ആരുടെ വികസനമാണ് പട്ടേലിന്‍റെ ലക്ഷ്യം?
വികസനത്തെ സംബന്ധിച്ച ഭരണകൂട നടപടികളില്‍ ജനാധിപത്യ മൂല്യങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ രാജ്യത്തെവിടെയും പരിഗണനാ വിധേയമാകുന്നുള്ളു എന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തിക ചരിത്രം വെളിപ്പെടുത്തുന്നുണ്ട്. “ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം വികസിതമാകുന്ന പ്രക്രിയയായിരിക്കണം വികസനം” എന്ന് പ്രൊഫ. അമര്‍ത്യാസെന്‍ ‘ഡവലപ്മെന്‍റ് ആന്‍ഡ് ഫ്രീഡം’ എന്ന പുസ്തകത്തില്‍ വികസനത്തെ നിര്‍വ്വചിക്കുന്നുണ്ട്.
വികസനമെന്നത് മനുഷ്യന്‍റെ തെരഞ്ഞെടുക്കാനുള്ള സാധ്യതകളെ വിശാലമാക്കുന്നതും ജനാധിപത്യത്തെ വികസിതമാക്കുന്നതും ആയിരിക്കണം. ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ഒരു പദ്ധതിയെയും വികസനം എന്ന് വിശേഷിപ്പിക്കാന്‍ സാധ്യമല്ല. ജനങ്ങളുടെ പ്രാതിനിധ്യം, തെരഞ്ഞെടുപ്പിനുള്ള സാധ്യതകളെ വിശാലമാക്കല്‍ ,ജനങ്ങളുടെ നിലനില്‍ക്കുന്ന അവകാശങ്ങളെ ഹനിക്കാതിരിക്കല്‍, തലമുറകള്‍ക്കിടയിലെ സമത നിലനിര്‍ത്തല്‍, സമഗ്രമായ സാമൂഹിക നേട്ടങ്ങള്‍ എന്നിവയായിരിക്കണം വികസനത്തെ സംബന്ധിച്ച ആസൂത്രണങ്ങളില്‍ പാലിക്കേണ്ട പ്രാഥമിക മാനദണ്ഡങ്ങള്‍.
പ്രകൃതി വിഭവങ്ങളും, പാരിസ്ഥിതിക സവിശേഷതകളും നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് പുറംതള്ളപ്പെട്ട ലക്ഷക്കണക്കായ തദ്ദേശീയ ജനവിഭാഗങ്ങളുടെ ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത് മേല്‍ സൂചിപ്പിച്ച വിധമുള്ള വികസനങ്ങളല്ല നാളിതുവരെ നടപ്പിലാക്കപ്പെട്ടത് എന്ന യാഥാര്‍ഥ്യമാണ്. ഭരണകൂടങ്ങളുടെ തെറ്റായ വികസന നയങ്ങള്‍ക്കെതിരെ ശക്തവും വ്യാപകവുമായ സമരങ്ങളും പ്രതിഷേധങ്ങളും ഇന്ത്യയില്‍ നടന്നിട്ടുണ്ട്. സാമൂഹിക നീതിയിലധിഷ്ഠിതമായ വികസനം ഉറപ്പു വരുത്താനുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ നിരന്തരം അവഗണിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അത്തരം വാര്‍ത്തകളുടെ കൂട്ടത്തിലേക്കു ഈയടുത്തു ഇടം പിടിച്ച ഭൂപ്രദേശമാണ് ലക്ഷദ്വീപും അവിടുത്തെ ജനസമൂഹവും. ഭൂമിശാസ്ത്രപരമായ സവിശേഷത കൊണ്ട് തന്നെ കേന്ദ്ര ഭരണ പ്രദേശമായി നിലനില്‍ക്കുന്ന ഇവിടുത്തെ ജനസമൂഹം, ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മുസ്ലിം ന്യൂനപക്ഷമാണ്.

