കോവിഡ് മഹാമാരിയും കേരള ധനകാര്യവും
കോവിഡ് മഹാമാരി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തെയും കാര്യമായി ബാധിച്ചു കഴിഞ്ഞു.ലക്ഷക്കണക്കിന് വിദേശ മലയാളികള്‍ തിരികെയെത്തി.നാട്ടിലാകട്ടെ സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യമേഖലയിലെ സ്ഥിരം തൊഴിലെടുക്കുന്നവരും ഒഴിച്ചാല്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലം പൊതു ഇടപെടലിന്‍റെ ആഴത്തിലും പരപ്പിലും ഒരു പുതിയ തലം ആവശ്യപ്പെടുന്നുണ്ട്. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനോടൊപ്പം സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ സംരക്ഷണവും പിന്‍തുണയും നല്കേണ്ടതുണ്ട്. ഇതിനാവശ്യമായ പൊതുവിഭവങ്ങളുടെ സമാഹരണത്തിലും വിതരണത്തിലും ഉളവായിട്ടുള്ള പ്രശ്നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുകയാണ് ഈ ലേഖനം.
പൊതുവിഭവസമാഹരണം: പരിമിതികളും സാദ്ധ്യതകളും
ഒരു ഫെഡറല്‍ രാജ്യത്തെ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് പൊതുവിഭവസമാഹരണത്തില്‍ പരിമിതികളുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ നാല് അതിരുകള്‍ക്ക് ഉള്ളില്‍ നിന്ന് മാത്രമേ പൊതുവിഭവ സമാഹരണം സാദ്ധ്യമാവുകയുള്ളൂ. സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള നികുതി-നികുതിയിതര സ്രോതസ്സുകളിലൂടെ സമാഹരിക്കാവുന്ന പൊതുവിഭവങ്ങള്‍ പരമാവധി സമാഹരിക്കുക എന്നതാണ് ഇവിടെ പിന്‍തുടരേണ്ട തന്ത്രം. ജനപ്രിയതയ്ക്ക് വേണ്ടി അന്യോന്യം മത്സരിക്കുന്ന മുന്നണി രാഷ്ട്രീയമായിരുന്നല്ലോ കഴിഞ്ഞ 60 വര്‍ഷം കേരളം ദര്‍ശിച്ചത്. തനതു വിഭവ സ്രോതസ്സുകളില്‍ നിന്ന് വിഭവസമാഹരണം നടത്താതിരിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് എന്നും ഒഴികഴിവുകളുണ്ടായിരുന്നു. ‘കേന്ദ്ര അവഗണന’ , ‘ചിറ്റമ്മനയം’ ഉമ്മാക്കികള്‍ ഉയര്‍ത്തി ജനങ്ങളുടെ കൈയ്യടി നേടാന്‍ എളുപ്പമാണ്.

ഇന്ത്യയില്‍ നിലവിലുള്ള കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പ്രകാരം കേന്ദ്രനികുതികളില്‍ നിന്നും ഗ്രാന്‍റുകള്‍ വഴിയായും ഉള്ള വിഭവങ്ങളുടെ ഒഴുക്ക് താരതമ്യേന ദരിദ്ര സംസ്ഥാനങ്ങളിലേയ്ക്കാവും. കാരണം, അടിസ്ഥാന സൗകര്യങ്ങളും മാനവവിഭവശേഷി സംബന്ധമായ സൂചകങ്ങളും എല്ലാ സംസ്ഥാനങ്ങളിലും ഏറെക്കൂറെ ഒരേ നിലവാരത്തില്‍ കൊണ്ടുവരിക എന്നതാണ് കേന്ദ്ര ധനകാര്യകമ്മീഷനുകളുടെ ആത്യന്തിക ലക്ഷ്യം. സ്വാഭാവികമായും ‘BIMARN’ (രോഗാതുര) എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ബീഹാര്‍, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വിഭവങ്ങള്‍ ഒഴുകും. മാനവ വികസന സൂചികകളിലും ജീവിത ഗുണനിലവാരത്തിലും ഒക്കെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളത്തിന് കേന്ദ്രത്തില്‍ നിന്നുള്ള വിഭവങ്ങള്‍ കുറഞ്ഞേ വരൂ. കിട്ടിയ വിഭവങ്ങള്‍ കാര്യമായി വിനിയോഗിച്ചതിനുള്ള ശിക്ഷയാണോ ഇതെന്നൊക്കെ ചോദിക്കാം. പക്ഷേ ഫെഡറലിസത്തിന്‍റെ യുക്തി മേല്‍പറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമാണ്.
തനതു വിഭവസമാഹരണം: കേരളത്തിന്‍റെ പ്രകടനം
തനതു വിഭവ സമാഹരണത്തില്‍ കേരളത്തിന്‍റെ പ്രകടനത്തെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ എത്തിച്ചേര്‍ന്ന ഒരു പ്രധാന നിഗമനം കേരളം ഇക്കാര്യത്തില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് എന്നതാണ്. എങ്കില്‍ എന്തുകൊണ്ട് 1983-84 മുതല്‍ കേരളം ധനപ്രതിസന്ധി നേരിട്ടുവരുന്നു? ഈ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ആരും തന്നില്ല. കേന്ദ്ര അവഗണനയും കേരളത്തിലെ സവിശേഷമായ പൊതു ചെലവുകളുമൊക്കെ കാരണങ്ങളായി ഉയര്‍ത്തിക്കാട്ടപ്പെട്ടു.
ഈ വിശദീകരണങ്ങളുടെ പൊള്ളത്തരം 2019 ല്‍ പുറത്തുവന്ന ഈ ലേഖകന്‍റെ പഠനം പൊളിച്ചുകാട്ടി. പൊതുധനകാര്യവുമായി ബന്ധപ്പെട്ട പ്രാമാണിക സ്ഥാപനങ്ങളും ഗവേഷകരും കേരളത്തെക്കുറിച്ച് നടത്തിയ പഠനങ്ങളിലെ ഗുരുതരമായ രീതിശാസ്ത്ര വിടവുകള്‍ കേരള ധനകാര്യത്തിന് ചെയ്ത ദ്രോഹം അങ്ങനെ വെളിച്ചത്തുവന്നു. കഴിഞ്ഞ 60 വര്‍ഷത്തിനിടെ പൊതുവിഭവസമാഹരണത്തില്‍ കേരളം താഴോട്ടു പോവുകയായിരുന്നു എന്ന് സംശയഭേദമന്യേ തെളിയിക്കപ്പെട്ടു. 1957-58 മുതല്‍ 1966-67 വരെയുള്ള പത്തുവര്‍ഷക്കാലത്ത് ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ മൊത്തം സമാഹരിച്ച പൊതുവിഭവങ്ങളില്‍ കോരളത്തിന് 4.45% ഓഹരിയുണ്ടായിരുന്നു. 50 വര്‍ഷം കഴിഞ്ഞ് 2007-08 മുതല്‍ 2016-17 വരെയുള്ള 10 വര്‍ഷം എടുക്കുമ്പോള്‍ കേരളത്തിന്‍റെ ഓഹരി 4.50% ആയി മാത്രമേ വര്‍ദ്ധിച്ചുള്ളൂ.

