പൊതു രാഷ്ട്രീയശരീരത്തില്‍ ദളിതര്‍ എവിടെ?
കെ രാധാകൃഷ്ണന് പട്ടികജാതി ക്ഷേമത്തോടൊപ്പം ദേവസ്വം വകുപ്പ് കൂടിയുള്ളത് വലിയ വിപ്ലവമായി പലരും സോഷ്യല്‍ മീഡിയയില്‍ എഴുതുകയുണ്ടായി. പട്ടികജാതി വകുപ്പിനൊപ്പം എം കെ കൃഷ്ണന്‍ വനം വകുപ്പിന്‍റെ ചുമതലയും വഹിച്ചിരുന്നു.എ കെ ബാലന് പട്ടികജാതി വകുപ്പ് കൂടാതെ വൈദ്യുതി വകുപ്പും ഉണ്ടായിരുന്നു. അപ്പോള്‍ ഇതില്‍ പുതുമയോ വിപ്ലവമോ ഇല്ല. പട്ടികജാതിക്കാരന്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്നതിലാണ് വിപ്ലവമെന്ന് മറ്റു ചിലര്‍. മുന്‍പ് കെ കെ ബാലകൃഷ്ണനും ദാമോദരന്‍ കാളാശേരിയുമൊക്കെ കേരളത്തില്‍ ദേവസ്വം മന്ത്രിമാരായിട്ടുണ്ടെന്ന ചരിത്ര വസ്തുത മറുവാദമായി ചിലര്‍ ചൂണ്ടിക്കാട്ടി.
സി പി എം കാരോ എല്‍ ഡി എഫ് അനുകൂലികളോ ആണ് രാധാകൃഷ്ണന്‍റെ ദേവസ്വം വകുപ്പ് ചുമതല വലിയ വിപ്ലവം എന്ന് പറഞ്ഞാഹ്‌ളാദിച്ചത്. ഇത് സവര്‍ണ്ണ പുരോഗമനക്കാരുടെ കാഴ്ചയാണ്. ഒരു ദളിത് കാഴ്ചയല്ല.
കമ്യൂണിസ്റ്റുകള്‍ക്ക് ജാതിയും മതവുമൊന്നുമില്ല എന്നത് അര്‍ദ്ധ സത്യമെങ്കിലുമാണെന്ന പൊതുബോധം അംഗീകരിച്ചിരിക്കേ പിണറായി മന്ത്രിസഭയില്‍ നായര്‍ ഈഴവ ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങളില്‍ പെട്ടവര്‍ എത്രയെത്രയുണ്ടെന്ന് അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന വാദം നിലനില്‍ക്കുന്നുണ്ട്. എന്നാലും ചിലര്‍ കണക്കുകള്‍ കണ്ടുപിടിച്ചവതരിപ്പിച്ചു. സ്പീക്കര്‍ ഉള്‍പ്പടെയുള്ള ഭരണഘടന പദവികളില്‍ 47.05 ശതമാനവും നായര്‍ സമുദായങ്ങളാണ് എന്നാണ് ആ കണക്ക്. ഓരോ സമുദായത്തിന്‍റേയും ജനസംഖ്യാനുപാതത്തിനനുസരിച്ചല്ല മന്ത്രിസഭാ പ്രാതിനിധ്യം എന്ന് കണക്ക് വ്യക്തമാക്കുന്നതായി അവര്‍ പറയുന്നു.
മതേതര ജാത്യേതര കേരളീയ സമൂഹത്തിന്‍റെ പ്രതിനിധികളാണവര്‍, അല്ലാതെ ഒരു ജാതിയേയും പ്രതിനിധീകരിക്കുന്നില്ല എന്നാണ് മറുവാദം. ജാതി മത പ്രാബല്യങ്ങള്‍ക്കെതിരെ പോരാടി കീഴാള ജനതയെ സംഘടിപ്പിച്ച് അവരെ പൗരസമൂഹമായി ഉയര്‍ത്തിയ കമ്യൂണിസ്റ്റുകളെ ജാതിയുടെ കണ്ണിലൂടെ കാണുന്നതിനെ അവര്‍ ചോദ്യം ചെയ്യുന്നു.
