കോണ്‍ഗ്രസ്സ് പുനസ്സംഘടന: സുധാകരന്‍ വന്നു; ഇനിയെന്തു വേണം കോണ്‍ഗ്രസ്സിന്?

‘സുധാകരനെ വിളിക്കൂ; കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് കുറെ നാളുകളായി കേരളത്തിലെങ്ങും കേട്ടുവന്ന പല്ലവി. സാമൂഹികമാധ്യമങ്ങളും മുഖ്യധാരക്കാരും നിരീക്ഷകരും ഒരേസ്വരത്തിലാണ് സുധാകരനു വേണ്ടി രംഗത്തുവന്നത്. തിരുവനന്തപുരത്തു കെപിസിസി ആസ്ഥാനത്തു രണ്ടുപേര്‍ ഒരു ഫ്ളെക്സ് ബോര്‍ഡുമായി വന്ന് സത്യാഗ്രഹം ഇരിക്കുന്നതും കണ്ടു. കണ്ണൂരില്‍ നിന്നുള്ള സുധാകരന്‍റെ ഡ്രൈവര്‍ ആണത്രേ ഈ സുധാകര സ്നേഹികളെ ഇന്ദിരാഭവന്‍ പരിസരത്തുനിന്ന് ആട്ടിയോടിച്ചത്.

കെ സുധാകരൻ

ഏതായാലും സുധാകരനും കേരളവും കുറേക്കാലമായി കാത്തിരുന്ന ആ വിളിവന്നു. ദല്‍ഹിയിലെ ഐസിസിസി ആസ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധിയാണത്രെ വിളിച്ചത്. ഇനി ഈ പാര്‍ട്ടിയെ സുധാകരന്‍റെ കരങ്ങളില്‍ ഏല്പിക്കുന്നു എന്നാണത്രെ രാഹുല്‍ഗാന്ധി ഉരിയാടിയത്. നൂറ്റിമുപ്പത് കഴിഞ്ഞ കക്ഷിയാണ്. കുറേക്കൂടി ചെറുപ്പക്കാരായ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കാഞ്ഞിട്ടല്ല. തല്‍ക്കാലം സുധാകരനെ തന്നെ സ്വയംവരിക്കാം എന്ന് നിശ്ചയിക്കുകയായിരുന്നുവത്രെ എഐസിസി ആസ്ഥാനത്തെ സ്ഥിരം സേവപിടുത്തക്കാര്‍.

സുധാകരന്‍ വന്നാല്‍ കേരളമോ കെപിസിസിയോ രക്ഷപ്പെടുമോ എന്ന ചോദ്യത്തില്‍ ഒരു പ്രസക്തിയുമില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥാവിശേഷം. പാര്‍ട്ടിയിലെ ഇന്നത്തെ അവസ്ഥ ആലോചിച്ചു നോക്കുമ്പോള്‍ പരമസങ്കടം എന്നു മാത്രമേ പറയാനാവുകയുള്ളു. അടിമുതല്‍ മുടി വരെ അവസരസേവകര്‍ മാത്രമാണ് ഇന്ന് കോണ്‍ഗ്രസ്സില്‍ അവശേഷിക്കുന്നത്. എന്നിരുന്നാലും ഒരുപക്ഷേ കോണ്‍ഗ്രസ്സ് വീണ്ടും ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ചു വന്നുകൂടെന്നില്ല.

കാരണം നരേന്ദ്ര മോദിയുടെ ഭരണത്തോടുള്ള എതിര്‍പ്പും രോഷവും ഇന്ന് അണപൊട്ടി ഒഴുകുകയാണ്. അതിനാല്‍ ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ വീണ്ടും പിന്‍തുണച്ചു എന്നു വരാം. കേരളത്തിലും അതുതന്നെയാണ് അവസ്ഥ. കോവിഡ് കണ്ടു പേടിച്ച മലയാളികള്‍ കരുത്തനായ ഭരണാധികാരി പിണറായി വിജയന് വോട്ടുകുത്തി അദ്ദേഹത്തെ വീണ്ടും വാഴിച്ച നാടാണിത്. ഭരണതുടര്‍ച്ച എന്നാല്‍ അഴിമതിയുടെയും അക്രമത്തിന്‍റെയും സ്വജനപക്ഷപാതത്തിന്‍റെയും തുടര്‍ച്ച എന്ന് മാത്രമാണ് അര്‍ഥം എന്ന് ചൂണ്ടിക്കാട്ടിയവരെ ജനം തള്ളി. ഭരണത്തുടര്‍ച്ച വന്നു.