ചെറുതും വലുതുമായ 36 ദ്വീപുകള്‍ അടങ്ങുന്ന ദ്വീപ സമൂഹമാണ് ലക്ഷദ്വീപുകള്‍. പത്തു ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. പാരിസ്ഥിതികമായും സാംസ്കാരികമായും ഒട്ടേറെ സവിശേഷതകള്‍ നിലനില്‍ക്കുന്ന ഭൂപ്രദേശങ്ങളാണ് ദ്വീപുകള്‍. ഭൂപരിധി പ്രകാരം ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം കൂടിയാണിത്. കേരളം രൂപം കൊള്ളുന്നതിനു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് തന്നെ ഇന്ത്യയുടെ തെക്കു പടിഞ്ഞാറു ഭാഗത്തായി അറബിക്കടലില്‍ കാണപ്പെട്ടിരുന്ന ദ്വീപ സമൂഹങ്ങളാണ് ലക്ഷദ്വീപുകള്‍. ലക്ഷദ്വീപുകളുടെ ഭൗമ ശാസ്ത്രപരമായ രൂപീകരണത്തെ സംബന്ധിച്ചു നിരവധി അഭിപ്രായങ്ങളും അനുമാനങ്ങളും നിലനില്‍ക്കുന്നുണ്ട്. പൂര്‍ണ്ണമായും പവിഴപ്പാറകളും അവയില്‍ നിന്നുണ്ടായ മണ്ണും കൊണ്ട് സമുദ്ര നിരപ്പില്‍ നിന്ന് 3.4 മീറ്റര്‍ മാത്രം ഉയരത്തില്‍ രൂപം കൊണ്ട സമുദ്രഭാഗങ്ങള്‍ ആണ് ഈ പവിഴദ്വീപുകള്‍ എന്നത് കൊണ്ട് തന്നെ അവ പാരിസ്ഥിതികമായ ഏറെ ദുര്‍ബലമായ ഭൂവിഭാഗമാണ്.
അത്ഭുതപ്പെടുത്തുന്ന സമുദ്ര ജൈവ വൈവിധ്യവും,അത്രയൊന്നും മലിനമാക്കപ്പെടാത്ത കടല്‍ത്തീരവും അന്തരീക്ഷവും ആണ് ലക്ഷദ്വീപിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. ഇതില്‍ തന്നെയാണ് കോര്‍പറേറ്റുകളുടെയും ബിസിനസ്സ് കണ്ണുകള്‍ പതിഞ്ഞത്.
രാജ്യത്തിന്‍റെ മറ്റുസംസ്ഥാനങ്ങളില്‍ എന്ന പോലെ തന്നെ വികസനത്തിന്‍റെ പേരില്‍ ലക്ഷദ്വീപിന്‍റെ മണ്ണും കോര്‍പറേറ്റുകള്‍ക്കു തീറെഴുതി കൊടുക്കാന്‍ വേണ്ട നിയമ നിര്‍മ്മാണങ്ങള്‍ ആണ് ഇപ്പോള്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
തദ്ദേശീയ ജനങ്ങളെ അവരുടെ ഉപജീവന മാര്‍ഗങ്ങളില്‍ നിന്നും,മണ്ണില്‍ നിന്നും അന്യവല്‍ക്കരിച്ചു കൊണ്ട്
കോര്‍പറേറ്റുകള്‍ക്കു ഒത്താശ ചെയ്തു കൊടുക്കാന്‍ അനുയോജ്യനായ ഒരു ഭരണാധികാരിയെ തന്നെ ലക്ഷദ്വീപില്‍ നിയമിച്ചു കൊണ്ടാണ് മോദി സര്‍ക്കാര്‍ തന്‍റെ ജനാധിപത്യ വിരുദ്ധതയുടെ, ഭരണ ഘടനാ ലംഘനത്തിന്‍റെ പുതിയ അധ്യായം തുറന്നിരിക്കുന്നത്. അങ്ങിനെയാണ് മോദിയുടെ പ്രിയപ്പെട്ട രാഷ്ട്രീയ ശിഷ്യനും ദാമന്‍ ഡിയുവിന്‍റെയും ദാദ്ര നാഗര്‍ ഹവേലിയുടെയും നിലവിലെ അഡ്മിനിസ്ട്രേറ്ററും ആയ പ്രഫുല്‍ ഖോഡാ പട്ടേല്‍ ദ്വീപിന്‍റെ അധിക ചുമതലയേല്‍ക്കുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍മാരായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍മാരെ മാത്രം നിയോഗിച്ചിരുന്ന പതിവിനു വിപരീതമായാണ് ഈ നിയമനം നടന്നത് എന്നത് തന്നെ മോദി, പട്ടേലിന്‍റെ കാര്യത്തില്‍ അത്രമാത്രം സംപ്രീതനായിരുന്നു എന്നതിന്‍റെ തെളിവാണ്. അധികാര ദുര്‍വിനിയോഗം കൊണ്ടും ജനഹിതത്തെ മാനിക്കാതെയുമുള്ള ഭരണ നടപടികള്‍ കൊണ്ടും മുന്‍പേ കുപ്രസിദ്ധനാണ് പ്രഫുല്‍ ഖോഡാ പട്ടേല്‍. ദാമന്‍ ഡിയുവിലും ബീച്ചുകളുടെ വികസനം എന്ന പേരില്‍ കടല്‍ തീരത്തു നിന്ന് അവിടുത്തെ പരമ്പരാഗത മുസ്ലിം മല്‍സ്യ തൊഴിലാളികളുടെ വീടും,ഷെഡ്ഡുകളും പൊളിച്ചു മാറ്റി അവരെ തെരുവുകളിലേക്കും നഗര പ്രാന്തങ്ങളിലേക്കും പുറം തള്ളിയത് ഈ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നു.
ഉപദേശീയതകളെയും, സാംസ്കാരിക ബഹുസ്വരതകളെയും കടന്നാക്രമിക്കുന്ന സംഘപരിവാറിന്‍റെ രാഷ്ട്രീയ അജണ്ടകള്‍ തന്നെയാണ് ലക്ഷദ്വീപിലും നടപ്പിലാക്കാന്‍ പോകുന്നതെന്ന് പ്രഫുല്‍ പട്ടേല്‍ കൊണ്ട് വന്ന ഭരണ പരിഷ്ക്കാരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
പട്ടേലിന്‍റെ ഭരണ പരിഷ്ക്കാരങ്ങള്‍
2020 ഡിസംബറില്‍ ചുമതലയേറ്റതിന്‍റെ തൊട്ടു പിന്നാലെ തന്നെ ദ്വീപില്‍ നിലനില്‍ക്കുന്ന എല്ലാ വ്യവസ്ഥകളും പൊളിച്ചു പണിയാനുള്ള ഉദ്യമങ്ങള്‍ പട്ടേല്‍ തുടങ്ങി. ഒന്നിന് പുറകെ ഒന്നായി ഉത്തരവുകള്‍ പുറത്തിറങ്ങി. ദീര്‍ഘകാലത്തേക്കുള്ള ‘വികസന പദ്ധതികള്‍’ മുന്നില്‍ കണ്ടുകൊണ്ടുള്ള നയ രൂപീകരണത്തിലാണ് പട്ടേല്‍ ഊന്നല്‍ നല്‍കിയത്. ദ്വീപുകാരുടെ നന്മക്കാണെന്ന പ്രതീതി സൃഷ്ടിച്ചു കൊണ്ട് കോര്‍പറേറ്റുകള്‍ക്കു ദ്വീപില്‍ ആധിപത്യം സ്ഥാപിക്കാനുള്ള പദ്ധതികള്‍ ഒന്നൊന്നായി ആസൂത്രണം ചെയ്യപ്പെട്ടു. ബീഫ് നിരോധനം,ഗുണ്ടാ ആക്ട്, മദ്യശാലകള്‍ തുറക്കാനുള്ള അനുമതി എന്നിവയെല്ലാം ‘സമഗ്ര വികസന സാധ്യതകളായി’ അവതരിപ്പിക്കപ്പെട്ടു. വിവര വിനിമയ സംവിധാനങ്ങള്‍ക്കു വളരെ പരിമിതികള്‍ ഉള്ള ദ്വീപുകളില്‍ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുവാന്‍ കുറഞ്ഞ സമയം മാത്രം നല്‍കി ഉത്തരവുകളും സര്‍ക്കുലറുകളും പുറത്തു വന്നു. ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിച്ചു കൊണ്ടും സാംസ്കാരിക തനിമകളെ അവഗണിച്ചും ഉപജീവനോപാധികള്‍ തകര്‍ത്തെറിഞ്ഞും ഭക്ഷണം തുടങ്ങി ആരോഗ്യ പരിപാലന സൗകര്യങ്ങള്‍,സഞ്ചാര സ്വാതന്ത്ര്യം,അഭിപ്രായ സ്വാതന്ത്ര്യം എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് പ്രഫുല്‍ പട്ടേല്‍ തന്‍റെ നയ രൂപീകരണ പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സാമൂഹിക പുരോഗതിയുടെ കാര്യത്തില്‍ ദ്വീപുകള്‍ ഏറെ പുറകിലെന്നും, ദ്വീപു നിവാസികളുടെ സാമൂഹിക പുരോഗതിയാണ് തന്‍റെ ലക്ഷ്യമെന്നും പ്രഫുല്‍ പട്ടേല്‍ ആവര്‍ത്തിക്കുന്നുണ്ട്.

