കേരളത്തിലെ ബിജെപി ഒരു കോമഡി ചിത്രം

നിയമസഭാതെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയില്‍ ഉലഞ്ഞുപോയതിനു പിന്നാലെ കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ബിജെപി നേതൃത്വം നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വാര്‍ത്തകളും സുലഭമായി മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു. മുപ്പത്തഞ്ചുസീറ്റും മുഖ്യമന്ത്രി സ്ഥാനവും ഉറപ്പാക്കാന്‍ ദില്ലിയില്‍ നിന്ന് അമിത്ഷാ കൈയയച്ചു നല്‍കിയ കോടികള്‍ കൈമറിഞ്ഞ വഴികളെക്കുറിച്ചുള്ള സൂചനകള്‍ പല രൂപത്തില്‍ പുറത്തായതോടെ ബിജെപിയിലെ ഉള്‍പ്പോരിന് ശക്തിയേറുകയും കെ സുരേന്ദ്രന്‍റെ നേതൃപദവി തന്നെ തുലാസിലാവുകയും ചെയ്തു. ഇത്രയേറെ അപഹാസ്യമായ ഒരവസ്ഥ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും സമീപകാലത്തൊന്നും കേരളത്തില്‍ ഉണ്ടായിട്ടില്ല. ദശകങ്ങളായി കാത്തിരുന്നു നേടിയെടുത്ത നേമം മണ്ഡലം കൈവിട്ടുപോയ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച് ഹെലികോപ്ടറില്‍ പര്യടനം നടത്തിയ കെ സുരേന്ദ്രന്‍ കേവലമൊരു കോമാളി കഥാപാത്രമായി ചിത്രീകരിക്കപ്പെട്ടു. ഇപ്പോള്‍ ഒലിച്ചുപോകുന്നത് കേന്ദ്രഭരണകക്ഷിയായ ബിജെപിയുടെ കേരളത്തിലെ നേതൃത്വത്തിന്‍റെ വിശ്വാസ്യതയാണ്.

കേരളത്തിലെ ബിജെപി ഒരുപറ്റം അഴിമതിക്കാരുടെയും അവസരവാദികളുടെയും ശുദ്ധമണ്ടന്‍മാരുടെയും കൂടാരമാണ് എന്ന് തെളിയിക്കാന്‍ എന്‍ഡിഎ വിട്ടുപോയ ആദിവാസി നേതാവ് സികെ ജാനുവിനെ തിരികെയെത്തിക്കാനുള്ള നീക്കങ്ങള്‍ തന്നെ ധാരാളമാണ്. സികെ ജാനുവിന്‍റെ പാര്‍ട്ടിയുടെ ട്രഷറര്‍ എന്നവകാശപ്പെടുന്ന പ്രസീത അഴീക്കോട് പുറത്തുവിട്ടുകൊണ്ടിരിക്കുന്ന ഫോണ്‍സംഭാഷണ ശകലങ്ങള്‍ വസ്തുതയാണെങ്കില്‍ കള്ളപ്പണംകൊണ്ട് ആരെയും വിലക്കു വാങ്ങുകയെന്ന അമിത്ഷായുടെ തന്ത്രം വിശ്വസ്തതയോടെ നടപ്പാക്കാന്‍ ശ്രമിച്ച് പരാജിതനായ ബിജെപി സംസ്ഥാനപ്രസിഡന്‍റിനെയാണ് കാണാന്‍ കഴിയുക. പ്രസീത അഴീക്കോട് സിപിഐഎം നേതാവ് പി ജയരാജന്‍റെ നിര്‍ദ്ദേശാനുസരണമാണ് പ്രവര്‍ത്തിച്ചതെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അതിനു പശ്ചാത്തലമായുള്ളത് സികെ ജാനു എന്‍ഡിഎയുമായുള്ള ബന്ധം വിടര്‍ത്തിയപ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതാണ്. ഇതിനായി സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ നേരില്‍ക്കണ്ട് മുന്നണിയുടെ ഭാഗമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഒരു നിയമസഭാംഗമായി മാറുക എന്ന താത്പര്യമുള്ളതിനാല്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമാവുകയാണ് നല്ലതെന്ന് തീരുമാനിച്ച സികെ ജാനുവിന്‍റെ പാര്‍ട്ടിയുമായി ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിച്ചത് പി ജയരാജന്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ നിന്ന് അനുകൂലമായ മറുപടി കിട്ടാതെ വന്നപ്പോള്‍ സികെ ജാനു നിശ്ശബ്ദയായി. വീണ്ടും എന്‍ഡിഎയിലേക്ക് മടങ്ങാന്‍ താത്പര്യക്കുറവ് പ്രകടിപ്പിച്ച സികെ ജാനുവിനെ മുന്നണിയിലെത്തിക്കാനുള്ള ഇടനിലക്കാരിയായ നേതാവിനോടാണ് കെ സുരേന്ദ്രന്‍ എല്ലാ വിശദാംശങ്ങളും ടെലഫോണില്‍ പങ്കുവച്ചത്. മണ്ടത്തരത്തിന്‍റെ ആള്‍രൂപമെന്നല്ലാതെ കെ സുരേന്ദ്രനെ മറ്റെന്താണ് വിശേഷിപ്പിക്കുക.

ചുരുങ്ങിയതി മൂന്ന് ഗ്രൂപ്പെങ്കിലുമായി പിരിഞ്ഞുനില്‍ക്കുന്ന കേരളത്തിലെ ബിജെപിയെ കുഴിയില്‍ ചാടിച്ചത് കൊടകരയില്‍ പിടിച്ചെടുത്ത കള്ളപ്പണമാണ്. തൃശൂര്‍, ആലപ്പുഴ ജില്ലകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫണ്ട് കുഴല്‍പ്പണമായി കൈമാറാന്‍ കൊണ്ടുപോകുമ്പോള്‍ കവര്‍ച്ച ചെയ്യപ്പെട്ടു എന്നാണ് വാര്‍ത്ത. രാജ്യത്തെ കള്ളപ്പണം തടയുന്നതിന് വോട്ട് നിരോധനമുള്‍പ്പെടെ നടപ്പാക്കിയ ഒരു പാര്‍ട്ടിയുടെ നേതാക്കളാണ് കള്ളപ്പണവുമായി തെരഞ്ഞെടുപ്പുകാലത്ത് തലങ്ങും വിലങ്ങും ഓടി നടന്നത്. എന്തായാലും രാജ്യദ്രോഹപ്രവര്‍ത്തനമെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ വിശേഷിപ്പിച്ച കുഴല്‍പ്പണമിടപാട് പരസ്യമായതോടെ ബിജെപിയുടെ അഭിമാനം കടലിലായെന്ന് വ്യക്തം.