നേരെ മറിച്ച് ഈ 60 വര്‍ഷത്തിനിടെ നികുതി നല്കാനുള്ള ശേഷിയില്‍ (Taxable Capacity) അഭൂതപൂര്‍വ്വമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 1972-73 ല്‍ ആളോഹരി ഉപഭോഗത്തില്‍ കേരളത്തിന്‍റെ സ്ഥാനം 8 ആയിരുന്നു. ഗള്‍ഫ് പണത്തിന്‍റെ വരവോടെ ഇത് 1983 ആയപ്പോഴേയ്ക്കും മൂന്നാം സ്ഥാനത്തേയ്ക്കും 1999-2000 ആയപ്പോഴേയ്ക്ക് ഒന്നാം സ്ഥാനത്തേയ്ക്കും ഉയര്‍ന്നു. കേരളം ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭക്ഷ്യേതര വസ്തുക്കളുടെ, പ്രത്യേകിച്ച് ആഢംബരവസ്തുക്കളുടെ ഉപഭോഗം കേരളത്തില്‍ വളരെ കൂടുതല്‍ ആണ്. എന്നു പറഞ്ഞാല്‍ ഉയര്‍ന്ന നിരക്കില്‍ നികുതി ചുമത്തപ്പെടുന്ന ഉപഭോഗവസ്തുക്കളുടെ ഉപഭോഗത്തില്‍ കേരളം മുന്നില്‍ നില്ക്കുന്നുവെന്ന് അര്‍ത്ഥം.
കേരളം എവിടെ നിന്നാണ് പൊതുവിഭവങ്ങള്‍ സമാഹരിക്കുന്നത്?
കഴിഞ്ഞ 60 വര്‍ഷത്തിനിടെ കേരളം പൊതുവിഭവ സമാഹരണത്തില്‍ പരാജയപ്പെട്ടു എന്നുമാത്രമല്ല, സമാഹരിക്കുന്ന പൊതുവിഭവങ്ങളുടെ സിംഹഭാഗവും പാവപ്പെട്ടവരില്‍ നിന്നും പുറംപോക്കില്‍ കിടക്കുന്നവരില്‍ നിന്നുമാണ്. മദ്യം, ഭാഗ്യക്കുറി, മോട്ടോര്‍വാഹനങ്ങള്‍, പെട്രോള്‍ എന്നീ നാല് ജനങ്ങളില്‍ നിന്ന് 1980-81 ല്‍ സമാഹരിച്ചിരുന്നത് മൊത്തം തനതു വരുമാനത്തിന്‍റെ 27.93% മാത്രമായിരുന്നു. 2016-17 ആയപ്പോള്‍ ഇത് 58.78% ആയി ഉയര്‍ന്നു. ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇത് 60% ന് മേലെ പോയി എന്നതാണ്.
ഇതില്‍ മദ്യത്തിന്‍റെയും ഭാഗ്യക്കുറിയുടെയും ഓഹരി 1970-71 ല്‍ 14.77% ആയിരുന്നു. 2016-17 ആയപ്പോഴേയ്ക്കും ഇത് 34.46% ആയി. ഏറ്റവും പുതിയ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഈ രണ്ടിന്‍റെയും ഓഹരി 36% ന് മുകളില്‍ ആയിരിക്കാനാണ് സാദ്ധ്യത. എന്താണിത് സൂചിപ്പിക്കുന്നത്?
പൊതുവിഭവ സമാഹരണത്തിന്‍റെ ഭാരം പതുക്കെ പതുക്കെ മദ്ധ്യവര്‍ഗ്ഗത്തില്‍ നിന്നും സമ്പന്നരില്‍ നിന്നും പാവപ്പെട്ടവരുടെയും പുറംപോക്കില്‍ കിടക്കുന്നവരുടെയും ചുമലുകളിലേയ്ക്ക് മാറുകയായിരുന്നു എന്നതാണ്.
മേല് പറഞ്ഞ നാല് ഇനങ്ങളില്‍ നിന്നുള്ള വിഭവ സമാഹരണത്തിന് മറ്റൊരു വിളയും കൂടി ഉണ്ട്. ഇവ എല്ലാം തന്നെ പൊതുമേഖലയുടെ സംഭാവനയാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. മദ്യം, പെട്രോള്‍, ഭാഗ്യക്കുറി എന്നിവ മൂന്നും പൊതുമേഖല നേരിട്ട് കൈകാര്യം ചെയ്യുന്നതാണ്. എല്ലാ മോട്ടോര്‍ വാഹനങ്ങളും മോട്ടോര്‍ വാഹന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളതുകൊണ്ട് നികുതി വെട്ടിപ്പ് ഏറെക്കൂറെ അസാദ്ധ്യമാണ്. എന്നുപറഞ്ഞാല്‍ സ്വകാര്യമേഖല കൈകാര്യം ചെയ്യുന്ന എണ്ണിയാലൊടുങ്ങാത്ത ഉപഭോഗവസ്തുക്കളില്‍ ഒക്കെ ഭീമമായ നികുതി വെട്ടിപ്പ് നടക്കുന്നുണ്ട് എന്ന് അര്‍ത്ഥം.
വര്‍ദ്ധിച്ചു വരുന്ന അസമത്വം
സമ്പന്നരില്‍ നിന്നും മദ്ധ്യവര്‍ഗ്ഗത്തില്‍ നിന്നും പൊതുവിഭവങ്ങള്‍ സമാഹരിച്ച് പാവപ്പെട്ടവരിലേയ്ക്കും പുറംപോക്കില്‍ കിടക്കുന്നവരിലേയ്ക്കും എത്തിച്ചുകൊടുത്തു കൊണ്ടാണ് സര്‍ക്കാരുകള്‍ സമൂഹത്തിലെ അസമത്വം കുറച്ചുകൊണ്ടുവരുന്നത്.
ഇന്ത്യയില്‍ ഏറ്റവും വേഗം അസമത്വം വര്‍ദ്ധിച്ചുവരുന്ന സംസ്ഥാനം കേരളമാണെന്നാണ് ആധികാരികമായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു പരിധിവരെ ഇതിനു കാരണം മദ്യത്തിലൂടെയും ഭാഗ്യക്കുറിയിലൂടെയും ഉള്ള പൊതുവിഭവസമാഹരണമാണ്.
