വൈറസ് ചോർച്ച : ഇന്ത്യൻ പഠനത്തെക്കുറിച്ചും പരിശോധന
ന്യൂദൽഹി: മാരകമായ കൊറോണാ വൈറസ് ചോർന്നത് ചൈനയിലെ വൂഹാനിലെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നിന്ന് ആണെന്ന ആരോപണങ്ങൾ ഉയരുന്നതിനിടയിൽ നാഗാലാൻഡിൽ വവ്വാലുകൾക്കിടയിൽ നടത്തിയ ഒരു പഠനത്തിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ല എന്ന പരാതി ഉയർന്നു.
ബംഗളുരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസും (എൻസിബിഎസ്) മുംബൈയിലെ ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചും (ടിഐഎഫ്ആർ) ചേർന്നാണ് നാഗാലാൻഡ് വനങ്ങളിലെ വവ്വാലുകളിൽ കാണുന്ന ഫിലോ വൈറസ് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഇതിനായി ശേഖരിച്ച സാമ്പിളുകൾ ബംഗളുരുവിലെ എൻസിബിഎസ് കേന്ദത്തിലാണ് സൂക്ഷിച്ചു വച്ചത്. എന്നാൽ ഈ സ്ഥാപനത്തിന് ഇത്തരം മാരകമായ വൈറസുകളെ സൂക്ഷിക്കാനുള്ള ലെവൽ നാല് സുരക്ഷാ സംവിധാനങ്ങൾ ഇല്ല എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലാണ് ഇതിനുള്ള സുരക്ഷാ സംവിധാനം ഇന്ത്യയിൽ ഒരുക്കിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽ വന്നിരുന്നു. ബന്ധപ്പെട്ട പഠനം നടന്നത് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അനുമതി തേടാതെയാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലെ പ്രതിരോധ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് 1.9 കോടി രൂപ ചെലവ് വന്ന പഠനം നടത്തിയത്. ചൈനയിലെ വുഹാൻ ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകരും പഠനത്തിൽ പങ്കാളികളായിരുന്നു.
എന്നാൽ പഠനം സംബന്ധിച്ചു പ്രചരിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് എൻസിബിഎസ് തലവൻ സത്യജിത് മയൂർ വ്യക്തമാക്കി. കൃത്യമായ ഗവേഷണ മാനദണ്ഡങ്ങൾ പാലിച്ചാണ് പഠനം നടത്തിയത്. പക്ഷിമൃഗാദികളിൽ നിന്ന് മനുഷ്യരിലേക്കു പടരാനിടയുള്ള രോഗങ്ങളെ സംബന്ധച്ച പഠനങ്ങളുടെ ഭാഗമായാണ് നാഗാലാൻഡ് വവ്വാലുകളെ സംബന്ധിച്ച പഠനവും നടത്തിയത്. അതിൽ എന്തെങ്കിലും അപാകത വന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കൊറോണാ വൈറസുകൾ ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നിന്ന് പുറത്തുവന്നതാണെന്ന ആരോപണം കൂടുതൽ ഗുരുതരമായി ഉയരുകയാണ്. അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണൽ പത്രമാണ് ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ചൈനയിൽ രോഗം പടരുന്നതിന് തൊട്ടുമുമ്പ് അജ്ഞാതമായ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ഈ സ്ഥാപനത്തിലെ മൂന്ന് ഗവേഷകർ ചികിത്സ തേടിയിരുന്നു എന്നാണ് പത്രം കണ്ടെത്തിയത്. ചൈനയിലെ വനപ്രദേശത്തെ ഒരു ഖനനകേന്ദ്രത്തിലെ ഗുഹയിൽ ഉണ്ടായ അസാധാരണ മരണങ്ങൾ സംബന്ധിച്ച പഠനം നടത്തിയ ഗവേഷകർ അവിടെ നിന്നും എട്ടുതരം വൈറസ് സാമ്പിളുകൾ ശേഖരിച്ചതായും അതിലൊന്നാണ് ഇപ്പോൾ പുറത്തുവന്ന് നാശം വിതയ്ക്കുന്ന കൊറോണാവൈറസ് എന്നുമാണ് ഒരു വിഭാഗം ഗവേഷകർ ഇപ്പോൾ പറയുന്നത്. ചൈനയിലെ ഖനിയിൽ ഉണ്ടായ മരണത്തിനു കാരണം ഒരുതരം ഫങ്കസ് ആണെന്നാണ് അന്ന് ചൈനീസ് ഗവേഷകർ അവകാശപ്പെട്ടത്. എന്നാൽ മരണകാരണം സംബന്ധിച്ച ചൈനീസ് പഠനങ്ങളിൽ വൈറസ് ബാധയാണെന്നു കാണുന്നതായി ചില ഗവേഷകർ പിന്നീട് കണ്ടെത്തി. ലോകാരോഗ്യ സംഘടന ഇതേക്കുറിച്ചു പഠിക്കാൻ വുഹാനിലേക്കു സംഘത്തെ അയച്ചുവെങ്കിലും കൂടുതൽ പരിശോധന വേണം എന്ന നിലപാടിലാണ്. വിഷയത്തിൽ മൂന്നുമാസത്തിനകം കൃത്യമായ റിപ്പോർട്ട് നൽകാൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ രഹസ്യാന്വേഷണ ഏജന്സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വുഹാൻ ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകയായ ഷി ഷെങ്‌ലി ഈ വിഷയത്തെകുറിച്ചു ചില ആഗോള മാധ്യമങ്ങൾക്ക് കഴിഞ്ഞ ദിവസം ഇന്റർവ്യൂ നൽകിയതായി ന്യൂയോർക്ക് ടൈംസ് ഇന്ന് റിപ്പോർട്ട് ചെയ്‌തു. തങ്ങളുടെ ലാബിൽ നിന്ന് വൈറസ് പുറത്തുപോയി എന്ന ആരോപണം നിഷേധിക്കാനാണ് അവർ മാധ്യമ ങ്ങളെ കണ്ടത്. ചൈനീസ് സർക്കാരിന്റെ നിർദേശപ്രകാരമാണ് അവർ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചതെന്ന് പത്രം പറയുന്നു. എന്നാൽ കൊറോണയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചൈന തുടക്കം മുതലേ പുലർത്തിവരുന്ന നിഗൂഢ സമീപനം അവരുടെ അവകാശവാദങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നതിനു തടസ്സമാണെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു .