കേരളത്തിന്‍റെ പുതുക്കിയ ബജറ്റ്:തുടര്‍ഭരണത്തില്‍ ധനമാനേജ്മെന്‍റ് താളം തെറ്റുമോ?

സംസ്ഥാനത്തിന്‍റെ 2021-22ലെ ബജറ്റ് 2021 ജനുവരി പതിനഞ്ചിന് അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കുമ്പോള്‍ കേരളത്തിന്‍റെ രാഷ്ട്രീയ കാലാവസ്ഥ അത്ര വ്യക്തമായിരുന്നില്ല. ധനമന്ത്രി എന്ന നിലയില്‍ ഡോ.ഐസക്കിന്‍റ ധനകാര്യമാനേജ്മെന്‍റ് വൈദഗ്ധ്യം തിരിച്ചറിഞ്ഞ മലയാളികള്‍ ഇടത് മുന്നണി അധികാരത്തില്‍ തിരിച്ചു വന്നാല്‍ ഡോ.ഐസക് തന്നെ ധനകാര്യം കൈകാര്യം ചെയ്യുമെന്ന് ധരിച്ചു വശായി. എന്നാല്‍ കാര്യങ്ങളെല്ലാം വളരെ വേഗത്തിലാണ് മാറി മറിഞ്ഞത്. അന്തപ്പുരത്തിലെ ഉപജാപക വൃന്ദത്തിന് സാമ്പത്തിക മാനേജ്മെന്‍റിലെ വൈദഗ്ധ്യമോ മുന്‍കാല പരിചയമോ ഉള്ളവര്‍ തന്നെ ധനകാര്യം കൈകാര്യം ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. പരിചയ സമ്പന്നരായ മന്ത്രിമാരെല്ലാം കളം കാലിയാക്കി കാഴ്ചക്കാരായി നിന്നപ്പോള്‍ കേരളത്തിന് പുതിയ ധനമന്ത്രിയെ കിട്ടി.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റതിനെത്തുടര്‍ന്ന് 2021-22ലെ പുതുക്കിയ ബജറ്റ് 2021 ജൂണ്‍ നാലാം തീയതി അവതരിപ്പിക്കപ്പെട്ടു. കോവിഡ് മഹാമാരി മൂലം നിശ്ചലമായ സാമ്പത്തിക രംഗം ചലനാത്മകമാക്കുക എന്ന ഭാരിച്ച ചുമതലയാണ് പുതിയ ധനമന്ത്രിക്ക് കിട്ടിയത്. നിശ്ചലമായ സാമ്പത്തിക രംഗത്തെ നേര്‍വഴിക്കെത്തിക്കണമെങ്കില്‍ സര്‍ക്കാരിന്‍റെ ക്രിയാത്മകമായ ഇടപെടല്‍ പല മേഖലകളിലും അനിവാര്യമാണ്. ജനത്തിന്‍റെ നിലനില്‍പ്പ് ഉറപ്പാക്കുന്നതാവണം ഒന്നാമത്തെ ഇടപെടല്‍. സാമ്പത്തിക രംഗം പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ഇടപെടലാണ് രണ്ടാമത്തേത്. ജിഎസ്ടി നടപ്പിലാക്കിയതിലൂടെ സംസ്ഥാനത്തിന്‍റെ നികുതി സ്രോതസുകളെല്ലാം അടക്കപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ സാമ്പത്തികം കണ്ടെത്താനുള്ള ഇടപെടലാണ് മറ്റൊന്ന്. ഇത്തരത്തിലുള്ള ഇടപെടലിലൂടെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും സുസ്ഥിര വികസനത്തിനും ആക്കം കൂട്ടുന്നതാണോ പുതുക്കിയ ബജറ്റെന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്.