സത്യത്തില്‍ മദ്യപാനം നിരുത്സാഹപ്പെടുത്താനാണ് ഉയര്‍ന്ന നികുതി ചുമത്തുന്നത്. 1960-61 വെറും 25% ആയിരുന്ന മദ്യത്തിന്‍റെ മേലുള്ള നികുതി ഇന്ന് 240% ന് അടുത്താണ്. ഇത് എക്സൈസ് തീരുവയ്ക്ക് പുറമെയാണ്. ഈ ലേഖകന് വിവരാവകാശ നിയമ പ്രകാരം കേരള ബെവറേജസ് കോര്‍പ്പറേഷനില്‍ നിന്നും ലഭിച്ച വിവരം ഞെട്ടിപ്പിക്കുന്നതാണ്. കോര്‍പ്പറേഷന്‍ രൂ.63.95 ന്‍റെ ഹെര്‍ക്കുലീസ് ത്രീ എക്സ് റം വില്ക്കുന്നത് 680 രൂപയ്ക്ക് ആണ് പോലും! സത്യത്തില്‍ ചാരായ നിരോധനം പാവപ്പെട്ടവരും പുറംപോക്കില്‍ കിടക്കുന്നവരുമായ കുടിയന്മാര്‍ക്ക് കുറഞ്ഞ ചെലവില്‍ മദ്യപിക്കാനുള്ള അവസരമാണ് നിഷേധിച്ചത്. മദ്യത്തിന്‍റെ ലഹരി മൂലം സാമ്പത്തികമായി പരാജയപ്പെടുന്ന ഇക്കൂട്ടര്‍ ഭാഗ്യക്കുറിയുടെ ലഹരിക്ക് അടിമപ്പെടുന്നതില്‍ അത്ഭുതമുണ്ടോ?
കടമെടുപ്പിനുള്ള ന്യായീകരണം
കേരളം പൊതുവിഭവസമാഹരണത്തില്‍ മുന്നിലാണെന്നുള്ള പണ്ഡിതരുടെ തെറ്റായ കണ്ടെത്തല്‍ രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പാല്‍പായസം പോലെ ഇഷ്ടമായി. നികുതി പിരിക്കാന്‍ ഒന്നും ബാക്കിയില്ല: കടമെടുപ്പല്ലാതെ മറ്റെന്ത് മാര്‍ഗ്ഗം?ഇങ്ങനെയാണ് കേരളം കടക്കെണിയില്‍ അകപ്പെട്ടത്. 2001 മാര്‍ച്ച് അവസാനം 26,259 കോടി ആയിരുന്ന കടം 2021 മാര്‍ച്ച് അവസാനം ആകുമ്പോഴേയ്ക്കും 3,20,000 കോടിക്കുമേല്‍ വര്‍ദ്ധിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കടം ഇരട്ടി ആയിരിക്കുകയാണ്. 2016 മാര്‍ച്ച് അവസാനം 1,62,272 കോടി ആയിരുന്നു എന്നോര്‍ക്കണം.

കടമെടുപ്പ് അതില്‍ തന്നെ ഒരു തെറ്റായ സമ്പദ് വ്യവസ്ഥയിൽ മുതലിറക്കി ഭാവിവരുമാനം വര്‍ദ്ധിപ്പിക്കുന്നിടത്തോളം കടമെടുപ്പ് പ്രോത്സാഹനീയം തന്നെയാണ്. പക്ഷേ കേരളത്തില്‍ സംഭവിച്ചത് എന്താണ്? 2000-01 മുതല്‍ 2019-20 വരെയുള്ള ഇരുപത് വര്‍ഷം എടുത്ത കടത്തില്‍ വെറും 33% മാത്രമേ മൂലധനച്ചെലവിന് വിനിയോഗിച്ചിട്ടുള്ളൂ. എന്നുപറഞ്ഞാല്‍ 67% വും ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ നിത്യനിദാന ചെലവുകള്‍ക്കായാണ് വിനിയോഗിച്ചത് എന്നര്‍ത്ഥം.
വേറൊരു തരത്തില്‍ പറഞ്ഞാല്‍ കടമെടുപ്പിന്‍റെ പ്രയോജനം മുഖ്യമായും കേരളത്തിലെ മദ്ധ്യവര്‍ഗ്ഗത്തിനും സമ്പന്നര്‍ക്കുമാണ്. അവരിലേയ്ക്കാണ് കടമെടുത്ത പൊതുവിഭവങ്ങള്‍ ഒഴുകിയെത്തുന്നത്.
കൂടുതല്‍ പൊതുവിഭവങ്ങള്‍ അവരില്‍ നിന്നും സമാഹരിക്കാനുള്ള സാദ്ധ്യതയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇക്കാര്യത്തിലേയ്ക്ക് പിന്നീട് തിരിച്ചുവരാം.
കടമെടുപ്പിന്മേലുള്ള നിയന്ത്രണം
2003 ല്‍ കേന്ദ്രം ധനഉത്തരവാദിത്ത നിയമം (Fiscal Responsibility and Budget Management Act) പാസ്സാക്കി സംസ്ഥാനങ്ങളുടെ കടമെടുപ്പിനുമേല്‍ നിയന്ത്രണം കൊണ്ടുവന്നു. അതില്ലാതിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന കടബാധ്യത ഓര്‍ത്താല്‍ കിടിലം കൊണ്ടു പോകും. പക്ഷേ കേരളം പോലെ കുറെ സംസ്ഥാനങ്ങള്‍ കടമെടുപ്പിന്മേലുള്ള നിയന്ത്രണം സമര്‍ത്ഥമായി മറികടന്നിരിക്കുന്നു. ബജറ്റിനു പുറത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ വഴിയും മറ്റും വായ്പ എടുക്കാനുള്ള പഴുതുകള്‍ കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിലെ KIFBI (Kerala Infrastructure Investment Fund Board) ഇതിന്‍റെ എറ്റവും നല്ല ഉദാഹരണമാണ്. ബജറ്റ് വരുമാനം കൊണ്ട് സൃഷ്ടിക്കേണ്ട സ്ക്കൂള്‍-കോളേജ് കെട്ടിടങ്ങള്‍, റോഡുകള്‍, ആശുപത്രി സൗകര്യങ്ങള്‍ എന്നു വേണ്ട എന്താവശ്യത്തിനും KIFBI യുടെ ധനം ഉപയോഗിക്കാം എന്നായിട്ടുണ്ട്. സത്യത്തില്‍ ഭാവിയില്‍ സംസ്ഥാനത്തിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കുന്ന ആസ്തികളില്‍ മാത്രം ചെലവിടേണ്ടതാണ് KIFBI ഫണ്ട് ഇപ്പോള്‍ KIFBI ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ആസ്തികള്‍ ഭാവി വരുമാനത്തെ വര്‍ദ്ധിപ്പിക്കുകയില്ലേ എന്ന ചോദ്യമുണ്ട്. ഇതിനുള്ള മറുപടി കടമെടുക്കാതെ തന്നെ ഇതൊക്കെ സാധിക്കാനുള്ള അവസരം സംസ്ഥാനത്തിന് മുന്‍പില്‍ ഇല്ലായിരുന്നോ എന്ന മറുചോദ്യമാണ്.