സമുദായ സംഘടനകളെ നിരന്തരം എതിരിട്ടുകൊണ്ടാണ് ഇടതുപക്ഷം കേരളത്തില്‍ രാഷ്ട്രീയ ശക്തിയായിവളര്‍ന്നത്.ജന്മിനാടുവാഴി മേല്‍ജാതിക്കോയ്മകളെ തകര്‍ക്കാനിറങ്ങിയ കമ്യൂണിസ്റ്റുകാരിലേറെയും മേല്‍ജാതി കുടുംബങ്ങളില്‍ നിന്നു വന്നവരായിരുന്നു. കീഴാള തൊഴിലാളിവര്‍ഗ്ഗ മോചനത്തിനായി അവര്‍ കുടുംബ ബന്ധങ്ങളും തറവാടും ഉപേക്ഷിച്ചു. പിന്നാക്ക ദളിത് ജീവിതങ്ങളില്‍ ഒപ്പം ജീവിച്ച് എന്താണ് അടിത്തട്ട് ജീവിതമെന്ന് ജീവിച്ചറിഞ്ഞവരാണ് ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കള്‍. അവര്‍ ഒളിവില്‍ പാര്‍ത്തത് പലപ്പോഴും ദളിതരുടെ വീടുകളിലായിരുന്നു.
ഇതൊക്കെയാണ് ചരിത്രമെന്നിരിക്കിലും ഇവിടെ ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട്.
ഇന്ത്യ റിപ്പബ്ലിക്കായി എഴുപതില്‍പ്പരം വര്‍ഷമായിട്ടും നമ്മുടെ രാഷ്ട്രീയ ശരീരത്തിന്‍റെ ഭാഗമായി ദളിത് ആദിവാസി വിഭാഗം മാറിയിട്ടില്ല. ഇന്ത്യയുടെ മറ്റു വിഭാഗങ്ങളില്‍ നിന്നും കേരളം ചരിത്രപശ്ചാത്തലത്തില്‍ വ്യത്യസ്തപ്പെട്ടു നില്‍ക്കുന്നു എന്ന് നമുക്കറിയാം. കൊട്ടിഘോഷിക്കുന്ന നവോത്ഥാനവും കീഴാളരെ പൗരസമൂഹത്തില്‍ ഉള്‍ച്ചേര്‍ത്ത കമ്യൂണിസ്റ്റ് പാര്‍ട്ടികളുമൊക്കെയുണ്ടായിട്ടും ദളിത് ആദിവാസി സമൂഹം പ്രസ്ഥാന ശരീരത്തിന് പുറത്തായിപ്പോയതെന്ത്?
ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയോ കോണ്‍ഗ്രസ് പാര്‍ട്ടിയുടേയോ പ്രാദേശിക ഘടകങ്ങള്‍ മുതല്‍ സംസ്ഥാന ഘടകം വരെ എടുത്താല്‍ തീരുമാനമെടുക്കുന്ന ഘടകങ്ങളില്‍ ദളിതരും ആദിവാസികളും എത്രമാത്രം ഉണ്ട് എന്നാണ് പരിശോധിക്കപ്പെടേണ്ടത്.
സംവരണത്തിലൂടെ മാത്രമാണ് പട്ടികജാതി/പട്ടിക വര്‍ഗ്ഗം ഇന്ന് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്. അവശതയനുഭവിക്കുന്ന സ്വന്തം സമുദായത്തിന് വേണ്ടിയല്ല പാര്‍ട്ടിക്ക് വേണ്ടിയാണ് ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവര്‍ സംസാരിക്കേണ്ടി വരുന്നത്. കൂറ് പാര്‍ട്ടിയോടായിരിക്കണം.
