depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp സങ്കീര്‍ണ്ണമാകുന്ന പക്ഷാന്തരങ്ങള്‍ – Janashakthi Online

സങ്കീര്‍ണ്ണമാകുന്ന പക്ഷാന്തരങ്ങള്‍

കേരള രാഷ്ട്രീയം ഇന്നൊരു ദശാസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പ്രത്യക്ഷത്തില്‍ എല്‍ ഡി എഫ് നല്ല ഭൂരിപക്ഷത്തില്‍ ജയിച്ച് ഭരണസ്ഥിരത കൈവരിക്കുകയാണെന്ന് തോന്നുമ്പോഴും രാഷ്ട്രീയ സമൂഹത്തിനകത്ത് നടക്കുന്ന സൂക്ഷ്മചലനങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരാള്‍ക്കിത് എളുപ്പം ബോദ്ധ്യമാകുന്നതേയുള്ളു. ഇതിനു മുമ്പ് കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടായത് അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുപ്പു വിധികളെ ചരിത്രം എപ്പോഴും അതേ നിലയില്‍ മാനിച്ചുകൊള്ളണമെന്നില്ലെന്നര്‍ത്ഥം. തീര്‍ച്ചയായും അടിയന്തിരാവസ്ഥയുമായി അതേപടി താരതമ്യം ചെയ്യാവുന്നതല്ല കേരളത്തിലെ കഴിഞ്ഞ ഭരണകാലം. പക്ഷെ, രാഷ്ട്രീയമായി തീര്‍ത്തും വ്യത്യസ്തമായ സാഹചര്യമെങ്കിലും അടിയന്തിരാവസ്ഥയിലെ പല ഘടകങ്ങളും ഇതിലുണ്ടായിരുന്നെന്നും കാണാം. ആരോഗ്യ അടിയന്തിരാവസ്ഥ എന്നു പറയാവുന്ന സാഹചര്യം ഫലത്തില്‍ സമൂഹത്തില്‍ വലിയൊരളവില്‍ രാഷ്ട്രീയ അടിയന്തിരാവസ്ഥക്ക് സമ മായാണ് പ്രവര്‍ത്തിച്ചത്. സമരങ്ങള്‍ക്കോ സംഘടിതമായ രാഷ്ട്രീയ പ്രചരണങ്ങള്‍ക്കു തന്നെയോ കുറെക്കാലമായി മൊറട്ടോറിയം പ്രഖ്യാപിച്ച നിലയിലായിരുന്നു. മറുവശത്ത് ഭരണയന്ത്രം കൈയിലുണ്ടായിരുന്നവര്‍ക്ക് ഭരണപരിരക്ഷയുള്‍പ്പെടെ ദൃശ്യമാധ്യമങ്ങളെയടക്കം നീണ്ടകാലം ഫലപ്രദമായി ഉപയോഗപ്പെടുത്താനുമായി.

തികച്ചും അസമമായ ഒരു ചുറ്റുപാട് കടന്നാണ് തെരഞ്ഞെടുപ്പ് വന്നത്. അടിയന്തിരാവസ്ഥാക്കാലത്ത് നിസ്സഹായമായി മാപ്പുസാക്ഷികളായിപ്പോയ സി പി എം അടക്കം പ്രതിപക്ഷത്തെപ്പോലെതന്നെ ഈ സാഹചര്യത്തെ നേരിടാന്‍ ഇത്തവണ കോണ്‍ഗ്രസ്സ് നേതൃത്വംകൊടുത്ത പ്രതിപക്ഷത്തിനും ഒട്ടും പ്രാപ്തിയുണ്ടായില്ല.

എല്ലാ അരക്ഷിതാവസ്ഥാകാലത്തുമെന്ന പോലെ പറ്റുന്നതിലെയും ചെയ്യുന്നതിലെയും ശരിതെറ്റുകള്‍ക്കപ്പുറം സാധാരണ ജനങ്ങള്‍ക്കിടയില്‍ ഒരു രക്ഷകബിംബമാകാന്‍ ഭരണപക്ഷത്തിന് സമര്‍ത്ഥമായി സാധിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷം എപ്പോഴുമെന്ന പോലെ സംഭവിക്കുന്നതൊന്നും തിരിച്ചറിയാതെ പരസ്പരം കലഹിക്കുന്ന ഒറ്റയാന്‍മാരുടെ നാഥനില്ലാ കളരിപോലെ തോന്നിക്കുകയും ചെയ്തു.