കടമെടുപ്പും നികുതി പിരിവും ഒരുപോലെയല്ല
നേരത്തെ ചൂണ്ടിക്കാട്ടിയതു പോലെ പൊതുവിഭവ സമാഹരണത്തിലെ നീതീകരിക്കാന്‍ ആവാത്ത പരാജയമാണ് കേരളത്തെ കടമെടുപ്പിലേയ്ക്ക് നയിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്‍റെ കടം അത്ര കൂടുതല്‍ ഒന്നുമല്ല എന്ന് ഉത്തരവാദിത്തപ്പെട്ട ധനശാസ്ത്രജ്ഞര്‍ വരെ അഭിപ്രായപ്പെടുന്നത് കേട്ടിട്ടുണ്ട്. ആളോഹരി ഉപഭോഗത്തില്‍ താഴ്ന്ന നിലവാരം പുലര്‍ത്തുന്ന ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ കടമെടുപ്പും കേരളത്തിന്‍റെ കടമെടുപ്പും തമ്മില്‍ സത്യത്തില്‍ താരതമ്യപ്പെടുത്തുന്നതുതന്നെ ശരിയല്ല. കടമെടുപ്പും നികുതി പിരിവും തമ്മില്‍ മൂന്ന് പ്രധാന വ്യത്യാസങ്ങളുണ്ട്.
ഒന്നാമത്, പിരിച്ചെടുക്കാന്‍ കഴിയുമായിരുന്ന, പിരിച്ചെടുക്കേണ്ടിയിരുന്ന നികുതി പിരിച്ചെടുക്കാതെ പോകുമ്പോള്‍ അത് എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുകയാണ്. ഇന്ന് ചുമത്തേണ്ട നികുതി നാളെ ചുമത്താനാവില്ല. പക്ഷേ കടം കൃത്യമായി രേഖപ്പെടുത്തുകയും പലിശയടക്കം തിരികെ നല്കേണ്ടതുമാണ്. നികുതിയില്‍ നിന്ന് നിയമാനുസൃതമായോ അല്ലാതെയോ ഒഴിഞ്ഞുമാറാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ളവരിലേയ്ക്കാണ് പലപ്പോഴും ശമ്പളത്തിന്‍റെയും പെന്‍ഷന്‍റെയുമൊക്കെ രൂപത്തില്‍ കടമെടുത്ത പൊതുവിഭവങ്ങള്‍ എത്തിച്ചേരുന്നത്. നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ സമാഹരിക്കുന്ന പൊതുവിഭവങ്ങളില്‍ നല്ലൊരു ശതമാനമാകട്ടെ പാവപ്പെട്ടവരില്‍ നിന്നും പുറംപോക്കില്‍ കിടക്കുന്നവരില്‍ നിന്നും.

രണ്ടാമത്, കടത്തിന്‍റെ പലിശ കൊടുക്കേണ്ടത് അതതു വര്‍ഷങ്ങളിലെ വരുമാനത്തില്‍ നിന്നാണ്. കടം കൂടുന്തോറും പലിശയും കൂടും. പലിശയെന്നത് ശമ്പളവും പെന്‍ഷനുംപോലെ ‘ഏറ്റുപോയ’ (Committed) ചെലവാണ്. ‘ഏറ്റുപോയ’ ഈ മൂന്ന് ചെലവിനങ്ങള്‍ക്കും ശേഷം ‘ഏറ്റുപോകാത്ത’ ലഭ്യമാകുന്ന പൊതുവിഭവങ്ങള്‍ കുറഞ്ഞു കുറഞ്ഞുവരും. ഇതുമൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത് ‘ഏറ്റുപോകാത്ത’ ചെലവുകളുടെ ഗുണഭോക്താക്കളായ പാവങ്ങളായിരിക്കും.
മൂന്നാമത്, കടമെടുപ്പ് നികുതിപിരിവിന് സൃഷ്ടിക്കുന്ന ദോഷമാണ്. നികുതി പിരിക്കുന്നതിനുപകരം കടമെടുത്ത് കുറേക്കാലം കാര്യങ്ങള്‍ നടത്തിയാല്‍ അത് ജനങ്ങള്‍ക്ക് നല്കുന്ന സന്ദേശം ഇതാണ്: നികുതി പിരിക്കാതെയും കാര്യങ്ങള്‍ നടക്കും, കുറേ കഴിഞ്ഞ് നികുതി പിരിവിന് ഇറങ്ങിയാല്‍ കടുത്ത എതിര്‍പ്പാകും ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവുക. കാരണം സമൂഹം കുറഞ്ഞ നികുതി ഭാരവുമായി തഴക്കം വന്നുപോയി. കേരളത്തിന്‍റെ ഇന്നത്തെ ധനകാര്യപ്രതിസന്ധി ഒരു പരിധി വരെ ഇക്കാരണം കൊണ്ടാണ്.
അസമത്വത്തിന് ആക്കം കൂട്ടുന്ന പൊതുചെലവുകള്‍
കേരള മാതൃകാ വികസനം സാദ്ധ്യമാക്കിയത് കേരളത്തിന്‍റെ സവിശേഷമായ പൊതു ചെലവുകളാണെന്നുള്ള കാര്യം പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ സംസ്ഥാനം 60 കളിലും 70 കളിലും നടത്തിയ മുതല്‍മുടക്കാണ് ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ഒരു തലമുറയെ സൃഷ്ടിച്ചത്. മലയാളികള്‍ക്ക് കുടിയേറാന്‍ കഴിഞ്ഞതും വന്‍തോതില്‍ പുറം വരുമാനം സംസ്ഥാനത്തേയ്ക്ക് ഒഴുകിയതും ഇക്കാരണത്താല്‍ ആണ്.പക്ഷേ അത് സംസ്ഥാനത്തിന്‍റെ നികുതി-നികുതിയിതര വരുമാനം ആയി മാറ്റിയെടുക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ല.
ഒരു സമ്പദ്വ്യവസ്ഥയിലെ പൊതുചെലവുകള്‍ യഥാര്‍ത്ഥ്യത്തില്‍ ഉല്‍പാദന മേഖലയ്ക്ക് ശക്തമായ പിന്‍തുണ നല്കുന്നതായിരിക്കണം. അതുപോലെ തന്നെ പൊതുചെലവുകള്‍ക്ക് അസമത്വം കുറച്ചു കൊണ്ടുവരാനും കഴിയണം.ഈ രണ്ടു പ്രക്രിയകളാണ് കൂടുതല്‍ നികുതി വരുമാനം നേടാന്‍ സര്‍ക്കാരുകളെ സഹായിക്കുന്നത്. കേരളത്തിന്‍റെ കാര്യത്തില്‍ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ മൂലം പരമാവധി പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്കാന്‍ മാറി മാറി വന്ന മുന്നണി സര്‍ക്കാരുകളുടെ മേല്‍ എന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. കാര്യക്ഷമമായ പൊതുസേവനങ്ങള്‍ നല്കാന്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ എത്രയോ കുറച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മതി. ഇതിന്‍റെ ഫലമായി ശമ്പള-പെന്‍ഷന്‍ ചെലവുകള്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ വളരെകൂടുതലാണ്. അവസാനകണക്കുകള്‍ ലഭ്യമായ 2017-18 എടുക്കുകയാണെങ്കില്‍
കേരളം മൊത്തം വരുമാനത്തിന്‍റെ 55.69% ശമ്പളത്തിനും പെന്‍ഷനും മാറ്റി വയ്ക്കുമ്പോള്‍ നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകം 28.43% മാത്രമേ ഈ ഇനങ്ങളില്‍ ചെലവഴിക്കുന്നുള്ളൂ. ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ ഏറ്റുപോയ ചെലവുകള്‍ കഴിഞ്ഞ് ഉല്‍പാദനമേഖലകള്‍ക്ക് പിന്‍തുണ നല്കാനോ പുനര്‍ വിതരണ പ്രക്രിയ ശക്തമാക്കാനോ സര്‍ക്കാരിന് കഴിയുന്നില്ല.
