depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുന്നത് മരമാഫിയയെ – Janashakthi Online

സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുന്നത് മരമാഫിയയെ

രണ്ട് പതിറ്റാണ്ട് മുന്‍പ്, വയനാടന്‍ ചുരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ കിതച്ച് കിതച്ച് ഇഴഞ്ഞ് ചുരമിറങ്ങുന്ന മരം കയറ്റിയ ലോറികളുടെ നിര കാണാം. റോഡ് ഒഴിഞ്ഞ വൈകുന്നേരങ്ങളില്‍ കൂറ്റന്‍ മരങ്ങള്‍ കയറ്റി കല്ലായിയിലേക്കും കണ്ണൂരിലേക്കും കൊച്ചിയിലേക്കുമൊക്കെ പോകുന്ന ലായ്ലാന്‍റ് ലോറികള്‍ വഴി മുടക്കി ഇഴഞ്ഞുനീങ്ങുന്ന കാഴ്ച്ച നിസംഗമായി കണ്ട വയനാട്ടുകാരന് ഇപ്പോഴത്തെ മരം മുറി ബഹളങ്ങളൊക്കെ പഴയകാല ഓര്‍മ്മകളുടെ തുടര്‍ച്ച തന്നെയാണ്.

1980 കളില്‍ നൂറും നൂറ്റന്‍പതും ലോറികളാണ് ചുരമിറങ്ങിയിരുന്നത്. വില തകര്‍ച്ചയും വിള തകര്‍ച്ചയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും വരിഞ്ഞുമുറുക്കിയപ്പോള്‍ നില്‍ക്കകള്ളിയില്ലാതെ മരം മുറിച്ച് വില്‍ക്കാന്‍ വയനാടന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കി. അങ്ങനെ പ്ലാവും, മാവും, സില്‍വറോക്കും, മുരിക്കും വരെ ചുരമിറങ്ങി. കൂടെ കള്ള ലോഡുകളായി ചെറുമരങ്ങള്‍ക്കിടയിലൊളിപ്പിച്ച ഈട്ടി മരങ്ങളും. പറമ്പിലെ ഈട്ടിയുടെ കനമുള്ള കമ്പ് വെട്ടിയാല്‍ പോലും വീട്ടുമുറ്റത്ത് ഉദ്യോഗസ്ഥരെത്തുന്ന കാലം. ഈട്ടിയോട് കളി വേണ്ടെന്നു പഠിപ്പിച്ചിരുന്നു, വയനാട്ടുകാരെ. എന്നാല്‍ സാധാരണക്കാരന് മാത്രമായിരുന്നു ഈ നിയമമെല്ലാം. വന്‍കിട എസ്റ്റേറ്റുകളില്‍ നിന്ന് ഒരോ മഴക്കാലത്തും “പ്രത്യേക തരം കാറ്റടിച്ച്” കൂറ്റന്‍ ഈട്ടി മരങ്ങള്‍ കുഴഞ്ഞ് വീണ് കൊണ്ടിരുന്നു. റവന്യൂ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായി ഇവ മുറിച്ചെടുക്കാന്‍ സ്ഥലത്തെത്തി പരിശോധിച്ച് അനുമതിയും നല്‍കി. പണമില്ലാതെ വലഞ്ഞ കര്‍ഷകരും കൂലിപ്പണിക്കാരും ഒടിഞ്ഞു വീണാലും ചിതലെടുത്താലും ഈട്ടി മരത്തിലേക്ക് തിരിഞ്ഞു നോക്കാതായി. ഒന്നു പുര കെട്ടി മേയാന്‍ ഒരാല പണിയാന്‍ ഒരു പശുവിനെ വാങ്ങാന്‍, മകളുടെ വിവാഹം നടത്താന്‍ ബാങ്ക് ലോണ്‍ അടക്കാന്‍ ഈ മരം കൊണ്ട് കഴിയുന്നില്ലല്ലോ എന്ന വേദന ഓരോ കര്‍ഷകന്‍റെയും മനസിനെ ആഴത്തില്‍ മഥിച്ചു.

ചുരം കയറി വരുന്ന ഉത്തരവുകള്‍

വയനാട്ടില്‍ വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കുകളിലായി റവന്യൂ പട്ടയഭൂമിയിലുള്ളത് 23,000 ഓളം ഈട്ടിമരങ്ങളാണെന്നാണ് കണക്ക്. വയനാട് റവന്യൂ പട്ടയഭൂമി കര്‍ഷക സംരക്ഷണ സമിതി നേരത്തേ നടത്തിയ കണക്കെടുപ്പിലാണ് ജില്ലയില്‍ മൂന്നു താലൂക്കുകളിലായി റവന്യൂ പട്ടയഭൂമിയില്‍ ഇത്രയും ഈട്ടികള്‍ ഉണ്ടെന്നു കണ്ടത്. ഈ വൃക്ഷങ്ങളില്‍ 2,653 എണ്ണം വീണുകിടക്കുന്നതാണ്. ഉണങ്ങിയതോ കേടുപിടിച്ചതോ ആണ് 8,252 എണ്ണം. 7,200 ഓളം ഈട്ടികള്‍ പൂര്‍ണ വളര്‍ച്ചയെത്തിയതാണ്. ഉണങ്ങിയതും വീണതുമായ മരങ്ങള്‍ക്കു മാത്രം ഏകദേശം 500 കോടി രൂപ വിലമതിക്കും.

കെ രാജു

ഏകദേശം 12,000 ഏക്കറാണ് ജില്ലയില്‍ റവന്യൂ പട്ടയഭൂമിയുടെ അളവ്. റവന്യൂ പട്ടയഭൂമിയിലെ രാജകീയ വിഭാഗത്തില്‍പ്പെട്ടതടക്കം മുഴുവന്‍ വൃക്ഷങ്ങളുടെയും ഉടമാവകാശം പട്ടയം ഉടമയില്‍ നിക്ഷിപ്തമാക്കുന്നതിനു വര്‍ഷങ്ങളായി പോരാട്ടം നടത്തുന്ന പ്രസ്ഥാനമാണ് കര്‍ഷക സംരക്ഷണ സമിതി. ജന്‍മംപട്ടയം ഭൂമിയുള്ളവര്‍ക്കുള്ള അതേ അവകാശങ്ങള്‍ റവന്യൂ പട്ടയം ഉടമകള്‍ക്കും ലഭ്യമാക്കണമെന്നാണ് കര്‍ഷക സംരക്ഷണ സമിതിയുടെ ആവശ്യങ്ങളില്‍ മുഖ്യം. ഇതില്‍ ഒരു വിവേചനമുള്ളതായി അവര്‍ പറയുന്നു. ജന്‍മം പട്ടയമുള്ളവര്‍ ഭൂരിഭാഗവും സമ്പന്നരാണ്.എന്നാല്‍ ഇടത്തരക്കാരായ കര്‍ഷകരും ആദിവാസികളും സാമ്പത്തിക പ്രശ്നങ്ങളില്‍ വലയുമ്പോഴും പറമ്പില്‍ ചിതലരിച്ച് കിടക്കുന്ന ഈട്ടി മരം പോലും വില്‍ക്കാനാവില്ലെന്ന ഗതികേടുണ്ട്.

സംസ്ഥാന നിയമസഭ പാസാക്കിയ ഭൂപതിവ് നിയമത്തിനും 1964ല്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ക്കും അനുസൃതമായി മരവിലയും സ്ഥലവിലയും ഈടാക്കി അനുവദിച്ചതാണ് റവന്യൂ പട്ടയങ്ങള്‍. പട്ടയഭൂമിയിലെ ചന്ദനവും ഈട്ടിയും തേക്കും ഉള്‍പ്പടെ രാജകീയ വിഭാഗം മരങ്ങള്‍ സര്‍ക്കാര്‍ റിസര്‍വ് ചെയ്തു. 1964നും 1970നും ഇടയിലാണ് ജില്ലയിലെ റവന്യൂ പട്ടയങ്ങളില്‍ ഏറെയും അനുവദിച്ചത്. റവന്യൂ പട്ടയഭൂമയിലെ റിസര്‍വ് മരങ്ങള്‍ മുറിക്കാന്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ കൈവശക്കാരനു അവകാശമില്ല. ജന്‍മം പട്ടയഭൂമിയിലെ കര്‍ഷകര്‍ക്ക് മരങ്ങളില്‍ അവകാശവും മുറിച്ചുവില്‍ക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്.