സാമൂഹിക അസമത്വങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞ പ്രദേശമാണ് ലക്ഷദ്വീപ് എന്ന് അവിടെ നിന്നുള്ള വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമായ തെളിവുകള്‍ നല്‍കുന്നുണ്ട്. എഴുപതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ലക്ഷദ്വീപില്‍ ആരോഗ്യ പരിരക്ഷ സംവിധാനങ്ങളിലും,വിദ്യാഭ്യാസ മേഖല,തൊഴില്‍ ഉല്പാദന രംഗം എന്നിവയിലെല്ലാം പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്. അടിസ്ഥാനപരമായി ജനങ്ങളുടെ വികസനം ലക്ഷ്യം വെയ്ക്കുന്ന പദ്ധതികളില്‍ പ്രാഥമിക പരിഗണന നല്‍കേണ്ട വിഷയങ്ങള്‍ ഇതെല്ലാമായിരിക്കെ, മേല്‍സൂചിപ്പിച്ച സൗകര്യങ്ങളില്‍ പലതും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ആണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. മതിയായ മാനുഷിക വിഭവങ്ങള്‍ ഇല്ലെന്നു പറഞ്ഞു കൊണ്ട് സ്കൂളുകള്‍ അടച്ചു പൂട്ടിയും, വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും കരാര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തദ്ദേശീയരായ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിട്ടും, ചികിത്സാ സൗകര്യങ്ങളില്‍ നിയന്ത്രണം കൊണ്ട് വന്നും ദ്വീപു വാസികളെ കൂടുതല്‍ അരക്ഷിതരാക്കി കൊണ്ടിരിക്കുകയാണ് പ്രഫുല്‍ പട്ടേല്‍. നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക വഴി ദ്വീപുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയും ആറായിരത്തിലധികം പോസിറ്റീവ് കേസുകളും, ഇരുപതിലധികം മരണങ്ങളുമുണ്ടാവുകയും ചെയ്തു. ഭാവിയിലെ പ്രതിഷേധങ്ങളെ മുന്‍കൂട്ടി കണ്ടിട്ടാവണം അത്തരം നീക്കങ്ങളെ തടയിടുന്നതിനു വേണ്ടി ശിക്ഷാ വ്യവസ്ഥകള്‍ കര്‍ശനമാക്കി കൊണ്ടുള്ള Lakshadweep Prevention of Anti-Social Activities Regulation 2021 ന്‍റെ കരട് 2021 ജനുവരി അവസാന വാരത്തില്‍ തന്നെ പട്ടേല്‍ പുറത്തിറക്കിയത്. ഈ കുറഞ്ഞ കാലയളവില്‍ തന്നെ ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം വ്യാപകമായി അറസ്റ്റു ചെയ്തു ദ്വീപില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്.
