നവരസങ്ങളുടെ ചുടലപ്പറമ്പ്

എന്‍റെ മണം
വിയര്‍പ്പിന്‍റേതു തന്നെയാണ്.
അരുതേ,
ഇറക്കുമതിപ്പരിമളത്താല്‍
അതിനെ അപമാനിക്കരുതേ!
എന്‍റെ വഴി
ചേറും ചെളിയും
നിറഞ്ഞതുതന്നെയാണ്.
അരുതേ,
വാടകപ്പരവതാനി വിരിച്ച്
അതിനെ ശ്വാസം മുട്ടിക്കരുതേ.
എന്‍റെ മുഖം
ചന്ദ്രന്‍റേതും സൂര്യന്‍റേതുമല്ല.
അമ്മയുമച്ഛനുമെടുത്ത
കൊത്തുളിയും ചുറ്റികയും പതിഞ്ഞ്
കറുപ്പും വെളുപ്പും കലര്‍ന്നതാണ്.
അരുതേ,
പന്നിക്കുടലരച്ചു ചേര്‍ത്ത
കുഴമ്പു പുരട്ടി
ചുവപ്പോ പച്ചയോ കാവിയോ പൂശി
അതിനെ വേഷം കെട്ടിക്കരുതേ.
എന്‍റെ കണ്ണുകള്‍
നീലകടലൊ ശംഖുപുഷ്പമൊ
നിറച്ചതല്ല,
കരഞ്ഞു തളര്‍ന്ന വിശപ്പിന്‍റെ
കരിക്കാടി മന്ത്രം ഉരുവിട്ടു തളര്‍ന്ന
കൊടും വേനലിന്‍റെ താവളമാണ്.
അരുതേ,
വ്യാജക്കണ്ണടയണിയിച്ച്
എവിടെ നോക്കുന്നുവെന്നറിയാതെ,
നവരസങ്ങളുടെ
ചുടലപ്പറമ്പുപോലെ
അവയെ വഴിതെറ്റിക്കരുതേ.

എന്‍റെ പാദങ്ങള്‍
കുതിരക്കുളമ്പൊ
ഉടുമ്പുനഖമൊ അല്ല,
ഉഴുതുമറിച്ച വയലേലയും
പ്രളയമെടുത്ത മലയോരവും കടന്ന്
പിറന്ന നാടിന്‍റെ
പൊക്കിള്‍കൊടിയന്വേഷിക്കുന്ന
പഥികഞരമ്പിന്‍റെ
പ്രയാണ വേഗമാണ്.
അരുതേ,
മെതിയടിക്കൂട്ടില്‍ കയറ്റി
കഴുമരം കാണിച്ചു വിരട്ടി
നാല്ക്കാലിപ്പാമരന്‍റെ
രക്തകുടീരം കാണിച്ച്
അവയെ കൂട്ടികെട്ടി
ആട്ടിതെളിക്കരുതേ!