രമേശ്‌ ചെന്നിത്തല

കോണ്‍ഗ്രസ്സ് നേതാക്കളുടെ സങ്കുചിതമായ രാഷ്ട്രീയ സ്വാര്‍ത്ഥങ്ങളും അശ്ലീലത തോന്നിക്കുന്ന രാഷ്ട്രീയ ദുസ്സാമര്‍ത്ഥ്യങ്ങളും മാറ്റിവെച്ച് വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളുമായി ചേര്‍ത്ത് ചിന്തിച്ചാലേ ഇതിന്‍റെ ഗൗരവം മനസ്സിലാകൂ. ഹിന്ദു വര്‍ഗ്ഗീയതയാണിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ കയ്പിടിയിലാക്കിയിരിക്കുന്നത്. വിശദാംശങ്ങളെല്ലാം ഒഴിവാക്കിയാല്‍ ഹിന്ദു എന്നാല്‍ ദ്വിജന്മാരായി കണക്കാക്കാവുന്ന പൂണുലുള്ള ത്രൈവര്‍ണ്ണികളുടെ വിശ്വാസാനുഷ്ഠാനങ്ങളിലധിഷ്ഠിതമാണ്. അതിന്‍റെ മതപരമായ ഉള്ളടക്കം മാത്രമാണിത്. പ്രത്യക്ഷത്തില്‍ കാണുന്ന ഈ മതപുറന്തോടിനകത്ത് സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങളാണ് പ്രധാനമെന്നത് തല്ക്കാലം മാറ്റിവെക്കാം. ഇപ്രകാരം തന്നെയായ മതവര്‍ഗ്ഗീയത ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും ഇതര ജാതി ഗോത്രവിഭാഗങ്ങളുടെയും എല്ലാം ജനാധിപത്യാവകാശങ്ങള്‍ക്കും സുരക്ഷിതത്വത്തിനും മേല്‍ വലിയ ആഘാതങ്ങളാണുണ്ടാക്കുന്നത്. ഇന്ത്യയുടെ മതജാതി വിശ്വാസ നടപ്പാതകളില്‍ ഈ ത്രൈവര്‍ണ്ണികര്‍ ഒരു ചെറിയ ന്യൂനപക്ഷമേ ആകുന്നുളളൂ എന്നതുകൊണ്ടുതന്നെ ഇതര മതങ്ങളും താഴ്ന്ന ജാതികളുമടക്കം പലതുമായും അതതു ഘട്ടങ്ങളില്‍ കൂട്ടു ചേരാന്‍ ഇത് നിര്‍ബ്ബന്ധിതമാണ്. ആത്യന്തികമായി ഈ ത്രൈവര്‍ണ്ണിക താല്പര്യങ്ങളെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുന്നിടത്തോളം മാത്രമേ ഈ സത്യങ്ങള്‍ക്കായുസ്സുള്ളു. കേരളത്തിലെ ഈഴവ പാര്‍ട്ടികളുമായുണ്ടാക്കിയ സഖ്യം തന്നെ ഇതിനുള്ളൊരു പ്രത്യക്ഷ ഉദാഹരണമാണ്. ഈ ത്രൈവര്‍ണ്ണികര്‍ തന്നെയും ഇവയിലുള്‍പ്പെടുന്ന ദേശഭേദാനുസാരികളായ ജാതികളുടെ താല്പര്യങ്ങളും ഭേദങ്ങളും കാരണം ഏകശിലാഖണ്ഡവുമല്ല.

ത്രൈവര്‍ണ്ണികരിലെ ക്രീമിലെയര്‍ കളിക്കുന്ന അനേകം ജാതി സമുദായ കരുക്കളുള്ള രാഷ്ട്രീയ ചതുരംഗമാണിന്ന് ഇന്ത്യന്‍ രാഷ്ട്രീയം. സാമ്പത്തിക രാഷ്ട്രീയ താല്പര്യ ഭേദങ്ങളടക്കം ഇതിലുള്‍ച്ചേരുന്നതോടെ സ്ഥിതി അതീവ സങ്കീര്‍ണ്ണമാകും. പൂര്‍ണ്ണായി മനസ്സിലാക്കാന്‍ ഏതാണ്ടസാദ്ധ്യം തന്നെയാണ് ഇവയെല്ലാം ചേരുന്ന രാഷ്ട്രീയ സാമുദായിക ബന്ധ ഘടനകള്‍.

ഈ കളിയിലെ വൈദഗ്ധ്യത്തെക്കുറിക്കാനുമിന്നൊരു പുതിയ പ്രയോഗമുണ്ട്. സോഷ്യല്‍ ഇഞ്ചിനീയറിംഗ് ‘ചാണക സംഘി’ എന്നൊക്കെ പരിഹസിക്കുമ്പോള്‍ പലപ്പോഴും നമ്മുടെ ബുദ്ധിമന്ദന്മാര്‍ മറന്നു പോകുന്നത് ഇതാണ്. പുറമേക്ക് കാണുന്ന ചാണകമല്ല രാഷ്ട്രീയമായ തന്ത്രങ്ങളെ നിശ്ചയിക്കുന്നത്. മറിച്ച് ഇവരുടെയെല്ലാം കണക്കെടുക്കാനും കണക്കുകള്‍ കൂട്ടാനും കഴിവുള്ള ഏറ്റവും ആധുനികമായ വിവരസാങ്കേതികതയാണ്. പുറമേക്ക് തോന്നിക്കുന്ന ഇക്കാണുന്നതൊന്നുമല്ല കണക്കെന്നും ഉള്‍ക്കാമ്പില്‍ വേറൊന്നാണ് കിടക്കുന്നുണ്ടാവുകയെന്നും തിരിച്ചറിയുന്നതിന് പ്രധാനമാണ്.