രാഷ്ട്രീയപ്രസ്ഥാന ശരീരത്തില്‍ ഇന്ന് ഉള്‍പ്പെടാതെ നില്‍ക്കുന്നത് ദളിതരും ആദിവാസികളും സ്ത്രീകളുമാണ്. ഈ ഒരു പരിതഃസ്ഥിതിയില്‍ ദളിതരും ആദിവാസികളും സ്ത്രീകളും ഉള്‍പ്പെടാത്ത ഭീമാകാരവും ബലവത്തുമായ പൊതുരാഷ്ട്രീയ ശരീരത്തില്‍ നിന്നും കേള്‍ക്കുന്ന പുരോഗമന ശബ്ദമാണ് ‘മൂന്ന് വനിതകള്‍ മന്ത്രിമാരായല്ലോ, പട്ടികജാതിക്ക് പുറമേ ദേവസ്വവും കിട്ടിയല്ലോ’ തുടങ്ങിയവ. ആധുനികതയുടെ വക്താക്കള്‍ക്ക് ഇതെല്ലാം വലിയ വിപ്ലവമാണ്.
കഴിഞ്ഞ മൂന്നു ദശാബ്ദമായി ആദിവാസി ദളിത് സ്ത്രീ സാന്നിധ്യം ഈ ഭീമാകാരമായ പൊതു രാഷ്ട്രീയ ശരീരത്തിന് പുറത്താണ് ദൃശ്യപ്പെട്ടിട്ടുള്ളത്. ദളിതരും ആദിവാസികളും ഭൂമിയിലുള്ള അവകാശത്തിനുവേണ്ടിയും സ്ത്രീകള്‍ തങ്ങളുടെ ശരീരത്തിലുള്ള അധികാരത്തിനുവേണ്ടിയും മറ്റും നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ഈ ദൃശ്യത കൈവന്നത്. പക്ഷേ ഭീമാകാരമായ രാഷ്ട്രീയ ശരീരത്തിനു നേരേ ഒരു സമ്മര്‍ദ്ദഗ്രൂപ്പ് ആകാന്‍ കൂടി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ കേരളപര്യടനത്തില്‍ സാമുദായിക സാംസ്ക്കാരിക നേതാക്കളെ സന്ദര്‍ശിച്ചപ്പോള്‍ ദളിത് ആദിവാസി നേതാക്കളേയും സന്ദര്‍ശിക്കണമെന്ന് തോന്നാതെ പോയത്.
കേരളം അറുപത്തഞ്ച് വര്‍ഷം കൊണ്ട് നേടിയ വളര്‍ച്ച നമ്മുടെ കണ്‍മുന്നിലുണ്ട്. സാമൂഹ്യമായും സാമ്പത്തികമായുമുള്ള വികാസം ജനജീവിത നിലവാരത്തില്‍ പ്രതിഫലിക്കുന്നതാണ്. ആധുനിക ജീവിത സൗകര്യങ്ങള്‍ നമ്മുടെ ഗ്രാമങ്ങളില്‍ വരെ ചെന്നെത്തിയിട്ടുണ്ട്. ഗള്‍ഫ് കുടിയേറ്റം ഉള്‍പ്പടെ പല കാരണങ്ങളുണ്ട് കേരളത്തിന്‍റെ ഈ പുരോഗതിയ്ക്ക്. ദളിത് ആദിവാസി സമൂഹം പക്ഷേ ഈ സാമൂഹ്യ സാമ്പത്തിക വികാസത്തിന് പുറത്താണ്. കോളനികളിലാണ് ബഹുഭൂരിപക്ഷവും. സമൂഹത്തിന്‍റെ പൊതു വളര്‍ച്ചയിലേക്ക് എത്താത്ത വിഭാഗമാണ് നവകേരള സൃഷ്ടിയില്‍ പുറത്തു നില്‍ക്കുന്നത്.
എന്നിട്ടും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിക്ക് ദേവസ്വം കൂടി കിട്ടുമ്പോള്‍ അത് വിപ്ലവം എന്ന് വിളിച്ചു പറയുന്നു. ദളിത് ആദിവാസി വിഭാഗത്തില്‍ നിന്ന് മറ്റൊരു മന്ത്രിയില്ല എന്നത് ഓര്‍ക്കണം.