ജനായത്ത പ്രക്രിയകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പ്രാദേശിക വികസനത്തില്‍ ഇടപെടാനുള്ള അവകാശങ്ങള്‍ ഓരോന്നായി ഇല്ലാതാക്കി കൊണ്ട് ദ്വീപുകാരല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ ദ്വീപുവാസികള്‍ക്ക് മേല്‍ അധികാര പ്രയോഗങ്ങള്‍ നടത്തുകയാണ്. ഒപ്പം ദ്വീപുവാസികളെ ഭീകരരായി ചിത്രീകരിച്ചു കൊണ്ട് തങ്ങളുടെ ചെയ്തികള്‍ക്ക് ന്യായീകരണം നല്‍കാനുമുള്ള ശ്രമങ്ങളും നടത്തി വരുന്നുണ്ട്.

പ്രഫുല്‍ പട്ടേല്‍ കൊണ്ട് വന്ന നഗര വികസന ആസൂത്രണ റെഗുലേഷന്‍ 2021 ആണ് ദ്വീപുകാരെ ഏറ്റവും പ്രതികൂലമായി ബാധിക്കാന്‍ പോകുന്ന ഒരു നടപടി. വികസനാവശ്യങ്ങള്‍ക്കായി സര്‍ക്കാരിന് ഏതു സ്വകാര്യ ഭൂമിയും ഏറ്റെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നതോടൊപ്പം തന്നെ, ദ്വീപിലെ മൊത്തം ഭൂമിയെ നാലായി തരം തിരിക്കുകയും ചെയ്തിരിക്കുന്നു. താമസ സ്ഥലത്തിന്‍റെ പരിധിയില്‍ പെടാത്ത സ്ഥലത്തു വീട് നിര്‍മ്മാണം ഈ നിയമം മൂലം തടയപ്പെടും. നിശ്ചയിക്കപ്പെട്ട മേഖലയിലുള്ള ഭൂമി ആ ആവശ്യത്തിനല്ലാതെ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി വാങ്ങാമെങ്കിലും,മൂന്നു വര്‍ഷം വരെ മാത്രമേ അതിനു സാധുതയുള്ളൂ. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പ്രസ്തുത ആവശ്യത്തിന് ഭൂമി തുടര്‍ന്ന് ഉപയോഗിക്കുകയാണെങ്കില്‍ രണ്ടു ലക്ഷം രൂപ വരെ പിഴയും, കാല താമസം നേരിടുന്ന ഓരോ ദിവസത്തിനും ഇരുപതിനായിരം രൂപ വരെ പിഴയും നല്‍കേണ്ടി വരും . താമസ സ്ഥലം അല്ലാത്ത ഭൂമിയാണ് കൈവശം ഉള്ളതെങ്കില്‍ അവിടെ വീട് വെക്കുന്നതിനും പിഴ അടക്കേണ്ട സാഹചര്യമാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ദ്വീപുവാസികള്‍ക്കു നേരിടേണ്ടി വരുക.
ഭൂമിയുടെ അധികാരം ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലേക്കു വരുന്നതോടെ സ്വന്തം ഭൂമിയില്‍ നിന്ന് പോലും അന്യവല്‍ക്കരിക്കപ്പെടുന്ന സാഹചര്യം സംജാതമാകും.