ചെറുപ്പക്കാരായ ചെറുപ്പക്കാരൊക്കെ ഡിഗ്രികള്‍ക്ക് പുറകെ പോയി സര്‍ക്കാര്‍ ജോലിക്കുള്ള പിഎസ്സി ടെസ്റ്റ് എഴുതി കഴിക്കുന്നതിനുകാരണം ഇതാണ്.
കേരളം 1600 രൂപ ക്ഷേമ പെന്‍ഷന്‍ കൊടുക്കുമ്പോള്‍ 2250 രൂപ വരെ കൊടുക്കുന്ന സംസ്ഥാനങ്ങള്‍ ഉണ്ട്.
പ്രാദേശികവും സാമുദായികവുമായ മാനങ്ങള്‍
കേരള ധനകാര്യത്തിന്‍റെ പ്രാദേശികവും സാമുദായികവുമായ മാനം കൂടി മനസ്സിലാക്കിയാലേ ചിത്രം പൂര്‍ണ്ണമാകൂ. പൊതുവിഭവ സമാഹരണത്തിന്‍റെ കാര്യത്തിലും സമുദായങ്ങള്‍ തമ്മിലും പ്രദേശങ്ങള്‍ തമ്മിലും അസന്തുലിതാവസ്ഥയുണ്ട്. സംസ്ഥാനത്തിന്‍റെ തനതു വരുമാനത്തില്‍ 36% നു മേല്‍ വരുന്ന മദ്യത്തില്‍ നിന്നും ഭാഗ്യക്കുറിയില്‍ നിന്നും സമാഹരിക്കുന്ന വരുമാനത്തില്‍ യഥാക്രമം 71.36% ഉം 61.98% വും തിരു കൊച്ചി മേഖലയില്‍ നിന്നാണ്. മലബാറിലെയും തിരുകൊച്ചിയിലെയും ജനസംഖ്യ 2011 കാനേഷുമാരി പ്രകാരം യഥാക്രമം 43.88%, 56.12% എന്നിങ്ങനെയാണ്. ഇതിന്‍റെ കാരണങ്ങളിലേയ്ക്ക് അന്വേഷിച്ച് ചെന്നപ്പോള്‍ മനസ്സിലായത് മുസ്ലീംങ്ങളുടെ ഇടയില്‍ മദ്യപാനവും ഭാഗ്യക്കുറി എടുക്കലും വളരെ കുറവാണ് എന്നാണ്. 2011-12 മുതല്‍ 2016-17 വരെയുള്ള കാലഘട്ടത്തിലെ മദ്യത്തിന്‍റെ ജില്ലതിരിച്ചുള്ള വില്പനയെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ഇതാണ്: കേരളത്തിന്‍റെ ആളോഹരി മദ്യ വില്പന 3086.11 രൂപ ആയിരിക്കുമ്പോള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലേയ്ക്ക് യഥാക്രമം 1122.22, 2064.11, 2169.10, 1834.53 എന്നിങ്ങനെയാണ്. ഭാഗ്യക്കുറിയുടെ കാര്യത്തില്‍ 2009-10 മുതല്‍ 2016-17 വരെയുള്ള കാലഘട്ടത്തിലെ കേരളത്തിന്‍റെ ആളോഹരി വില്പന 1170.29 രൂപ ആണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലേയ്ക്ക് യഥാക്രമം 525.19, 719.80, 576, 630.05 എന്നിങ്ങനെയാണ്.
മുസ്ലീംങ്ങള്‍ക്ക് മദ്യവും ഭാഗ്യക്കുറിയും ‘ഹറാം’ ആണല്ലോ. സത്യത്തില്‍ മദ്യത്തില്‍ നിന്നും ഭാഗ്യക്കുറിയില്‍ നിന്നും മാറി നില്ക്കുക വഴി മുസ്ലീങ്ങള്‍ സര്‍ക്കാരിന്‍റെ ലക്ഷ്യത്തെ സാക്ഷാത്കരിക്കുകയാണ്. പക്ഷേ കേരളത്തിന്‍റെ ധനകാര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ദോഷകരമാണ് എന്നതാണ് വിരോധാഭാസം.
ഇതിന് മുസ്സീങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. മതവിശ്വാസവുമായി ബന്ധപ്പെട്ടുകിടക്കുന്ന വരുമാന സ്രോതസ്സുകളില്‍ കേന്ദ്രീകരിക്കുന്ന സര്‍ക്കാര്‍ ആണ് ഇവിടുത്തെ പ്രതി. മതേതരമായ വരുമാന സ്രോതസ്സുകളില്‍ കേന്ദ്രീകരിച്ചാല്‍ ഈ പ്രശ്നം ഉദിക്കുകയില്ല.
മുസ്ലീങ്ങള്‍ കുടിക്കുകയും ഭാഗ്യക്കുറി എടുക്കുകയും ചെയ്യുന്നില്ലെങ്കില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും കൂടുതല്‍ കുടിക്കുകയും ഭാഗ്യക്കുറി എടുക്കുകയും ചെയ്തെങ്കിലേ കേരള സര്‍ക്കാര്‍ പുലര്‍ന്നു പോകൂ എന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിലെ ക്രിസ്ത്യാനികളില്‍ ദരിദ്രര്‍ താരതമ്യേന കുറവാണ്.
