ഇരട്ടയക്കത്തിൽ ഇരുട്ടടി പോലെ ബസ് യാത്രാനിയന്ത്രണം

  

കോഴിക്കോട്: ഒന്നര മാസത്തെ കോവിഡ് അടച്ചിടലിൽ സകല പ്രതിസന്ധികളെയും ക്ഷമയോടെ നേരിട്ട പൊതുജനത്തിന് ഇരുട്ടടി പോലെയാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സ്വകാര്യ ബസ് യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ ഇന്നുമുതൽ വന്നിരിക്കുന്നത്.

തലസ്ഥാന നഗരിയിൽ നിന്ന് വ്യത്യസ്തമായി കെഎസ്ആർടിസി വക സിറ്റി സർവീസ്, ഹ്രസ്വ ദൂര സർവീസുകൾ വളരെ കുറഞ്ഞ മലബാർ മേഖലയിൽ സാധാരണ ജനങ്ങൾക്ക് ഒരേയൊരു ആശ്രയമായ സ്വകാര്യ ബസുകളെയാണ് മന്ത്രിയുടെ ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണങ്ങൾ ബാധിച്ചിരിക്കുന്നത്. ആഴ്ചയിൽ അഞ്ചുദിവസം മാത്രമാണ് സ്വകാര്യ ബസുകൾക്കു നിരത്തിലിറങ്ങാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അതിൽ വീണ്ടും നിയന്ത്രണം വന്നതോടെ ഒരു ബസ്സിനു ആഴ്ച്ചയിൽ മൂന്നു ദിവസം പോലും സർവീസ് നടത്താൻ സാധ്യമല്ല എന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. ഒന്നര വർഷമായി കോവിഡ് പ്രതിസന്ധിയിൽ ഏറ്റവും പ്രയാസം അനുഭവിച്ച ബസ് ഉടമകളും ജീവനക്കാരും പൂർണമായ തകർച്ചയിലേക്ക് നീങ്ങുകയാണ്.  ബസ് തൊഴിൽ അവസാനിപ്പിച്ചു നിരവധി പേർ ഇതിനകം തന്നെ മറ്റു തൊഴിലുകൾ തേടിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയിൽ നേരത്തെ സേവനം നൽകിയിരുന്ന  ഏഴായിരത്തിലേറെ ബസുകളിൽ നൂറുകണക്കിന് ബസുകൾ ഇതിനകം സർവീസ് നിർത്തി.  വരുമാനവും ചെലവും ഒത്തുപോകാത്തതാണ് മേഖലയിൽ നിന്ന് പിന്മാറാനുള്ള കാരണം എന്ന് ജീവനക്കാരും ഉടമകളും പറയുന്നു.  മിക്കവാറും ബസുകളിൽ ഉടമകൾ തന്നെയാണ്  ജോലി ചെയ്യുന്നതും. പരിമിത വരുമാനമുള്ള യുവാക്കൾ പലരും വായ്‌പ വാങ്ങിയും മറ്റുമാണ് ഈ രംഗത്തേക്ക് തിരിഞ്ഞത്.  ഒരുഭാഗത്ത് കോവിഡ്; മറുഭാഗത്തു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ– അതിനിടയിൽ ഞെരുങ്ങുകയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ.

കോവിഡ് കാലത്തു തിരക്ക് ഒഴിവാക്കാനാണ് മന്ത്രിയുടെ പുതിയ നിയന്ത്രണം എന്ന് സർക്കാർ പറയുന്നു. പക്ഷേ നേരെ തിരിച്ചാണ് ബസ് യാത്രക്കാരുടെ അനുഭവം. ബസുകൾ എണ്ണത്തിൽ വളരെ കുറഞ്ഞതോടെ വല്ലപ്പോഴും വരുന്ന ബസുകളിൽ കടുത്ത തിരക്കാണ് ഇന്ന് കോഴിക്കോട് നഗരത്തിൽ യാത്ര ചെയ്‌ത ജനശക്തി പ്രതിനിധി കണ്ടത്. മിക്ക  ബസുകളിലും തിങ്ങിനിറഞ്ഞ നിലയിലാണ് യാത്രക്കാർ ലക്ഷ്യസ്ഥാനത്തു എത്തിയത്.