സാമ്പത്തിക അവലോകനം

2021-22ലെ ആദ്യ ബജറ്റിന് മുന്നോടിയായി അവതരിപ്പിച്ച സാമ്പത്തിക അവലോകനം പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോഴും പ്രസക്തമാണ്. നിലവിലെ സാമ്പത്തിക സ്ഥിതി സമഗ്രമായി വിശകലനം ചെയ്തു കൊണ്ടുള്ളതായിരുന്നു പ്ലാനിംഗ് ബോര്‍ഡിന്‍റെ 2020 ലെ സാമ്പത്തിക അവലോകനം. ലോക്ക് ഡൗണ്‍ മൂലം സമസ്ത മേഖലയിലുമുണ്ടായ പ്രതിസന്ധിയെക്കുറിച്ചും, ജോലിയും കൂലിയുമില്ലാതെ നിസഹായവരായ സ്ഥിരവരുമാനക്കാരല്ലാത്തവരെക്കുറിച്ചും, ജിഎസ്ടി നടപ്പിലാക്കി നികുതി വരുമാനത്തിന്‍റെ എല്ലാ സ്രോതസുകളും കൈപ്പിടിയിലാക്കിയ കേന്ദ്രസര്‍ക്കാര്‍ യഥാസമയം വേണ്ട സാമ്പത്തിക സഹായം നല്കാന്‍ തയ്യാറാകാത്തതിനെക്കുറിച്ചും സാമ്പത്തിക അവലോകനം വിലയിരുത്തിയിരുന്നു.

മുന്‍ ധനമന്ത്രി ഡോ തോമസ്‌ ഐസക്

സംസ്ഥാനത്തിന്‍റെ 2018-19ലെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 6.49 ശതമാനമായിരുന്നത് 2019-20ല്‍ 3.45 ശതമാനമായി ഇടിഞ്ഞതായി സാമ്പത്തിക അവലോകനം പറയുന്നു. മാത്രമല്ല, 2018-19ല്‍ 1,50,991.04 കോടിയായിരുന്ന ആഭ്യന്തര കടം 2019-20ല്‍ 1,65,960.04 കോടിയായി വര്‍ദ്ധിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ കാലയളവില്‍ ആഭ്യന്തര കടത്തില്‍ 9.91 ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായി. സംസ്ഥാനത്തിന്‍റെ മൂല്യവര്‍ദ്ധന വളര്‍ച്ചാനിരക്ക് 2018-19ല്‍ 6.2 ശതമായിരുന്നത് 2019-20ല്‍, 2.58 ശതമാനമായി കുറഞ്ഞു. ഇങ്ങനെ സംസ്ഥാനം വളരെ സങ്കീര്‍ണമായ സാമ്പത്തിക സ്ഥിതിയിലൂടെയാണ് കടന്നു പോകുന്നതെന്ന് സാമ്പത്തിക അവലോകനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമായിട്ടുണ്ടെന്നല്ലാതെ മെച്ചപ്പെട്ടിട്ടില്ല.

ബജറ്റ് പൊതു അവലോകനം

ജനുവരിയില്‍ അവതരിപ്പിച്ച 2021-22ലെ ബജറ്റില്‍ സാരമായ മാറ്റം വരുത്താതെയാണ് പുതുക്കിയ ബജറ്റ് അവതരിപ്പിച്ചത്. ജനുവരിയില്‍ അവതരിപ്പിച്ച 2021-22ലെ ബജറ്റില്‍ 128375.88 കോടി റവന്യൂ വരവും, 159427.24 കോടി ആകെ ചെലവും 16910.21 കോടി റവന്യൂ കമ്മിയുമാണ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍ 2021-22ലെ പുതുക്കിയ ബജറ്റില്‍ 130981.06 (130981.05 ആണ് കൂട്ടിയാല്‍ കിട്ടുക) കോടി റവന്യൂ വരവും, 162032.39 കോടി ആകെ ചെലവും 16910.21 കോടി റവന്യൂ കമ്മിയുമാണ് പ്രതീക്ഷിക്കുന്നതെന്ന് പട്ടിക1ല്‍ നിന്നും വ്യക്തമാണ്. പുതുക്കിയ ബജറ്റ് മറ്റു ബജറ്റുകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നറിയാന്‍ 2019-20 മുതല്‍ 2021-22 വരെയുള്ള ബജറ്റുകളിലെ റവന്യു വരവ്, ചിലവ്, കമ്മി, ആകെ ചിലവ് എന്നീ വിവരം പട്ടിക1ല്‍ കൊടുത്തിരിക്കുന്നത് പരിശോധിക്കാം.