കേരളത്തിലെ ഹിന്ദുക്കളിലെ ഏറ്റവും ദരിദ്രരുടെ ഇടയില്‍ മദ്യപാനവും ഭാഗ്യക്കുറി എടുക്കലും മൂലം ഒരുതരം പാപ്പരീകരണം (Paparisation) നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പൊതു ചെലവുകളുടെ കാര്യത്തിലുള്ള അസമത്വം പൊതുവിഭവസമാഹരണത്തെ അപേക്ഷിച്ച് കൂടുതല്‍ ഗൗരവതരമാണ്. ട്രഷറികളിലൂടെയുള്ള പൊതുവിഭവങ്ങളുടെ ഒഴുക്കിനെ സംബന്ധിച്ച് ഈ ലേഖകന്‍ നടത്തിയ പഠനത്തിന്‍റെ ഫലങ്ങള്‍ ഞെട്ടിക്കുന്നതാണ്. 2006-07 മുതല്‍ 2015-16 വരെയുള്ള പത്തു വര്‍ഷക്കാലം ട്രഷറികളിലൂടെ നടന്ന വിതരണത്തില്‍ 73.12 ശതമാനം തിരു-കൊച്ചി മേഖലയിലാണ്. മലബാര്‍ മേഖലയില്‍ വെറും 26.88% മാത്രം. ശമ്പളവും പെന്‍ഷനും മാത്രമെടുക്കുമ്പോള്‍ ഇത് യഥാക്രമം 74.78% ഉം 25.22% ഉം ആണ്. ഈ അസന്തുലിതാവസ്ഥയുടെ കാരണങ്ങള്‍ അന്വേഷിച്ചു ചെന്നപ്പോള്‍ മനസ്സിലായത് ചില സമുദായങ്ങള്‍ക്ക് എക്കാലവും പൊതുവിഭവങ്ങള്‍ തങ്ങളിലേയ്ക്ക് ഒഴികിയെത്തത്തക്കവിധം സംവിധാനം ചെയ്യപ്പെട്ടതാണ് കേരള ധനകാര്യം എന്നതാണ് കേരളത്തിന്‍റെ മൊത്തം ശമ്പള-പെന്‍ഷന്‍ ചെലവിന്‍റെ 30.32% എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കാണ് പോകുന്നത്. എയ്ഡഡ് കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിനുള്ള മുന്‍ കൈയ്യാണ് ഇതിനു കാരണം.എയ്ഡഡ് സ്ഥാപനങ്ങള്‍ പൊതുവെയും കോളേജുകള്‍ പ്രത്യേകിച്ചും തിരു-കൊച്ചി മേഖലയില്‍ കേന്ദ്രീകരിച്ചിരുക്കുന്നതു മൂലം ഫലത്തില്‍ ഇത് തിരു-കൊച്ചി മേഖലയിലേയ്ക്ക് പൊതുവിഭവങ്ങള്‍ കുത്തിയൊലിച്ച് ഒഴുകാന്‍ കാരണമാവുന്നു.എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നാല്‍ നിയമനം മാനേജ്മെന്‍റും ശമ്പളവും പെന്‍ഷനും പൊതുവെ ഖജനാവില്‍ നിന്നും എന്നാണല്ലോ.
വേണ്ടത് അടിമുടി അഴിച്ചുപണി
പൊതുവെ കരുതപ്പെടുന്നതുപോലെ പൊതുവിഭവ സമാഹരണത്തിനുള്ള സാദ്ധ്യതയില്ലായ്മ അല്ല കേരളത്തിന്‍റെ ധനകാര്യ പ്രതിസന്ധിയുടെ മൂലകാരണമെന്ന് നാം കണ്ടു കഴിഞ്ഞു.ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള താക്കോല്‍ മേല്‍ചൂണ്ടിക്കാണിച്ച അസന്തുലിതാവസ്ഥകള്‍ പരിഹരിക്കുകയാണ്. പൊതുവിഭവസമാഹരണത്തെ സഹായിക്കും വിധം പൊതുചെലവുകള്‍ എങ്ങനെ ഉടച്ചുവാര്‍ക്കാം എന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി.

പക്ഷേ സര്‍ക്കാര്‍ എന്നത് ജനങ്ങള്‍ നല്കുന്ന പൊതുവിഭവങ്ങള്‍കൊണ്ട് പുലര്‍ന്നുപോകുന്ന സംവിധാനം മാത്രമാണ് എന്ന വസ്തുത മറച്ചു വെച്ചുകൊണ്ട് എല്ലാം സൗജന്യമാണെന്നും എക്കാലവും പ്രവഹിച്ചു കൊള്ളും എന്ന തെറ്റിദ്ധാരണയാണ് കേരളം കൊണ്ടു നടക്കുന്ന രാഷ്ട്രീയം എക്കാലവും സൃഷ്ടിച്ചിട്ടുള്ളത്. സാമ്പത്തിക ശാസ്ത്രത്തില്‍ ‘ധനമിഥ്യാ’ എന്ന് വിളിക്കപ്പെടുന്ന ഈ മാനസികാവസ്ഥയില്‍ നിന്ന് കേരള ജനതയെ പുറത്തുകൊണ്ടു വരിക എന്നത് ക്ഷിപ്ര സാധ്യമായ കാര്യമല്ല. പൊതുവിഭവങ്ങള്‍ ആരില്‍ നിന്നും എങ്ങനെ സമാഹരിക്കുന്നുവെന്നും ഉള്ളതിനേക്കുറിച്ച് പരമാവധി സുതാര്യത ഉണ്ടാവേണ്ടിയിരിക്കുന്നു.
കോവിഡും കേരള ബജറ്റും
ധനകാര്യ വിഷയങ്ങളിലെ സുതാര്യത ഇല്ലായ്മ ഏറ്റവും പ്രകടമാവുന്നതാണ് ജൂണ്‍ 4-ാം തീയതി ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് അദ്ദേഹത്തിന്‍റെ പിന്‍ഗാമി ഡോ.തോമസ് ഐസക്ക് 2016 മുതല്‍ പിന്‍തുടര്‍ന്നു വന്ന ധനകാര്യത്തിന്‍റെ തുടര്‍ച്ചയാണിത്. പൊതുവിഭവ സമാഹരണത്തിന് ഒരു പൈസയുടെ നിര്‍ദ്ദേശവുമില്ലാതെ അദ്ദേഹം പ്രഖ്യാപനങ്ങളുടെ പെരുമഴ പെയ്യിച്ചിരിക്കുകയാണ്.
2020-21 ല്‍ ബജറ്റ് എസ്റ്റിമേറ്റിനെക്കാള്‍ 20% കുറവ് ആയിരുന്നു വരുമാനം. ഈ ധനകാര്യ വര്‍ഷം 33% – 35% എങ്കിലും വരുമാനം കുറവാകാനാണ് സാദ്ധ്യത. ഇതിനര്‍ത്ഥം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മിക്കവാറും പദ്ധതികള്‍ കടലാസ്സില്‍ മാത്രം ആയിരിക്കും എന്നാണ്.
വിദേശ രാജ്യങ്ങളില്‍ ഒക്കെ അടച്ചിടല്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ‘പണം കൈമാറൽ’ (Cash Transfer) പദ്ധതികള്‍ ഉണ്ട്. 1000 ഡോളറിന് മുകളിലാണ് ചിലരാജ്യങ്ങളിലെ പണം കൈമാറല്‍. അടച്ചിടല്‍ കാലത്ത് സമ്പദ്വ്യവസ്ഥയിലെ ചോദനവും ഉല്‍പാദനവും നിലനിര്‍ത്തുന്നത് ഇങ്ങനെയാണ്.
