“തോഴ നീ വെടിഞ്ഞുപോം ജീവിതം ചരിതാര്‍ത്ഥം ഊഴിതന്നല്പം നീരും നനവും നിന്നാല്‍ ധന്യം”

1

നാല്പത്തെട്ടു വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാം പതിപ്പായി ഇറങ്ങുന്ന ‘ശക്തിഗീതങ്ങളു’ ടെ കോപ്പി വിഷ്ണുനാരായണന്‍ നമ്പൂതിരി മാസ്റ്ററെ നേരില്‍ കണ്ട് നല്കണമെന്നും ആ കാലടികളില്‍ സാഷ്ടാംഗം പ്രണമിക്കണമെന്നും വിചാരിച്ചിരുന്നതാണ്. ആദരവ് പ്രകടമാക്കുന്നതില്‍ മാസ്റ്ററുടെ ശൈലി അതാണല്ലോ. 2017 ല്‍ തിരുവനന്തപുരത്ത് ശ്രീവല്ലിയില്‍ പോയി മാസ്റ്ററെ കണ്ടിരുന്നു. തീവണ്ടി യാത്രക്കിടയില്‍ ബര്‍ത്തില്‍ നിന്ന് ഒരു വീഴ്ചയുണ്ടായെന്നും അതിനുശേഷം ഓര്‍മയില്‍ തകരാറുകള്‍ ഉണ്ടാകുന്നുവെന്നും ചികിത്സകള്‍ ഫലിക്കുന്നില്ലെന്നും അന്ന് പറയുകയുണ്ടായി.

അടുത്തുതന്നെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ശ്രീ ഭരത് ഭൂഷണിനെ കാണുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുവെന്നറിഞ്ഞപ്പോള്‍ അതിയായ സന്തോഷം പ്രകടമാക്കി. ഭരത് ഭൂഷണ്‍ തന്‍റെ പ്രിയശിഷ്യരില്‍ ഒരാളാണെന്നും അദ്ദേഹത്തിന് വാക്കാല്‍ ഒരു സന്ദേശമെത്തിയ്ക്കാനുണ്ടെന്നും അതിന് പറ്റിയ ആളെ ആലോചിക്കുമ്പോഴാണ് വാസുദേവന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പട്ടാമ്പി-പെരുമുടിയൂര്‍ വാസകാലത്തെ ശിഷ്യര്‍ ഓരോരുത്തരെക്കുറിച്ചും എടുത്തെടുത്ത് ചോദിച്ചു.അതിലൊന്നും ഓര്‍മക്കുറവ് കണ്ടില്ല. എന്നെ ഏല്പ്പിച്ച ദൗത്യം പിറ്റേന്നു കാലത്തുതന്നെ നിര്‍വഹിച്ചു. അടുത്ത ദിവസം തന്നെ താന്‍ മാസ്റ്ററെ സന്ദര്‍ശിക്കുമെന്ന് ഭരത് ഭൂഷണ്‍ പറഞ്ഞു.രണ്ടുപേരും മാസ്റ്ററുടെ ശിഷ്യന്മാരാണെന്ന തിരിച്ചറിവ് 1979-80 കാലം മുതല്‍ തുടങ്ങിയ ഞങ്ങളുടെ കേവല പരിചയത്തിന് ഒരു സതീര്‍ത്ഥ്യ-പരിവേഷം സിദ്ധമാക്കി.