പട്ടിക 1. ബജറ്റ് ഒറ്റ നോട്ടത്തില്‍. ഇനം വരവ് -ചില കണക്ക് (കോടി രൂപയില്‍)

2019-20
(A)
2020-21
(BE)
2020-21
(RE)
2021-22
(BE)
2021-22
(RBE)
റവന്യൂ വരവ്90224.67114635.9093115.11128375.88130981.06
മൂലധന വരവ്24160.2729629.4035267.5131051.3631051.35
ആകെ വരവ്114384.94144265.30128382.62159427.24162032.40
ആകെ ചെലവ്114384.94144265.30128382.63159427.21162032.39
റവന്യൂ കമ്മി-14495.25-15201.47-24206.44-16910.12-16910.12
റവന്യൂ കമ്മി (% of GSDP)– 1.70 – 1.55 – 2.94 – 1.93– 1.93
ധനക്കമ്മി (% of GSDP)– 2.79 – 3 – 4.25 – 3.50 – 3.50

കുറിപ്പ്: A – യഥാര്‍ത്ഥ കണക്ക്, BE – ബഡ്ജറ്റ് എസ്റ്റിമേറ്റ്, RE – റിവൈസ്ഡ് എസ്റ്റിമേറ്റ്, RBE – പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ്

അവലംബം: 1. പുതുക്കിയ ബജറ്റ് ഒറ്റനോട്ടത്തില്‍, 2021-22, പട്ടിക1
2. ബജറ്റ് ഒറ്റനോട്ടത്തില്‍ 2021-22 പട്ടിക A1

പട്ടിക1 പ്രകാരം 2019-20ല്‍ സംസ്ഥാനത്തിന്‍റെ ആകെ യഥാര്‍ത്ഥ റവന്യൂ വരവ് 90224.67 കോടി രൂപയായിരുന്നവെങ്കിലും 2020-21ലെ ബജറ്റ് എസ്റ്റിമേറ്റില്‍ 114635.90 കോടിയുടെ റവന്യൂ വരവാണ് ലക്ഷ്യമിട്ടിരുന്നത്. പക്ഷെ 2020-21 റിവൈസ്ഡ് എസ്റ്റിമേറ്റില്‍ റവന്യൂ വരവ് മുന്‍ എസ്റ്റിമേറ്റില്‍ നിന്നും 21520.79 കോടി കുറച്ച് 93115.11 കോടിയാക്കി. എന്നാല്‍ 2021-22ലെ ബജറ്റ് എസ്റ്റിമേറ്റില്‍ പ്രതീക്ഷിച്ചിരുന്ന റവന്യൂ വരവ് മുന്‍ വര്‍ഷത്തെ റിവൈസ്ഡ് എസ്റ്റിമേറ്റില്‍ നിന്നും 35260.77 കോടി അധികരിച്ച 128375.88 കോടി രൂപയായിരുന്നു. വസ്തുത ഇതായിരിക്കെ, 2021-22ലെ പുതുക്കിയ ബജറ്റില്‍ വീണ്ടും 2605.18 കോടി അധികരിച്ച 130981.06 കോടി രൂപ റവന്യൂ വരവ് ലക്ഷ്യം വയ്ക്കുന്നത് കേവലം സാങ്കല്‍പ്പീകം മാത്രമായിരിക്കും. ജനുവരിയില്‍ മുന്‍ ധനമന്ത്രി അവതരിപ്പിച്ച 2021-22ലെ ബജറ്റ് എസ്റ്റിമേറ്റിലെ റവന്യൂ വരവില്‍ വരുത്തിയ ഈ 2605.18 കോടിയുടെ വര്‍ദ്ധനയും ആകെ ചെലവില്‍ 2605.16 കോടിയുടെ വര്‍ദ്ധനയും മാത്രമാണ് പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ കാണുന്ന വ്യത്യാസം. പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ ലക്ഷ്യമിടുന്ന റവന്യൂ വരവ് ലക്ഷ്യം കാണുമോ എന്നറിയണമെങ്കില്‍ അത് എങ്ങനെ സമാഹരിക്കുന്നുവെന്നുകൂടി അറിയേണ്ടതുണ്ട്. ഇതിന്‍റെ വിശദാംശം പട്ടിക 2 കൊടുത്തിരിക്കുന്നത് കാണാം.

പട്ടിക 2. റവന്യൂ വരുന്ന വഴി. ഇനം വരവ് -ചിലവ് കണക്ക് (കോടി രൂപയില്‍)

2019-20
(A)
2020-21
( BE)
2020-21
(RE)
2021-22
(BE)
2021-22
(RBE)
ആകെ റവന്യൂ വരവ്90224.67114635.9093115.11128375.88130981.06
സംസ്ഥാന നികുതി വരവ് 50323.1467420.0145272.1573120.671833.28
സംസ്ഥാന നികുതിയിതര വരവ് 12265.2214587.009121.2714835.7914335.79
കേന്ദ്ര: നികുതി വീതം 16401.0520934.809844.1016760.3012812.08
കേന്ദ്ര: ഗ്രാന്‍റ് 11235.2611694.0928877.5923659.1631999.91

അവലംബം: പട്ടിക ഒന്നിലേത്

സംസ്ഥാനത്തിന്‍റ നികുതി വരവ്, നികുതി ഇതര വരവ്, കേന്ദ്ര: നികുതി വീതം, കേന്ദ്ര: ഗ്രാന്‍റ് എന്നീ ഇനങ്ങളിലൂടെ സംസ്ഥാനം പ്രതീക്ഷിക്കുന്ന റെവന്യൂ വരവാണ് പട്ടികയില്‍ നല്‍കിയിരിക്കുന്നത്. 2021-22ലെ ബജറ്റ് എസ്റ്റിമേറ്റില്‍ പ്രതീക്ഷിച്ചിരുന്ന സംസ്ഥാന നികുതി വരവ് 73120.6 കോടി സംസ്ഥാന നികുതിയിതര വരവ് 14835.79 കോടി കേന്ദ്ര: നികുതി വീതം16760.30 കോടി കേന്ദ്ര: ഗ്രാന്‍റ് 23659.16 കോടി എന്നിങ്ങനെയായിരുന്നെങ്കില്‍ 2021-22ലെ പുതുക്കിയ ബജറ്റില്‍ നികുതി വരവ് 71833.28 കോടിയും (1287.32, കോടി കുറച്ച്) നികുതിയിതര വരവ് 14335.79 കോടിയും (500 കോടി കുറച്ച്) കേന്ദ്ര: നികുതി വീതം 12812.08 (3948.22 കോടി കുറച്ച്) കോടിയുമാണെങ്കില്‍ കേന്ദ്ര: ഗ്രാന്‍റ് 31999.91 (8340.75 കോടി അധികരിച്ച്) കോടിയുമാണ്. 2019-20 കിട്ടിയ ഗ്രാന്‍റുമായി ബന്ധപ്പെടുത്തി കണക്കാക്കിയാലും ഇത് വലിയ വര്‍ധനയാണെന്ന് വ്യക്തമാണ്. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന ഗ്രാന്‍റില്‍ ഇത്രയും വര്‍ദ്ധനവ് പ്രതീക്ഷിക്കുന്ന കാര്യം വ്യക്തമല്ല. സംസ്ഥാനത്തു നിന്നും കൂടുതല്‍ നികുതി/നികുതി ഇതര വരുമാനം കണ്ടെത്താന്‍ കാര്യമായ ശ്രമം നടന്നതായി തോന്നുന്നില്ല.