എന്നാല്‍ കേരളത്തില്‍ സംഭവിച്ചത് എന്താണ്? കൊറോണയ്ക്ക് ശേഷം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു മാസം 500 രൂപയുടെ സൗജന്യ കിറ്റ്! അതേ സമയം മധ്യവര്‍ഗ്ഗത്തിനും സമ്പന്നര്‍ക്കും ഉള്ള ‘ഏറ്റുപോയ ചെലവുകളായ’ ശമ്പളത്തിനും പെന്‍ഷനും യാതൊരുവിധ കുറവുമില്ല. നേരെ മറിച്ച് ഇക്കൂട്ടര്‍ക്കുള്ള വിഹിതം കുറച്ച് തൊഴിലും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസം 5000 രൂപ കൊടുക്കാന്‍ തീരുമാനിക്കുന്നു എന്നിരിക്കട്ടെ. ആ തുക മുഴുവന്‍ തന്നെ വിപണിയില്‍ തിരികെയെത്തും.വിപണി തളര്‍ച്ചയില്‍ നിന്നും ഉണര്‍ത്തെണീക്കും. അതോടെ ചരക്കുസേവന നികുതി വരുമാവനും വര്‍ദ്ധിക്കും. നേരെ മറിച്ച് ശമ്പള പെന്‍ഷനുമായി വിതരണം ചെയ്തതിന്‍റെ നല്ലൊരു ശതമാനം ബാങ്കുകളിലും ഓഹരി വിപണിയിലും അടിഞ്ഞുകൂടുകയാണ്.

നമ്മുടെ രാഷ്ട്രീയക്കാരുടെ പ്രതിബദ്ധതാരാഹിത്യത്തിന്‍റെയും ദീര്‍ഘ വീക്ഷണം ഇല്ലായ്മയുടെയും ഉത്തമ ഉദാഹരണമാണ് ഇക്കഴിഞ്ഞ ശമ്പള-പെന്‍ഷന്‍ പരിഷ്കരണം. എങ്ങനെയും തുടര്‍ഭരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തിയ ശമ്പള-പെന്‍ഷന്‍ പരിഷ്കരണമാണ് കേരള ധനകാര്യത്തെ ഈ കോവിഡ് കാലത്ത് കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കിയത്.
കോവിഡാനന്തര ധനകാര്യം: ചില നിര്‍ദ്ദേശങ്ങള്‍
സാധാരണ ജനങ്ങളുടെ മേല്‍ ഭാരം കയറ്റി വയ്ക്കാതെ പൊതുവിഭവ സമാഹരണം നടത്തിയും പൊതുചെലവുകളിലെ പാഴ്ച്ചെലവ് കുറച്ചും എങ്ങനെ കോവിഡാനന്തര കേരളത്തെ കരകയറ്റി എന്നതിനെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു ഈ ലേഖനം അവസാനിപ്പിക്കാം.
പൊതുവിഭവസമാഹരണത്തിന് താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാം.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ഫീസുകള്‍
1972-73 ല്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ മൊത്തം റവന്യൂ ചെലവിന്‍റെ 5.55% ഫീസായി പിരിച്ചിരുന്നു.2020-22 ആകുമ്പോള്‍ ഇത് 1.65% ആയി കുറഞ്ഞിരിക്കുന്നു. ഫീസ് വര്‍ദ്ധനനിരക്ക് കോവിഡിന്‍റെ പശ്ചാത്തലത്തില്‍ 10% എന്ന് നിജപ്പെടുത്തിയാല്‍ മധ്യവര്‍ഗ്ഗത്തില്‍ നിന്നും സമ്പന്നരില്‍ നിന്നും മാത്രം 5000 കോടി രൂപ സമാഹരിക്കാനാവും.
വൈദ്യുതി തീരുവ
കേന്ദ്രനിയമപ്രകാരം വൈദ്യുതിയുടെ ഉപയോഗത്തിന്മേല്‍ ഉള്ള തീരുവ വര്‍ദ്ധിപ്പിച്ച് മധ്യവര്‍ഗ്ഗത്തില്‍ നിന്നും സമ്പന്നരില്‍ നിന്നും 200 കോടി രൂപയുടെ അധിക വരുമാനം സമാഹരിക്കാനാവും.
കെട്ടിട നികുതി
ഭരണഘടനപ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഈ നികുതി ചുമത്തല്‍ അധികാരം കേരളം അടക്കം കുറേ സംസ്ഥാനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നല്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കെട്ടിട നികുതിയ്ക്ക് വലിയ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ഗള്‍ഫ് പണത്തിന്‍റെ ഏകദേശം 45% വാസ ഗൃഹങ്ങളിലും വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളിലുമാണ്ചെലവഴിക്കപ്പെട്ടിരിക്കുന്നത്. വികസിത രാജ്യങ്ങളിലൊക്കെ ദേശീയ വരുമാനത്തിന്‍റെ 5% വരെയൊക്കെ കെട്ടിട നികുതി ആയി പിരിക്കുമ്പോള്‍ കേരളത്തിന്‍റെ കാര്യത്തില്‍ ഇത് 0.04% മാത്രമാണ്. 1994 ലെ കേരള മുനിസിപ്പാലിറ്റി-പഞ്ചായത്ത് ആക്ട് പ്രകാരം ഓരോ അഞ്ചു വര്‍ഷവും പുതുക്കേണ്ട കെട്ടിടനികുതി 2013 ല്‍ പുതുക്കിയത് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
കെട്ടിട നികുതി കാര്യക്ഷമമായി പിരിച്ചെടുക്കുന്നതില്‍ പ്രാദേശിക ഭരണക്കൂടങ്ങള്‍ക്ക് സഹജമായ പരിമിതികളുണ്ട്.പാവപ്പെട്ടവരെയും താഴ്ന്ന വരുമാനക്കാരെയും പൂര്‍ണ്ണമായി ഒഴിവാക്കി കോവിഡിന്‍റെ പ്രത്യേക സാഹചര്യം പരിഗണിച്ച് മധ്യവര്‍ഗ്ഗത്തിന്‍റെയും സമ്പന്നരുടെയും മേല്‍ ഉയര്‍ന്ന നിരക്കില്‍ കെട്ടിട നികുതി ചുമത്താവുന്നതാണ്. പ്രാദേശിക സര്‍ക്കാരുകളുടെ നഷ്ടം പരിഹരിച്ച് കൊടുക്കാം എന്ന വ്യവസ്ഥയില്‍ വസ്തു നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് എറ്റെടുക്കാം.ഈ ലേഖകന്‍റെ ഏകദേശ കണക്കുപ്രകാരം 15,000 കോടി രൂപ വസ്തു നികുതിയായി പിരിച്ചെടുക്കാന്‍ കഴിയും.

സ്റ്റാട്ട്യൂട്ടറി പെന്‍ഷന് പകരം സാര്‍വ്വത്രിക പെന്‍ഷന്‍
നികുതി-നികുതിയിതര വരുമാനം വര്‍ദ്ധിപ്പിക്കത്തക്ക വിധം പൊതു ചെലവുകള്‍ പുനര്‍ക്രമീകരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഇന്നത്തെ സ്റ്റാട്ട്യൂട്ടറി പെന്‍ഷനു പകരം സാര്‍വ്വത്രിക പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയാണ്. മുപ്പതുവര്‍ഷത്തെ സേവനത്തിനു ശേഷം സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് അവസാനമാണ് വാങ്ങിയ ശമ്പളത്തിന്‍റെ പകുതിയും ക്ഷാമബത്തയും ജീവിതകാലം മുഴുവന്‍ കൊടുക്കുന്ന ഇന്നത്തെ ഈ വ്യവസ്ഥയ്ക്ക് യാതൊരുവിധ നീതീകരണവുമില്ല. പെന്‍ഷന്‍ എന്നത് ‘മാറ്റി വച്ച ശമ്പളം’ ആണെന്നാണ് സങ്കല്പം. പക്ഷേ ഒരു പൈസ പോലും ശമ്പളത്തില്‍ നിന്ന് മാറ്റി വച്ചിട്ടില്ല. 30 ഉം 40 ഉം വര്‍ഷം മുന്‍പ് പെന്‍ഷന്‍ പറ്റിയവര്‍ക്ക് ഇന്നത്തെ വരുമാനത്തില്‍ നിന്ന് പെന്‍ഷന്‍ കൊടുക്കുകയാണ്.