ഇസ്ലാം വിരുദ്ധതയുടെ വര്‍ഗ്ഗീയാന്തരീക്ഷം

കേരളത്തില്‍ ബി ജെ പി യും സി പി ഐ (എം) നും ഒരേ പോലെ താല്പര്യമുള്ളത് വ്യത്യസ്ത കോണുകളില്‍ നിന്നാണെങ്കിലും കോണ്‍ഗ്രസ്സിന്‍റെ തകര്‍ച്ചയാണ്. സി പി ഐ എമ്മിന്‍റേത് അടിയന്തിര താല്പര്യവെച്ചുള്ളതും ബി ജെ പിയുടേത് ദീര്‍ഘകാലലക്ഷ്യങ്ങള്‍ വെച്ചുളളതുമാത്രമാണെന്നു മാത്രം. മറുവശത്ത് കോണ്‍ഗ്രസ്സിന്‍റെ ഭാവിയില്‍ ഏറ്റവും ആശങ്ക കുറഞ്ഞ വിഭാഗം കോണ്‍ഗ്രസ്സിലെ തന്നെ പ്രധാന നേതൃവിഭാഗങ്ങളുമാണ്. അധികാരത്തിന്‍റെ ഒരു പങ്ക് അവരവര്‍ക്ക് കൈവശപ്പെടുത്താന്‍ സഹായിക്കാത്ത കോണ്‍ഗ്രസ്സ് ഇവര്‍ക്ക് താല്പര്യമുള്ളതല്ല. ഒരുപക്ഷേ കേരളത്തിലെക്കാളേറെ ഇന്ത്യയിലെയും സ്ഥിതി അതാണ്. കോണ്‍ഗ്രസ്സിന്‍റെ ചരിത്രമോ അതിന്‍റെ തനതായ വ്യക്തിത്തമോ ഒന്നും ഇവര്‍ക്ക് പ്രധാനമല്ല. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ്സും ബി ജെ പിയും തമ്മിലൊന്നും പേരിലല്ലാതെ കാര്യമായ വ്യത്യാസവും ഇവര്‍ കാണുന്നില്ല. എന്നാല്‍ യു ഡി എഫിലെ പ്രധാന ഘടകകക്ഷിയായ ലീഗിന്‍റെ സ്ഥിതി അതല്ല. എല്ലാ സ്വേച്ഛാധികാരങ്ങളെയും പോലെ ഒരെതിരാളിയെ ഹിന്ദു വര്‍ഗ്ഗീയതയ്ക്ക് മാര്‍ക്ക് ചെയ്യണം; ഹിറ്റ്ലര്‍ക്ക് ജൂതന്മാരെയെന്നപോലെ ഇന്ത്യയിലത് ഇസ്ലാമിക സമൂഹമാണ്. ന്യൂനപക്ഷം എന്നൊക്കെ പൊതുവില്‍ പറയുമ്പോഴും രാജ്യവ്യാപകമായ ഒരു പ്രചരണ ശേഷി കിട്ടാനെളുപ്പം ഇന്ത്യയില്‍ ഇസ്ലാമാണ്. തീര്‍ച്ചയായുമവര്‍ക്ക് ഇസ്ലാമും ക്രിസ്ത്യാനിയും ഈഴവനും ദലിതനുമെല്ലാം ആത്യന്തികമായി ഒരേ പോലെയാണെന്നത് വേറെ കാര്യം. ഏറ്റവും സൗകര്യമുള്ള ശത്രു എന്ന നിലയില്‍ ഇസ്ലാമിനെ മാര്‍ക്ക് ചെയ്യുന്നു എന്നു മാത്രം. ഇസ്ലാം വിരുദ്ധ വര്‍ഗ്ഗീയാധികാരത്തിന്‍റെ കേന്ദ്രം ഡല്‍ഹി ആയിരിക്കെ എത്ര തന്നെ ദുര്‍ബലമായാലും രാജ്യവ്യാപകമായ ഒരു പിന്‍ബലത്തിന് അതിന് കോണ്‍ഗ്രസിനെ കൂടിയേ പറ്റൂ. കെ വേണുവിന്‍റെ അധികം പഴയതല്ലാത്ത ഒരു സ്വപ്നം പോലെ അനുദിനം ഒരു കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമായി മാറിക്കൊണ്ടിരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്ന പ്രാദേശിക കക്ഷിയെ തീര്‍ച്ചയായും ഇതിന് പറ്റില്ല. യു ഡി എഫിനെ തകര്‍ക്കാനും കോണ്‍ഗ്രസ്സ് അണികളെ ഭയപ്പെടുത്തി ദുര്‍ബ്ബലമാക്കാനുമുള്ള ഏറ്റവും എളുപ്പവഴി യു ഡി എഫിലെ ഏറ്റവും സംഘടിത കക്ഷിയായ മുസ്ലീം ലീഗിനെയും മുസ്ലീം ജനവിഭാഗത്തെയും ഭയപ്പെടുത്തിയും അപരമാക്കിയുമെല്ലാം ഒറ്റപ്പെടുത്തി അരക്ഷിതമാക്കുകയെന്നതാണ്. ശരിയും തെറ്റുമൊന്നും തിരിച്ചറിയാനാകാത്ത കോണ്‍ഗ്രസ്സിലെ നേതൃത്വങ്ങള്‍ക്ക് ഇത് മനസ്സിലാക്കാനുള്ള വെളിവും വെള്ളിയാഴ്ചയുമൊട്ടില്ലതാനും.