പിന്നാലെ കുടത്തിലെ ഭൂതങ്ങള്‍ ഓരോന്നായി പുറത്തു ചാടാനും തുടങ്ങിയിരിക്കുന്നു. ഭരണം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് റവന്യു വകുപ്പില്‍ നിന്ന് ഇറക്കിക്കൊടുത്ത ഒരു തീട്ടൂരത്തിന്‍റെ ബലത്തില്‍ നൂറുകോടിയുടെ സര്‍ക്കാര്‍ വക മരമാണ് കട്ടുമുറിച്ചത് എന്ന് മാധ്യമങ്ങള്‍ പറയുന്നു. വയനാട്ടില്‍ ആദിവാസികള്‍ക്കു പട്ടയം കൊടുത്ത ഭൂമിയില്‍ കേറി പട്ടാപ്പകല്‍ ആണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈട്ടിയും തേക്കും മുറിച്ചു മാറ്റിയത്. റവന്യു വനം വകുപ്പുകളുടെ ഒരു കൂട്ടു സംരംഭമായിരുന്നു മുട്ടില്‍ ഗ്രാമത്തിലും മറ്റനേകം പ്രദേശങ്ങളിലും റിസര്‍വ് വനങ്ങളില്‍പ്പോലും കടന്നുകയറി നടത്തിയ വനംകൊള്ളയുടെ പിന്നില്‍.

വനസംരക്ഷണം ജീവിതവ്രതമായി എടുത്ത പരിസ്ഥിതിപ്പോരാളികളുടെ പാര്‍ട്ടിയാണ് സിപിഐ. എന്താണ് ഈ വനം കൊള്ളയുടെ വിശദീകരണം? എന്തുകൊണ്ട് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒരക്ഷരം മിണ്ടുന്നില്ല? വനം എന്നുകേട്ടാല്‍ വേഴാമ്പലിനെപ്പോലെ മാഴ്കുന്ന ബിനോയ് വിശ്വം എങ്ങുപോയ് മറഞ്ഞു?

എങ്ങനെ ഈ മരങ്ങള്‍ സുരക്ഷിതമായി നൂറുകണക്കിനു കിലോമീറ്ററുകള്‍ യാത്ര ചെയ്ത് തടിമില്ലുകള്‍ തേടി പെരുമ്പാവൂരും മറ്റും എത്തിച്ചേര്‍ന്നു? എന്താണ് പോലീസ് വഴിയില്‍ ഇങ്ങനെ മരങ്ങള്‍ മുറിച്ചു കടത്തുന്നത് കണ്ടിട്ടും മിണ്ടാതിരുന്നത്? ആര്‍ക്കും ഒരു ചോദ്യവുമില്ല. അതിനാല്‍ ഉത്തരവുമില്ല.

സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും

കാര്യം വ്യക്തമാണ്. അധികാരം അഴിമതിയുടെ ആവശ്യത്തിനാണ് ഇടതും വലതുമുള്ള എല്ലാ രാഷ്ട്രീയക്കാരും ഉപയോഗിച്ചത്. സാധാരണനിലയില്‍ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഒരു ജാഗ്രത കാണിക്കാറുണ്ട്. ഇത്തവണ മിക്ക മാധ്യമങ്ങളും സര്‍ക്കാര്‍ മെഗാഫോണ്‍ എന്ന മട്ടിലാണ് പ്രവര്‍ത്തിച്ചത്. അവര്‍ ഭരണത്തിലെ പ്രമാണിമാരുമായും സമൂഹത്തിലെ പണക്കൊഴുപ്പുള്ള ഇടപാടുകാരുമായും ഒരു ഐക്യമുന്നണി സ്ഥാപിച്ചാണ് മുന്നോട്ടുപോയത്. അതിനാല്‍ നാട്ടില്‍ നടക്കുന്ന പകല്‍കൊള്ളയില്‍ കൃത്യമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍, അന്വേഷണങ്ങള്‍ നടത്താന്‍ അവര്‍ക്കു കഴിയുന്നില്ല. മുട്ടില്‍ മരംമുറി കേസില്‍ ഇടനിലക്കാരായി നിന്നത് കേള്‍വികേട്ട മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് എന്ന് ചീഫ് ഫോറസ്റ്റ് ഓഫീസര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു മാധ്യമസ്ഥാപനങ്ങളുടെ പേരും അതിലുണ്ട്. ഇന്നുവരെ ബന്ധപ്പെട്ട കക്ഷികള്‍ പൊതുമൂഹത്തിനു ഒരു വിശദീകരണവും നല്‍കിയിട്ടില്ല. കാട്ടിലെ മരം, പിണറായി തേവരുടെ ആന. ആരാണ് ഇവിടെ ചോദിക്കാന്‍ എന്ന് മാധ്യമശിങ്കങ്ങള്‍.

ഇങ്ങനെയുള്ള ഒരു അന്തരീക്ഷത്തിലാണ് കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ കെപിസിസിയുടെ തലപ്പത്തു വരുന്നത്. അദ്ദേഹം തലസ്ഥാനത്തെ അധികാരകേന്ദ്രങ്ങളില്‍ നിന്ന് കുറേക്കാലമായി അല്പം അകന്നുനില്‍ക്കുകയായിരുന്നു എന്നത് അദ്ദേഹത്തിന് അനുകൂലമായ ഒരു ഘടകമാണ്. സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള അതിര്‍വരമ്പ് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അത്തരമൊരു ലക്ഷ്മണരേഖയുടെ സാന്നിധ്യം പ്രയോജനം ചെയ്യും. എല്ലാം ഒരേമാതിരിയാണ്, ആരുഭരിച്ചാലും ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ല എന്ന ചിന്താഗതിയില്‍ നിന്ന് മോചനം നേടാനും അത് സഹായിച്ചേക്കും.

സുധാകരന്‍ കെപിസിസി അധ്യക്ഷനായി വാഴിക്കപ്പെടുമ്പോള്‍ കാണപ്പെട്ട അണികളുടെ അമിതാവേശത്തിനു എന്താവാം കാരണം? കോണ്‍ഗ്രസ്സില്‍ അണികള്‍ അങ്ങേയറ്റം ഹതാശരാണ് എന്ന സത്യമാണ് അത് ചൂണ്ടിക്കാണിക്കുന്നത്. നേതാക്കള്‍ അണികളെ ഇത്രയേറെ നിരാശപ്പെടുത്തിയ മറ്റൊരു അവസരം ഓര്‍ക്കാന്‍ പ്രയാസമുണ്ട്.

തോറ്റു എന്നത് മാത്രമല്ല പ്രശ്നം. എന്തുകൊണ്ട് തോറ്റു എന്നതിന് സത്യസന്ധമായ ഒരു ഉത്തരം പോലും കണ്ടെത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. യുഡിഎഫ് യോഗം കഴിഞ്ഞു കണ്‍വീനര്‍ എം എം ഹസ്സന്‍ നടത്തിയ പത്രസമ്മേളനം ഓര്‍ക്കുക. വോട്ടു ഞങ്ങള്‍ക്കും കിട്ടിയിട്ടുണ്ട്, അതിനാല്‍ ഇതൊരു വലിയ തോല്‍വിയല്ല എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമാകട്ടെ രംഗത്തുനിന്ന് മാറിനില്‍ക്കുകയുമാണ്. അവര്‍ പുതിയ അധ്യക്ഷന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്, പക്ഷേ ഗ്രൂപ്പില്ലാത്ത സുധാകരനെ, ഗ്രൂപ്പ് മാത്രം കൈമുതലായ ഈ നേതാക്കള്‍ പ്രവര്‍ത്തിക്കാന്‍ വിടുമോ? അതോ അദ്ദേഹത്തിന്‍റെ വഴിയില്‍ വാരിക്കുഴികള്‍ നിരത്തിവെക്കുമോ?