വികസിത രാജ്യങ്ങളില്‍ എല്ലാം പെന്‍ഷന്‍ എന്നത് ശമ്പളത്തില്‍ നിന്നും മാറ്റിവച്ച് പെന്‍ഷന്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായാണ്. ഇന്ത്യയിലെ സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ തുടങ്ങിയ കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവായിരുന്നു. അവരുടെ ശമ്പളവും കുറവായിരുന്നു. മാത്രവുമല്ല 1951 ലെ കാനേഷുമാരി പ്രകാരം ആയുര്‍ദൈര്‍ഘ്യം 32 വയസ്സായിരുന്നു എന്നു പറഞ്ഞാല്‍ പെന്‍ഷന്‍ ആകുന്ന ഒരാള്‍ ഏറിയാല്‍ 10 വര്‍ഷം കൂടിയൊക്കെയേ ജീവിക്കുമായിരുന്നുള്ളൂ.
എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം കൂടി.അവരുടെ ആയുര്‍ദൈര്‍ഘ്യം കൂടി. 2020 ലെ ആയുര്‍ദൈര്‍ഘ്യം 69.73 ആണ്. അവര്‍ രാഷ്ട്രീയക്കാരുടെ പിന്നണിയാളുകള്‍ ആയി ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ശമ്പളവും പെന്‍ഷനും പരിഷ്കരിച്ചെടുത്തു. സത്യത്തില്‍ തൊഴിലില്ലായ്മ മൂലം പരമാവധി പേര്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുക എന്ന സമീപനമാണ് ഇന്ന് കേരള സമൂഹത്തിന് കണ്ട കോടാലി ആയിട്ടുള്ളത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാര്‍വ്വത്രിക പെന്‍ഷന്‍ തുടക്കത്തിലേ സ്വീകരിച്ചിരുന്നെങ്കില്‍ ഇത്രമാത്രം പേര്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ സംരംക്ഷണം ലഭിക്കുകയില്ലായിരുന്നു എന്ന ദോഷമേ സമൂഹത്തിന് ഉണ്ടാകുമായിരുന്നുള്ളൂ.
ഇന്ന് സര്‍ക്കാര്‍ പെന്‍ഷന്‍ക്കാരുടെ ശരാശരി പെന്‍ഷന്‍ 42,000 രൂപയാണ്. അതിനര്‍ത്ഥം അതിനേക്കാള്‍ ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങുന്നവര്‍ വളരെ ഉണ്ട് എന്നതാണ്. പ്രതിമാസം ഒരു ലക്ഷം രൂപ വരെ പെന്‍ഷന്‍ വാങ്ങുന്ന ദമ്പതിമാരായ പെന്‍ഷന്‍ക്കാര്‍ ആയിരക്കണക്കിനുണ്ട് ഇക്കൂട്ടര്‍ക്ക് വര്‍ഷാവര്‍ഷം ഉള്ള ക്ഷാമ ബത്തതയും കൂടി കൊടുത്തു കഴിഞ്ഞ് എത്രമാത്രം പൊതുവിഭവങ്ങള്‍ സമാഹരിച്ചാലും മറ്റുള്ള ആവശ്യങ്ങള്‍ക്ക് പൊതുവിഭവങ്ങള്‍ തികയുകയില്ല.
ഇന്നത്തെ പെന്‍ഷന്‍ സമ്പ്രദായം സാമ്പത്തിക പ്രവര്‍ത്തനങ്ങളെയോ വിഭവസമാഹരണത്തെയോ സഹായിക്കുന്നതല്ല. ബഹുഭൂരിപക്ഷം പെന്‍ഷന്‍കാരും വാടകയിനത്തിലും സ്ഥിരനിക്ഷേപങ്ങളില്‍ നിന്നും വരുമാനം ഉള്ളവരാണ്. പെന്‍ഷന്‍റെ ശരാശരി 25% പോലും പൊതു വിപണിയില്‍ എത്തുന്നില്ല. ബാക്കി മുഴുവന്‍ ബാങ്ക് നിക്ഷേപങ്ങളിലും ഓഹരി വിപണിയിലും അടിഞ്ഞുകൂടുകയാണ്.
‘മാറ്റിവച്ച ശമ്പളം’ എന്ന വിതണ്ഡവാദത്തിനുപകരം പെന്‍ഷന്‍ എന്നത് ‘മാന്യമായി ജീവിക്കാന്‍’ സമൂഹത്തിന്‍റെ സൗമനസ്യമായി അംഗീകരിക്കുകയാണ് വേണ്ടത്. കുറഞ്ഞ പെന്‍ഷനെക്കുറിച്ചും കൂടിയ പെന്‍ഷനെക്കുറിച്ചും സാമൂഹികമായ ഒരു അഭിപ്രായ സമന്വയം ഉണ്ടാകേണ്ടിയിരിക്കുന്നു. ഉദാഹരണമായി കുറഞ്ഞ പെന്‍ഷന്‍ 5000 രൂപയും പരമാവധി പെന്‍ഷന്‍ 20,000 രൂപയും എന്ന് നിജപ്പെടുത്താവുന്നതാണ്. സാര്‍വ്വത്രിക പെന്‍ഷന്‍ എന്നത് കേരള സമ്പദ്വ്യവസ്ഥയെയും സമൂഹത്തെയും സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാവും.
ഉപസംഹാരം
കോവിഡിന്‍റെ ഇക്കാലം കേരള ധനകാര്യത്തെക്കുറിച്ച് ആരോഗ്യകരമായ സംവാദങ്ങള്‍ ഉയര്‍ത്തി നീതിയുടെ അടിസ്ഥാനത്തില്‍ ധനകാര്യം അഴിച്ചു പണിയാനുള്ള അവസരം കൂടിയാണ്. ഇക്കാര്യത്തിന് ഉപകരിക്കുന്ന ചിന്തകളാണ് ഈ ലേഖനം പങ്കുവച്ചത്.
(ഗുലാത്തി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടാക്സേഷനിലെ മുന്‍ ഫാക്കല്‍റ്റിയംഗമായ ലേഖകന്‍ ‘കേരള ധനകാര്യം: ജനപക്ഷത്തുനിന്ന് ഒരു പുനര്‍ വായന’ എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവാണ്.)