depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp യഥാര്‍ത്ഥ പ്രതികള്‍ ഭരണസിരാ കേന്ദ്രത്തിനു പുറത്തല്ല, അകത്താണ് – Janashakthi Online

യഥാര്‍ത്ഥ പ്രതികള്‍ ഭരണസിരാ കേന്ദ്രത്തിനു പുറത്തല്ല, അകത്താണ്

കേരളം ഇന്ന് വരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മരക്കൊള്ളയുടെ കഥകള്‍ ഇപ്പോള്‍ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നത് വയനാട്ടിയിലെ മുട്ടില്‍ എന്ന സ്ഥലത്തു കണ്ട മരക്കൊള്ള വലിയൊരു മഞ്ഞുമലയുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് എന്നാണ്. ഈ കൊള്ളക്കു കാരണമായത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തു, കൃത്യമായി പറഞ്ഞാല്‍ 2020 ഒക്ടോബര്‍ 24 നു റവന്യു വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയ ഡോ. ജയതിലക് ഇറക്കിയ ഒരു ഉത്തരവാണ്. പ്രത്യക്ഷത്തില്‍ അത് വായിച്ചാല്‍ വലിയ കുഴപ്പം ആര്‍ക്കും തോന്നില്ല. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം കിട്ടിയ ഭൂമിയില്‍ കര്‍ഷകര്‍ നട്ടു വളര്‍ത്തിയതോ സ്വമേധയാ വളര്‍ന്നു വന്നതോ ആയ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്നതാണ് ഉത്തരവ്. ദീര്‍ഘകാലമായി കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യമാണിത്. 2005 ല്‍ യുഡിഎഫ് ഭരണകാലത്തു കെ എം മാണി പാസാക്കിയ മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്ന നിയമവും ഇത് അനുവദിക്കുന്നുണ്ട്. 1986 മരങ്ങള്‍ സംരക്ഷിക്കുന്ന നിയമവും ഈ ഉത്തരവിന് പിന്‍ബലമായി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഈ ഉത്തരവിലെ പ്രയോഗക്ഷമമായ ഭാഗമായി ( ഓപ്പറേറ്റിംഗ് പാര്‍ട് ) ആറാം ഖണ്ഡിക മേല്പറഞ്ഞ എല്ലാ തത്വങ്ങള്‍ക്കും കടക വിരുദ്ധമാണ് എന്ന് മാത്രമല്ല നാളിതുവരെ ഒരു സര്‍ക്കാര്‍ ഉത്തരവിലും കാണാത്തവിധം നിയമവിരുദ്ധവുമാണ്. അതില്‍ ചില പ്രധാനവിഷയങ്ങള്‍ മാത്രം പരിശോധിക്കാം.

ഡോ ജയതിലക് ഐ എ എസ്

ഒന്നാമതായി, ഇങ്ങനെ ഒരു മരം മുറി ഉത്തരവ് ഇറക്കാന്‍ റവന്യു വകുപ്പിനുള്ള അധികാരം തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ചന്ദനം ഒഴിച്ചുള്ള മരങ്ങള്‍ എന്ന് പറയുമ്പോള്‍ അതില്‍ രാജകീയ വൃക്ഷങ്ങള്‍ എന്ന രീതിയില്‍ സംരക്ഷിക്കപ്പെടണം എന്ന് 1964 ഭൂപതിവ് ചട്ടങ്ങളും നേരത്തെ പറഞ്ഞ വൃക്ഷ സംരക്ഷണനിയമങ്ങളും വ്യക്തമാക്കുന്ന ഈട്ടി, തേക്ക്, എബണി (ഇരുള്‍) എന്നീ മരങ്ങളും വെട്ടാം എന്ന് വരുന്നു. ഇതിനു പിന്‍ബലമായി പറയുന്നത് സര്‍വകക്ഷി യോഗത്തിന്‍റെ തീരുമാനപ്രകാരം 2017 ആഗസ്ത് 17 നു റവന്യു വകുപ്പ് ഇറക്കിയ ഉത്തരവിലെ ഭേദഗതികള്‍ ആണ്. കര്‍ഷകരുടെ ആവശ്യം എന്ന രീതിയിലാണ് സര്‍വകക്ഷിയോഗം ചേര്‍ന്നത്. ഇതേപോലെ ഒരു ഉത്തരവ് 2019 മാര്‍ച്ച 13 നും റവന്യു വകുപ്പ് ഇറക്കിയിരുന്നു. അതേവര്‍ഷം ജൂണ്‍ 11 നു റവന്യു മന്ത്രിയും നവംബര്‍ ആറിന് വനം മന്ത്രിയും നിയമസഭയില്‍ നല്‍കിയ മറുപടികളില്‍ വ്യക്തമായി പറയുന്നത് പണമടച്ചാലും ഇല്ലെങ്കിലും തേക്ക് ഈട്ടി, ഇരുള്‍ എന്നീ മരങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള അവസരം 2017 ലെ ചട്ടഭേദഗതി പ്രകാരം ലഭിക്കുന്നില്ല എന്നാണ്.