കോണ്‍ഗ്രസ്സിലെ സമീപകാല അനുഭവങ്ങള്‍ നോക്കിയാല്‍ സുധാകരന്‍ വന്നതുകൊണ്ട് പാര്‍ട്ടി രക്ഷപ്പെടും എന്ന് പ്രതീക്ഷിക്കാനാവുകയില്ല. വി എം സുധീരന്‍ കോണ്‍ഗ്രസ്സ് കണ്ട ഏറ്റവും നല്ല നേതാക്കളില്‍ ഒരാളായിരുന്നു. കാര്യങ്ങള്‍ പഠിച്ചു സംസാരിക്കുന്ന വ്യക്തിത്വം. ദീര്‍ഘമായ പൊതുപ്രവര്‍ത്തന പാരമ്പര്യം. അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ ജീവിതം. സുധീരനു ഹൃദയത്തിനു ശസ്ത്രക്രിയ വേണ്ടിവന്നപ്പോള്‍ അമേരിക്കയില്‍ പോയി ചികിത്സ തേടാന്‍ വഴിയില്ലാതെ അദ്ദേഹം പ്രയാസപ്പെട്ട ഒരു അവസരം ഉണ്ടായിരുന്നു. പിന്നീട് വിവരം കേട്ടറിഞ്ഞ സോണിയാഗാന്ധിയാണ് അദ്ദേഹത്തിന് എഐസിസി ഫണ്ടില്‍ നിന്നും ചികിത്സക്ക് പണം നല്‍കിയത്. അതില്‍ ബാക്കിവന്ന കാശ് എഐസിസി ഓഫിസില്‍ തിരിച്ചടക്കാനും കണക്കുകള്‍ നല്‍കാനുമായി അദ്ദേഹം ദല്‍ഹിയില്‍ തിരിച്ചുവന്ന അവസരം ഞാനോര്‍ക്കുന്നു. അത്രയും കൃത്യത ജീവിതത്തില്‍ പാലിച്ചയാള്‍. എന്നിട്ടും കേരളത്തിലെ ഗ്രൂപ്പുകള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തി പുറത്തിറക്കി വിട്ടു. മുല്ലപ്പള്ളിയുടെ കാര്യവും വ്യത്യസ്തമല്ല. മടിയില്‍ കനമില്ലാത്ത അപൂര്‍വം നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. എന്തുകൊണ്ടു മുല്ലപ്പള്ളിയും കെപിസിസി ആസ്ഥാനത്തു വാഴുകയുണ്ടായില്ല എന്നത് കേരളം ആലോചിക്കേണ്ട വിഷയമാണ്.

മുല്ലപ്പള്ളി രാമചന്ദ്രന്‍

തത്വാധിഷ്ഠിതവും അഴിമതിരഹിതവുമായ പൊതുജീവിതത്തിന്‍റെ കാലം കേരളത്തില്‍ കഴിഞ്ഞുപോയി എന്നാണോ ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ടത്? പൊതുജീവിതത്തില്‍ നവലിബറല്‍ കാലത്തിന്‍റെ യുക്തികളും പ്രവര്‍ത്തനരീതികളും കേരളീയരും അംഗീകരിക്കുകയാണോ?

ഇടതുപക്ഷം അത് നേരത്തെ തന്നെ പിന്‍പറ്റി കഴിഞ്ഞു. പണക്കൊഴുപ്പു കാണിച്ചും മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വിലക്കെടുത്തും നടത്തിയ പ്രവര്‍ത്തനമാണ് അവര്‍ നടത്തിയത്. വിജയിച്ചതും അതുതന്നെ.

അതിനാല്‍ സുധാകരന്‍റെ മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. അതേപോലെ സാധ്യതകളും. മുഖ്യധാരയില്‍ നിന്ന് മാറിനിന്നാല്‍ അതിന്‍റെ നാറ്റവും കുറയും. മാത്രമല്ല, കേരളം ഭരിക്കുന്ന കണ്ണൂരിലെ മാഫിയാ സംഘത്തെ എക്കാലത്തും ചെറുത്തുനിന്ന രാഷ്ട്രീയ പാരമ്പര്യമാണ് സുധാകരനെ വ്യത്യസ്തനാക്കുന്നത്. അവരുടെ ചപ്പടാച്ചികളെ അദ്ദേഹം തരിമ്പും വിലവെച്ചില്ല.

