ഒന്നിച്ചു മുന്നേറിയാൽ നിലംപരിശാക്കാം: കോൺഗ്രസ്സ് നേതാക്കൾ
തിരുവനന്തപുരം:കേരളത്തില്‍ കോണ്‍ഗ്രസ് അതിന്റെ ആദര്‍ശങ്ങള്‍ വീണ്ടെടുത്ത് ഒന്നിച്ചു മുന്നേറിയാല്‍ വന്‍ വിജയത്തിലേക്ക് കുതിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു കെ സുധാകരന്‍ കെപിസിസി പ്രസിഡന്‍റ് പദം ഏറ്റെടുക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.
കേരളത്തിൽ തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ സഖ്യത്തിലാണ് എന്ന് താൻ പറഞ്ഞപ്പോൾ മാധ്യമങ്ങളോ തന്റെ പാർട്ടിയോ പോലുമോ വിശ്വസിച്ചില്ല എന്ന് മുല്ലപ്പള്ളി പറഞ്ഞു.ആ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫിനേക്കാൾ വോട്ടുകൾ നേടിയത് യുഡി എഫ് ആണ്. പക്ഷെ ആ നിലയിൽ മാധ്യമങ്ങൾ അതിനെ കണ്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി -സിപിഎം അവിശുദ്ധ കൂട്ടുകെട്ട് ആവർത്തിച്ചിരുന്നു.എന്നിട്ടും സിപിഎമ്മും കോൺഗ്രസ്സും തമ്മിൽ വോട്ടിലെ വ്യത്യാസം 0 .26 മാത്രമാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ജാരസന്തതിയാണ് തുടർഭരണം . ഒന്നിച്ചു മുന്നേറിയാൽ എൽ ഡി എഫിനെ നിലംപരിശാക്കും എന്ന വസ്തുതയാണ് ഇത് നൽകുന്നത്. കേരളത്തിലെ മതന്യുനപക്ഷങ്ങൾക്കു അവിശ്വസിക്കേണ്ട പാർട്ടിയല്ല കോൺഗ്രസ്സ്. മതന്യുനപക്ഷങ്ങൾക്കുവേണ്ടി ജീവൻ കൊടുത്ത പ്രസ്ഥാനമാണ് എന്നത് വിസ്മരിക്കരുതെന്ന് മുല്ലപ്പള്ളി ഓർമ്മിപ്പിച്ചു.
കോൺഗ്രസ്സുകാരുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചു പിടിക്കുക എന്നതാണ് മുഖ്യം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.അധികാരം തിരിച്ചു പിടിക്കൽ മാത്രമല്ല ,ആശയപരമായ അടിത്തറ പടുത്തുയർത്തുന്നതും പ്രധാനമാണ്.ഇത്രയും പാരമ്പര്യമുള്ള മറ്റൊരു പാർട്ടി ലോകചരിത്രത്തിൽ ഇല്ല. കോൺഗ്രസ്സ് ഒരു ആൾക്കൂട്ടം മാത്രമാണ് എന്ന നിർവചനം ശരിയല്ലെന്ന് സതീശൻ പറഞ്ഞു.അത് തിരുത്തണം.പ്രത്യയശാസ്ത്ര അടിത്തറയുള്ള പാർട്ടിയായി കോൺഗ്രസ്സിനെ മാറ്റണം.
കോവിഡ് നൽകിയ സംഭാവനയാണ് പിണറായി വിജയൻറെ രണ്ടാം ഭരണം എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.പുതിയ പ്രസിഡന്റ കെ സുധാകരനെ ഇപ്പോൾ മുന്നിൽ നിന്ന് സ്തുതിക്കുന്നവരെ കണ്ട് അദ്ദേഹം മയങ്ങിപ്പോകരുതെന്ന് ചെന്നിത്തല ഓർമ്മിപ്പിച്ചു.തന്റെ അനുഭവം മുൻ നിർത്തിയാണ് പറയുന്നത്. സുധാകരൻ പ്രസിഡന്റെ പദവി ഏറ്റെടുക്കുന്ന ദിവസം തന്നെ അദ്ദേഹം ബിജെപിയുടെ വാലാണെന്ന പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് മുന്നിൽ വന്നത് നിസ്സാരകാര്യമല്ല. താൻ ഓരോ പദവി ഏറ്റെടുത്തപ്പോഴും തനീക്കെതിരെ സമാനമായ ആരോപണങ്ങളുമായി സിപിഐഎം വന്നിരുന്നു. അന്നതിനെ തുറന്നെതിർക്കാൻ കോൺഗ്രസ്സിൽ നിന്ന് ആരും മുന്നോട്ടുവന്നില്ല. അന്നതിന്റെ വേദന ഏറെ അനുഭവിച്ചവനാണ് താൻ. അതുകൊണ്ടാണ് സുധാകരനെതിരെ അമ്പെയ്തപ്പോൾ അത് കോൺഗ്രസിനെതിരെയാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് താൻ പ്രതികരിച്ചത് എന്ന് ചെന്നിത്തല പറഞ്ഞു.ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ മൗനം ഭജിച്ചാൽ നമ്മുടെ ശത്രുക്കൾ നമ്മൾ തന്നെ ആയി മാറുമെന്ന് ചെന്നിത്തല പറഞ്ഞു. താരിഖ് അന്‍വര്‍, കെ സുധാകരൻ തുടങ്ങിയവരും സംസാരിച്ചു .
കെ പി സി സി പ്രസിഡന്റെ കെ സുധാകരൻ ഇന്ന് രാവിലെ തിരുവനന്തപുരത്തു പാർട്ടി ആസ്ഥാനത്തെത്തത്തി ചുമതലയേറ്റു. വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും പി ടി തോമസും ടി സിദ്ദിക്കും ഇതോടൊപ്പം ചുമതലയേറ്റു.
കിഴക്കേകോട്ടയിൽ ഗാന്ധി പ്രതിമയിലും പാളയത്തു രക്തസാക്ഷി മണ്ഡപത്തിലും പുഷ്‌പചക്രം അർപ്പിച്ച ശേഷമാണ് കെ സുധാകരൻ പാർട്ടി ആസ്ഥാനത്തെത്തിയത്. സേവാദൾ വളണ്ടിയർമാർ പരേഡ് നടത്തി പുതിയ പ്രസിഡ ന്റിനെ ആദരിച്ചു. പതിനൊന്ന് മണിയോടെ ഓഫീസിന് മുന്നിൽ പുതിയ പ്രസിഡണ്ട് പതാക ഉയർത്തി തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. കോൺഗ്രസ്സ് നേതാക്കളെല്ലാം അണിനിരന്ന ചടങ്ങിൽ , താരിഖ് അൻവർ കോൺഗ്രസ് എം പി മാരും എം എൽ എ മാരും കോൺഗ്രസ് സംസ്ഥാന- ജില്ലാ ഭാരവാഹികളും എത്തിയിരുന്നു.