ഷാജിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാൻ ജീപ്പ് റോഡിൽ കുറുകെയിട്ടു തടസ്സപ്പെടുത്തി. സ്ഥലത്തെ കോൺഗ്രസ്സ് നേതാവ് മമ്പറം  ദിവാകരൻ എത്തിയാണ് തന്നെ ആശുപത്രിയിൽ എത്തിച്ചതെന്നും ഷാജി പറഞ്ഞു.

അതേപോലെ പിണറായിയുടെ അംഗരക്ഷകനായി പ്രവർത്തിച്ച ബാബുവിന്റെ കൊലപാതകം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. സിപിഎം  നേതൃത്വവുമായി ബന്ധമുള്ള ഗുണ്ടാസംഘമാണ് അദ്ദേഹത്തെ വെട്ടിക്കൊന്നത്.

പിണറായി വിജയൻറെ മക്കളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ഉണ്ടായി എന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും കൂടുതൽ വിശദമായ  അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. വിവരം  അദ്ദേഹത്തെ അറിയിച്ചത് സുധാകരന്റെ ഒരു ഫൈനാൻസിയർ ആണെന്നാണ് പിണറായി പറഞ്ഞത്. ഇത് ബ്രണ്ണൻ കോളേജിൽ പഠിച്ചിരുന്ന കെ ടി ജോസഫ് എന്ന കെഎസ്‌യു നേതാവാണ് എന്ന വിവരം ഇപ്പോൾ വെളിയിൽ വന്നിട്ടുണ്ട്.  ബ്രണ്ണൻ കോളേജിൽ നടന്ന അഷ്‌റഫ് കൊലപാതകത്തിൽ പ്രതിയായിരുന്നു പിന്നീട് എറണാകുളത്തു അബ്‌കാരി ബിസിനസ്സ് നടത്തിയ കെ ടി ജോസഫ്. എഴുപതുകളിൽ എസ്എഫ്ഐയുടെ മുഖ്യശത്രുവായി പ്രഖ്യാപിച്ചു പ്രവർത്തകർ അദ്ദേഹത്തെ നിരന്തരം പിന്തുടരുന്ന അതേ അവസരത്തിൽ തന്നെ സിപിഎം നേതാവ് അദ്ദേഹവുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു എന്ന കാര്യമാണ് ഇപ്പോൾ വ്യക്തമായി വരുന്നത്.  അണികൾ തമ്മിൽ വാളെടുക്കുമ്പോൾ അണിയറയിൽ നടന്ന  അബ്‌കാരി സംഗമങ്ങൾ നാട്ടുകാരെ അത്ഭുതപ്പെടുത്തുന്നതാണ്.