എന്തുകൊണ്ടാണ് ദളിത് ആദിവാസി വിഭാഗത്തിന്‍റെ മന്ത്രിസഭാ പ്രാതിനിധ്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട് എന്ന് പറയുന്നത്? അവശതയനുഭവിക്കുന്ന സാമൂഹ്യ വിഭാഗങ്ങളാണ് അവര്‍. അതു തന്നെയാണ് കാരണം. സാമ്പത്തികം, സാമൂഹ്യം, വിദ്യാഭ്യാസപരം, സാംസ്ക്കാരികം ഇങ്ങനെ എല്ലാത്തരത്തിലുമുള്ള അവശത. സര്‍ക്കാര്‍ സര്‍വ്വീസ് ഉള്‍പ്പടെ അധികാരസ്ഥാപനങ്ങളിലിരുന്ന് അധികാരം കൈയാളുന്നവര്‍ വളരെ ചുരുക്കം. വോട്ട് ചെയ്യാനുള്ള അവകാശത്തിലും മുദ്രാവാക്യം വിളിക്കാനുള്ള അവകാശത്തിലും സംവരണ സ്ഥാനങ്ങളിലും തൃപ്തിപ്പെടേണ്ട രണ്ടാം പൗരന്മാരായാണ് മുഖ്യധാരാപാര്‍ട്ടികള്‍ ദളിത് ആദിവാസി സമൂഹത്തെ കാണുന്നത്.
കേരളത്തിന്‍റെ സാമ്പത്തിക സാമൂഹ്യ വളര്‍ച്ചയുടെ വാഹനത്തിനകത്താണ് മറ്റു പിന്നാക്ക വിഭാഗങ്ങള്‍. പൊതു സ്വകാര്യമേഖലകളിലെ കസേരകളില്‍ അവരുണ്ട്. ഇതര സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്കു പുറത്തും അവരുണ്ട്. അവര്‍ ഇന്ന് സംവരണത്തിനായി അവകാശം ഉന്നയിക്കാത്തവരായി മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുപ്പത് വര്‍ഷം മുന്‍പ് എസ് എന്‍ ഡി പിയും മുസ്ലീംലീഗുമൊക്കെ പിന്നാക്ക സംവരണത്തില്‍ തൊട്ടു കളിച്ചാല്‍ ശക്തമായ സമരങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ മുന്നാക്ക സംവരണം നടപ്പിലാക്കിയപ്പോള്‍ അവരുടെ പ്രതിഷേധശബ്ദം കേള്‍ക്കാനില്ല. കേള്‍പ്പിച്ചെങ്കില്‍ തന്നെ വളരെ ഒച്ച കുറച്ച്. ഇതില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത്? സംവരണം ആവശ്യമുള്ളത് ദളിതര്‍ക്കും ആദിവാസികള്‍ക്കും മാത്രമാണ്. അവരുടെ പ്രതിഷേധം അവഗണിച്ചാലും തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറാം.
ബ്രാഹ്മണ, നായര്‍, ഈഴവ, ക്രിസ്ത്യന്‍, പശ്ചാത്തലത്തില്‍ നിന്ന് വന്നവരാണ് കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി രൂപീകരിച്ചത്. അവരായിരുന്നു നേതാക്കള്‍. അവര്‍ കീഴാളരെ സംഘടിപ്പിച്ച് അവകാശബോധമുള്ള പൗര സമൂഹമാക്കിയാണ് പാര്‍ട്ടിയുടെ അടിത്തറ പാകിയത്. തെരെഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരത്തിലേറാന്‍ സാധിച്ചത് അതുകൊണ്ടാണ്. ഇപ്പോഴും തീരുമാനമെടുക്കുന്ന പാര്‍ട്ടിഘടകങ്ങളില്‍ ദളിതരും ആദിവാസികളുമില്ല. അതായത് ജാതിഘടനയില്‍പെട്ടുകിടക്കുന്ന തൊഴിലാളിവര്‍ഗ്ഗം കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലേക്ക് ഇനിയും വന്നില്ല. ഇന്ന് ദളിത് ആദിവാസി സമൂഹത്തില്‍ ബുദ്ധിജീവികളും വിദഗ്ദ്ധരും എഴുത്തുകാരുമുണ്ട്. അവരൊന്നും പൊതു രാഷ്ട്രീയ ശരീരത്തിലോ വിദഗ്ദ്ധ സമിതികളിലോ ഇല്ല.
