ആണവ ചർച്ച പുനരാരംഭിക്കാൻ നീക്കം; അമേരിക്കയും റഷ്യയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കും

ബ്രസൽസ്:  അമേരിക്കയും റഷ്യയും തമ്മിലുള്ള അംബാസഡർ തല നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും ആണവ നിർവ്യാപനം സംബന്ധിച്ച ചർച്ചകൾ വീണ്ടും ആരംഭിക്കാനും ഇന്നലെ ബ്രസൽസിൽ നടന്ന ഇരു രാഷ്ട്ര നേതാക്കളുടെയും ഉച്ചകോടിയിൽ തീരുമാനമായി.

അമേരിക്കയിൽ ജനവരിയിൽ  അധികാരമേറ്റ പുതിയ പ്രസിഡണ്ട് ജോ ബൈഡനും റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനും തമ്മിൽ നടന്ന ആദ്യഉച്ചകോടിയിൽ നിലവിലെ തർക്കങ്ങൾ സംബന്ധിച്ച തുറന്ന ചർച്ച നടന്നതായി ഇരുനേതാക്കളും വെവ്വേറെ നടത്തിയ മാധ്യമസമ്മേളനങ്ങളിൽ വ്യക്തമാക്കി. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള   ബന്ധങ്ങൾ അങ്ങേയറ്റം മോശമായ അവസ്ഥയിലാണ്. അതിൽ പെട്ടെന്നുള്ള പുരോഗതി ഇരുപക്ഷവും പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഭാവിയിൽ  കുറേക്കൂടി മെച്ചപ്പെട്ട അന്തരീക്ഷം പുനസ്ഥാപിക്കാൻ കഴിയുമെന്നു ഇരുനേതാക്കളും അഭിപായപ്പെട്ടു.

മാർച്ചിലാണ്‌ രണ്ടു രാജ്യങ്ങളും  തങ്ങളുടെ അംബാസഡർമാരെ തിരിച്ചു വിളിച്ചത്. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റഷ്യ സൈബർ ഇടപെടലുകൾ നടത്തി എന്ന ആരോപണത്തെ തുടർന്നാണ് അംബാസഡർമാരെ തിരിച്ചു വിളിച്ചത്. ഇന്നലത്തെ ചർച്ചകളിൽ ഇരുപക്ഷവും അംബാസഡർമാരെ വീണ്ടും അയക്കാൻ തീരുമാനമായി. 

ഉക്രൈനിലെ റഷ്യൻ ഇടപെടൽ, റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ജയിൽ വാസം  തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. അമേരിക്കയിൽ ജലം, വാതകം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വിതരണത്തിൽ സൈബർ റഷ്യൻ സൈബർ ആക്രമണം തുടങ്ങിയ പ്രശ്നങ്ങളും ഉന്നയിച്ചതായി ബൈഡൻ അറിയിച്ചു.