നിലവില്‍ ദ്വീപു നിവാസികള്‍ക്കല്ലാതെ ലക്ഷദ്വീപില്‍ പുറത്തു നിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങിക്കാന്‍ സാധിക്കില്ല. വികസനാവശ്യത്തിന്‍റെ പേര് പറഞ്ഞു ദ്വീപിനു പുറത്തുള്ള കോര്‍പറേറ്റുകള്‍ക്ക് വിലക്കുകളില്ലാതെ ലക്ഷദ്വീപിന്‍റെ മണ്ണില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഉദ്ദേശ്യമാണ് ഈ നിയമത്തിനു പുറകിലുള്ളതെന്നു വ്യക്തമാണ്. വിനോദ സഞ്ചാര പ്രാധാന്യമുള്ള ദ്വീപുകളിളെല്ലാം വന്‍കിട കോട്ടേജുകള്‍ പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നഗര വികസനത്തിന്‍റെ പേരില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും,ഖനന പ്രവര്‍ത്തനങ്ങളും റെയില്‍/റോഡ് നിര്‍മ്മാണവും തടസ്സങ്ങള്‍ ഏതുമില്ലാതെ ഭരണകൂടത്തിന് നടപ്പിലാക്കാന്‍ കഴിയും വിധമാണ് ഈ നിയമത്തിന്‍റെ വ്യവസ്ഥകള്‍ തയ്യാറാക്കിയിരിക്കുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി സമുദ്രോപരിതല ഊഷ്മാവിന്‍റെ വര്‍ദ്ധനവ്, അടിക്കടിയുള്ള ചുഴലിക്കാറ്റുകള്‍, പവിഴപ്പുറ്റുകളുടെ വ്യാപകമായ ബ്ലീച്ചിങ്, സമുദ്ര ജല പ്രവാഹത്തിന്‍റെ ദിശാ വ്യതിയാനങ്ങള്‍,തീര ശോഷണം,കടലേറ്റം തുടങ്ങിയുള്ള നിരവധി പാരിസ്ഥിതിക ഭീഷണികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രദേശമാണ് ദ്വീപുകള്‍. ഇവയൊന്നും കണക്കിലെടുക്കാതെയുള്ള വികസന പ്രക്രിയകള്‍ ദ്വീപുകളുടെ വാഹക ശേഷിയെ എളുപ്പം തകര്‍ക്കും എന്നത് തര്‍ക്ക രഹിതമായ സംഗതിയാണ്.
എന്തുകൊണ്ട് ലക്ഷദ്വീപ് ?

ലക്ഷദ്വീപുകളുടെ സ്ഥാനീയമായ സവിശേഷതകള്‍ കൊണ്ട് തന്നെ സാമുദ്രിക പ്രതിരോധ മേഖലയിലും, വ്യാപാരത്തിലും ദ്വീപുകള്‍ തന്ത്രപ്രധാനമായിരിക്കുന്നു. ദ്വീപുകളുടെ വികസനവുമായി ബന്ധപെട്ടുള്ള പദ്ധതികളില്‍ ആന്‍ഡമാന്‍ ദ്വീപുകളും ലക്ഷദ്വീപും കേന്ദ്ര സര്‍ക്കാറിന്‍റെ പ്രത്യേക ശ്രദ്ധ പതിഞ്ഞ പ്രദേശങ്ങളാണ്. ജനവാസമില്ലാത്ത ദ്വീപുകള്‍ പലതും ഇവിടങ്ങളില്‍ ഉണ്ട് എന്നതുകൊണ്ട് തന്നെ അതിന്‍റെ ഭാവി സാധ്യതകളിലാണ് കേന്ദ്ര ദ്വീപു വികസന ഏജന്‍സിയുടെ കണ്ണുകള്‍ ഉടക്കിയിരിക്കുന്നത്. ബ്ലൂ ഇക്കോണമി വികസിപ്പിക്കാനുള്ള കേന്ദ്ര പദ്ധതികളില്‍ ലക്ഷദ്വീപ് സുപ്രധാന പ്രദേശമായിരിക്കും. ഇനിയും അമിത ചൂഷണത്തിന് വിധേയമാകാത്ത മല്‍സ്യ സമ്പത്തുള്ള സമുദ്ര ഭാഗമാണ് ലക്ഷദ്വീപിനോട് ചേര്‍ന്ന അറബിക്കടലിന്‍റെ ഭാഗങ്ങള്‍. ആയതുകൊണ്ട് തന്നെയാണ് സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതികള്‍ക്കു ദ്വീപു വികസന ഏജന്‍സി പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. ഒപ്പം തെങ്ങുള്‍പ്പന്നങ്ങളുടെ കയറ്റുമതിയും പരിഗണനയില്‍ ഉണ്ട്. ധാതു സമ്പന്നവും, മറ്റു വിഭവങ്ങളാല്‍ സമൃദ്ധവുമായ വനമേഖലകളില്‍ നിന്ന് അവിടുത്തെ തദ്ദേശീയ ജനങ്ങളെ കുടിയിറക്കികൊണ്ട് കോര്‍പറേറ്റുകള്‍ക്കു ഭൂമി ദാനം ചെയ്യുന്നതില്‍ ചങ്ങാത്ത മുതലാളിത്ത ദാസ്യനായ മോദി മറ്റു ഭരണാധികാരികളേക്കാള്‍ ഒരുപടി മുന്നിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജലസേചന പദ്ധതികളുടെയും പ്രതിമ നിര്‍മ്മാണത്തിന്‍റെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും വന്യമൃഗ സംരക്ഷണ പദ്ധതികളുടെയും എല്ലാം പേര് പറഞ്ഞ് പതിനായിരക്കണക്കിന് തദ്ദേശീയരായ ജന സമൂഹങ്ങളുടെ ഭൂമി സര്‍ക്കാരുകളോ, സ്വകാര്യ കമ്പനികളോ തട്ടിയെടുത്തിട്ടുണ്ട്. ഭരണഘടനാ ലംഘനം തന്നെ നടത്തി കൊണ്ട് കാശ്മീരില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയതും ഇതേ വികസന തന്ത്രമായിരുന്നു. പ്രഫുല്‍ പട്ടേല്‍ മോദിയുടെ കയ്യിലെ ഒരു ഉപകരണം മാത്രമാണ്.
ന്യൂനപക്ഷ ജനതയെ ‘പൗരന്മാര്‍’ ആയി പോലും അംഗീകരിക്കരുതെന്ന വിചാര ധാരയെ പിന്‍പറ്റുന്ന പ്രഫുല്‍ പട്ടേലിന്‍റെ ചെയ്തികളില്‍ ആയതുകൊണ്ട് തന്നെ ദ്വീപു ജനതയുടെ ഗുണാത്മകമായ പുരോഗതിക്കുള്ള പദ്ധതികള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാനില്ല.
ദ്വീപുകളോട് ചേര്‍ന്ന് കിടക്കുന്ന വിശാലവും സുന്ദരവുമായ ലഗൂണുകളില്‍ (ബില്ലങ്ങള്‍) ലഗൂണ്‍ വില്ലകള്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ക്ക് കഴിഞ്ഞ വര്‍ഷം തന്നെ തുടക്കമായിട്ടുണ്ട്. മിനിക്കോയ്, കടമം, എന്നീ ജനവാസമുള്ള ദ്വീപിലും സുഹേലി എന്ന ജനവാസമില്ലാത്ത ദ്വീപിലും ആണ് നിലവില്‍ ലഗൂണ്‍ വില്ലകള്‍ കൊണ്ട് വരാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. കടല്‍ തീര കോട്ടേജുകള്‍ വികസിപ്പിക്കാന്‍ ദ്വീപിനു പുറത്തുള്ള ബിസിനസ്സ് മാഫിയകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാനാണ് പുതിയ ഭൂ നിയമം നടപ്പില്‍ വരുത്തുന്നത്. മൊത്തം ഭൂപരിധി കുറഞ്ഞ സ്ഥലമായതിനാലും, പല ദ്വീപുകളിലും ലഗൂണുകളുടെ വിസ്തൃതി ഏറിയും കുറഞ്ഞും