മുന്നണിസംവിധാനം സൃഷ്ടിക്കുന്ന രാഷ്ട്രീയ ചേരികളാണ് കഴിഞ്ഞ അര ശതാബ്ദക്കാലമായി കേരളത്തില്‍ നിലവിലുള്ളത്.
എന്‍ സി പി, ജെ ഡി എസ്, എല്‍ ജെ ഡി, സി എം പി തുടങ്ങിയ മുന്നണിയിലെ പാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ച് എന്ത് രാഷ്ട്രീയ നിലപാടാണുള്ളത്? അവര്‍ എതെങ്കിലും പ്രത്യേക സമൂഹത്തെ പ്രതിനിധീകരിക്കുന്നുണ്ടോ? അതേ സമയം ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രി സഭയില്‍ വരുന്നത് അതതു സമുദായങ്ങളെ തൃപ്തിപ്പെടുത്താനുമാണ്.
ആ സമുദായങ്ങള്‍ അതില്‍ സന്തോഷിക്കുന്നുണ്ട്. വീണാ ജോര്‍ജ് എം എല്‍ എ ആകുന്നതും മന്ത്രിയാകുന്നതും അവര്‍ പ്രതിനിധാനം ചെയ്യുന്ന മത വിഭാഗത്തെ ചേര്‍ത്തു നിര്‍ത്താനുമാണ്. ഇതിലെ തെറ്റും ശരിയുമല്ല ഇവിടെ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നത്.ദളിത് സമൂഹത്തെ ഇങ്ങനെ ചേര്‍ത്തു നിര്‍ത്തണം എന്ന് തോന്നാത്തതെന്തുകൊണ്ട്? അതിലേക്ക് രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയാത്തത് എന്തുകൊണ്ട്? ദളിത് ആദിവാസി സംഘടനകള്‍ ഭൂമിയ്ക്കു വേണ്ടിയും മറ്റും നടത്തുന്ന സമരങ്ങളൊക്കെ ഇവിടെയുണ്ടായിട്ടും അവയെയൊക്കെ സമ്മര്‍ദ്ദഗ്രൂപ്പുകളായി ഇരു മുന്നണികള്‍ക്കും തോന്നാത്തതെന്ത്? സുകുമാരന്‍ നായര്‍ പറഞ്ഞു എന്നതു കൊണ്ട് നായരും വെള്ളാപ്പിള്ളി പറഞ്ഞു എന്നതു കൊണ്ട് ഈഴവരും വോട്ടുചെയ്യില്ല വര്‍ക്ക് കിട്ടുന്ന ദൃശ്യത ദളിത് ആദിവാസി സംഘടനകള്‍ക്ക് കിട്ടാത്തതെന്തുകൊണ്ട്?
ദളിത് ആദിവാസി സമൂഹത്തിന്‍റെ ശബ്ദം നിയമസഭയില്‍ കേള്‍ക്കുന്നതിന് ഇന്നത്തെ ഐക്യമുന്നണി സങ്കല്പം തന്നെ മാറണം. ശ്രീമൂലം പ്രജാ സഭയില്‍ വിവിധ ദളിത് വിഭാഗങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ പറയാന്‍ പ്രതിനിധികള്‍ ഉണ്ടായിരുന്നു. അയ്യന്‍കാളി, പാമ്പാടി ജോണ്‍ ജോസഫ്, പൊയ്കയില്‍ അപ്പച്ചന്‍, കണ്ടന്‍ കുമാരന്‍ തുടങ്ങിയവരൊക്കെ സ്വന്തം സമുദായത്തിനു വേണ്ടി ഭരണകൂടത്തിനോടായി പ്രജാസഭയില്‍ സംസാരിച്ചവരാണ്. ഇന്ന് ഭരണകൂടത്തിന്‍റെ ഭാഗമാകാന്‍ കഴിയുന്ന ജനാധിപത്യ സംവിധാനം നിലനില്‍ക്കുമ്പോള്‍ ദളിത് ആദിവാസി സമൂഹം പുറത്താണ്.
