താമരയിൽ വിരിഞ്ഞ ഭരണത്തുടർച്ച: രമേശ് ചെന്നിത്തല


തിരുവനന്തപുരം:താമരയിൽ വിരിഞ്ഞ ഭരണത്തുടർച്ചയാണ് പിണറായി വിജയൻറെ രണ്ടാം സര്‍ക്കാര്‍ എന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പ്രസ്താവിച്ചു. 69 നിയമസഭാ മണ്ഡലങ്ങളിൽ എൻഡിഎ യുടെ വോട്ട് എവിടെപ്പോയി എന്ന് പറയണം.നേമത്തും മഞ്ചേശ്വരത്തും പാലക്കാട്ടും ബിജെപി ജയിക്കാതിരുന്നത് യു ഡി എഫ്ഡി എഫ് പ്രവർത്തനങ്ങൾ കൊണ്ടായിരുന്നു. എന്നാൽ അവിടെയും എൽ ഡി എഫ് വോട്ട് എന്തുകൊണ്ട് കുറഞ്ഞു? സംസ്ഥാനത്തു ബിജെപിയുടെ വോട്ടിൽ 2.46 ശതമാനം കുറഞ്ഞത് എങ്ങോട്ടുപോയി? ഈ വോട്ടെല്ലാം എൽ ഡി എഫിന് മറി ച്ചു കൊടുത്തത് കൊണ്ടല്ലേ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നത് ? എൽ ഡി എഫ് യും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉൽപ്പന്നമാണ് ഈ സർക്കാർ. ഇപ്പോൾ കുഴൽപ്പണ കേസ് ഉപയോഗിച്ചാണ് ഇരുകൂട്ടരും ഒത്തുകളിക്കുന്നത് .
പതിനഞ്ചാം കേരള നിയമസഭയിലെ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു രമേശ്‌ . ഈ സഭയില്‍ ആദ്യമായാണ് അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഭരണപക്ഷം പ്രസംഗം സാകൂതം കേട്ടിരുന്നതല്ലാതെ യാതൊരു അലോസരത്തിനും മുതിര്‍ന്നില്ല എന്നതും ശ്രദ്ധേയമായി.

എത്ര വിചിത്രമായ മന്ത്രിസഭയാണിത്. രണ്ടര വർഷം രണ്ടര വര്‍ഷം കൂടുമ്പോൾ മന്ത്രിമാരെ വെച്ച് മാറുന്ന മന്ത്രിസഭ കേരളചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ? ഇതെന്താ ടെസ്റ്റ് ട്യൂബ് മന്ത്രിസഭയാണോ? മിനിസ്റ്റർ ഇൻ വെയിറ്റിങ് എന്നത് മന്ത്രിസഭകളിൽ കേ ട്ടുകേൾവിയില്ലാത്തതല്ലേ .
ഞങ്ങൾ പ്രതിപക്ഷത്തായിരുന്നപ്പോഴെല്ലാം ക്രിയാത്മക പ്രതിപക്ഷമായിരുന്നു.നിയമസഭ തകർത്തില്ല.ട്രാൻസ്‌പോർട് ബസുകൾ തകർത്തില്ല. ഒരു ജനകീയ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ നെഞ്ചത്ത് കല്ലെറിഞ്ഞ പ്രതിപക്ഷ പ്രവർത്തനം കേരളം കണ്ട കാര്യമല്ലേ.
കേരളത്തിന്റെ പൊതുകടം ആകാശംമുട്ടെ ഉയർന്നിരിക്കയാണ് എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒന്നരലക്ഷം കോടി രൂപയായിരുന്നു കടം. ഇന്നത് മൂന്നരലക്ഷം കോടിയായി ഉയർന്നു.കേരളത്തിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിയും ഒരു ലക്ഷം രൂപയുടെ കടവുമായിട്ടാണ് ജനിക്കുന്നത് . കടത്തിൽ മുക്കികൊല്ലുന്ന സർക്കാരാണിത്.കോവിഡ് കൊണ്ടാണോ ഈ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്.? ലക്കും ലഗാനുമില്ലാത്ത ധൂർത്ത് ,അഴിമതി,നികുതിപിരിവിലെ കെടുകാര്യസ്ഥത ഇതെല്ലാമല്ലേ ഇതിനു കാരണം. സ്ഥാനമൊഴിയും മുൻപ് ഐസക് പറഞ്ഞു 5000 കോടി രൂപ ബാക്കി ഉണ്ട് എന്ന്.എവിടെയാണ് ബാലഗോപാൽ ഈ തുക? ഐസക് പറഞ്ഞു 18000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് വന്നുകൊണ്ടേയിരിക്കുന്നു എന്ന് .എവിടെയാണ് ആ തുക?. കോവിഡ് പാക്കേജ് ഐസക് പ്രഖ്യാപിച്ചത് 20000 കോടി.