കെ സി വേണുഗോപാലിന്റെ രണ്ടാം വിജയം


തിരുവനന്തപുരം : ഉള്‍പ്പോരുകളില്‍ ഉലയുന്ന കേരളത്തിലെ കോണ്‍ഗ്രസ്സിനെ പിടിയിലൊതുക്കാനുള്ള എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലിന്റെ കരുനീക്കങ്ങള്‍ക്ക് വീണ്ടും വിജയം. പ്രതിപക്ഷ നേതൃസ്ഥാനവും കെ പി സി സി പ്രസിഡന്‍റ് സ്ഥാനവും അദ്ദേഹം ലക്ഷ്യം വെച്ച കടവിലെത്തിച്ചു. ഈ നിയമനങ്ങള്‍ക്കെതിരെ ഒരു ഭാഗത്ത് നിന്നും പരസ്യമായ പൊട്ടിത്തെറി ഉണ്ടായിട്ടില്ലെങ്കിലും അത് എതിര്‍പ്പുള്ളവരുടെ താല്‍ക്കാലിക തന്ത്രമെന്നേ കരുതാനാകൂ. എതിര്‍പ്പ് നേതൃനിരയില്‍ ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കുകയാണ്‌.കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ അടുത്തകാലത്ത് പുറമെയെങ്കിലും ശമിച്ചിരുന്ന തമ്മില്‍കുത്തു ഇപ്പോഴത്തെ അഴിച്ചുപണിയോടെ കൊടുംപിരിക്കൊണ്ടിരിക്കുന്നു. എങ്ങിനെ അടുത്ത ചുവട് വെക്കണമെന്നതില്‍ ആര്‍ക്കും ഒരു നിശ്ചയവുമില്ല.
പുതുതായി ചുമതലയേറ്റവര്‍ക്ക് ഏക ആശ്വാസം കെ സി വേണുഗോപാല്‍ വഴി രാഹുല്‍ ഗാന്ധിയില്‍ ഉള്ള സ്വാധീനമാണ്. രാഹുലിന്‍റെയും സോണിയാഗാന്ധിയുടെയും പരമപ്രധാന ലക്ഷ്യം കല്‍പ്പറ്റ ലോക്സഭാ സീറ്റാണ്. അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ നെഹ്‌റു കുടുംബം ലോക്സഭയില്‍ നിന്ന് പുറത്താകും. അതല്ലെങ്കില്‍ രാജ്യസഭയിലേക്ക് ചുരുങ്ങും.
വേണുഗോപാലാകട്ടെ കേരളത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദത്തില്‍ കണ്ണുവെച്ചാണ് കരുക്കള്‍ നീക്കുന്നത്. അതിന് തടസം രമേശ്‌ചെന്നിത്തല ആയിരുന്നു. അതില്‍ തന്ത്രപരമായി ഇടപെട്ട് അദ്ദേഹത്തെ വെട്ടിനീക്കി. ഇപ്പോള്‍ കെ പി സി സി പ്രസിഡന്‍റ് പദവിയും കൈക്കലാക്കിയെങ്കിലും ഇതൊരു ഞാണിന്മേല്‍ കളിയാണ്. രണ്ട് പുതിയ പദവികളിലും കടുത്ത വെല്ലുവിളികള്‍ മുന്നിലുണ്ട്.
കോണ്‍ഗ്രസ് ഓരോ തെരഞ്ഞെടുപ്പിലും തോറ്റ് തുന്നമ്പാടിയ എത്രയോ സംസ്ഥാനങ്ങള്‍ ഉണ്ട്. അവിടെയൊന്നും ഇത്തരത്തില്‍ അഴിച്ചുപണിക്ക് ഹൈക്കമാണ്ട് മുതിര്‍ന്നിട്ടില്ല. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ വട്ടപൂജ്യമായി. സാമാന്യം സ്വാധീനമുള്ള സംസ്ഥാനം ആയിരുന്നല്ലോ.ആരും അവിടെ അഴിച്ചുപണിയെക്കുറിച്ച് പറയുന്നില്ല.തുടര്‍ച്ചയായി രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്ത രാഹുല്‍ ഗാന്ധിക്കും ഇന്ത്യയില്‍ കടുത്ത തിരിച്ചടി നേരിട്ടു. പത്തുവര്‍ഷത്തിനുള്ളില്‍ എന്ത് നേതൃ മാറ്റമാണ് കോണ്‍ഗ്രസ്സില്‍ ഉണ്ടായത്? . ദില്ലിയിലെ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ കൂട്ടായി ചര്‍ച്ച ചെയ്തല്ല തീരുമാനങ്ങള്‍ എടുക്കുന്നത്.. ആ കാലം കഴിഞ്ഞതുകൊണ്ടാണ് മുതിര്‍ന്ന നേതാക്കള്‍ കൂട്ടായി പ്രതിഷേധത്തിന് ഇറങ്ങിയത്‌. രാഹുല്‍ഗാന്ധി യുടെ വിരലില്‍ എണ്ണാവുന്ന ഉപജാപകര്‍ ആണ് തീരുമാനങ്ങള്‍ എടുക്കുന്നത്. രാഹുല്‍ നിര്‍ദേശിക്കുന്നു അമ്മ നടപ്പിലാക്കുന്നു എന്നതാണ് അവസ്ഥ. കേരളത്തിലും അത് തന്നെയാണ് സംഭവിച്ചത്. എ
കെ ആന്റണിയെ പോലുള്ളവര്‍ ദില്ലിയില്‍ വിശ്രമജീവിതത്തിലാണ്. ദില്ലിയില്‍ പോലും ഓരോ ഫോണ്‍ കോളുകളില്‍ ഒതുങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം. കേരളത്തില്‍ ഗ്രൂപ്പില്ലാതാക്കാനുള്ള ശ്രമം എന്നൊക്കെ വ്യാഖ്യാനിക്കുന്നത് അണികളെ കബളിപ്പിക്കലാണ്. ഇന്ത്യയില്‍ ഏതു സംസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാത്തത്. ഏറ്റവും ഒടുവില്‍ തെക്കേ ഇന്ത്യയില്‍ പുതുശേരിയില്‍ ഉണ്ടായിരുന്ന മന്ത്രിസഭ പോലും കടപുഴകിയത് ഗ്രൂപ്പിസം കൊണ്ടായിരുന്നു. അത് കോണ്‍ഗ്രസ്സിന്റെ കൂടെപ്പിറപ്പാണ്. പ്രതിപക്ഷത്താണെങ്കിലും രാഹുല്‍ഗാന്ധിക്ക് ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനെ വരുതിയില്‍ നിര്‍ത്താവുന്ന ഏക സംസ്ഥാനം ഇപ്പോള്‍ കേരളം മാത്രമാണ്. ഇവിടത്തെ കോണ്‍ഗ്രസ്സിന്റെ ഭാവിയും തുലാസില്‍ തൂങ്ങുകയാണ്.