കേരളത്തിലെ കഴിഞ്ഞ തെരഞ്ഞെടുപ്പ് പരമാവധി മുസ്ലീം വിരുദ്ധമായ ഒരന്തരീക്ഷത്തിലാക്കിയെടുക്കാന്‍ ഇതിനെല്ലാം ചേര്‍ത്ത് പറ്റി എന്നതാണ് കാര്യം. ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാര്‍ പോലും ഏറ്റവുംവൃത്തികെട്ട രീതിയില്‍ ഈയൊരു വര്‍ഗ്ഗീയ ഒറ്റപ്പെടുത്തലിന്‍റെ ഭാഗമാകുന്നതാണ് കണ്ടതും. കുഞ്ഞാടുകള്‍ മുഴുവന്‍ ബലിയായാലും സ്വന്തം കിരീടവും അധികാരവും നഷ്ടമാകാതെ കള്ളപ്പണത്തിന്‍റെ കൊഴുപ്പ് സംരക്ഷിക്കാനാണവരത് ചെയ്തതെന്ന് പകല്‍പോലെ വ്യക്തവുമായിരുന്നു.

ഒരധികാരങ്ങളും അവിഹിതപണക്കൊഴുപ്പുകളും വര്‍ഗ്ഗീയ അജണ്ടകളുമെല്ലാം ചേര്‍ന്ന മലീമസമായ രാഷ്ട്രീയാന്തരീക്ഷത്തിലാണ് കേരളത്തിലെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് നടന്നത്. അതിലെ ജയപരാജയങ്ങള്‍ നിശ്ചയിച്ചതിലും ഇവയ്ക്കെല്ലാമൊരു പ്രധാന പങ്കുണ്ട്.

മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളും മനസ്സിലാകാത്ത കോണ്‍ഗ്രസ്സും