ഇപ്പോഴത്തെ ധനമന്ത്രിയും 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഇതെല്ലാം കരാറുകാർക്ക് കൊടുക്കാനുള്ള കുടിശിക മാത്രമാണ് എന്നതല്ലേ യാഥാർഥ്യം.ഇവിടെ പ്രഖ്യാപിച്ചു, 8900 കോടി രൂപ ഡയറക്ട് ട്രാൻസ്ഫർ കൊടുക്കുമെന്ന്. ധനമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു ഇതെല്ലാം കുടിശിക കൊടുക്കാനുള്ള തുക മാത്രമാണ് എന്ന്.ആരെ പറ്റിക്കാനുള്ള പണിയാണിത്.ലോകത്തെല്ലായിടത്തും ആളുകളുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തുകയാണ്.ഇന്ത്യയിൽ മാത്രമാണ് അതില്ലാതുള്ളത്. മോദിയും പിണറായി വിജയനും ജനങ്ങളെ കബളിപ്പിക്കുകയല്ലേ?.ഐസക് എത്ര പാക്കേജുകളാണ് ഇവിടെ പ്രഖ്യാപിച്ചത്.ഇതെല്ലാം പാക്കേജുകളിൽ ഒതുങ്ങി എന്നതല്ലേ സത്യം.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ഇപ്പോഴും യാഥാർഥ്യമായി നിൽക്കുകയാണ്.അഴിമതിയും കൊള്ളയും ധൂർത്തുമായിരുന്നു ആ സർക്കാരിന്റെ മുഖമുദ്ര.എത്രയോ കാര്യങ്ങളിൽ സർക്കാരിന് യു ടേൺ അടിക്കേണ്ടിവന്നു.യുടേൺ ഗവർമെന്റ് എന്ന് ജനങ്ങൾ പറഞ്ഞില്ലേ. ഞങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങളിൽ എത്തിയില്ലാതിരുന്നിരിക്കാം. ദുരിതമനുഭവിച്ച ജനങ്ങൾക്ക് സർക്കാർ നൽകിയ ആനുകൂല്യങ്ങൾക്ക് ജനങ്ങൾ പ്രഥമ പരിഗണന നൽകിയിരിക്കാം. തെരെഞ്ഞെടുപ്പ് വിജയത്തെ അഴിമതിയെ വെള്ളപൂശാൻ നിങ്ങൾ ഉപയോഗിക്കുന്നത് ദൗർഭാഗ്യ കരമാണെന്നേ ഞങ്ങൾ പറയുന്നുള്ളൂ.
ഭാവിയിലും ഞങ്ങൾ ഉണർന്നിരിക്കും. കണ്ണുകൾ തുറന്നിരിക്കും. കാതുകൾ കൂർപ്പിച്ചിരിക്കും. ഈ സർക്കാരിന്റെ അഴിമതികൾക്കെതിരായ പോരാട്ടവുമായി കേരളത്തിലെ പ്രതിപക്ഷം മുന്നോട്ടു പോകും.
പിണറായി വിജയൻ നൽകിയ വിജയം കോവിഡ് നൽകിയ സമ്മാനമാണ്.ജനങ്ങളെ അണിനിരത്തി കോവിഡ് കാലത്തു പോരാടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ജനങ്ങളെ നിരന്തരം അണിനിരത്തിക്കൊണ്ടുള്ള പോരാട്ടത്തിന് അവസരമുണ്ടായില്ല. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടിവന്നു. ഒരു ലെവൽ പ്ലെയിങ് ഫീൽഡ് പ്രതിപക്ഷത്തിന് ലഭിച്ചില്ല എന്നതാണ് സത്യം.മാധ്യമങ്ങൾക്കു കണ്ണഞ്ചിപ്പിക്കുന്ന പരസ്യം കൊടുത്ത് അവരെ മയക്കി കിടത്താൻ നിങ്ങള്ക്ക് കഴിഞ്ഞു.കോർപ്പറേറ്റുകളും മൾട്ടിനാഷണൽ കമ്പനികളും നിങ്ങള്ക്ക് വേണ്ടി പ്രവർത്തിച്ചത് നാം കണ്ടതാണ്. എന്നിട്ടും സിപിഎമ്മിന് കിട്ടിയത് 25.38 ശതമാനം വോട്ടാണ്. കോൺഗ്രസ്സിന് കിട്ടിയത് 25.12 ശതമാനമാണ്. യു ഡി എഫും എൽ ഡി എഫും തമ്മിലുള്ള വ്യത്യാസം 5.85 ശതമാനമാണ്. 39.40 ശതമാനം വോട്ട് കിട്ടിയ മുന്നണിയാണ് യുഡിഎഫ് .ആ യുഡിഎഫിനെ തകർക്കാൻ നിങ്ങൾക്ക് കഴിയില്ല.അതിശക്തമായി ഞങ്ങൾ തിരിച്ചുവരും.ജനങ്ങളുടെ പിന്തുണയോടെ തിരിച്ചുവരും.തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തി ജനങ്ങളുടെ കൂടുതൽ വിശ്വാസം നേടി തിരിച്ചുവരും-രമേശ് ചെന്നിത്തല പറഞ്ഞു..