വി പി വാസുദേവന്‍‌

1963-64 കാലത്താണ് വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന കവി പട്ടാമ്പിയ്ക്കടുത്ത് പെരുമുടിയൂരില്‍ പുന്നശ്ശേരി നമ്പി സ്ഥാപിച്ച കലാലയത്തില്‍ പൗരസ്ത്യ ബിരുദധാരികള്‍ക്ക് മാത്രമായുള്ള കോളേജില്‍, ഇംഗ്ലീഷ് അധ്യാപകനായി വരുന്നത്. എന്നാല്‍ അതിന്നു മുമ്പുതന്നെ അദ്ദേഹത്തിന്‍റെ ആദ്യത്തെ മാതൃഭൂമിക്കവിത മുതല്‍ വായിച്ചിരുന്നു.പ്രിയ അധ്യാപകനും കവിതാപഥത്തിലെ വഴികാട്ടിയുമായ ഇവിജി മാസ്റ്റര്‍ (ഇവിജി ഏലംകുളം) പറഞ്ഞറിഞ്ഞാണ് ഞാനത് വായിക്കുന്നത്. ഇന്ത്യാ ചൈനായുദ്ധത്തെത്തുടര്‍ന്ന് മിക്ക മലയാളകവികളും അക്കാലത്ത് ദേശപ്രേമകവിതകള്‍ എഴുതിയിരുന്നു.അക്കൂട്ടത്തില്‍ ഒന്ന്, ഡോ:ദ്വാരകാനാഥ കോട്നിസിനെ അനുസ്മരിച്ചുകൊണ്ട് വിഷ്ണുനാരായണ്‍ നമ്പൂതിരി എന്ന ഒരാള്‍ എഴുതിയ ‘തേരാളിയുടെ മുമ്പില്’ സവിശേഷമായതാണെന്ന് ഇവിജി മാസ്റ്റര്‍ പറഞ്ഞു. രണ്ടാം ലോക യുദ്ധകാലത്ത് ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അയച്ച മെഡിക്കല്‍ മിഷനില്‍ (1938) അംഗമായിരുന്ന ഡോ:ദ്വാരകാനാഥ കോട് നിസ് 1942 ല്‍ ബീജിംഗില്‍ മരിക്കുകയായിരുന്നു. ബീജിംഗില്‍ ദ്വാരകാനാഥ കോട്നിസ് സ്മാരകം ഉണ്ട്. അവിടെ എല്ലാ വര്‍ഷവും, ഇന്ത്യാ ചൈനാ യുദ്ധകാലങ്ങളില്‍ത്തന്നെയും, അനുസ്മരണച്ചടങ്ങുകള്‍ നടക്കാറുണ്ടെന്നുമാണ് അറിവ്.

‘മകനേ ദ്വാരകാനാഥാ
നീയുണര്‍ന്നാവു വത്സല
നിറയും കണ്ണുമായമ്മ
നില്പു മുഖമുയര്‍ത്തുക.’

എന്നു തുടങ്ങുന്ന ആ കവിത മുഴുവന്‍ ഇവിജി മാസ്റ്റര്‍ക്ക് ഹൃദിസ്ഥമായിരുന്നു. അതെഴുതിയ ആള്‍ക്ക് യുവത്വം കടന്നിരിയ്ക്കാമെന്നാണ് മനസ്സിലുണ്ടായിരുന്നത്. നേരില്‍ കണ്ടപ്പോള്‍ ഒരിരുപത്തിനാലുകാരന്‍. അന്നത്തെ എന്‍റെ സഹപാഠികളില്‍, മാസ്റ്ററുടെ ശിഷ്യരില്‍, ചിലര്‍ക്കെങ്കിലും കൂടുതല്‍ പ്രായം തോന്നുമായിരുന്നു. കാളിദാസശൈലിയില്‍ പറഞ്ഞാല്‍ ഒരു ബാലാരുണന്‍.