ഇന്ത്യയില്‍ ബി ജെ പിക്ക് വഴിയൊരുക്കിയത് പരോക്ഷമായും ചിലപ്പോഴെങ്കിലും പ്രത്യക്ഷമായിതന്നെയും കോണ്‍ഗ്രസ്സാണ്. ഒരാധുനിക പൗരസമൂഹമായിക്കഴിഞ്ഞിട്ടില്ലാത്ത മധ്യകാലികമായ ഒരു സാമൂഹ്യാന്തരീക്ഷം പ്രബലമായ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളില്‍ കേരളത്തിലൊക്കെ കാണുന്ന പോലെ ശക്തമായ രാഷ്ട്രീയ പാര്‍ട്ടി സംഘടനകള്‍ ഇല്ല. കൊളോണിയല്‍ ഇന്ത്യയില്‍ അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, ശുചിത്വം, ഹിന്ദിപ്രചരണം തുടങ്ങി വിവിധങ്ങളായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നറിയപ്പെട്ടവകളിലൂടെ ഒരുഗ്രഥിത ഇന്ത്യയ്ക്ക് അസ്ഥിവാരം ഇട്ടത് ഗാന്ധിയന്‍ നേതൃത്വമാണ്. ഭക്തിപ്രസ്ഥാനങ്ങളുടെയും നവോത്ഥാന നായകരുടെയുമെല്ലാം കൈവഴികളെ തന്‍റേതായ വഴിയില്‍ കോണ്‍ഗ്രസ്സുമായി കൂട്ടിയിണക്കുക വഴിയാണദ്ദേഹമിത് ചെയ്തത്. കോണ്‍ഗ്രസ്സിന്‍റെ വരിസംഖ്യ തുച്ഛമാക്കി രാജ്യത്തുടനീളം സംഘടന കെട്ടിപ്പടുക്കുകയും ചെയ്തു. ഭരണസംവിധാനത്തില്‍ സമാന്തരമായൊരു മഹാസംഘടനയായി കോണ്‍ഗ്രസ്സ് മാറുകയും ചെയ്തു. നേരിട്ടുള്ള ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെക്കാളേറെ സാമ്രാജ്യത്തെ ഭയപ്പെടുത്തിയത് അടിയില്‍ ശക്തിപ്പെട്ടു വന്ന ഈ രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തിയാണെന്നും പറയാം. സ്വാതന്ത്ര്യാനന്തരം വ്യത്യസ്തമായ വഴിയിലാണെങ്കിലും സാമ്പത്തികമായി കൂടി ആധുനികമായ ഒരടിത്തറയില്‍ രാഷ്ട്രത്തെ നിര്‍മ്മിച്ചെടുക്കുന്ന പ്രക്രിയയാണ് എത്രതന്നെ പരിമിതികളോടെയും പരാധീനതകളോടെയുമാണെങ്കിലും ചെയ്തത്. പോകെ പോകെ, തങ്ങളുടെ കയ്യില്‍ ഉറച്ചതെന്ന് കണ്ട ഭരണസംവിധാനങ്ങളെയും മധ്യകാല പരമ്പരാഗത ജാതിമത സാമൂഹ്യ സംഘടനാ രൂപങ്ങളെയും മാത്രം ആശ്രയിക്കുന്നതിലേക്ക് ചുരുങ്ങുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്.

വര്‍ഗ്ഗീയതയുമായി കൃത്യമായൊരതിര്‍ത്തി സൂക്ഷിക്കാത്തതും ചിലപ്പോഴെങ്കിലും വര്‍ഗ്ഗീയതയിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്നതും കോണ്‍ഗ്രസ്സ് തന്നെയാണ്. ബി ജെ പി യ്ക്കുള്ള വഴി മലര്‍ക്കെ തുറന്നു കൊടുത്തത്. എന്തെങ്കിലും നിര്‍മ്മാണാത്മകമോ ധനാത്മകം തന്നെയോ ആയ രാഷ്ട്രീയ പരിപാടിക്ക് പകരം എങ്ങനെയും ഭരണം നിലനിര്‍ത്തുക എന്ന അജണ്ടയിലേക്ക് ചുരുങ്ങി.

അന്താരാഷ്ട്ര മൂലധനഗ്രൂപ്പുകളുടെ നയങ്ങള്‍ മാത്രമായി അതിന്‍റെ നയപരിപാടികള്‍. കോണ്‍ഗ്രസ്സിന് പഴയ ദേശീയതയുടെ വിദൂരഛായ പോലും നഷ്ടപ്പെട്ടു തുടങ്ങിയ സാഹചര്യത്തിലാണ് ബി ജെ പി മുതലെടുപ്പ് തുടങ്ങിയത്. ദേശീയ പ്രസ്ഥാനത്തിന്‍റെ കാലത്ത് ദേശീയതക്കെതിരും കൊളോണിയല്‍ പാദസേവയുമായി തിരിച്ചറിഞ്ഞ കപടവും പൊള്ളയുമായ ഹൈന്ദവ ദേശീയത രൂപപ്പെടുത്തിയ എല്ലാ സൃഷ്ടിപരമായ കാഴ്ചകളും നഷ്ടമായിക്കഴിഞ്ഞിരുന്ന കോണ്‍ഗ്രസ്സ് വര്‍ഗ്ഗീയ ദേശീയതക്ക് മുമ്പില്‍ നിരായുധരാകുകയും ചെയ്തു. ഹൈന്ദവ ദേശീയത കോണ്‍ഗ്രസ്സ് ജീര്‍ണ്ണവും മലീമസവുമാക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് വളക്കൂറു കണ്ടെത്തിയതെന്നര്‍ത്ഥം.

മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തിലും ഭരണം മാറി വരുന്ന സാഹചര്യങ്ങളില്‍ സി പി എം വിരുദ്ധതയിലൂന്നിയ നിഷേധ രാഷ്ട്രീയം മാത്രമായിരുന്നു കോണ്‍ഗ്രസ്സിന്‍റെ കൈമുതല്‍. പ്രതിപക്ഷത്താകുന്ന ആദ്യവര്‍ഷങ്ങളിലൊന്നും കാര്യമായി ചെയ്യാതിരിക്കുകയും അവസാന ലാപ്പില്‍ നിഷേധ വോട്ടുകള്‍ക്കായി രംഗത്തിറക്കുകയുമാണത് പൊതുവില്‍ ചെയ്തു കൊണ്ടിരുന്നത്. ഇത്തവണ പക്ഷേ, ഈ അവസാന ലാപ്പില്‍ രോഗകാലാവസ്ഥയുപയോഗിച്ച് വളരെ സമര്‍ത്ഥമായിത്തന്നെ പ്രതിപക്ഷത്തെരാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ അകറ്റി നിര്‍ത്താനും ഭരണപക്ഷത്തിനു കഴിഞ്ഞു. ഒപ്പം പഴയ ആന ദൂരത്തിരുന്നവന്‍റെ അകക്കാമ്പില്ലാത്ത പൊള്ള മാത്രമാണിതും കൂടി അനുഗ്രഹിച്ചതോടെ പരാജയത്തിലേക്കുള്ള വഴിയതിനു സുഗമമാകുകയും ചെയ്തു. സ്വന്തമായൊരു നിലപാടുതരമോ കാഴ്ചപ്പാടോ ഇല്ലാതെ ഫലത്തില്‍ എന്തും ഉച്ചത്തില്‍ അലറിവിളിക്കുന്ന ബി ജെ പി യുടെ പിറകില്‍ ഒരു പതിഞ്ഞ ശിങ്കിടിപ്പാട്ടുപോലെയത് മാറുന്ന കാഴ്ച പലപ്പോഴും ചാനലുകളിലെങ്കിലും സഹതാപാര്‍ഹമായിരുന്നു. അഴിമതി ആരോപണങ്ങളിലെങ്കിലും കേന്ദ്ര ഏജന്‍സികളുടെ വേണ്ടാകൂലികളെപ്പോലെയാണത് സംസാരിച്ചത്. സ്വന്തമായൊരു ക്രിയാത്മക കാഴ്ചപ്പാടിന്‍റെയും നിര്‍മാണപരിപാടികളുടെയും അഭാവത്തില്‍ ബി ജെ പി യില്‍ നിന്നതിനെ അതിര്‍ത്തി വരച്ച് മാറ്റി നിര്‍ത്താന്‍ പൊതുജനങ്ങള്‍ക്കെങ്കിലും എളുപ്പമായിരുന്നില്ല.

കേരളത്തിലെ ഭരണനയങ്ങളെ എതിര്‍ക്കുമ്പോള്‍ പകരം തങ്ങളുടെതായ ക്രിയാത്മക നയം മുന്‍വെക്കാനില്ലാതിരിക്കെ, സംസ്ഥാനത്തിനു പകരം കേന്ദ്രമാകും ബദല്‍. തങ്ങള്‍ ആനപ്പുറത്തു നിന്നിറങ്ങിയിട്ട് കാലം കുറേ ആയെന്നും പുതിയൊരടിത്തറയില്‍ നിന്നല്ലാതെ ഇനി മുമ്പോട്ടു പോകാനില്ലെന്നും കോണ്‍ഗ്രസ്സിനൊട്ടു മനസ്സിലായിട്ടുമില്ല.

പ്രധാന പ്രശ്നം രാജ്യത്തെയും കേരളത്തെയും പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ദൃഢവും വ്യക്തവുമായ ഒരു കാഴ്ചപ്പാടു മുന്‍വെക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ജനങ്ങളെ അണിനിരത്തുകയും ചെയ്തുകൊണ്ടല്ലാതെ കോണ്‍ഗ്രസ്സിനിനിമേല്‍ ഗതിയില്ല. പഴയ രാഷ്ട്രീയത്തിലെ രാസവാക്യങ്ങളും സമുദായ വാക്യങ്ങളും പോലുള്ള മുഴക്കോലുകള്‍ വെച്ചളക്കാവുന്നത്ര ലളിതമല്ല പുതിയ രാഷ്ട്രീയം എന്നു മനസ്സിലാക്കാനുള്ള ബൗദ്ധികശേഷിയതിനുണ്ടാകണം; മുകളില്‍ ‘സോഷ്യല്‍ എഞ്ചിനീയറിംഗി’ നെക്കുറിച്ചു പറഞ്ഞതുപോലെ.

കോണ്‍ഗ്രസ്സിലെ തലമുറമാറ്റ ചര്‍ച്ചകളും ഇന്നൊക്കെയൊരു തമാശയായി മാറുന്നതും ഇങ്ങനെയാണ്. രാഷ്ട്രീയത്തിലെ വൃദ്ധന്മാരെക്കാള്‍ കൂടുതല്‍ മനസ്സില്‍ ജരാനര ബാധിച്ചവരാണ് ഇവര്‍ ഈ എല്ലാ പാര്‍ട്ടികളിലും കാണുന്ന അധികം ചെറുപ്പക്കാരുമെന്ന് ഖേദപൂര്‍വ്വം തോന്നാറുണ്ട്. മുടി നരക്കുന്നതല്ല വാര്‍ദ്ധക്യം എന്ന തിരിച്ചറിവിന്നാവശ്യമാണ്; അല്ലെങ്കില്‍ മുടി നരക്കുന്നത് മാത്രമല്ലെന്നെങ്കിലും ആദ്യം പുതിയൊരു പ്രവര്‍ത്തന പരിപാടിയുണ്ടാകേണ്ടതുണ്ടോ എന്നാണ് തീരുമാനിക്കേണ്ടത്.