ഇരിക്കുന്നതിനാലും മാലി ദ്വീപില്‍ നടപ്പിലാക്കിയ പോലുള്ള ലഗൂണ്‍ വില്ലകള്‍ ലക്ഷദ്വീപിന്‍റെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായിരിക്കില്ല. കൂടാതെ നിലവില്‍ തന്നെ വലിയ കാലാവസ്ഥാ മാറ്റങ്ങളുടെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ലഗൂണുകളിലെ പവിഴപ്പാറകള്‍ക്കും പവിഴ പുറ്റുകള്‍ക്കും മറ്റു ജൈവ വൈവിധ്യത്തിനും വലിയ ആഘാതമായിരിക്കും ഇത്തരം വികസനം ഉണ്ടാക്കുക. പാരിസ്ഥിതിക ഭീഷണികള്‍ ഉള്ളത് കൊണ്ട് തന്നെ നോണ്‍ ഡവലപ്മെന്‍റ് സോണില്‍ ആണ് ലഗൂണുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയ്ക്കു മക്കാവോ, ഇന്തോനേഷ്യക്കു ബാലി, തായ്ലന്‍ഡിനു ഫുക്കെറ്റ് എന്ന് പറയും പോലെ ഇന്ത്യയ്ക്ക് ലക്ഷദ്വീപ് എന്ന് പറയാന്‍ സാധിക്കാത്തതിന്‍റെ കാരണങ്ങള്‍ ഇവയൊക്കെയാണ്.

എന്ത് തന്നെയായാലും,മേല്‍സൂചിപ്പിച്ച വികസന പദ്ധതികളുടെ ആസൂത്രണങ്ങളില്‍ ഒന്നും ലക്ഷദ്വീപിലെ ജനങ്ങളുടെ താല്പര്യങ്ങളോ,അഭിപ്രായങ്ങളോ ആരായാതെയുള്ള നടപടികള്‍ ആണ് ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വികസനത്തിന്‍റെ ഗുണഭോക്താക്കള്‍ ആയി അധികം ദ്വീപുകാര്‍ കടന്നു വരാനുള്ള സാദ്ധ്യതകള്‍ കുറവാണു.
ദ്വീപുകളില്‍ നിന്ന് വരുമാനം പൂര്‍ണ്ണമായും,തന്‍റെ പരിചയത്തിലുള്ള കോര്‍പറേറ്റ് ശൃംഖലകളിലേക്കു കേന്ദ്രീകരിക്കാനുള്ള പദ്ധതികള്‍ ആണ് പട്ടേല്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത്.
എതിര്‍പ്പുകള്‍ ശക്തമാവുമ്പോഴും കൂടുതല്‍ ജനദ്രോഹ നടപടികളുമായി മുന്‍പോട്ടു പോവുക തന്നെയാണ് പ്രഫുല്‍ പട്ടേല്‍. പട്ടേലിന്‍റെ പ്രതികാര നടപ ടികള്‍ സിനിമാപ്രവര്‍ത്തക ഐഷാ സുല്‍ത്താനയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതുവരെ എത്തിനില്‍ക്കുന്നു. പട്ടേലിനെ തിരിച്ചു വിളിക്കാനും, പദ്ധതികളുടെ നടത്തിപ്പുകള്‍ നിര്‍ത്തി വെക്കാനും ഉള്ള ആവശ്യം ദ്വീപു വാസികളുടെ ഭാഗത്തു നിന്നും, ഇന്ത്യയിലെയും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലെയും ജനാധിപത്യ വിശ്വാസികളില്‍ നിന്നും ഉണ്ടാവുന്നുണ്ട്. വിഭജിച്ചും വഞ്ചിച്ചും വെറുപ്പും ഭീതിയും പടര്‍ത്തിയും മാത്രം പരിചയമുള്ള പ്രത്യയശാസ്ത്ര പിന്‍ഗാമികള്‍ക്കു ഈ പ്രതിഷേധങ്ങളെ കണക്കിലെടുക്കാതെ അധികനാള്‍ തുടര്‍ന്ന് പോവാന്‍ സാധിക്കില്ല എന്ന് തന്നെ പ്രതീക്ഷിക്കാം.