വികസന/ക്ഷേമ പദ്ധതികള്‍

പുതുക്കിയ ബജറ്റ് പ്രസംഗത്തില്‍ പല വികസന ക്ഷേമ പദ്ധതികളെക്കുറിച്ചും ധനമന്ത്രി പറയുന്നുണ്ട്. സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതി, ആരോഗ്യ അടിയന്തരാവസ്ഥ മറികടക്കാനുള്ള പദ്ധതി, ഉത്തേജക പാക്കേജുകള്‍, ഉപജീവന പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാനുള്ള പദ്ധതി എന്നിവയാണ് അതില്‍ പ്രധാനം. ഇതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുന്‍പ് വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലാളി ക്ഷേമം, സാമൂഹ്യ ക്ഷേമം, കൃഷി അനുബന്ധ മേഖല, ഗ്രാമ വികസനം, വ്യവസായ വികസനം എന്നീ പ്രധാനപ്പെട്ട മേഖലകള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ വക കൊള്ളിച്ചിരുന്ന തുകയില്‍ എന്ത് മാറ്റമാണ് പുതുക്കിയതില്‍ വരുത്തിയിരിക്കുന്നതെന്ന് പട്ടിക3ല്‍ കാണാം.

പട്ടിക 3 റവന്യൂ ചെലവ് വിവരം. ഇനം വരവ് -ചില കണക്ക് (കോടി രൂപയില്‍)

2019-20
(A)
2020-21
(BE)
2020-21
(RE)
2021-22
(BE)
2021-22
(RBE)
വിദ്യാഭ്യാസം, കായികം, കല, സംസ്കാരം18459.63 20495.50 16197.87 23350.91 23350.91
ആരോഗ്യവും കുടുംബക്ഷേമവും7294.58 7615.39 7766.62 8544.94 10116.94
തൊഴില്‍, തൊഴില്‍ ക്ഷേമം714.48 951.03 951.98 1096.88 1103.28
സാമൂഹ്യക്ഷേമവും പോഷണവും3758.897440.50 9859.81 10529.16 10529.16
കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍4791.02 6929.57 8163.24 7458.81 8458.81
ഗ്രാമ വികസനം1242.09 4809.10 1983.64 5185.12 5185.13
വ്യവസായവും ധാതുക്കളും351.21 601.75 525.63 538.98

അവലംബം:1.പുതുക്കിയ ബജറ്റ് ഒറ്റനോട്ടത്തില്‍, 2021-22, പട്ടിക3
2. ബജറ്റ് ഒറ്റനോട്ടത്തില്‍ 2021-22 പട്ടിക A4
2021-22ലെ ബജറ്റ് എസ്റ്റിമേറ്റില്‍ വിദ്യാഭ്യാസം, കായികം, കല, സംസ്കാരം എന്ന മേഖലക്ക് വകയിരുത്തിയിരുന്ന 23350.91 കോടി രൂപയില്‍ ഒരു മാറ്റവും പുതുക്കിയ ബജറ്റില്‍ വരുത്തിയിട്ടില്ല. ആരോഗ്യത്തിനും കുടുംബക്ഷേമത്തിനും 2021- ബജറ്റ് എസ്റ്റിമേറ്റില്‍ വകയിരുത്തിയിരുന്ന 8544.94 കോടി പുതുക്കിയ ബജറ്റില്‍ 10116.94 കോടിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. എന്നാല്‍ തൊഴിലിനും , തൊഴില്‍ ക്ഷേമത്തിനുമായി 2021-22ലെ ബജറ്റ് എസ്റ്റിമേറ്റില്‍ വകയിരുത്തിയിരുന്ന തുകയില്‍ 6.4 കോടി കുറവാണ് പുതുക്കിയ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സാമൂഹ്യക്ഷേമത്തിനും പോഷണത്തിനും പുതുക്കിയ ബജറ്റില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. കൃഷിക്കും അനുബന്ധ മേഖലക്ക് 2021-22ലെ ബജറ്റ് എസ്റ്റിമേറ്റില്‍ വകയിരുത്തിയിരുന്ന 7458.81 കോടി പുതുക്കിയ ബജറ്റില്‍ 8458.81 കോടിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

ആയിരം കോടിയുടെ വര്‍ധന വരുത്തിയതിലൂടെ കൃഷിക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുമെന്ന സന്ദേശമാണ് നല്‍കുന്നത്.