മഹാശ്വതാ ദേവി

1973 ല്‍ ആണ് ‘ശക്തിഗീതങ്ങള്’ ഇറങ്ങുന്നത്. അതിന്‍റെ അവതാരികയില്‍ മാസ്റ്റര്‍ പ്രകടമാക്കുന്ന ഒരു ദര്‍ശനമുണ്ട്. ആ ദാര്‍ശനികതലം ശ്രദ്ധയില്‍പെടുത്തിയതും ഇവിജി മാസ്റ്റര്‍ തന്നെ. സുഹൃത്തുക്കളുടെ മുന്‍കയ്യില്‍ 1998 ല്‍ എന്‍റെ രണ്ടാമത്തെ കവിതാസമാഹാരമായ ‘ഒഡീസിയസ്സിന്‍റെ പാട്ട്’ ഒരുങ്ങുന്നതിനിടയില്‍ മാസ്റ്റര്‍ പറഞ്ഞു “ഇനിയെങ്കിലും വാസു എഴുത്തില്‍ ശ്രദ്ധിക്കണം. ചെറുകാട് മാസ്റ്റരുടേയും വിഷ്ണുവിന്‍റെയും പ്രതീക്ഷ അസ്ഥാനത്താക്കരുത്.” ശക്തിഗീതങ്ങളിലെ പ്രസാധകക്കുറിപ്പിലും അവതാരികയിലും രണ്ടുപേരും പ്രകടമാക്കിയ പ്രതീക്ഷയെയാണ് മാസ്റ്റര്‍ ഉദ്ദേശിച്ചത്. ഞാനതിന് മറുപടി പറഞ്ഞതിങ്ങിനെയാണ്:-

‘അവര്‍ രണ്ടുപേരും ശിഷ്യവാത്സല്യം കൊണ്ട് അങ്ങിനെയൊക്കെ പറഞ്ഞതല്ലേ. ചെറുകാട് മാസ്റ്റര്‍ രാഷ്ട്രീയ വീക്ഷണം കൊണ്ട് കൂടി അനുകൂലിച്ചു. വിഷ്ണുമാസ്റ്റര്‍ ശിഷ്യവാത്സല്യം കൊണ്ട് പുകഴ്ത്തി.’

‘അങ്ങനെ പറയരുത് വാസു സത്യസന്ധമായും ആത്മാര്‍ത്ഥമായുമല്ലാതെ ഒരു വാക്കു പോലും പറയാത്ത ആളാണ് വിഷ്ണു. ആ കവിതകളും എഴുത്തും ജീവിതവും അതിനു തെളിവാണ്.’

2

ഞാന്‍ വിനയത്തോടെ കേട്ടുനിന്നു. അടുത്ത ദിവസം എന്‍റെ പിരിയല്‍ സമ്മേളനത്തില്‍ കണ്ടപ്പോള്‍ രണ്ട് ഗുരുനാഥന്മാരും എന്‍റെ കവിതയെക്കുറിച്ച് സംസാരിച്ചിരുന്നതായും മനസ്സിലായി. 2007ല്‍ ഇവിജി മാസ്റ്റര്‍ മരിച്ചപ്പോള്‍ പച്ച മഷിയില്‍ വിഷ്ണുമാസ്റ്ററുടെ കത്ത് എനിക്കു കിട്ടി. ‘ഇവിജി ഏലംകുളം’ എന്ന കവിത വിഷാദത്തിന്‍റെ രാത്രികളെ സാഹിത്യ നര്‍മ സല്ലാപങ്ങളെക്കൊണ്ട് പകലുകളാക്കി മാറ്റുന്ന സുഹൃത്താണ് തനിയ്ക്ക് നഷ്ടമായിരിക്കുന്നതെന്ന് അതില്‍ അനുസ്മരിക്കുന്ന മഹത്തായൊരു സഹൃദയത്വത്തിന് മലയാള കവിത നല്‍കുന്ന ആദരവായിത്തന്നെ ആ കവിത ഇന്ന് അനുഭവപ്പെടുന്നു.

‘തോഴ നീ വെടിഞ്ഞുപോം ജീവിതം ചരിതാര്‍ത്ഥം
ഊഴിതന്നല്പം നീരും നനവും നിന്നാല്‍ ധന്യം’

