കോവിഡ് പ്രതിസന്ധിയിൽ പൊതു ഗതാഗത മേഖല തകരുന്നു; വൻ കടത്തിൽ ഉടമകൾ

കോഴിക്കോട്: കോവിഡ് ഒന്നാം തരംഗത്തിൽ രണ്ടുമാസത്തോളം നീണ്ട അടച്ചിടലിന്റെ ദുരിതത്തിൽ നിന്ന് കരകേറും മുമ്പ് വന്ന രണ്ടാം അടച്ചിടൽ രണ്ടാം മാസത്തിലേക്കു കടന്നതോടെ ബസ്സ് , ടാക്‌സി, ഓട്ടോറിക്ഷാ രംഗത്തു പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും ഉടമകളും തികഞ്ഞ പ്രതിസന്ധിയിലായി. അടച്ചിടൽ അവസാനിച്ചാലും ഇനി ഒരു തിരിച്ചുവരവിന് സാധ്യതയില്ലെന്നാണ് തൊഴിലാളികളും ഉടമകളും പറയുന്നത്. 

കഴിഞ്ഞ വർഷം മാർച്ച് 24നാണ് കേന്ദ്രസർക്കാർ രാജ്യമൊട്ടാകെ അടച്ചിടൽ പ്രഖ്യാപിച്ചത്. രണ്ടുമാസത്തോളമാണ് അത് നിലനിന്നത്. ആ കാലത്തു  വഴിയിൽ നിർത്തിയിടേണ്ടിവന്ന ബസുകൾ പലതും പിന്നീട് പുറത്തു ഇറങ്ങുകയുണ്ടായില്ല.  കാരണം ദീർഘമായ അടച്ചിടൽ കാരണം മിക്ക വാഹനങ്ങൾക്കും കേടുപാടുകൾ വന്നിരുന്നു. ബാറ്ററി നാശമായതു പോലെയുള്ള പ്രശ്നങ്ങൾ കാരണം അത്തരം ബസുകൾ വലിയ ചെലവിൽ അറ്റകുറ്റപ്പണി നടത്തി ഇറക്കാൻ സാധിക്കാതെ വന്നതിനാൽ പലരും അതിനു ശ്രമം പോലും നടത്തിയില്ല. പലേടത്തും നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ബാറ്ററിയടക്കം പലതും മോഷണം പോയതായുള്ള പരാതികളൂം വ്യാപകമാണ്. സീറ്റുകൾ നശിച്ചു. വാഹനങ്ങൾക്കു  തുരുമ്പ് വന്നു. ഇനി അവ നന്നാക്കിയെടുക്കുക വളരെ പ്രയാസമാണ് എന്നതാണ് സ്ഥിതി. ടാക്സികളുടെയും വലിയ പങ്ക്  ഓട്ടോകളുടെയും  സ്ഥിതിയും ഇത്തരത്തിലാണ്.

 കോഴിക്കോട് ജില്ലയിൽ 7000 ബസുകൾക്കാണ് ഓടാനുള്ള പെർമിറ്റ് ഉണ്ടായിരുന്നതെന്നു ജീവനക്കാർ പറയുന്നു. അതിൽ സിറ്റി സർവീസ് ബസുകളുടെ സ്ഥിതി നേരത്തെതന്നെ മോശമായി വരികയായിരുന്നു. നഗരത്തിലെ യാത്രക്കാരിൽ വലിയ ഭാഗം ചെറുകിട ജോലിക്കാരും വിദ്യാർത്ഥികളും മറ്റുമായിരുന്നു. അവരിൽ പലരും  സ്വന്തം വാഹനങ്ങളിലേക്കു മാറി. പലപ്പോഴും കാലിയായാണ് സിറ്റിയിൽ വാഹനങ്ങൾ  ഓടിയത്.  പല പ്രധാന സിറ്റിറൂട്ടുകളിലും മുൻകാലത്തു മിനിറ്റുകൾ ഇടവിട്ടു വാഹനങ്ങൾ ഉണ്ടായിരുന്നു.  അവയിൽ പലതും ഓട്ടം നിർത്തി.

കോവിഡ് ഒന്നാം അടച്ചിടൽ കഴിഞ്ഞശേഷം വെറും 3000 ബസുകൾ മാത്രമാണ് വീണ്ടും  സർവീസ് ആരംഭിച്ചതെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു. പകുതിയിൽ ഏറെയും പ്രവർത്തനം നിർത്തി. ഉടമകളിൽ പലരും കൂലിപ്പണിക്ക് പോയി. വീണ്ടും സർവീസ് ആരംഭിച്ചപ്പോൾ ബസ് ചാർജിൽ നേരിയ വർദ്ധന ഉണ്ടായെങ്കിലും ചെലവുകൾ താങ്ങാൻ അത് മതിയായില്ല. നേരത്തെ 10,000 വരെ ദിവസം കളക്ഷൻ കിട്ടിയ റൂട്ടുകളിൽ പോലും അത് പകുതിയിലും  താഴെയായി. ചെലവ് വർധിക്കുകയും ചെയ്‌തു. അതിനാൽ നേരത്തെ ഓടിയ വാഹനങ്ങളും ഇപ്പോൾ പ്രതിസന്ധിയിലായി.

ഇനി അടുത്തയാഴ്ച കോവിഡ് അടച്ചിടൽ  സർക്കാർ പിൻവലിക്കുകയാണെങ്കിൽ പോലും വളരെ കുറഞ്ഞ വാഹനങ്ങൾ മാത്രമാണ് വീണ്ടും നിരത്തിൽ ഇറങ്ങാൻ  സാധ്യതയുള്ളത്. സർക്കാർ നികുതികളൂം വാഹനത്തിന്റെ അടവും  തൊഴിലാളികളുടെ കൂലി ബാക്കിയും ആനുകൂല്യങ്ങളും റിപ്പയർ ചെലവുകളും താങ്ങാനാവാത്തതാണ്. കോവിഡ് തകർത്ത തൊഴിൽ മേഖലകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു ദുരന്തകഥയാണ് കേരളത്തിലെ പൊതുഗതാഗത രംഗം എന്ന് തൊഴിലാളികളും തൊഴിലുമകളും ഒരേപോലെ ആവർത്തിക്കുന്നു. തങ്ങളുടെ പ്രതിസന്ധിക്കു സർക്കാർ എന്തു പരിഹാരം നിർദേശിക്കും എന്ന് നോക്കിയിരിക്കുകയാണ് ഉടമകളും തൊഴിലാളികളും.