റവന്യൂ പട്ടയഭൂമിയിലെ എല്ലായിനം മരങ്ങളുടെയും ഉടമാവകാശം കൈവശക്കാരനു ലഭിക്കണമെങ്കില്‍ അതിനു ഉതകുന്ന വിധത്തില്‍ 1960ലെ ഭൂപതിവു നിയമം ഭേദഗതി ചെയ്യണം. ഇതിനായി റവന്യൂ പട്ടയം ഉടമകളുടെ കൂട്ടായ്മ സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് 2020 ഒക്ടോബര്‍ 24ലെ വിവാദ ഉത്തരവ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയത്. റവന്യൂ പട്ടയഭൂമിയിലെ മരങ്ങളില്‍ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചടുക്കാന്‍ കൈവശക്കാരനെ അനുവദിക്കുന്നതായിരുന്നു ഉത്തരവ്. ഭൂപതിവ് നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താതെ പുറപ്പെടുവിച്ച ഈ ഉത്തരവ് കൈവശഭൂമിയിലെ ഈട്ടിയും തേക്കും മറ്റും മുറിച്ചുവിറ്റു കടം വീട്ടാനും മറ്റാവശ്യങ്ങള്‍ നിറവേറ്റാനും കാത്തിരുന്ന റവന്യൂ പട്ടയം ഉടമകള്‍ക്കു സഹായകമായില്ല. പട്ടയം അനുവദിച്ചകാലത്തു ഭൂമിയില്‍ ഉണ്ടായിരുന്നതാണ് ഇപ്പോള്‍ കാണുന്ന കൂറ്റന്‍ ഈട്ടി, തേക്കു മരങ്ങള്‍. റിസര്‍വ് മരങ്ങള്‍ക്കു വൃക്ഷവില അടയ്ക്കാനും കഴിയുമായിരുന്നില്ല. 2020 ഒക്ടോബറിലെ ഉത്തരവ് തെറ്റായി വ്യാഖാനിച്ചാണ് വയനാട് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഈട്ടിമുറി നടന്നത്. ഇതേച്ചൊല്ലിയുള്ള വിവാദമാണ് ഇപ്പോള്‍ കത്തുന്നത്. 2020 ഒക്ടോബറിലെ ഉത്തരവ് 2021 ഫെബ്രുവരി രണ്ടിനു സര്‍ക്കാര്‍ റദ്ദുചെയ്തിരുന്നു.

വിവാദ ഉത്തരവ് വരുന്നു

സംസ്ഥാനത്തെ റവന്യൂ പട്ടയഭൂമികളില്‍ സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതും വൃക്ഷവില അടച്ചതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ കൈവശക്കാരനെ അനുവദിക്കുന്ന ഉത്തരവ് 2020 നവംബറില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയിരുന്നു. ഈ ഉത്തരവ് മറയാക്കിയാണ് വയനാട്ടിലും ഇടുക്കി ഉള്‍പ്പെടെ മറ്റു ജില്ലകളിലും റവന്യൂ പട്ടയ ഭൂമികളില്‍ ഈട്ടിയും തേക്കും അടക്കം സര്‍ക്കാരിനു യഥാര്‍ഥ ഉടമാവകാശമുള്ള മരങ്ങള്‍ മുറിച്ചത്.