എന്നാണ് ആ കവിത അവസാനിക്കുന്നത്. അപകര്‍ഷാബോധത്തിന്‍റെ തീവ്രത കൊണ്ടായിരിക്കാം ഇവിജി മാസ്റ്റര്‍ പറഞ്ഞത് മുഴുവനായും എനിയ്ക്ക് ബോധ്യമായില്ല. മാസ്റ്റര്‍ പറയുന്നതിലും വാത്സല്യത്തിന്‍റെ അംശം ഉണ്ടാകുമല്ലൊ എന്നാണ് ചിന്തിച്ചത്. എന്നാല്‍ ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എല്ലാം ബോധ്യമാകുന്നു എന്നല്ല സമഗ്രമായ സമഷ്ടി സ്നേഹത്തിന്‍റെ ദര്‍ശനം തന്‍റെ എഴുത്തിലൂടെയും ജീവിതത്തിലുടെയും പ്രായോഗികമാക്കിയ കവിയാണ് നമ്മോട് വിട പറഞ്ഞിരിക്കുന്നത് എന്നും മനസ്സിലാക്കുന്നു. ‘കാള്‍ മാര്‍ക്സിന്‍റെ ശവകുടീരം’ എന്ന കവിതയില്‍ (ആഗസ്റ്റ്-2000) മാസ്റ്റര്‍ എഴുതി.

‘ഒട്ടുനാള്‍ കാതോര്‍ത്തു ഭൂവിന്‍നടയിലും
ഒട്ടിന്ത്യയെന്ന വികാര സത്രത്തിലും
ഉത്തരാഖണ്ഡ വനാന്തരമാര്‍ഗത്തിലും
ഉള്‍പ്രിയന്‍ ശ്രീ വല്ലഭന്നന്തികത്തിലും
മുപ്പതാണ്ടാംഗല ശിക്ഷാവ്രതത്തിലും
തൃപ്ത്യാഭജനമിരുന്നു ശീലിച്ച ഞാന്‍
അക്കരെയിക്കരെയെന്ന കണ്‍കെട്ടുന്ന
ദിഗ്ഭ്രമത്തിന്‍റെ കടലുക്കടക്കയാല്‍
കുന്നുകളേതും ശീവശൈലമാകുന്നു
കുഞ്ഞുനീര്‍ച്ചാലും ശിവഗംഗയാകുന്നു’

മാര്‍ക്സിന്‍റെ സെമിത്തേരിയില്‍ സാഷ്ടാംഗം വീണു പ്രണമിക്കാന്‍ തോന്നിയതിന്‍റെ അങ്ങിനെ ചെയ്തതിന്‍റെ വൈയക്തിക ന്യായീകരണവും ആ കവിതയിലുണ്ട്. മാര്‍ക്സ് പറഞ്ഞപോലെ ഭൂമിസാമ്യകേദാരമാകുമോ എന്നൊന്നും തനിയ്ക്കറിയില്ല. ഈശ്വരന്മാര്‍ക്കും ചിലപ്പോള്‍ പിഴയ്ക്കാം.

ഒന്നറിയാം

‘എന്നാല്‍ ചവുട്ടിയരയ്ക്കപ്പെടാതിവന്‍
തന്‍തലനുള്ളപ്പെടാതെ ഉയിര്‍ത്തതിന്‍
നന്ദി ഇദ്ദേഹത്തൊടല്ലി ചൊല്ലേണ്ടു ഞാന്‍’

തകര്‍ന്ന കിനാക്കള്‍ക്കും പ്രതികൂല പരിതോവസ്ഥകള്‍ക്കുമിടയില്‍ പ്രതീക്ഷ നഷ്ടപ്പെടാതെനിര്‍ത്തിയത്, കര്‍മ്മ സത്യയോഗത്താല്‍ മൃത്യുവെ ജയിക്കാന്‍ കരുത്തുനല്‍കുന്നത് മാര്‍ക്സിയന്‍ ദര്‍ശനമാണെന്ന് ശ്രീ വല്ലഭക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പറയുകയാണ്.അങ്ങിനെ പറയുന്നതാകട്ടെ രാഷ്ട്രീയ പരീക്ഷണ രംഗത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികളാകെയും മാര്‍ക്സിയന്‍ ദര്‍ശനമാകെയും അപചയപ്പെടുന്നു, പരാജയപ്പെടുന്നു, കാലഹരണപ്പെടുന്നു എന്നെല്ലാം ധാരണപരന്നു കൊണ്ടിരിക്കുന്ന അവസ്ഥയിലും.

