മോഹനന്‍ വൈദ്യന് അന്ത്യപ്രണാമം
തിരുവനന്തപുരം: ആധുനിക ചികില്‍സാ രീതികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി വിവാദങ്ങളുടെ മുള്‍മുനയില്‍ ആയിരുന്ന, മോഹനന്‍ വൈദ്യന്‍ (65 ) നിര്യാതനായി.കൊട്ടാരക്കര സ്വദേശിയാണ് മോഹനന്‍ വൈദ്യന്‍ എന്ന മോഹനന്‍ നായര്‍. 25 വര്‍ഷമായി ചേര്‍ത്തല മതിലകം കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. രണ്ടുദിവസം മുന്‍പാണ് അദ്ദേഹം തിരുവനന്തപുരത്തെ കരമനയിലെ ബന്ധുവീട്ടില്‍ എത്തിയത്.രാവിലെ പനിയും ചര്‍ദ്ദിയും ശ്വാസ തടസവും ഉണ്ടായി.വൈകിട്ട് കുഴഞ്ഞുവീണ് മരിച്ചു. മരണം കൊവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു. സെക്രട്ടറിയറ്റിനു പിന്നിലെ റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി ഭക്ഷണ കേന്ദ്രമായ പത്തായത്തില്‍ വെള്ളിയാഴ്ച തോറും, കൊവിഡ് കൊടുമ്പിരിക്കൊള്ളുന്നതിനു തൊട്ടുമുമ്പ് വരെ അദ്ദേഹം പ്രഭാഷണത്തിന് എത്താറുണ്ടായിരുന്നു. മൃതദേഹം ഞായറാഴ്ച വൈകിട്ട് ചേര്‍ത്തലയില്‍ മതിലകത്തെ വീട്ടുവളപ്പില്‍ കൊവിഡ് പ്രോടോകോള്‍ പ്രകാരം സംസ്കരിച്ചു.
വിവിധ സ്ഥലങ്ങളിലെ ചികിത്സാ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് രോഗികളാണ് മോഹനന്‍ വൈദ്യനെ തേടിയെത്തിയിരുന്നത്. നിര്‍ധനരായ ഒട്ടേറെ രോഗികള്‍ക്ക് അഭയകേന്ദ്രമായിരുന്നു ഈ ചികിത്സാ കേന്ദ്രങ്ങള്‍.
ചികിത്സകന്‍ എന്നതിലേറെ, നാം കഴിക്കുന്ന ഭക്ഷണത്തിലെ മായം എന്ന മഹാമാരിക്കെതിരെ ഇത്ര ശക്തിയുക്തം കേരളത്തിലും പുറത്തും നിരന്തര പോരാട്ടം നടത്തിയ മറ്റൊരു ഗവേഷകനെ കണ്ടെത്താനില്ല. വിപണിയില്‍ ആധിപത്യം ഉറപ്പിച്ചിട്ടുള്ള വന്‍കിട കമ്പനികളുടെ ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് വരുത്തിവെക്കുന്ന ആപത്തുകള്‍ അദ്ദേഹം യുക്തിയുക്തം തുറന്നു കാട്ടിയിട്ടുണ്ട്. കശുവണ്ടിയടക്കമുള്ള പല വിലപിടിച്ച ഉല്‍പ്പന്നങ്ങളും, അതിന്റെ സ്വാദ് മാത്രം മാവിലും മറ്റും പകര്‍ന്ന് കൃതൃമമായി കശുവണ്ടി നിര്‍മ്മിക്കുന്നത് പുറത്തുകൊണ്ടുവന്നതും ഇദ്ദേഹമാണ്. സ്വാഭാവികമായും വന്‍കിടക്കാരുടെ കണ്ണിലെ കരടായി മാറി മോഹനന്‍ വൈദ്യര്‍. ഭക്ഷണത്തിലെ മായം ഒരു പൊതുവിഷയമായി ഉയര്‍ത്തി ജനശ്രദ്ധ ആകര്‍ഷിച്ചതിന്റെ ക്രഡിറ്റ് അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. ലതയാണ് ഭാര്യ. രാജീവ്,ബിന്ദു എന്നിവര്‍ മക്കള്‍. തിങ്കളാഴ്ച സംസ്കാരം നടത്തും.