മുട്ടിയില്‍ വിലപിടിച്ച ഈട്ടി കടത്താന്‍

1964ലെ കേരള ഭൂപതിവ് നിയമപ്രകാരം അനുവദിച്ചതാണ് റവന്യൂ പട്ടയങ്ങള്‍. ഓരോ സ്ഥലത്തുമുള്ള ഈട്ടിയും തേക്കും ചന്ദനവുംഅടക്കം ഏതാനും ഇനം മരങ്ങളുടെ ഉടമാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിയാണ് കൈവശക്കാര്‍ക്കു പട്ടയം നല്‍കിയത്. ഈ മരങ്ങള്‍ സംരക്ഷിക്കേണ്ട നിയമപരമായ ഉത്തരവാദിത്തം പട്ടയം ഉടമയ്ക്കാണ്. റവന്യൂ പട്ടയഭൂമികളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൃക്ഷങ്ങള്‍ കൈവശക്കാര്‍ക്കു മുറിച്ചെടുക്കാന്‍ അനുമതി ലഭിക്കണമെങ്കില്‍ അതിനുതകുന്ന ഭേദഗതി ഭൂപതിവ് നിയമത്തില്‍ വരുത്തണം. നിയമം ഭേദഗതിയില്ലാതെ അതേപടി നിലനില്‍ക്കുന്നതിനിടെയാണ് റവന്യൂ പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ള മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിക്കുന്ന ഉത്തരവ് ഇറങ്ങിയത്. നിയമത്തിന്‍റെ പിന്‍ബലമില്ലാത്ത ഈ ഉത്തരവിനു പിന്നില്‍ ഭരണസ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളില്‍ ചിലരും വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും വന്‍കിട മരക്കച്ചവടക്കാരും ഉള്‍പ്പെടുന്ന സംഘം നടത്തിയ ഗൂഢാലോചനയാണെന്നു ആദ്യം പറഞ്ഞത് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ പ്രസിഡന്‍റ് എന്‍ ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലുമാണ്.

എന്‍ ബാദുഷ പറയുന്നു:

‘ഈ മരങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്‍റെ പ്രഥമ പരിഗണനയാവണം. സ്വയം കിളിര്‍ത്തുവന്ന് നൂറുംഅഞ്ഞൂറും കൊല്ലം പഴക്കമുള്ള ഇവ സൂക്ഷിച്ചു വെക്കേണ്ടത് നാടിന് അവശ്യമാണ്. പശ്ചിമ ഘട്ടത്തിന്‍റെ വിഭവങ്ങള്‍ക്ക് നേരേയുള്ള ഏത് കടന്ന് കയറ്റവും വലിയ ദുരന്തം വിളിച്ചു വരുത്തും. വയനാട്ടിലെ അതിവര്‍ഷവും പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഒന്നും നമ്മളെ പഠിപ്പിക്കുന്നില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും നമ്മളെ കാത്തിരിക്കുന്നത്. അത് മുന്‍കൂട്ടി കണ്ടു തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ബാധ്യതയാണ്. മരംകൊള്ള വിഷയത്തിലും അതുതന്നെയാണ് യാഥാര്‍ത്ഥ്യം.

ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനം, തേക്ക്, വെള്ള അകില്‍, തേമ്പാവ്, കമ്പകം, ചടച്ചി, ഇരുള്‍, ചന്ദനവേമ്പാവ് തുടങ്ങിയ വൃക്ഷങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് 2020ല്‍ മാര്‍ച്ചില്‍ റവന്യൂ വകുപ്പ് ഇറക്കിയിരുന്നു. തൃശൂരിലെ പരിസ്ഥിതി സംഘടനയുടെ റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. ഇതിനെതിരെ സ്വകാര്യ വ്യക്തികള്‍ നല്‍കിയ ഹര്‍ജിയില്‍ പട്ടയം അനുവദിച്ചശേഷം സ്ഥലത്തു സ്വയം കിളിര്‍ത്തതും കര്‍ഷകര്‍ നട്ടുവളര്‍ത്തിയതുമായ മരങ്ങള്‍ കൈവശക്കാര്‍ക്കു അവകാശപ്പെട്ടതാണെന്നു ഹൈക്കോടതി വിധിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു 2020 നവംബറിലെ ഉത്തരവ്. മരംമുറി വിവാദമായതോടെ നവംബര്‍ 24ലെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അനുമതിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തെ പല ജില്ലകളിലും ഈട്ടി മുറി നടന്നെങ്കിലും വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജിലേതുമാത്രമാണ് ചര്‍ച്ചയായത്. റവന്യൂ പട്ടയ ഭൂമികളിലെ റിസര്‍വ് മരങ്ങളുടെ കസ്റ്റോഡിയന്‍ അതത് ജില്ലാ കലക്ടറാണ്.

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ മുട്ടില്‍ സന്ദര്‍ശിക്കുന്നു

മുട്ടില്‍ മണിക്കുന്നുമലയില്‍ സ്വകാര്യ കൈവശഭൂമിയില്‍നിന്നു ആറു കുറ്റി ഈട്ടി മുറിച്ചതും സമീപകാലത്തു വിവാദമായിരുന്നു. മരംമുറി നടന്നതു സ്വകാര്യ വ്യക്തിയുടെ അനധികൃത കൈവശത്തിലുള്ള വനഭൂമിയിലാണെന്നും ഇതിനു വനപാലകര്‍ ഒത്താശ ചെയ്തതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ഫോറസ്റ്റി’ കണ്‍സര്‍വേറ്റര്‍ ടി സാജന്‍ നല്‍കിയ റിപ്പോര്‍ട്ട് ഏറേ വിവാദമായിരുന്നു. മുട്ടില്‍ മരം മുറി വിവാദത്തില്‍ വനപാലകരെ കരുവാക്കി സ്ഥാപിത താല്‍പര്യങ്ങളോടെ ടി സാജന്‍ പ്രവര്‍ത്തിച്ചുവെന്ന റിപ്പോര്‍ട്ട് വനം വകുപ്പ് മേധാവികള്‍ക്ക് ലഭിച്ചതോടെ വനം വകുപ്പ് ജീവനക്കാര്‍ ചേരി തിരിഞ്ഞ് യുദ്ധസമാനമായ സ്ഥിതിയിലായി. മുട്ടില്‍ മണിക്കുന്നുമല മരംമുറിക്കേസില്‍ വനപാലകരും അങ്ങനെ രണ്ടു തട്ടിലായി. മുട്ടില്‍ മരം മുറിയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച മേപ്പാടി റേഞ്ച് ഓഫീസര്‍ സമീറിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയായിരുന്നു 2 ദിവസം മാത്രം നീണ്ടു നിന്ന ടി.സാജന്‍ ഐ എഫ് എസ് ന്‍റെ ഇടപെടലുകള്‍. മുട്ടില്‍ മരം മുറിയില്‍ കുറ്റാരോപിതരായ റോജി അഗസ്റ്റിനും ആന്‍റോ അഗസ്റ്റിനുമാണ് ഈ വിവാദ നടപടിക്ക് പിന്നിലെന്നും വനം വകുപ്പിന്‍റെ തന്നെ റിപ്പോര്‍ട്ട് വന്നു. എന്നാല്‍ നടപടി ഒന്നും ഉണ്ടായില്ല.

മോഷ്ട്ടാക്കളായത് കര്‍ഷകരും ആദിവാസികളും മാത്രം

വിവാദമായ മുട്ടില്‍ ഈട്ടി മരം മുറിയില്‍ ഇപ്പോള്‍ പ്രതികളായത,് റവന്യൂ വകുപ്പിന്‍റെ പരാതിയില്‍ കൈവശഭൂമിയിലെ മരങ്ങള്‍ വിറ്റ ആദിവാസികളും കര്‍ഷകരുമാണ്. സുല്‍ത്താന്‍ ബത്തേരി ഡി വൈസ് എസ്പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇവരുടെ മൊഴികളെടുത്തുകൊണ്ടിരിക്കുകയാണ്. മരംമുറിക്കു സര്‍ക്കാര്‍ അനുമതിയുണ്ടെന്നു വിശ്വസിച്ചു കച്ചവടക്കാരനു തുച്ഛ വിലയ്ക്കു മരങ്ങള്‍ വിറ്റവരാണ് ഇപ്പോള്‍ കേസില്‍പ്പെട്ടത്.