ഇന്ത്യയും ഗ്രീസും യൂറോപ്യന്‍ അധിനിവേശക്കാര്‍ നാമാവശേഷമാക്കിയ ഇന്‍കാ മായക പാരമ്പര്യങ്ങളുമടക്കം എല്ലാ പുരാതന സംസ്കൃതികളുടേയും പുണ്യോല്‍ക്കര്‍ഷങ്ങളെ സ്വായത്തമാക്കാന്‍ ശ്രമിച്ച യേറ്റ്സിന്‍റെ യും (WB yeatsþ ഐറിഷ് കവി) കാളിദാസന്‍റയും ശൈലികളുടെ സാത്മീകരണം സാധിച്ചെടുത്ത അസാധാരണവും അത്യന്താധുനികവുമായ കവി മനസ്സാണത്. കവിഞ്ഞു നില്‍ക്കുന്നവനാണ് കവിഞ്ഞുകാണുന്നവനാണ് കവി. മാസ്റ്റര്‍ പറയുമായിരുന്നു,നേരത്തെ പ്രസ്താവിച്ച പട്ടാമ്പി-പെരുമുടിയൂര്‍ കാലത്തു തന്നെ-എംഗത്സാണ് മാര്‍ക്സിനെ സാധ്യമാക്കിയത് അതുകൊണ്ട് താന്‍ എംഗത്സിനെ അധികമായാ ഭരിക്കുന്നുവെന്ന്.

എംഗല്‍സ്

ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ സര്‍വ്വീസ് മേഖലയിലും സാംസ്കാരിക രംഗത്തും പൊതുപ്രവര്‍ത്തകനെന്നനിലയിലും സംഘാടകനെന്നനിലയിലും അമ്പതുവര്‍ഷക്കാലവും രംഗത്തുണ്ടായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം വിളിച്ചാല്‍ വിളിപ്പുറത്തു പ്രത്യക്ഷപ്പെടുന്ന രക്ഷകനായി മാസ്റ്റര്‍ പലപ്പോഴും എത്തിയിട്ടുണ്ട്. 2008 ല്‍ എഡിബി കരാറിനെതിരെ സാംസ്കാരിക രംഗത്ത് സംവാദം നടന്നുകൊണ്ടിരുന്ന നാളുകളില്‍ ജ്ഞാനപീഠ ജേതാവുകൂടിയായിരുന്ന മഹാശ്വേതാദേവി കേരളത്തില്‍ വരികയുണ്ടായി.

അന്ന് മഹാശ്വേതാദേവിയെ സ്വീകരിക്കാനും അവരോടൊപ്പം സ്റ്റേജിലിരിക്കാനും അവര്‍ ആഗ്രഹിച്ച കേരളത്തിലെ പ്രമുഖ എഴുത്തുകാര്‍ തയ്യാറായില്ല. കാരണം രാഷ്ട്രീയമായിരുന്നു. എന്നാല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന കവിയ്ക്ക് അക്കാര്യത്തില്‍ യാതൊരു സംശയവുമുണ്ടായില്ല. അദ്ദേഹം അവരെ സ്വീകരിക്കാനായി തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടെത്തി. അവരോടൊപ്പം വേദിയില്‍ ഇരുന്നു പ്രസംഗിച്ചു. തുച്ഛമായ വണ്ടിക്കൂലി പോലും വാങ്ങിയതുമില്ല.

പുരോഗമന കലാസാഹിത്യസംഘത്തിന്‍റെയും അധിനിവേശ പ്രതിരോധ സമിതിയുടേയും സെക്രട്ടേറിയറ്റ് സമരങ്ങളുടെ വേദിയില്‍ വന്ന് പലപ്പോഴും അദ്ദേഹം അഭിവാദ്യ പ്രസംഗങ്ങള്‍ ചെയ്തു.അതെല്ലാം ചെയ്തത് സംഘാടകരുടെ മുഴുവന്‍ നിലപാടുകളോട് യോജിച്ചതുകൊണ്ടോ വ്യക്തിപരമായ ബന്ധങ്ങളെക്കൊണ്ടോ അല്ല.