വളരെ സങ്കടകരമായ പല ദൃശ്യങ്ങളും അതിനിടയിൽ കാണപ്പെട്ടു. കണ്ണൂർ- കോഴിക്കോട് നാഷണൽ ഹൈവേയിൽ നഗരത്തിലേക്കുള്ള ബസ് കാത്തു നിന്ന ഈ ലേഖകനു ഒരു മണിക്കൂർ കാത്തുനിന്ന ശേഷമാണ് ഒരു ബസിൽ കയറിപ്പറ്റാനായത്. അതിനിടയിൽ ഏതാനും ബസുകൾ വന്നതിൽ കടുത്ത തിരക്ക്. കോവിഡ് പേടികാരണം പലരും കയറാൻ മടിച്ചു.  പല യാത്രക്കാരും അതിനിടയിൽ ഓട്ടോ റിക്ഷകളെ അഭയം തേടി. പലരും എങ്ങോട്ടാണ് പോകുന്നത് എന്ന പരസ്‌പരം അന്വേഷിക്കുന്നതും കണ്ടു. ഒരേസ്ഥലത്തേക്കു പോകുന്നവർ പരസ്‌പര സഹായ സഹകരണ രീതിയിൽ ഷെയർ ഇട്ട് യാത്ര നടത്തി.

നഗരത്തിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ അതിനേക്കാൾ ദയനീയമായ ഒരു അനുഭവവും ഉണ്ടായി. ചെറിയ റൂട്ടുകളിൽ ഓടുന്ന സ്വകാര്യ ബസുകളെ കാത്തിരിക്കുന്ന യാത്രക്കാർ ഒരു ഭാഗത്ത്; അവർക്കു മുന്നിലൂടെ ദീർഘദൂര കെഎസ്ആർടിസി ആളില്ലാതെ പോകുന്നു. കാരണം അത്യാവശ്യ കാര്യത്തിനാണ് ജനം തെരുവിൽ ഇറങ്ങിയത്. ദീർഘദൂരയാത്ര ആരുടെയും അജണ്ടയിൽ ഇല്ല.

കാത്തിരിപ്പ് അങ്ങനെ അനന്തമായി നീളുമ്പോൾ പത്തോ പതിനഞ്ചോ വയസ്സുള്ള ഒരു പയ്യൻ അടുത്തുവന്നു. വീട്ടിലേക്കു  ഒന്ന് ഫോൺ ചെയ്യണം. ഫോൺ കൊടുത്തു. “അമ്മേ, മൂന്നു മണിക്കൂറായി ഇവിടെ ബസ് കാത്തു നിൽക്കുന്നു. എന്റെ കയ്യിൽ  പൈസയില്ല. ഞാൻ ഒരു ഓട്ടോ പിടിച്ചു അങ്ങോട്ടു  വരട്ടെ?“ അമ്മ സമ്മതിക്കുന്നില്ല. നഗരത്തിൽ നിന്ന് അൽപം അകലെയുള്ള ഒരു ഗ്രാമീണ റൂട്ടിലാണ് പയ്യനു പോകേണ്ടത്. ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം  ഇല്ലാതെ തന്നെ  ബസുകൾ നന്നേ കുറവ്. അതിനാൽ സ്വതേ ദുർബല, പിന്നെയോ ഗർഭിണി എന്നമട്ടിലുള്ള റൂട്ട്. പയ്യൻ അമ്മയുമായി സംസാരിക്കുന്നതിനിടയിൽ ഈ ലേഖകനു പോകേണ്ട  ഒരു ബസ് സ്വർഗ്ഗ ദൂതനെപ്പോലെ പ്രത്യക്ഷപ്പെട്ടു. അതോടെ  ഗോദോയെക്കാത്ത് എന്ന പഴയ അസംബന്ധ നാടകത്തിലെ കഥാപാത്രങ്ങളെപ്പോലെ പയ്യനെ വഴിയരികിൽ ഉപേക്ഷിച്ചു ഈ ലേഖകൻ തിരക്കേറിയ ബസ്സിൽ ഓടിക്കയറി. കോവിഡ് പ്രചാരണയത്നത്തിൽ പുതുമുറ ഗതാഗതമന്ത്രിയുടെ സംഭാവനകൾ മലബാറിലെ ജനങ്ങൾ എക്കാലത്തും ഓർമിക്കാനാണ് സാധ്യത.