ഈ സാഹചര്യത്തില്‍ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ എന്ന ഉത്തരവ് തന്നെ തെറ്റാണ്. നിയമസഭയില്‍ മന്ത്രിമാര്‍ പറഞ്ഞതിനെതിരാണ്. ഈ നിയമലംഘനം നടത്താന്‍ ആരാണ് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായ ജയ തിലകിന് ധൈര്യം നല്‍കിയത്? ആരുടെ താല്പര്യമനുസരിച്ചായിരുന്നു ഈ നിയമവിരുദ്ധ ഉത്തരവ്? ഇതിലെ നിയമവിരുദ്ധതയെ കുറിച്ച് വയനാട് കളക്ടര്‍ അടക്കം നിരവധി റവന്യു വകുപ്പിലെയും വനം വകുപ്പിലെയും ഉദ്യോഗസ്ഥര്‍ വിശദീകരണങ്ങള്‍ ചോദിച്ചു എങ്കിലും സെക്രട്ടറി അനങ്ങിയില്ല. ഈ ഉത്തരവ് കാണാത്തവരില്‍ അഡ്വക്കേറ്റ് ജനറലും വനം വകുപ്പിലെ ഉന്നതരും പെടുന്നു. അവരും ഇതിലെ നിയമവിരുദ്ധത കണ്ടില്ലെന്നാണോ?

കേവല നിയമ പ്രശ്നത്തിനപ്പുറം അപകടകരമാണ് ഈ ഉത്തരവ്. അതിലെ ആറാം ഖണ്ഡികയുടെ അവസാനഭാഗത്തു ഇങ്ങനെ മരങ്ങള്‍ മുറിക്കുന്നതിന് ‘പ്രത്യേകിച്ച് ആരുടെയും അനുവാദം വാങ്ങേണ്ടതില്ലെന്നും വ്യക്തമായി ഉത്തരവാകുന്നു.’ ‘അവിടെയും നിര്‍ത്താതെ ഒരു പടി കൂടി കടന്നു’ അപ്രകാരമുള്ള മരങ്ങള്‍ മുറിക്കുന്നതിനെ തടസപ്പെടുത്തുന്ന രീതിയില്‍ ഉത്തരവുകള്‍ പാസാക്കുന്നതോ നേരിട്ട് തടസപ്പെടുത്തുന്നതോ ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കി അങ്ങനെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതുമാണ്.’ ഈ ഉത്തരവിന്‍റെ ബലത്തില്‍ ആരെങ്കിലും മരം മുറിക്കുന്നതായി കണ്ടാല്‍ അതിനെതിരെ രേഖാമൂലമായോ നേരിട്ടോ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ എങ്ങനെ ധൈര്യപ്പെടും? എന്നിട്ടും ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അതിനു തയ്യാറായതാണ് ഇപ്പോള്‍ ഈ വിവരങ്ങള്‍ പുറത്തു വരാന്‍ കാരണം. (സ്വന്തം ജീവന്‍ പോലും അവഗണിച്ചു വനം സംരക്ഷിക്കാന്‍ തയാറാകുന്ന ധനേഷ്കുമാര്‍, സമീര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ കരിവാരിത്തേക്കാന്‍ മരക്കൊള്ളക്കാര്‍ ശ്രമിച്ചതും നാം കണ്ടതാണ്.) ഇവിടെ ഗുരുതരമായ ഒരു ഭരണവനിര്‍വഹണ പ്രതിസന്ധി ഉണ്ടാകുന്നു.

സാധാരണഗതിയില്‍ ഏതു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കാന്‍ ധൈര്യം നല്‍കുന്ന ഒന്നാണ് നിയമത്തിലെ ഉറച്ച വിശ്വാസം (ഗുഡ് ഫെയ്ത്) എന്നത്. പോലീസ് അടിക്കുമ്പോഴും വെടിവക്കുമ്പോഴും പോലും അവര്‍ക്കു കവചമാകുന്നത് ഈ സമീപനമാണ്. എന്നാല്‍ അത് ഇല്ലാതാക്കുന്ന ഒന്നായി ഈ ഉത്തരവ് മാറി. ഇന്ന് വരെ ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ഇങ്ങനെ വന്നിട്ടുണ്ടോ എന്ന് സംശയമാണ്.