ഇങ്ങനെ പുതിയ കാലത്തിനും രാഷ്ട്രീയത്തിനും ചേര്‍ന്ന പുതിയ പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന യുവത്വത്തെയാണ് തലമുറമാറ്റം ലക്ഷ്യമാക്കേണ്ടത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ അടക്കം പ്രതീകങ്ങളും ഉദ്ധത വീര്യന്മാരും കെട്ടുംകെട്ടി കറുപ്പുടുത്ത് പാപപരിഹാരാര്‍ത്ഥം ശബരിമലക്ക് പോയാലൊന്നും പിറകെ വരിവരിയായി ആളുകള്‍ മല ചവുക്കിക്കൊള്ളണമെന്നില്ല: കല്ലും മുള്ളും മെത്തയാക്കിക്കൊള്ളണമെന്നില്ല.

പുതിയ കാലത്തിന് വേണ്ടത് പുതിയ ഇടതുപക്ഷം

നിങ്ങള്‍ ആരുടെ പക്ഷത്ത് എന്ന പഴയ ചോദ്യം ഇപ്പോള്‍ കൂടുതല്‍ അപ്രസക്തമാകുകയല്ല, കൂടുതല്‍ പ്രസക്തമാവുകയാണ്. പക്ഷേ,

ഇടതുപക്ഷം എന്നത് വിപ്ലവാരിഷ്ടം പോലൊരു ലേബലല്ല എന്ന് തിരിച്ചറിയാനുള്ള മിനിമം ബുദ്ധിയെങ്കിലും ഇന്ന് കൂടിയേ പറ്റൂ. പണ്ടെന്നോ ജാതകത്തിലെഴുതി വെച്ചിട്ടുണ്ടോ എന്നതല്ല, പുതിയ കാലത്തിന്‍റെ പ്രശ്നങ്ങളെ എങ്ങനെ മനസ്സിലാക്കുന്നു, ഏത് പക്ഷത്തു നടന്ന് നോക്കിക്കാണുന്നു എന്നതാണ് പ്രധാനം. വര്‍ത്തമാന സമൂഹവും രാഷ്ട്രീയവും നേരിടുന്ന പ്രശ്നങ്ങളെന്ത് എന്ന് മനസ്സിലാക്കുന്നതില്‍ നിന്ന് വേണമിതാരംഭിക്കുന്നത്.

കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പുവരെ ഇത് വളരെ ലളിതവും എളുപ്പവുമാണെന്ന് തോന്നിച്ചിരുന്നെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് തൊട്ടു മുമ്പുള്ള ചരിത്രം കാണിച്ചു തന്നത്. നേരത്തെ സാമ്രാജ്യത്വവും സോഷ്യലിസം, ഏഷ്യനാഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ മൂന്നാം ലോകം എന്നിങ്ങനെ സ്പഷ്ടമായ ചേരികളായി ലോകം തോന്നിച്ചു. ഇതെല്ലാം ഇന്നുമുണ്ടെങ്കിലും പഴയപോലെ അത്ര സുപ്രധാനമോ ലളിതമോ പ്രകാരമായി നില്‍ക്കുന്നവെന്ന് പറയാനാകില്ല. പകരമാകട്ടെ പല നിര്‍ണ്ണായക പ്രശ്നങ്ങളും പുതുതായി മേല്‍ക്കൈ നേടുകയും ചെയ്യുന്നു. മൂലധനവും തൊഴിലാളികളും തന്നെ വൈരുദ്ധ്യം നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയം തത്വത്തിലല്ലാതെ പ്രയോഗത്തില്‍ ഇന്ന് ലോകത്ത് നിര്‍ണ്ണായകവുമായ വിഷയമായി വരുന്നില്ല. പകരം മൂലധനത്തിന്‍റെ ഇന്നത്തെ പോക്ക് മനുഷ്യരാശിയുടെ തന്നെ ഭാവിയെ കടുത്ത ആശങ്കയിലാക്കുംവിധം ഭൂമിക്കും പ്രകൃതിക്കും തന്നെ അപകടകരമാണ് എന്നത് കൂടുതല്‍ കൂടുതല്‍ തിരിച്ചറിയപ്പെടുന്നതാണ് കാണുക. മനുഷ്യരാശിയുടെയും ജൈവമണ്ഡലത്തിന്‍റേയും തന്നെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്നു എന്നതിനെക്കഴിഞ്ഞേ, മറ്റെന്തും വരുന്നുള്ളു എന്ന് നാടന്‍ മുത്തി പോലും പറയും. പഴയ സോഷ്യലിസ്റ്റ് ചേരിയോ, തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളോ, ഒന്നാം ലോക രാഷ്ട്രീയമോ ഒന്നും ഈ നിര്‍ണ്ണായക പ്രശ്നത്തെ മുഖ്യവിഷയമാക്കുന്നതുപോയിട്ട് തങ്ങളുടെ അജണ്ടയില്‍ പോലും പ്രാധാന്യത്തോടെ കൊണ്ടുവരുന്നില്ല. ചീനയടങ്ങുന്ന പഴയ സോഷ്യലിസ്റ്റ് ബ്ലോക്കും സാമ്രാജ്യത്വ ബ്ലോക്കും പരസ്പരം മത്സരിച്ചാണ് പ്രകൃതി വിനാശം നടത്തിക്കൊണ്ടിരുന്നത്.