പതിനായിരം ക്യൂബിക്ക് മീറ്റര്‍ ഈട്ടിത്തടി നല്‍കാമെന്ന വ്യവസ്ഥയില്‍ പെരുമ്പാവൂരിലെ ടിമ്പേഴ്സില്‍ നിന്നും ഒന്നരക്കോടി രൂപ അഡ്വാന്‍സ് കൈപ്പറ്റിയ റോജി അഗസ്റ്റിന്‍ കയറ്റി അയച്ച രണ്ട് ലോറി ലോഡ് ഈട്ടിത്തടിയാണ് ഫെബ്രുവരി 8 നു വനംവകുപ്പധികൃതര്‍ പിടികൂടി കണ്ടു കെട്ടിയത്. 1964ലെ ഭൂ പതിവ് ചട്ടമനുസരിച്ച് സര്‍ക്കാറില്‍ നിക്ഷിപ്തമായ ഈട്ടിമരങ്ങളാണ് കണ്ടു കെട്ടിയത്. കേരള സര്‍ക്കാറിന്‍റെ 2020 നവംബര്‍ മാസം 24 ലെ ഉത്തരവിനെ ദുര്‍വ്യാഖ്യനം ചെയ്ത് വന്‍മരം കൊള്ള നടത്തി വയനാടിനെ വെളുപ്പിക്കാനുള്ള ഗൂഢാലോചനയാണ് മേപ്പാടിയില്‍ പുതുതായി ചുമതലയേറ്റ റേഞ്ച് ഓഫീസര്‍ സമീര്‍ തടയിട്ടത്.

ഈട്ടി മര കച്ചവടക്കാര്‍ ഉണ്ടാക്കിയ അടിസ്ഥാന രഹിതമായ പരാതി പ്രകാരം വളരെ വേഗത്തില്‍ പ്രത്യക്ഷപ്പെട്ട ഉന്നത വനം വകുപ്പ് ഉദ്യാഗസ്ഥന്‍ എ ടി സാജന്‍റെ സാന്നിധ്യവും റിപ്പോര്‍ട്ട് തയ്യാറാക്കലും വകുപ്പുദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുക എന്ന വ്യക്തമായ ഉദ്ദേശമാണെന്ന് ഇതോടെ മനസ്സിലായി കഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്‍ വയനാട്ടില്‍ രണ്ടു ദിവസം ക്യാമ്പുചെയ്തത് മര ലോബിക്കു വേണ്ടിയാണ് ഇതെല്ലാം ചെയ്തു കൂട്ടിയതെന്നാണ് തിരിച്ചറിയുന്നത്. മണിക്കുന്നു മലയിലെ ഇടിഞ്ഞ കൊല്ലി പ്രദേശത്തെ വനത്തില്‍ നിന്നും ഈട്ടിത്തടികള്‍ മുറിച്ചെന്ന ആരോപണം കഴമ്പില്ലാത്തതായിരുന്നുവെന്ന് ഇതോടെ വ്യക്തമായി. എറണാകുളം കരിമുകളിലെ ടിംബര്‍ കമ്പനി ഉടമ സൂര്യ ടിംബേഴ്സില്‍ നിന്ന് വാങ്ങിയ മരത്തിന് വനം വകുപ്പിന്‍റെ അനുമതിയായ ഫോം ടു ലഭിക്കാതെയിരുന്നതിനെ തുടര്‍ന്ന് അവര്‍ അന്വേഷണം നടത്തി. സൂര്യ ടിംബേഴ്സി ന് ഫോം 2 ലഭിച്ചിട്ടില്ല എന്ന് തിരിച്ചറിഞ്ഞതോടെ തന്‍റെ ഡിപ്പോയിലെത്തിയ മരങ്ങള്‍ വനം വകുപ്പിന് സറണ്ടര്‍ ചെയ്തതായി കാണിച്ച് സി സി എഫിന് മെയില്‍ അയച്ചു. ഇതോടെയാണ് അഴിമതിയുടെ മഞ്ഞുമലയുടെ ഒരു ഭാഗം പുറത്ത് വന്നത്.

