മുട്ടിൽ മരം കൊള്ളയുടെ പിന്നിൽ ഉന്നത ഗൂഢാലോചന; മാധ്യമങ്ങൾക്കും പങ്കെന്ന് ആരോപണം

കോഴിക്കോട്: വയനാട് ജില്ലയിലെ മുട്ടിൽ സൗത്ത് വില്ലേജിൽ അനധികൃതമായി മുറിച്ചുകടത്തിയ മരം കൊള്ളയ്ക്ക് പിന്നിൽ ഉന്നത ഗൂഢാലോചനയുള്ളതായി ആരോപണമുയർന്നു. എൽഡിഎഫ് സർക്കാരിന്റെ അവസാനമാസങ്ങളിൽ ഇറക്കിയ ഒരു ഉത്തരവിന്റെ ബലത്തിലാണ് റവന്യു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റിസർവ് വനങ്ങളിൽ നിന്നും കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയത്.  ഏതാണ്ട് 100 കോടിയിൽ അധികം വിലവരുന്ന ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങൾ മുറിച്ചു കടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിൽ  മുട്ടിൽ ഭാഗത്തു നിന്ന് മുറിച്ച 15 കോടിയോളം വിലവരുന്ന മരങ്ങൾ മാത്രമാണ് കണ്ടെത്തിയത്.

2020  ഒക്ടോബർ 24നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വ്യാപക വനം കൊള്ള അരങ്ങേറിയത്. സർക്കാർ ഭൂമിയിൽ പട്ടയം അനുവദിച്ച പ്രദേശങ്ങളിലെ മരം മുറിക്കാൻ അനുമതി നൽകുന്നതാണ് ഉത്തരവ്. അതിന്റെ മറവിൽ  തേക്ക്, ഈട്ടി തുടങ്ങിയ വന്മരങ്ങളും മുറിച്ചുകടത്തി. അഞ്ചുജില്ലകളിൽ ഇത്തരത്തിൽ മരംമുറി നടന്നതായാണ് വനംവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.

മുട്ടിൽ  വില്ലേജിൽ നിന്ന് മുറിച്ചുകടത്തിയ വന്മരങ്ങൾ എറണാകുളത്തെ ഒരു തടിമില്ലിൽ മേപ്പാടി ഫോറസ്റ്റ് റേഞ്ച് വിജിലൻസ് വിഭാഗം ഫെബ്രുവരി ആദ്യവാരത്തിൽ കണ്ടെത്തിയതോടെയാണ് വനംകൊള്ളയുടെ ചുരുൾ അഴിയുന്നത്. എന്നാൽ കൊള്ള കണ്ടെത്തിയ ഉദ്യോഗസ്ഥനെ ബലിയാടാക്കി അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടന്നതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇതിനായി ധർമടം സ്വദേശിയായ ഒരു  ഉദ്യോഗസ്ഥന് ചുമതല നൽകിയതായും അദ്ദേഹം കേസിലെ വകുപ്പുകൾ മാറ്റിയെഴുതാൻ കീഴുദ്യോഗസ്ഥനെ നിർബന്ധിച്ചതായും മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്‌തു. ഇതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥനെതിരെ രണ്ടു ദൃശ്യ മാധ്യമങ്ങൾ നിരന്തരം വാർത്തകൾ നൽകി വിഷയം അട്ടിമറിക്കാൻ ശ്രമിച്ചതായാണ് ആരോപണം. ഇതു സംബന്ധിച്ച ചീഫ്‌ ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ ടിവി 24, റിപ്പോർട്ടർ ടിവി എന്നീ സ്ഥാപനങ്ങളുടെ പേര് എടുത്തുപറയുന്നുണ്ട്. 

  സൂര്യ ടിംബർ എന്നപേരിലുള്ള ഒരു കമ്പനിയാണ് വ്യാപകമായ മരംമുറിക്കൽ നടത്തിയത് എന്നാണ് അന്വേഷണ  റിപ്പോർട്ടിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടു ഇതിനകം 42 കേസുകൾ റെജിറ്റർ ചെയ്‌തിട്ടുണ്ട്‌. വ്യാപാരികളായ റോജി അഗസ്സ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികൾ. എന്നാൽ അവരുടെ പ്രവർത്തനങ്ങൾക്ക് സർക്കാരിൽ നിന്നും ചില മാധ്യമപ്രവർത്തകരിൽ നിന്നും സഹായം ലഭിച്ചതായാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്.