വികസ്വര രാജ്യങ്ങൾക്കു 100 കോടി ഡോസ് കോവിഡ് വാക്‌സിൻ നൽകുമെന്ന് ജി 7 രാജ്യങ്ങൾ

 

ലണ്ടൻ: ദക്ഷിണ  ഇംഗ്ലണ്ടിലെ കടലോര വിശ്രമകേന്ദമായ കാരിസ് ബേയിൽ  വെള്ളിയാഴ്ച ആരംഭിച്ച ജി ഏഴ് സമ്മേളനത്തിന്റെ ആദ്യദിവസം ആഗോള മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട കോവിഡ് ഭീഷണിയെ നേരിടാനുള്ള പദ്ധതികൾ ചർച്ച ചെയ്യപ്പെട്ടു. ഈ വർഷം വികസ്വര രാജ്യങ്ങൾക്കു 100 കോടി ഡോസ് വാക്‌സിൻ സംഭരിച്ചു എത്തിക്കാനാണ് നീക്കം. സമ്മേളനം തുടങ്ങും മുമ്പ് മാധ്യമങ്ങളെ അഭിമുഖീകരിച്ച അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ 50 കോടി വാക്‌സിൻ തങ്ങൾ ലഭ്യമാക്കും എന്ന് അറിയിച്ചു. അമേരിക്കയിൽ നിർമിക്കുന്ന  നിർമിക്കുന്ന വാക്‌സിനുകളാണ് നൽകുക. തൊട്ടുപിന്നാലെ 10  കോടി വാക്‌സിൻ ബ്രിട്ടൻ സംഭാവന ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. 

 രണ്ടുവർഷത്തെ ഇടവേള കഴിഞ്ഞാണ് ജി ഏഴ് സമ്മേളനം നടക്കുന്നത്. കഴിഞ്ഞ വർഷം രൂക്ഷമായ കോവിഡ് പ്രതിസന്ധിയിൽ സമ്മേളനം നടക്കുകയുണ്ടായില്ല. ജോ ബൈഡൻ അധികാരമേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ വിദേശസന്ദർശനമാണ് ഇത്.

അമേരിക്ക, ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, കാനഡ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ നേതാക്കൾ  സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച നടന്ന അത്താഴ വിരുന്നിൽ എലിസബത്ത്  രാജ്ഞിയും രാജകുടുംബത്തിലെ  അംഗങ്ങളും പങ്കെടുത്തു. മിക്ക നേതാക്കളും കുടുംബമായാണ് വന്നത്. എന്നാൽ കാനഡ   പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഭാര്യയില്ലതെയാണ് വന്നത്. 

ആഗോളതാപനം സംബന്ധിച്ച പ്രശ്നങ്ങളും  ബഹുരാഷ്ട്ര കമ്പനികൾ നികുതി ഒഴിവാക്കുന്നത് തടയാനുള്ള നീക്കങ്ങളും യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ആഴ്ച ജി  ഏഴ് ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇത്തരം കമ്പനികൾ ചുരുങ്ങിയത് 15 ശതമാനം നികുതി അടക്കാനുള്ള തരത്തിൽ ആഗോള കരാർ സംബന്ധിച്ച് ധാരണയിൽ എത്തിയിരുന്നു .അത് ഉച്ചകോടി അംഗീകരിക്കും.