എല്‍ എന്‍ ജി ബസ് ഇന്ന് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ എൽ.എൻ.ജി. ബസ് സർവ്വീസ് ഇന്ന് ഉത്ഘാടനം ചെയ്യും. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കു ആദ്യ സർവ്വീസ് ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ഈ സര്‍വീസ് തിരുവനന്തപുരം – എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടുകളിലാണ് ഓടുന്നത് .
എറണാകുളം-കോഴിക്കോട്ടില്‍ രണ്ടു എസി ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. എറണാകുളം-കോഴിക്കോട് റൂട്ടിലെ സർവീസ്. രാവിലെ 6.30ന് എറണാകുളത്ത് നിന്ന് പുറപ്പെടും. 8.30ഓടെ തൃശൂരിലും 12.20ന് കോഴിക്കോടും എത്തിച്ചേരും. മടക്ക സർവീസ് ഉച്ചയ്ക്കു ശേഷം 2.30ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 5.50ന് തൃശൂരിലും 8.20ന് എറണാകുളത്തും എത്തിച്ചേരും.
എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് രാവിലെ അഞ്ചുമണിക്ക് പുറപ്പെടും. 6.35ഓടെ ആലപ്പുഴയിലും 9.15ഓടെ കൊല്ലത്തും എത്തുന്ന ഈ സർവീസ് 11.15ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്ക യാത്ര, തിരുവനന്തപുരത്ത് നിന്ന് രണ്ടു മണിക്കാണ്. നാലു മണിയോടെ കൊല്ലത്തും ആറരയോടെ ആലപ്പുഴയിലും എത്തുന്ന ബസ്, രാത്രി 8.15ന് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
കെഎസ്ആർടിയിസിയും ഹരിത ഇന്ധനത്തിലേക്ക് മാറുന്നു
കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ ഹരിത ഇന്ധനങ്ങളായ എൽ എൻ ജി യിലേക്കും സി എൻ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.നിലവിലെ 400 പഴയ ഡീസൽ ബസ്സുകളെ എൽ.എൻ.ജിയിലേക്ക് മാറ്റും
തിരുവനന്തപുരത്ത് സിറ്റി സർവീസുകൾക്ക്
റൂട്ട് നമ്പറും കളർ കോഡും
തിരുവനന്തപുരം സിറ്റി സർവ്വീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ റൂട്ട് നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു. ബസിന്‍റെ നിറം കണ്ട് റൂട്ട് മനസിലാക്കാം.എത്തിച്ചേരുന്ന സ്ഥലത്തിനും സഞ്ചരിക്കുന്ന റൂട്ടിനും പ്രാധാന്യം നൽകിയാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയെ 4 ഭാഗങ്ങളായി തിരിച്ച് കളർ കോഡിംഗ് ഇപ്രകാരം: തിരുവനന്തപുരം നഗരം – നീല, നെയ്യാറ്റിൻകര, കാട്ടാക്കട – താലൂക്ക് – മഞ്ഞ, നെടുമങ്ങാട് താലുക്ക് – പച്ച, വർക്കല, ചിറയിൻകീഴ് താലുക്കുകൾ – ചുവപ്പ് എന്നിങ്ങനെയാണ് കളർ കോഡിംഗ്. കൂടാതെ നമ്പറിംഗിലും യാത്രക്കാർക്ക് അനായാസം മനസ്സിലാക്കുന്ന സംവിധാനമാണ് .. തിരുവനന്തപുരം നഗരം – 1,2,3 എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകൾ, നെയ്യാറ്റിൻകര, കാട്ടാക്കട – താലൂക്ക് – 4,5 എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളും, നെടുമങ്ങാട് താലുക്ക് – 6, 7 എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളും, വർക്കല, ചിറയിൻകീഴ് താലുക്കുകൾ – 8,9 എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളുമാണ് നൽകിയിരിക്കുന്നത്.