ഇങ്ങനെ ഒരു ഉത്തരവിന് പിന്നില്‍ കേവലം കര്‍ഷക സ്നേഹമല്ല എന്നും അതിനപ്പുറം വലിയ സാമ്പത്തിക താല്പര്യങ്ങള്‍ ഉണ്ടെന്നും സംശയിക്കാന്‍ കാരണമാകുന്നത് ഇതൊക്കെയാണ്.

റവന്യു വനം വകുപ്പുകള്‍ മാത്രമല്ല മന്ത്രിസഭ ആകെ, മുഖ്യമന്ത്രിയടക്കം താലപര്യപ്പെട്ടിട്ടാണ് ഇത് വന്നതെന്ന് സംശയിക്കേണ്ടി വരുന്നു. നൂറുകണക്കിന് കോടിയുടെ മരമാണ് ഇതിനകം കണ്ടെത്തിയിട്ടുള്ളത്. ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

ഈ കൊള്ളക്കെതിരെ നിരവധി കേസുകള്‍ എടുത്തിട്ടുണ്ട് എന്നാണ് ന്യായീകരണക്കാര്‍ ഉയര്‍ത്തുന്ന വാദം. സമഗ്രമായി അന്വേഷിക്കാന്‍ എ ഡി ജി പി യുടെ നേതൃത്വത്തില്‍ ഒരു വലിയ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പതിവ് ശൈലിയില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും എന്നും അവര്‍ പറയുന്നു. അന്വേഷണസംഘത്തലവന്‍ തന്നെ തന്‍റെ പക്ഷപാതിത്വം തെളിയിച്ചിട്ടുള്ളതാണ് എന്നത് മറ്റൊരു കാര്യം.

എന്താണ് ഈ സംഘം അന്വേഷിക്കുന്നത്? സദുദ്ദേശത്തോടെ ഇറക്കിയ ഒരു ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചു മരം വെട്ടിയവരെ കണ്ടെത്തി ശിക്ഷിക്കലാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ഈ ഉത്തരവ് ശരിയാണ് എന്ന് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇതുവരെ പട്ടയഭൂമിയില്‍ നടന്നിട്ടുള്ള ഒരു മരംക്കൊള്ളയും കുറ്റമാകില്ല എന്നതാണ് പ്രശ്നം. ഈ ഉത്തരവിന്‍റെ വ്യഖ്യാനം അനുസരിച്ചു അതില്‍ ‘ഒരു നിയമത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന’ (ലെജിറ്റിമേറ്റ് എക്സ്പെക്റ്റീഷന്‍) എന്ന ഒന്ന് ഉണ്ട്.

ചന്ദനം ഒഴിച്ചുള്ള എല്ലാ മരങ്ങളും യാതൊരു വിധ അനുമതിയും കൂടാതെ വെട്ടാം എന്ന ഒരു ഉത്തരവനുസരിച്ചു ഈട്ടിയും തേക്കും ഇരുളും വെട്ടുന്ന ആള്‍ക്കെതിരെ എന്ത് കുറ്റം ചുമത്താനാണ്? മരം വെട്ടിയത് പട്ടയഭൂമിയില്‍ നിന്നാണോ എന്ന് മാത്രം പരിശോധിച്ചാല്‍ മതി. അതാണെന്ന് തെളിഞ്ഞാല്‍ കുറ്റമില്ല. പിന്നാരാകും പ്രതികള്‍?

ഈ ഉത്തരവ് അടിസ്ഥാനപരമായി നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കാത്തിടത്തോളം ഇതിലെ പ്രതികള്‍ രക്ഷപ്പെടും. ഈ ഉത്തരവിന്‍റെ മറവില്‍ വനഭൂമിയില്‍ നിന്നും പൊതുഭൂമിയില്‍ നിന്നും മുറിച്ചു മാറ്റിയ മരങ്ങളും കൊണ്ട് പോകും.

