കുംഭമേള :വ്യാജ കോവിഡ് സർട്ടിഫിക്കറ്റ്;അന്വേഷണം പുരോഗമിക്കുന്നു

ന്യൂദൽഹി:  ഇത്തവണ കുംഭമേളയിൽ വരുന്നവർക്ക് കർശനമായ കോവിഡ് പരിശോധന വേണമെന്ന ഹൈക്കോടതി നിർദേശം മറികടക്കാൻ ഉത്തരാഖണ്ഡ് സർക്കാർ വ്യാപകമായ വ്യാജ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിയതായി ആരോപണം. ഇത് സംബന്ധിച്ച പരാതികളെക്കുറിച്ചു കേന്ദ്ര ആരോഗ്യമന്ത്രാലയവും  മറ്റു ഏജൻസികളും പരിശോധിച്ചു വരികയാണ്.

 ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഈ വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകമായി തയ്യാറാക്കിയതായി കണ്ടെത്തിയത്.  കുംഭമേളയുമായി ബന്ധപ്പെട്ട പല പ്രധാന ചടങ്ങുകളും അവിടെയാണ് നടക്കുന്നത്. എന്നാൽ കോവിഡ് പരിശോധന എല്ലാവർക്കും  നിർബന്ധമാണെന്നും ദിനംപ്രതി ചുരുങ്ങിയത് 50,000 പേർക്ക് പരിശോധന നടത്തിയിരിക്കണമെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു.

ഇത് മറികടക്കാനാണ്  ജില്ലാ ഭരണകൂടം വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാൻ പല സ്വകാര്യ ലാബറട്ടറികളെയും പ്രോത്സാഹിപ്പിച്ചത്. കുംഭ മേളക്ക് വരുന്നവരുടെ കോവിഡ് നെഗറ്റീവ് എന്ന മട്ടിൽ ഇത്തരം ആയിരക്കണക്കിനു സർട്ടിഫിക്കറ്റുകൾ ദിനംപ്രതി തയാറാക്കിയതായാണ് വാർത്തകൾ പുറത്തു വരുന്നത്. 

പഞ്ചാബിലെ ഒരു വ്യക്തിയുടെ ഫോണിലേക്കു അദ്ദേഹം കോവിഡ് നെഗറ്റിവാണ് എന്ന സർട്ടിഫിക്കറ്റ് ഹരിദ്വാറിൽ നിന്നും വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. അദ്ദേഹം പഞ്ചാബിന് പുറത്തേക്ക് പോയിരുന്നില്ല. തന്റെ ആധാർ നമ്പറും ഫോൺ നമ്പറും ഉ പയോഗിച്ചു വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ വിവരം അദ്ദേഹം അധികൃതരെ അറിയിച്ചു. അതിനെ തുടർന്ന് കേന്ദ്രആരോഗ്യമന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് വ്യാജസർട്ടിഫിക്കറ്റ് നിർമാണം സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നത്.

ഇത്തരം സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച പരാതികളെക്കുറിച്ചു അന്വേഷണം നടക്കുന്നുണ്ടെന്നും വ്യാപകമായി ഇങ്ങനെ ദുരുപയോഗം  നടന്നതായി സംശയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ഇന്നലെ മാധ്യമങ്ങളുടെ ചോദ്യത്തിനു ഉത്തരമായി അറിയിച്ചു. രാജ്യത്തു കോവിഡ് രണ്ടാം തരംഗം ഗ്രാമങ്ങളിലേക്ക് പ്രചരിക്കുന്നതിനു കുംഭ മേളയുടെ കാലത്തെ വലിയ ജനക്കൂട്ടം കാരണമായതായി  മാധ്യമങ്ങൾ നേരത്തെ ചൂണ്ടികാട്ടിയിരുന്നു.