മേല്‍ പറഞ്ഞ പ്രധാന പദ്ധതികള്‍ക്ക് 2021-22ലെ ബജറ്റ് എസ്റ്റിമേറ്റില്‍ വകയിരുത്തിയിരിക്കുന്ന തുകയും 2021-22ലെ പുതുക്കിയ ബഡ്ജറ്റില്‍ വകയിരിത്തിയിരിക്കുന്ന തുകയും തമ്മില്‍ കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനും ഉപജീവനപ്രതിസന്ധി നേരിടുന്നവരെ സഹായിക്കാനും വലിയ ഊന്നല്‍ നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറയുകയുണ്ടായി. ഇതിന്‍റെ വിശദാംശം കൂടി പരിശോധിച്ചാലെ ചിത്രം പൂര്‍ണ്ണമാകൂ.

സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതികള്‍

സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനും സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്നും, അതിനായി വിപുലമായ സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും ധനമന്തിയുടെ ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ധനസ്ഥാപനങ്ങളായ നബാഡ്, കെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക്, പ്രാഥമിക സംഘങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയുടെ കൂട്ടായ്മയിലൂടെ വിപുലമായ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും പ്രസംഗത്തില്‍ പറയുന്നു. കാര്‍ഷിക അടിസ്ഥാന വികസനത്തിനുള്ള സഹകരണ സംരംഭം, തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള വായ്പ്പാ പദ്ധതി, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള വായ്പ എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ ഈ പദ്ധതിക്ക് ഉണ്ടായിരിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ നിന്നും വ്യക്തമാകുന്നത് . പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് (PACS) നാലു ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍ നിന്നും പശ്ചാത്തല സൗകര്യ പുനര്‍വായ്പ, കേരളബാങ്ക് മുഖേന ലഭ്യമാക്കുന്നതാണ് ഒന്നാമത്തെ ഘടകം. 2021-22ല്‍, 2000 കോടിയുടെ വായ്പ ഈ രീതിയില്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായി പറയുന്നു. കാര്‍ഷിക – വ്യവസായിക – സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്തവയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതാണ് രണ്ടാമത്തെ ഘടകം. 2021-22ല്‍ 1600 കോടിയുടെ വായ്പ ഈ വിധത്തില്‍ ലഭ്യമാക്കാനും ലക്ഷ്യമിടുന്നതായി പ്രസംഗത്തില്‍ പറയുന്നു. കുടുംബശ്രീ വഴി അയല്‍കൂട്ടങ്ങള്‍ക്ക് വായ്പാ നല്‍കുന്നതാണ് മൂന്നാമത്തെ ഘടകം. ഇതിലൂടെ 2021-22 സാമ്പത്തിക വര്‍ഷം ചുരുങ്ങിയത് 1000 കോടിയുടെ ബാങ്ക് വായ്പ ലഭ്യമാക്കുമെന്നും തുടര്‍ന്ന് പറയുന്നു.

കൊവിഡ് കാരണം പൊതുജീവിതം സ്തംഭനത്തില്‍

പുനരുജ്ജീവന വായ്പ പദ്ധതിയില്‍ സര്‍ക്കാരിന്‍റെ പങ്കാളിത്തം നാമമാത്രമാണ്. വായ്പയുടെ പലിശയിളവ് വഹിക്കുന്നതിനായി 100 കോടി രൂപ വക കൊള്ളിച്ചിരിക്കുന്നതാണ് ഈ പദ്ധതിയില്‍ സര്‍ക്കാരിന് വരുന്ന സാമ്പത്തിക ബാധ്യത. സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന സാമ്പത്തിക സഹായം പോലും വാങ്ങിയെടുക്കാന്‍ പാടുപെടുന്ന സാധാരണക്കാര്‍ക്ക് ഈ വായ്പകള്‍ തരപ്പെടുത്തുക അത്ര എളുപ്പമല്ല.

