സിദ്ദിഖ് കാപ്പന് എതിരെ തെളിവില്ല; കുറ്റപത്രത്തിലെ പ്രധാന ആരോപണം കോടതി റദ്ദാക്കി
ന്യൂ ദൽഹി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനും മറ്റു മൂന്നുപേരും അക്രമം സൃഷ്ടിക്കാനുള്ള പദ്ധതിയുമായാണ് ഹത്രാസിലേക്കു യാത്ര ചെയ്തത് എന്ന യുപി പോലീസിന്റെ ആരോപണം കേസ് പരിഗണിക്കുന്ന മഥുരയിലെ മാന്ത് ജില്ലയിലെ സബ്‌ഡിവിഷണൽ മജിസ്‌ട്രേറ്റ് റദ്ദാക്കി.
ഒകോടോബർ അഞ്ചിന് ഹത്രാസിലേക്കുള്ള യാത്രക്കിടയിലാണ് സിദ്ദിഖ് കാപ്പനെയും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ അതിക് റഹ്മാൻ,ആലം, മസൂദ് എന്നിവരെയും അവർ സഞ്ചരിച്ച കാറിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപണം തെളിയിക്കാനാവശ്യമായ തെളിവുകൾ ഇല്ല എന്ന കാരണം കാണിച്ചാണ് കോടതി അത് റദ്ദാക്കിയത്. അതേസമയം രാജ്യദ്രോഹം അടക്കമുള്ള ആരോപണങ്ങൾ കുറ്റപത്രത്തിലുണ്ട്. യുഎപിഎ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
എട്ടുമാസമായി ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യത്തിനുള്ള അപേക്ഷ 22നു മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. നേരത്തെ സുപ്രീം കോടതി ഇടപെട്ടു കാപ്പന് അഞ്ചുദിവസത്തെ പരോൾ അനുവദിച്ചിരുന്നു. രോഗഗ്രസ്തയായ മാതാവിനെ കേരളത്തിൽ എത്തി സന്ദർശിക്കാനാണ് ഫെബ്രുവരിയിൽ പരോൾ നൽകിയത്. ഏപ്രിലിൽ കോവിഡ് ബാധിതനായ കാപ്പന് ഡൽഹി ഓൾ ഇന്ത്യാ മെഡിക്കൽ ഇന്സ്ടിട്യൂട്ടിൽ ചികിത്സ നൽകുന്നതിനും സുപ്രീം കോടതി ഇടപെടുകയുണ്ടായി.