ഒരുകാലത്തു കണ്ണിനു കണ്ണ്, പല്ലിന് പല്ല് എന്നമട്ടില്‍ കണ്ണൂരില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ സാഹസികനാണ്. ധീരനായ എം വി രാഘവനെ തെരുവില്‍ പാട്ടകൊട്ടി സിപിഎം അനുയായികള്‍ ഭ്രാന്തനെപ്പോലെ പിന്നാലെ നടന്ന് ആര്‍ത്തുവിളിച്ച ആ നാട്ടില്‍ അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി പ്രതിരോധം തീര്‍ത്ത പാരമ്പര്യം സുധാകരന് മാത്രം അവകാശപ്പെട്ടതാണ്.

അതിന്‍റെ ഇരകള്‍ ഇരുഭാഗത്തുമുണ്ട്. എംവിആറിന്‍റെ ശിഷ്യര്‍ തന്നെ അദ്ദേഹത്തെ നിയമസഭയിലിട്ടു ചവിട്ടി. പാര്‍ട്ടിസമ്മേളനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങിയ ഇ പി ജയരാജനു നേരെ ആന്ധ്രയിലെ ഒരു റെയില്‍വേസ്റ്റേഷനു അടുത്തുവെച്ച് കണ്ണൂരില്‍ നിന്നുള്ള കൊലയാളികള്‍ വെടിയുതിര്‍ത്തു. ഇന്നും ജയരാജന്‍ കഴുത്തില്‍ വെടിയുണ്ടയുമായി കഴിയുന്നു. എന്നാല്‍ അങ്ങനെ ജീവന്‍ നല്‍കി സംരക്ഷിച്ച പാര്‍ട്ടി ഇപ്പോള്‍ ജയരാജനെയും മുക്കിലിരുത്തി. വ്യാജമായ ബിംബങ്ങളും വ്യാജമായ അവകാശവാദങ്ങളും വഴി പുതിയൊരു പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പഴയ വേട്ടക്കാരും പഴയ ഇരകളും ഇപ്പോള്‍ ഒരേ പന്തിയിലാണ് കഴിയുന്നത്; അധികാരത്തിന്‍റെ പന്തിക്കു പുറത്ത്. അവര്‍ എല്ലാക്കാലത്തും അങ്ങനെ ഇരുന്നുകൊടുക്കും എന്നൊന്നും ഉറപ്പിക്കാനാവില്ല. രാഷ്ട്രീയം സാധ്യതകളുടെ ഒരു വേദിയാണ്. അത് മുന്നില്‍ വരുമ്പോള്‍ പഴയ ശത്രുക്കള്‍ മിത്രങ്ങളാകും; പുതിയ മിത്രങ്ങള്‍ തെറ്റിപ്പിരിയും.

അതിനാല്‍ സുധാകരന്‍ നേതൃത്വത്തിലേക്ക് വരുമ്പോള്‍ അതുയര്‍ത്തുന്ന പുതിയ സാധ്യതകളെയും കാണാതിരുന്നു കൂടാ. ഒരുകാലത്തു എം വി രാഘവന്‍ അത്തരം ഒരു പാതയിലൂടെ നടന്നയാളാണ്. ഒരുപക്ഷേ അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ ഇനിയും എത്രയോ പേര്‍ അതേവഴിയിലൂടെ സഞ്ചരിക്കേണ്ടതായി വന്നേക്കും എന്നത് ഒരു സമകാല സാധ്യതയാണ്. അതിനാല്‍ കേരളത്തില്‍ പുതിയ ഒരു രാഷ്ട്രീയം, ജനങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തിയ മനുഷ്യര്‍ക്കുകൂടി പങ്കാളിത്തമുള്ള ഒരു രാഷ്ട്രീയത്തിനു വേണ്ടിയുളള പോരാട്ടം സുധാകരനിലൂടെ വീണ്ടും വന്നുകൂടാ എന്നില്ലല്ലോ.