ചുരുക്കത്തില്‍ ഈ പദ്ധതിയിലൂടെ സാമ്പത്തിക പുനരുജ്ജീവനമുണ്ടാകുമോ എന്നത് കണ്ടറിയേണ്ടതാണ്.

ഉത്തേജക പാക്കേജും അതിനപ്പുറവും

പുതുക്കിയ ബജറ്റില്‍ 20,000 കോടിയുടെ ഉത്തേജക പാക്കേജ് ധനമന്ത്രി പ്രഖ്യാപിക്കുന്നതായി കാണുന്നു. ആരോഗ്യ അടിയന്തരാവസ്ഥ മറികടക്കാന്‍ 2800 കോടി, ഉപജീവനപ്രതിസന്ധി നേരിടുന്നവരെ സഹായിക്കാന്‍ 8900 കോടി, സാമ്പത്തിക പുനരുദ്ധാരണ വായ്പകള്‍ക്കുള്ള പലിശ സബ്സിഡിക്കായി 8300 കോടി എന്നിങ്ങനെ ബജറ്റ് പ്രസംഗത്തില്‍ പറയുന്നത്. ഉത്തേജക പാക്കേജില്‍ ധനമന്തി സ്വീകരിച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഉത്തേജക പാക്കേജില്‍ സ്വീകരിച്ച അതെ നയമാണ്. പാക്കേജില്‍ പറയുന്ന 20000 കോടിയും മറ്റു പദ്ധതികളില്‍ വക കൊള്ളിച്ചിരിക്കുന്ന തുകയാണ്. സാമ്പത്തിക രംഗത്തെ മറ്റു ചില ഇടപെടലുകളില്‍ ഒന്ന് പ്രവാസികള്‍ക്കുള്ള 1000 കോടി രൂപയുടെ വായ്പയില്‍ പലിശ ഇളവിന് 25 കോടി നീക്കിവയ്ക്കുന്നതാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള 2000 കോടിയുടെ വായ്പയ്ക്ക് പലിശ ഇളവിനായി 50 കോടി രൂപ നീക്കിവയ്ക്കുന്നതാണ് മറ്റൊന്ന് ചുരുക്കത്തില്‍, ഈ പാക്കേജ് സാമ്പത്തിക രംഗത്തെ സജീവമാക്കാന്‍ പര്യാപ്തമല്ല.

വിഭവ സമാഹരണം, സാദ്ധ്യതകള്‍

സംസ്ഥാനത്തിന്‍റെ സമസ്ത മേഖലയും നിശ്ചലമായിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക രംഗം ഭദ്രമല്ലെന്നത് വ്യക്തമാണല്ലോ. മുരടിച്ചിരിക്കുന്ന സാമ്പത്തിക രംഗം പുനര്‍ജ്ജീവിപ്പിക്കാനും പഴയ നിലയിലേക്ക് കൊണ്ട് വരാനും പുതിയ പദ്ധതികള്‍ നടപ്പിലാക്കേണ്ടി വരും. അതിന് കൂടുതല്‍ പണം കണ്ടെത്തേണ്ടതുണ്ട്. സാധാരണക്കാരില്‍ കൂടുതല്‍ നികുതി ഭാരം അടിച്ചേല്പിക്കാതെ ഇത് സാധ്യമാകുമെന്നാണ് പരിശോധിക്കേണ്ടത്. ബജറ്റ് ഇക്കാര്യം പരിഗണിച്ചതായി തോന്നുന്നില്ല. കൂടുതല്‍ നികുതി/നികുതിയിതര വരുമാനം കണ്ടെത്താന്‍ സര്‍ക്കാരിന് പല വഴികളും ഇപ്പോഴും കണ്ടെത്താവുന്നതേയുള്ളൂ. ഉദാഹരണത്തിന് സ്വര്‍ണ്ണ വ്യവസായത്തെ സുതാര്യമാക്കിയാല്‍ ഇന്ന് കിട്ടുന്നതില്‍ കൂടുതല്‍ നികുതി ഈ രംഗത്ത് നിന്നും കണ്ടെത്താന്‍ കഴിയും. നികുതി കാലോചിതമായി പരിഷ്ക്കരിച്ചാല്‍ കൂടുതല്‍ റവന്യൂ കണ്ടെത്താവുന്ന മറ്റൊരു മേഖലയാണ് ധാതുഖനനം ഹൗസിങ് രംഗമാണ് നികുതി കണ്ടെത്താന്‍ കഴിയുന്ന മറ്റൊരു മേഖല. 2011ലെ സെന്‍സസ് പ്രകാരം 11.89 ലക്ഷം വീടുകള്‍ കേരളത്തില്‍ കിടക്കുന്നുണ്ട്. ഈ വീടുകളെ കേരളത്തിന്‍റെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിച്ച് കൂടുതല്‍ റവന്യൂ കണ്ടെത്താനുള്ള സാധ്യതകള്‍ പരിശോധിക്കാവുന്നതാണ്. കോവിഡ് കാലം കഴിഞ്ഞാല്‍ ഇതിനുള്ള സാദ്ധ്യതകള്‍ കേരളത്തില്‍ ഉണ്ടാവാതിരക്കില്ല. ഇത് കൂടാതെ നിരവധി സാദ്ധ്യതകള്‍ ഇനിയും കണ്ടെത്താവുന്നതാണ്.