മുട്ടില്‍ ചന്ദനക്കൊള്ള

ഫെബ്രുവരി രണ്ടിന് ഈ ഉത്തരവു പിന്‍വലിച്ചല്ലോ എന്നതാണ് മറ്റൊരു ന്യായീകരണം. ഒരാളെ കൊല്ലാന്‍ ഉത്തരവിടുകയും കൊല നടന്ന ശേഷം അത് പിന്‍വലിക്കുകയും ചെയ്യുന്നത് പോലെ ആണിത്. ഈ മരങ്ങള്‍ പരിസ്ഥിതിക്ക് നല്‍കുന്ന സേവനങ്ങള്‍ പരിഗണിച്ചാണല്ലോ അവ സംരക്ഷിക്കപ്പെടണം എന്ന് പറയുന്നത്. നൂറ്റാണ്ടുകള്‍ പ്രായമുള്ളവ വെട്ടിയാല്‍ ആ സേവനം ഇല്ലാതാകും. അവ പുനഃസ്ഥാപിക്കാന്‍ നൂറ്റാണ്ടുകള്‍ വേണം. പിന്നെ അവശേഷിക്കുന്നത് ജീവനില്ലാത്ത തടി മാത്രം. ഈ മരക്കൊള്ളക്കാര്‍ക്കും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയകള്‍ക്കും മാറാമെന്നാല്‍ ഈ തടി മാത്രം, അതിന്‍റെ മൂല്യം മാത്രം. ഇന്ന് വരെ വെട്ടിയ എല്ലാ തടികളും ഫെബ്രുവരി രണ്ടിന് മുമ്പ് പട്ടയഭൂമിയില്‍ നിന്നും വെട്ടിയതാണെന്നു സ്ഥാപിക്കാനാകും ഇവരുടെ ശ്രമം.

ഈ കേസില്‍പെടാന്‍ പോകുന്നത് ദരിദ്രരായ കര്‍ഷകരും ആദിവാസികളും ആണ്. നിയമക്കുരുക്കുകള്‍ കൊണ്ടും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ മൂലവും വെട്ടാന്‍ കഴിയാതെ നില്‍ക്കുന്ന മരം വെട്ടിയെടുക്കാന്‍ ധൈര്യത്തോടെ ഈ മാഫിയകള്‍ വരുമ്പോള്‍ അവര്‍ സന്തോഷിക്കുന്നു. കിട്ടുന്ന വിലക്ക് ആ മരങ്ങള്‍ വില്‍ക്കാന്‍ അവര്‍ തയ്യാറാകുന്നത് സ്വാഭാവികം മാത്രം.

തുച്ഛമായ വില നല്‍കി ഈ മരക്കൊള്ളക്കാര്‍ അവരില്‍ നിന്നും മരം വാങ്ങിയതായി നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ കേസ് വരുമ്പോള്‍ പ്രതികളാക്കപ്പെടുന്നത് ഭൂ ഉടമകളായ ഈ പാവപ്പെട്ടവര്‍ മാത്രം. അവരെ അസത്യം പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടിയവരെല്ലാം രക്ഷപ്പെടും.

എല്ലാ ജൂണ്‍ അഞ്ചിനു നമ്മള്‍ എവിടെയെങ്കിലും കുറെ തൈ നട്ട് പടം പത്രങ്ങളിലും ചാനലിലും കൊടുക്കും. എന്നാല്‍ അതില്‍ ഒന്ന് പോലും വളരില്ല എന്നുറപ്പാക്കും. അതോടൊപ്പം നൂറ്റാണ്ടുകള്‍ പ്രായമുള്ള അപൂര്‍വ്വ വൃക്ഷങ്ങള്‍ വെട്ടി കോടികള്‍ കൊയ്യും. അങ്ങനെ കൊള്ളനടത്തുന്നവര്‍ക്കുള്ള സംരക്ഷണ കവചമായി ഉത്തരവുകള്‍ വരും. ഈ മരം കൊള്ളയുടെ യഥാര്‍ത്ഥ പ്രതികള്‍ ഭരണകേന്ദ്രത്തിനു പുറത്തല്ല. അകത്താണ്. കുറ്റക്കാരെ ശിക്ഷിക്കണം എന്നുണ്ടെങ്കില്‍ അന്വേഷണം നടത്തേണ്ടത് ഈ ഉത്തരവ് എങ്ങനെ ഉണ്ടായി എന്നതിലാണ്. പക്ഷെ അതാര് ചെയ്യും? മുഖ്യമന്ത്രിക്ക് മേലെ സെക്രട്ടേറിയറ്റില്‍ ആരാണ് അന്വേഷിക്കാനുള്ളത്?

വാല്‍ക്കഷ്ണം: ഇപ്പോള്‍ ചിരിക്കുന്നത് ബിജെപി നേതാവ് കെ സുരേന്ദ്രനും കൂട്ടരുമാണ്. ഇനി പിണറായി വിജയന്‍ കുഴല്‍ പണം എന്ന് മിണ്ടില്ല. പഴയ ഒരു സിനിമയില്‍ പറയുന്നന്തു പോലെ ഇപ്പോള്‍ എല്ലാം പരസ്പരം കോമ്പ്ളിമെന്‍റ്സ് ആയി.