രണ്ടാമത്, ജനപക്ഷത്ത് നിന്ന് ജനാധിപത്യപരമായി മാത്രമേ മൂലധനത്തിന്‍റെ ഈ സ്വേച്ഛാ സഞ്ചാരത്തെ തടയാനാകൂ. മൂലധന താല്പര്യങ്ങളാണോ സാമൂഹ്യ താല്പര്യങ്ങളാണോ പ്രധാനമെന്ന ചോദ്യത്തിനു മുമ്പില്‍ ആത്യന്തികമായി ജനാധിപത്യത്തിനു മാത്രമേ ഉത്തരമാകാന്‍ പറ്റൂ. മൂലധനത്തിനു മേല്‍ സാമൂഹ്യ നിയന്ത്രണം നടപ്പാക്കിക്കൊണ്ടു മാത്രമേ ലോകത്തിനിനി മുമ്പോട്ടു പോകാനാകൂ. മൂലധനമെന്നാല്‍ ശാസ്ത്ര സാങ്കേതികതയടക്കം ഒരുപക്ഷേ കൂടുതല്‍ പ്രധാനമായിതില്‍ ഉള്‍പ്പെടുകയും ചെയ്യും. യുദ്ധങ്ങളെ യുദ്ധവ്യവസായങ്ങളെയും സ്വേച്ഛാധികാരങ്ങളെയുമെല്ലാം ലോകമെങ്ങും മാറി മാറി പ്രോത്സാഹിപ്പിച്ച് ഇക്കാര്യത്തിലും പരസ്പരം മത്സരിക്കുകയാണ് പ്രഖ്യാപിത സാമ്രാജ്യത്വ, സോഷ്യലിസ്റ്റ് ചേരികള്‍ കഴിഞ്ഞ ദശകങ്ങളില്‍ ചെയ്തത്.

ഒരുപക്ഷെ, ചീനാ ലാബറട്ടറിയിലാണ് കോവിഡ് പിറന്നതെങ്കില്‍ അതിനെയൊരു സോഷ്യലിസ്റ്റ് വൈറസായി ചിത്രീകരിക്കാനാകില്ലല്ലൊ. ഇതിങ്ങനെ ഇനിയും നീട്ടാം. പഴയ കാഴ്ചപ്പാടുകളിലെ ലളിത സമവാക്യങ്ങളുടെ ആവര്‍ത്തനം ജനപക്ഷത്തെയും മൂലധനാധീശപക്ഷത്തെയും തിരിച്ചറിയാന്‍ ഇന്ന് സഹായകമല്ല എന്നു മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളു.

ജനതാല്പര്യങ്ങളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകലുന്ന മൂലധനശക്തികള്‍ മധ്യകാലികങ്ങളായ ജീര്‍ണ്ണതകളെയാണിന്ന് കൂടുതല്‍ ആശ്രയിക്കുന്നത്. ഇന്ത്യയും ഇതിനപവാദമല്ല. വര്‍ഗ്ഗീയത, വംശീയത, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, കമ്മിഷനടക്കമുള്ള അഴിമതികളിലൂടെ പൊതുമുതല്‍ കൊള്ളയടിക്കല്‍, ഇവയുപയോഗിച്ച് ജനാഭിപ്രായങ്ങളെ വിലക്കെടുക്കലും സ്വാധീനിക്കലും എന്നിങ്ങനെ പോകുന്നു ഇവ; സോഷ്യല്‍ ഇഞ്ചിനീയറിംഗ് വരെ. ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടതുപക്ഷമോ എന്ന് നിര്‍ണ്ണയിക്കുന്നത് ഇത്തരം വിഷയങ്ങളിലെയാണെന്നുള്ളത് നിലപാടുകള്‍ സ്വീകരിക്കുന്നു എന്നതാകണം.