മേപ്പാടി റയിഞ്ചാപ്പീസര്‍ വാഴവറ്റയിലെ തടി കൊണ്ടു പോകാന്‍ പാസ്സ് നിഷേധിച്ചില്ലായിരുന്നെങ്കില്‍ സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ മരംമുറി ഗൂഢാലോചന വെളിച്ചത്ത് വരില്ലായിരുന്നു. ഇപ്പോള്‍ കുറ്റാരോപിതനായ പ്രതി റോജി അഗസ്റ്റിന്‍റെ മരക്കമ്പനി ഉണ്ടാക്കിയ ടിംബര്‍ യാഡും പ്രോപ്പര്‍ട്ടി മാര്‍ക്ക് റജിസ്ട്രേഷനും സമ്പാദിച്ചത് സൗത്ത് വയനാട് ഡി എഫ് ഒ ഉള്‍പ്പടെ സ്വാധീനിച്ചാണെന്നാണ് സൂചനകള്‍.രഞ്ജിത്തിന് 25 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് റോജി അഗസ്റ്റ്റ്റിന്‍ ചാനല്‍ അഭിമുഖത്തില്‍ അടക്കം ആരോപിക്കുന്നത്.

അന്വേഷണം

ഇപ്പോള്‍ രണ്ട് അന്വേഷണമാണ് മുട്ടില്‍ മരംമുറി സംബന്ധിച്ച് നടക്കുന്നത് ഒന്ന് സി സി സി എഫ് നേതൃത്വത്തില്‍ അഞ്ചു ഡി എഫ് ഒ മാരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം. മറ്റൊന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ വനം, വിജിലന്‍സ്, ക്രൈം ബ്രാഞ്ച് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തുന്ന അന്വേഷണം. വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് ഇടുക്കി ഡിഎഫ് ഒ ഷെര്‍ലിന്‍ ടോം ആണ് നേതൃത്വം നല്‍കുന്നത്. ആദ്യദിന പരിശോധന കഴിഞ്ഞപ്പോള്‍ തന്നെ വനം വകുപ്പിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്തു കഴിഞ്ഞു ഇദ്ദേഹം . വനം വകുപ്പിന്‍റെ ഒരു മരവും നഷ്ടപ്പെട്ടിട്ടില്ലെന്നും മരം റവന്യൂ വകുപ്പിന്‍റെ ആണെന്നും പറഞ്ഞ് അദ്ദേഹം മുന്നോട്ടു പോവുകയാണ്. വനം വകുപ്പിനെ വെള്ളപൂശുന്നു ഒരു റിപ്പോര്‍ട്ടായിരിക്കും അതെന്ന മുന്‍ വിധി ഉണ്ടായി കഴിഞ്ഞു.

മുട്ടില്‍ കടത്തുന്ന ഈട്ടി മരം

ഒക്ടോബര്‍ 24 ന് ഇറങ്ങിയ ഉത്തരവില്‍ പിശകില്ലെന്നും അത് പാവപ്പെട്ട കര്‍ഷകരോടുള്ള ഇടത് സര്‍ക്കാരുകളുടെ പ്രതിബദ്ധതയാണ് എന്നുമാണ് ഇപ്പോഴും മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും ഇതിനെ വ്യാഖ്യാനിക്കുന്നത്. മരം മാഫിയ സംസ്ഥാനതലത്തില്‍ തന്നെ മുമ്പത്തേക്കാള്‍ സംഘടിതരാണ്. . ഇതിനെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയുമോ? കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരം മുറിച്ച് കടത്തിയത് എന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലായി. ഇടുക്കിയിലും പത്തനം തിട്ടയിലും ശേഷിക്കുന്നത് മരത്തിന്‍റെ കുറ്റികള്‍ മാത്രം.

