മരംകൊള്ള കേസിൽ സർക്കാരിന് വീഴ്ചയെന്ന് വനം മന്ത്രി; അന്വേഷണം നടക്കട്ടെയെന്നു മുൻ മന്ത്രി പി രാജു

 തിരുവനന്തപുരം: കഴിഞ്ഞ  എൽഡിഎഫ് സർക്കാരിന്റെ കാലത്തു കർഷകരെ സഹായിക്കാൻ എന്നപേരിൽ റവന്യു വകുപ്പ് മരംമുറിക്കാൻ നൽകിയ ഉത്തരവിന്റെ മറവിൽ വൻ വനംകൊള്ള നടന്നതായി വനംമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.

വയനാട്ടിലെ മുട്ടിൽ വില്ലേജിലും മറ്റു ആറു ജില്ലകളിലുമായി സർക്കാർ നിയന്ത്രണത്തിലുള്ള റിസർവ് വനങ്ങളിൽ നിന്നും ആദിവാസി ഭൂമിയിൽ നിന്നും നൂറുകണക്കിനു തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ചു കടത്തിയതു സംബന്ധിച്ച അടിയന്തിര പ്രമേയത്തിൽ ഇടപെട്ടു സംസാരിക്കുകയായിരുന്നു വനം മന്ത്രി. വിഷയത്തിൽ വനംവകുപ്പിലെ ചിലർ തന്നെ കേസിലെ പ്രതികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. തെരഞ്ഞെടുപ്പു സമയത്താണ് വനംകൊള്ള അരങ്ങേറിയത്. അതു സംബന്ധമായി വനംവകുപ്പ്  42 കേസെടുത്തു അന്വേഷണം നടത്തുകയാണ്. 

അടിയന്തിരപ്രമേയം അവതരിപ്പിച്ച കോൺഗ്രസ്സ് അംഗം  പി ടി തോമസ് സംഭവത്തിൽ സെക്രട്ടറിയറ്റ് വരെ നീളുന്ന അഴിമതിയുടെ ചങ്ങലയുണ്ടെന്നു ആരോപിച്ചു.  വയനാട്ടിൽ നിന്നും എറണാകുളത്തെ  പെരുമ്പാവൂരിലെ മില്ലിലേക്കു കടത്തിയ തേക്ക്, ഈട്ടി തടികൾ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ പ്രതികളിൽ ഒരാൾ വനം മന്ത്രിയെ കാണാൻ വന്നു. കേരളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമ സ്ഥാപനത്തിലെ പ്രധാനിയാണ് അതിനു ഇടനിലക്കാരനായി നിന്നത്–അദ്ദേഹം ആരോപിച്ചു.  കേസിലെ മുഖ്യപ്രതി ഒരു ചാനലിന്റെ പ്രമുഖ  ഓഹരി ഉടമയാണെന്നു വനം വകുപ്പ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നുണ്ട്. 

വളരെ ആഴത്തിൽ വേരുകളുള്ള ഒരു വമ്പൻ അഴിമതിയാണ് കർഷകരെ സഹായിക്കാൻ എന്നപേരിൽ വനം-റവന്യു വകുപ്പുകൾ സംഘടിതമായി നടത്തിയതെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.  അതേസമയം വിഷയത്തിൽ അന്വേഷണം  നടക്കട്ടെ എന്നാണ് മുൻ വനംമന്ത്രി പി രാജു പ്രതികരിച്ചത്. കഴിഞ്ഞ സർക്കാരിൽ  വനം, റവന്യു വകുപ്പുകൾ സിപിഐ മന്ത്രിമാരാണ് കൈകാര്യം ചെയ്‌തത്‌. ഇത്തവണ വനം വകുപ്പ് സിപിഐയിൽ നിന്ന് മാറ്റി നേരത്തെ ഗതാഗത വകുപ്പ് കൈകാര്യം ചെയ്‌ത എൻസിപിയിലെ ശശീന്ദ്രനെ ഏല്പിക്കുകയായിരുന്നു.

അതിനിടയിൽ മുട്ടിൽ വനംമുറി സംഭവത്തിൽ പോലീസ്  അന്വേഷണവും ആരംഭിച്ചു. കൽപ്പറ്റ റവന്യു തഹസിൽദാരുടെ പരാതി പ്രകാരം ബത്തേരി പൊലീസാണ് അന്വേഷിക്കുന്നത്. റവന്യൂ ഭുമിയിൽ നിന്നും അതിനുപുറമെ ആദിവാസികളെ വഞ്ചിച്ചും  ഭീഷണിപ്പെടുത്തിയും മരം മുറിച്ചു കൊണ്ടുപോയതായാണ് പരാതി. നൂറിലേറെ മരങ്ങൾ മുട്ടിൽ വില്ലേജിൽ നിന്നുമാത്രം വെട്ടിമാറ്റിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.  കാസർകോട് ജില്ലയിലും സമാനരീതിയിൽ മരം മുറിച്ചു കടത്തിയതായി പരാതി  ഉയർന്നിട്ടുണ്ട്.