ശ്രീനാരായണ സർവകലാശാല പ്രതിസന്ധിയിൽ; കോഴ്‌സുകൾ വീണ്ടും പഴയ രീതിയിലേക്ക്

 

തിരുവനന്തപുരം: കൊട്ടിഘോഷിച്ചു ഉത്ഘാടനം ചെയ്‌ത ശ്രീനാരായണ ഓപ്പൺ  സർവകലാശാലയ്ക്ക് യുജിസി അനുമതി നേടുന്നതിൽ സ ർവകലാശാലാ ഭരണ നേതൃത്വം പരാജയപ്പെട്ടതോടെ പ്രൈവറ്റ് കോഴ്‌സുകൾ വീണ്ടും മറ്റു സർവ്വകലാശാലകളിലേക്കു തിരിച്ചുകൊണ്ടുപോകാൻ സർക്കാർ നീക്കം. 

ശ്രീ നാരായണാ സർവകലാശാലക്ക്  ജൂലൈയിൽ പുതിയ കോഴ്‌സുകൾ തുടങ്ങാൻ കഴിയുന്നില്ലെങ്കിൽ നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തി കാലിക്കറ്റ്, എംജി, കേരളാ സർവകലാശാലകളുടെ  വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ വീണ്ടും രജിസ്ട്രേഷൻ ആരംഭിക്കാനാണ് നീക്കം. ഇന്നലെ ഇത് സംബന്ധിച്ചു നിയമസഭയിൽ നടന്ന ചർച്ചയിലാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഈ സൂചന നൽകിയത്.

ശ്രീനാരായണ  സർവകലാശാല ആരംഭിക്കുന്നതോടെ മറ്റു കലാശാലകൾ നടത്തിവന്ന വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ അവസാനിപ്പിക്കാനാണ് സംസ്ഥാനം നേരത്തെ നിയമം കൊണ്ടുവന്നത്. ഈ മേഖലയിൽ പുതിയൊരു സംവിധാനം വരുന്നതോടെ മറ്റു സർവ്വകലാശാലകൾ നേരിട്ടുള്ള കോഴ്‌സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നായിരുന്നു സർക്കാരിന്റെ നിലപാട്. അതിനായാണ് നിയമത്തിൽ അത് സംബന്ധിച്ച വകുപ്പും ഉൾപ്പെടുത്തിയത്.

എന്നാൽ എസ്എൻ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ പൂർണമായും താളം തെറ്റിയതായാണ് സർക്കാറിന് ഇപ്പോൾ ബോധ്യമായിരിക്കുന്നത്. യുജിസി അംഗീകാരമില്ലാതെ ഒരു കോഴ്‌സും നടത്താൻ സർവ്വകലാശാലക്ക് സാധ്യമല്ല. അതേസമയം യുജിസിയുടെ അംഗീകാരം  പുതിയ സർവകലാശാല നേടിയിട്ടുമില്ല. യുജിസി അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റിന്‌ ഒരു വിലയുമില്ല.

എന്തുകൊണ്ട് യുജിസി  നടപടിക്രമങ്ങൾ പാലിച്ചു അംഗീകാരം നേടുന്നതിൽ എസ്എൻ ഓപ്പൺ യൂണിവേഴ്സ്റ്റിറ്റി പരാജയപ്പെട്ടു എന്നതിന് ഉത്തരം കഴിഞ്ഞ സർക്കാരിൽ വകുപ്പ് കൈകാര്യം ചെയ്‌ത മന്ത്രിയുടെ കെടുകാര്യസ്ഥത എന്നതു തന്നെയാണ്. വൈസ്  ചാൻസലർ, പ്രൊ വൈസ് ചാൻസലർ, രജിസ്ട്രാർ തുടങ്ങിയ നിർണായക തസ്തികകളിലെ നിയമനങ്ങളിൽ യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചതായാണ് ഇന്നലെ സഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടിയത്.  ഭരണപക്ഷത്തുനിന്ന് ഇതിനു കാര്യമായ മറുപടിയൊന്നും ഉണ്ടായില്ല. മന്ത്രിയാകട്ടെ, വിദ്യാർത്ഥി താത്പര്യം സംരക്ഷിക്കാൻ സർക്കാർ നിയമഭേദഗതി ആലോചിക്കുമെന്ന് അറിയിക്കുകയും ചെയ്‌തു.

ഇതോടെ എസ്എൻ സർവ്വകലാശാല ഒരു വെള്ളാനയായി വിദ്യാർത്ഥി സമൂഹത്തിനു പ്രയോജനമില്ലാതെ നിൽക്കുകയാണ്.  സർവകലാശാലയിൽ ഇതിനകം ആകെ നടന്നത് നിരവധി നിയമനങ്ങൾ മാത്രമാണ്.  സിണ്ടിക്കേറ്റിലും വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റൽ മാത്രമാണ് നടന്നത് .അതിനിടയിൽ കോഴ്‌സ് കണ്ടന്റും മറ്റും തയ്യാറാക്കാൻ സർവ്വകലാശാല താല്കാലിക നിയമനം നൽകിയ നിരവധി പേർക്ക് വേതനം നൽകുന്നില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്.