കേന്ദ്രത്തില്‍ നിന്നും കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം പോലും സമയത്തു കിട്ടാതെ വരികയും, നികുതി/നികുതിയിതര വരവ് കുറയുകയും ചെയ്തിരുന്നപ്പോള്‍ സംസ്ഥാനത്തെ സാമ്പത്തികമായി പിടിച്ചു നിര്‍ത്തുന്നതില്‍ കിഫ്ബി ഒരു പ്രധാന പങ്കാണ് വഹിച്ചിരുന്നത്.പുതിയ ധനമന്ത്രി കിഫ്ബിയെക്കുറിച്ച് ബജറ്റില്‍ കാര്യമായിട്ടൊന്നും പറഞ്ഞതായി കാണുന്നില്ല.

കോവിഡ് മൂലം നിശ്ചലമായ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കാന്‍ പോന്ന വലിയ പദ്ധതികളൊന്നും പുതുക്കിയ ബജറ്റില്‍ കാണുന്നില്ല.

സാമ്പത്തിക രംഗത്ത് നേരിട്ടിടപെടുന്ന സര്‍ക്കാര്‍ പദ്ധതികളൊന്നും ബജറ്റിലില്ല. മുന്‍ സര്‍ക്കാരുകള്‍ തുടര്‍ന്നു വന്ന പല പദ്ധതികളും വലിയ മാറ്റം കൂടാതെ തുടരുന്നുണ്ട്. “സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതിയാണ്” ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതി. വായ്പകള്‍ തരപ്പെടുത്തുന്നവര്‍ക്ക് പലിശയുടെ ഒരു ഭാഗം സര്‍ക്കാര്‍ നല്കുമെന്നതാണ് ഈ പദ്ധതിയുടെ കാതല്‍. ഇതിലൂടെ മാത്രം സാമ്പത്തിക രംഗത്തെ പഴയ നിലയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള പണം കണ്ടെത്താനുള്ള ശ്രമവും നടത്തിയതായി കാണുന്നില്ല. ചുരുക്കത്തില്‍, കേരളത്തിന്‍റെ ധനമാനേജ്മെന്‍റ് ശരിയായ ദിശയിലാണോ നീങ്ങുന്നതെന്ന് സംശയിക്കണം.

(അമേരിക്കയിലെ മോണ്ട്ക്ലെയര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ആയിരുന്ന ലേഖകന്‍ ഇപ്പോള്‍ ഇഗ്നോയില്‍ ഫാക്കല്‍റ്റിയും CRED സെക്രട്ടറിയുമാണ്.)