തനിക്ക് സ്വായത്തമായ ആര്‍ഷ സംസ്കൃതിയുടെ സാത്വിക വിശുദ്ധി ബഹുസ്വരതയിലധിഷ്ഠിതമായ ജനാധിപത്യത്തെ അത്രമേല്‍ സ്വാഗതം ചെയ്യുന്നു, അത്രമേല്‍ ഇഷ്ടപ്പെടുന്നു എന്നതിനാലാണ്. ജവഹര്‍ലാല്‍ നെഹ്റുവിനെ ആരാധിക്കുന്ന തനിക്ക് ആ ജവഹര്‍ലാലിനെ വിമര്‍ശിക്കുന്ന കവിതയുള്ള പുസ്തകത്തിന് അവതാരികയെഴുതാന്‍ മനപ്രയാസമില്ലെന്നര്‍ത്ഥം.

ശക്തി ഗീതങ്ങളുടെ അവതാരികയില്‍ തന്‍റെ മുപ്പത്തിനാലാം വയസ്സില്‍ അദ്ദേഹം എഴുതി: ‘നമുക്ക് പരിചിതവും പാവനവുമായ പല സങ്കല്പങ്ങളേയും പൂജാ വിഗ്രഹങ്ങളേയും ഈ കവി പിടിച്ചു കുലുക്കുന്നുണ്ട്….. ‘ ‘കവി തന്നോടുതന്നെ കൂറുള്ളവനാകണം എന്ന വാദത്തിന് വല്ല പ്രസക്തിയുമുണ്ടെങ്കില്‍ അത് ഇവിടെയാണ് ഞാന്‍ കാണുന്നത്.’ എന്‍റെ കവിതയിലെ രാഷ്ട്രീയത്തെ ഇത്രത്തോളം ശരിയായി ന്യായീകരിക്കാന്‍ എനിയ്ക്കൊരിക്കലും കഴിയുകയില്ല. അതുകൊണ്ട് ‘സമഷ്ടിശ്രേയസ്സിനു വേണ്ടിയുള്ള യജ്ഞായുധമായി സ്വന്തം കലയെ കാണുന്ന ഈ കവിയുടെ പ്രഥമസമാഹാരത്തോട് ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്ന വാക്യത്തിന്‍റെ മഹത്വത്തെ ആദ്യം മുതല്‍ തന്നെ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിലെ കുറ്റബോധവും ജാള്യതയും ഇപ്പോഴും എപ്പോഴും അലട്ടിക്കൊണ്ടിരിക്കുകയാണെന്ന് ഇവിടെ വ്യക്തമാക്കട്ടെ.

താന്‍ ആരാധിച്ചിരുന്ന ജവഹര്‍ലാലിനോടും ഇതിലെ കവിയ്ക്ക് വിമര്‍ശനമുണ്ട്. വിമര്‍ശനങ്ങള്‍ ചിലപ്പോള്‍ ആവലാതി പറയുന്ന രൂപത്തിലുമാകാം. താന്‍ സാഷ്ടാംഗം വീണു നമസ്കരിച്ച ശേഷം മാര്‍ക്സിനോട് ആ കുടീരത്തില്‍ നിന്ന് കവി ചോദിക്കുന്നുണ്ട്:- അങ്ങ് ഉള്ളവരെന്നും ഇല്ലാത്തവരെന്നും രണ്ടു വര്‍ഗത്തിനെ കണ്ടു. വേണ്ടാത്തവര്‍ എന്ന വര്‍ഗത്തിനെ കാണാത്തതെന്ത്?