ലോക പരിസ്ഥിതി ദിനം ആഘോഷിക്കാന്‍ വനം വകുപ്പ് തൈകള്‍ ഒരുക്കാനും നടാനും എടുക്കുന്ന പരിശ്രമത്തിന്‍റെ ഒരു ശതമാനം മതി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈട്ടി മരങ്ങള്‍ ഉള്‍പ്പടെ സംരക്ഷിക്കാന്‍.

കാര്‍ബണ്‍ ന്യൂട്രല്‍ എത്ര മനോഹരമായ സ്വപ്നം

പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈട്ടി മരങ്ങള്‍ മുറിച്ചു തള്ളുമ്പോള്‍ മിണ്ടാതിരുന്ന വകുപ്പുകളുടെ ‘ ഉത്സാഹംچ വയനാടിനെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കുമെന്ന പ്രഖ്യാപനത്തെ പേരിന് പോലും പിന്തുണച്ചിട്ടില്ല. 6 വര്‍ഷത്തിലധികമായി ഈ പദ്ധതിക്ക് വേണ്ടി മാറ്റിവച്ച തുക മീനങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഗാഢനിദ്രയിലാണ്. കര്‍ഷകന്‍റെ പിന്തുണയോടെ മരം വളരത്തി ജിയോ ടാഗ് നല്‍കി മരത്തെ കര്‍ഷകന്‍റെ തന്നെ ഉല്‍പന്നമാക്കി മാറ്റി അവര്‍ക്ക് സാമ്പത്തിക സുസ്ഥിരത നല്‍കുക എന്നതും പദ്ധതി ലക്ഷ്യമായിരുന്നു. കൂടാതെ കാര്‍ബണ്‍ ന്യൂട്രലായ ഇടങ്ങളിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലയാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍. അങ്ങനെ അന്നത്തെ ധനമന്ത്രി ഒരു കവിത പോലെ പറഞ്ഞ കാര്‍ബണ്‍ ന്യൂട്രല്‍ മോഡല്‍ ജില്ല എന്ന സ്വപ്നം മാത്രമാവുമെന്ന ആശങ്കയ്ക്ക് ബലം വെക്കുന്നതാണ് ജില്ലയില്‍ നടന്ന സംരക്ഷിത മരങ്ങളുടെ മുറിച്ചു മാറ്റല്‍. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ സ്വയം കിളിര്‍ത്തു വന്ന ഈട്ടി മരങ്ങളുടെ സംരക്ഷണം പോലും കഴിയാത്തവര്‍ എങ്ങനെ വയനാടിനെ കാര്‍ബണ്‍ ന്യൂട്രലാക്കും?. പ്രളയ ദുരന്തവും ഉരുപൊട്ടല്‍ ഭീഷണിയും വയനാടിന് മേല്‍ ഇപ്പോഴും നില നില്‍ക്കുകയാണ് പുത്തുമലയിലെ പൈപ്പിംഗ് പ്രതിഭാസത്തിന് കാരണമായത് മലമുകളിലെ ഏലക്കാടുകളിലെ വന്‍ മരങ്ങള്‍ മുറിച്ചു മാറ്റിയതാണെന്ന് ശാസ്ത്രീയമായി തിരിച്ചറിഞ്ഞിട്ടും എന്തേ ജനനന്‍മ എന്ന ലക്ഷ്യം കമ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ക്കും ചേര്‍ന്നു പോവുന്നു. ആസുരമായ കാലത്ത് മനുഷ്യരുടെ ആകുലതകളിലും ആശങ്കകളിലും ചേര്‍ന്നു പിടിച്ചതിനാണ് ഒരു രണ്ടാം തുടര്‍ച്ച ഈ ഇടത് സര്‍ക്കാറിന് നല്‍കിയത്. അത് പാവപ്പെട്ടവരുടെ കണ്ണീ രും സങ്കടവും മറയാക്കി വനം കൊള്ള നടത്താനല്ല എന്ന് തിരിച്ചറിയണം സര്‍ക്കാര്‍.

(മുട്ടില്‍ മരം മുറി, പുറം ലോകത്ത് എത്തിച്ച ന്യൂസ് 18 കേരള വയനാട് ജില്ലാ പ്രതിനിധിയാണ് ലേഖകന്‍)