ചൈന പ്രധാന ഭീഷണിയെന്ന്; ജി ഏഴ് സമ്മേളനം;ബദൽ നയങ്ങൾ ആവിഷ്‌കരിക്കും
ലണ്ടൻ: ചൈനയുടെ വിപുലമായ ആഗോള സ്വാധീനത്തെ ചെറുക്കാൻ ഫലപ്രദമായ ബദൽ തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്ന തീരുമാനവുമായാണ് ഞായറാഴ്ച ജി ഏഴ് ലോകവൻശക്തി ഉച്ചകോടി അവസാനിച്ചത്. ചൈന വികസ്വരരാജ്യങ്ങളിൽ സ്വാധീനം ചെലുത്തുന്നത് അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയുള്ള ബെൽറ്റ് & റോഡ് പദ്ധതി വഴിയാണെന്നും നൂറുകണക്കിനു കോടി ഡോളറുകൾ ചെലവാക്കിയുള്ള ഈ ആഗോള വികസന മുന്നേറ്റത്തെ ചെറുക്കാൻ ബിൽഡ് ബാക്ക് ബെറ്റർ വേൾഡ് (ബി 3ബി ) എന്നപേരിൽ വിപുലമായ ബദൽ പദ്ധതികൾ നടപ്പിലാക്കണമെന്നും യോഗം നിർദേശിച്ചു .അതിനായി കൂടുതൽ ധനം നീക്കിവെക്കാനും സമ്മേളനം തീരുമാനിച്ചു.
ചൈന ചർച്ചയെ സ്വാധീനിച്ച മറ്റൊരു വിഷയം കോവിഡ് മഹാമാരിയുടെ ആവിർഭാവവുമായി ബന്ധപ്പെട്ട തർക്കമാണ്. ഇത് ചൈനയിലെ ഒരു ലാബറട്ടറിയിൽ നിന്ന് പുറത്തുപോയ വൈറസിൽ നിന്ന് പടർന്നു പിടിച്ചതാണ് എന്ന ആരോപണം കൂടുതൽ ശക്തമായ സാഹചര്യത്തിൽ അതിനെക്കുറിച്ചു കൂടുതൽ പഠനങ്ങൾ വേണം എന്ന് സമ്മേളനം തീർച്ചപ്പെടുത്തി. ഭാവിയിൽ വരാനിരിക്കുന്ന ഇത്തരം ആപത്തുകളെ നേരിടാനുള്ള തയ്യാറെടുപ്പ് നടത്താനും സമ്മേളനം തീരുമാനിച്ചു. ഇനി വരുന്ന വൈറസ് ഭീഷണികളെ ചെറുക്കാനുള്ള വാക്‌സിനുകൾ 100 ദിവസം കൊണ്ട് തയ്യാറാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തും. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാൻ നടപടികൾ സ്വീകരിക്കും.
ആഗോളതാപനവുമായി ബന്ധപ്പട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ വികസ്വര രാജ്യങ്ങൾക്കു വർഷം തോറും 10,000 കോടി ഡോളർ സഹായമായി അനുവദിക്കും എന്നതാണ് മറ്റൊരു പ്രഖ്യാപനം. കൽക്കരിയിൽ നിന്ന് മാറി മറ്റു പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കു മാറ്റത്തിനുള്ള പ്രോത്സാഹനം എന്നനിലയിലാണ് ഈ സഹായം എത്തിക്കുന്നത്. 2020നകം ഇത്രയും തുക ദരിദ്ര രാജ്യങ്ങൾക്കു ഈ ആവശ്യത്തിനായി നൽകാമെന്ന് 2009ൽ തന്നെ വികസിത രാജ്യങ്ങൾ സമ്മതിച്ചതായിരുന്നു. എന്നാൽ അമേരിക്കയടക്കമുള്ള വൻരാജ്യങ്ങൾ തങ്ങളുടെ വാഗ്‌ദാനം അനുസരിച്ചു പ്രവർത്തിക്കുകയുണ്ടായില്ല എന്ന് വിവിധ ആഗോള സന്നദ്ധ സംഘടനാ പ്രവർത്തകർ ചൂണ്ടിക്കാട്ടി. വൻരാജ്യങ്ങൾ വാക്കിന് അനുസരിച്ചു പ്രവർത്തിക്കുകയും വേണമെന്ന് ക്ലൈമറ്റ് ആക്ഷൻ നെറ്റ്‌വർക്ക് ഡയറക്ടർ കാതറിൻ പറഞ്ഞു. വൻരാജ്യങ്ങൾ പ്രഖ്യാപിച്ച സഹായം നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മതിയാവുകയില്ല എന്ന് മറ്റൊരു പ്രധാന എൻജിഓ ആയ ആക്ഷൻ എയിഡ് നേതാക്കളും അഭിപായപ്പെട്ടു.
സമ്മേളനത്തിന്റെ മൂന്നാം ദിവസം ഇന്ത്യ, ആസ്‌ട്രേലിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാഷ്ട്രനേതാക്കളും സമ്മേളനത്തെ അഭിസംബോധന ചെയ്‌തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒഴികെ മറ്റു നേതാക്കളെല്ലാം സമ്മേളനത്തിൽ നേരിട്ടാണ് പങ്കെടുത്തത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മോദി ഓൺലൈനിലാണ് സംസാരിച്ചത്. കോവിഡ് വാക്‌സിൻ എളുപ്പത്തിൽ ലഭ്യമാകാൻ അതിന്റെ പേറ്റന്റ് നിയന്ത്രണങ്ങൾ താത്കാലികമായി നീക്കി ഉത്പാദനം ത്വരിതമാക്കാൻ നടപടി വേണമെന്ന് മോദി ആവശ്യപ്പെട്ടു.