മറ്റു സമുദായങ്ങളെല്ലാം രാഷ്ട്രീയ ശരീരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കേ ദളിത്/ആദിവാസികള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് നില്‍ക്കുന്നത്. ഗീതാനന്ദനേയോ പുന്നല ശ്രീകുമാറിനേയോ കൂടെ കൂട്ടുകയും നിയമസഭയിലും മന്ത്രിസഭയിലും ഉണ്ടാകുകയും അവര്‍ കൂടി ഉള്‍പ്പെട്ടതാണ് ഭരണകൂടം എന്നു വരികയും ചെയ്യുന്നത് ആലോചിച്ചു നോക്കൂ. സമൂഹത്തിലെ ഏറ്റവും ദുര്‍ബ്ബലരായ വിഭാഗത്തിന്‍റെ ആവശ്യങ്ങളും അവകാശങ്ങളും നടപ്പിലാക്കാന്‍ അവര്‍ തന്നെ അധികാരത്തിലുണ്ട് എന്ന നില വരും. ഇന്ന് ഇതൊരു ഭ്രാന്തന്‍ സ്വപ്നമാണ്.
ആദിവാസി ദളിത് സമൂഹത്തിന്‍റെ ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിക്കുക മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് സാധ്യമല്ല. അവ അംഗീകരിച്ചാല്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ട്. ഇന്ന് മുഖ്യധാരാ പ്രസ്ഥാനങ്ങള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും, (അതില്‍ അവര്‍ ഏതു ജാതിയില്‍ നിന്നു വന്നു എന്നതും പെടുന്നത് ചരിത്രപരമാണ്) വര്‍ഗ്ഗപരമായി മേലാളരാണ്. സ്വത്തും അധികാരവും ഉള്ള വിഭാഗമാണ്.
എന്തുകൊണ്ട് തങ്ങള്‍ പൊതു രാഷ്ട്രീയശരീരത്തിന് പുറത്തു നില്‍ക്കുന്നു എന്ന് ദളിത്/ആദിവാസി ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ആലോചിക്കേണ്ടതാണ്. ഐക്യപ്പെടലിന്‍റെ ആവശ്യം ഉറക്കെ ചിന്തിക്കേണ്ടതാണ്. തിരുവിതാംകൂറില്‍ നിവര്‍ത്തന പ്രക്ഷോഭത്തോടുകൂടി ഈഴവ ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങള്‍ സാമുദായിക നിറങ്ങള്‍ നില്‍ക്കെത്തന്നെ രാഷ്ട്രീയ ശരീരമായി മാറി. സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരണത്തോടെ സവര്‍ണ്ണ സമുദായങ്ങളും പൊതു രാഷ്ട്രീയശരീരത്തിന്‍റെ ഭാഗമായി.
കമ്യൂണിസ്റ്റുകള്‍ തൊഴിലാളികളെയും പാവപ്പെട്ടവരെയും സംഘടിപ്പിച്ചു എങ്കിലും സാമുദായികമായി എതിര്‍പക്ഷത്തിന്‍റെ രാഷ്ട്രീയ ശരീരം തന്നെയാണിന്നും. ദളിതരും ആദിവാസികളും ഇന്നും സംവരണസീറ്റിലും ഒരു മന്ത്രിസ്ഥാനത്തിലും ഒതുങ്ങുന്നു.
ജനാധിപത്യം അതിന്‍റെ ഗഹനതയിലും പരപ്പിലും വികസിക്കാതിരിക്കുക എന്നതാണ് ഇതുമൂലം സംഭവിക്കുന്നത്. എല്ലാപേരേയും ഉള്‍ക്കൊള്ളാതിരിക്കുമ്പോള്‍, അതും കീഴ്ത്തട്ട് ജനതയെ പുറത്ത് നിര്‍ത്തുമ്പോള്‍ വിശാലമായ ജനാധിപത്യമെന്ന് എങ്ങനെ പറയാന്‍ കഴിയും?