അതുകൂടി കണ്ടിരുന്നെങ്കില്‍ മാനവചരിത്രം മറ്റൊരു വിധത്തില്‍ ആകുമായിരുന്നില്ലേ?- ആരെയാണീ ഈ ‘വേണ്ടാത്ത വര്‍ഗം’ എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്ന് കവിതയില്‍ വ്യവച്ഛേദിക്കുന്നില്ല. എന്നാല്‍ മറ്റെവിടെയോ അത് വ്യക്തമാക്കിയിട്ടുണ്ടെന്നാണോര്‍മ്മ. പ്രശസ്തി, പദവി, അധികാരം, ധനം ഇതൊന്നും വേണ്ടാത്തവരാണവര്‍. മാര്‍ക്സ് തന്നെ ആ ഇനത്തില്‍പെടുന്നു. എംഗത്സ് ആവശ്യത്തിന്‍ പണമുണ്ടാക്കി സുഹൃത്തിനെ സഹായിച്ചു. അതിന് കാരണമായ സ്നേഹം, മമത, സൗഹൃദം ഏതുതരമാണ്? യഥാര്‍ത്ഥത്തില്‍ മാസ്റ്ററുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമായിരുന്നു അത്. തനിയ്ക്ക് ഏറ്റവും വേണ്ടപ്പെട്ട പലതിനെപ്പറ്റിയും എഴുതാന്‍ കഴിയാതെപോയിട്ടുണ്ട് എന്ന് മാസ്റ്റര്‍ എഴുതിയിട്ടുണ്ട്. എംഗത്സിനെപ്പറ്റി ഒരു കവിത-മാസ്റ്ററില്‍ നിന്ന് ലഭിക്കാത്തതിനെ നമുക്കാഗണത്തില്‍പെടുത്താം.

‘വേണ്ടാത്തവര്’ എന്ന വര്‍ഗത്തെക്കുറിച്ച് മാര്‍ക്സിനോടുള്ള കവിയുടെ ചോദ്യം നിഷ്കളങ്കമല്ല. എല്ലാറ്റിനെയും കുറിച്ചറിയുകയും എന്നാല്‍ ആ അറിവിനനുസരിച്ച് പരിതോവാസ്ഥകളില്‍ പരിവര്‍ത്തനം വരുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുക എന്ന ‘ഉല്‍കൃഷ്ടസ്വാര്‍ത്ഥത’ പ്രകടമാക്കാതിരിക്കുകയും ചെയ്യുന്ന ‘ഉദാസീനന്യായ’ ക്കാര്‍ക്കെതിരെയുള്ള വിരല്‍ ചൂണ്ടലാണത്. അത് മാര്‍ക്സിനു നേരെയും തനിയ്ക്കുനേരെയും തന്നെയുള്ള വിരല്‍ ചൂണ്ടലാണെന്നു മനസ്സിലാകുമ്പോഴേ വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന കവിയുടെ ദര്‍ശനപൂര്‍ണത നമുക്ക് കാണാന്‍ കഴിയൂ. അപ്പോള്‍ മാത്രമേ പൂണുനൂലുട്ടു കൊണ്ടുതന്നെ കാള്‍ മാര്‍ക്സിന്‍റെ സെമിത്തേരിയില്‍ സാഷ്ടാംഗം വീണു നമസ്കരിക്കുന്നതിലെ മഹത്വവും സത്യസന്ധതയും ഉള്‍ക്കൊള്ളാനാകൂ.

ഓര്‍മ്മക്കുറവുള്ള മാസ്റ്റരുടെ മുന്നിലെത്തി സാഷ്ടാംഗം പ്രണമിച്ചാല്‍ ഒരു പക്ഷെ ചില ഓര്‍മ്മകള്‍ അദ്ദേഹത്തില്‍ ഉണര്‍ത്താന്‍ കഴിയുമോ എന്ന അബോധമനസ്സിന്‍റെ സ്വാര്‍ത്ഥ ചിന്തയാലാണോ സാഷ്ടാംഗം പ്രണമിക്കണമെന്നാഗ്രഹിച്ചത്? ആയിരിക്കാം. എന്തായാലും അതു സാധ്യമായില്ല. ഫെബ്രുവരി 25 ന് മാസ്റ്റര്‍ ഓര്‍മ്മയായി.

ഇപ്പോള്‍ ആ സ്മരണയ്ക്കുമുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.