കിറ്റ് നൽകുന്നത് കേന്ദ്രമല്ല: ഭക്ഷ്യ മന്ത്രി അനിൽ
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഫണ്ടുപയോഗിച്ചാണ് കിറ്റ് വിതരണം ചെയ്യുന്നതെന്ന് വ്യാപകമായി പ്രചരണം നടക്കുന്നുണ്ടെന്നും എന്നാൽ പൂർണമായും സംസ്ഥാന സർക്കാരിന്റെ വിഹിതമുപയോഗിച്ചാണ് കിറ്റ് വിതരണം നടത്തുന്നതെന്നും ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിയമസഭയിൽ പറഞ്ഞു. അവശ്യ സാധനങ്ങളുടെ വിലനിലവാരം നിയന്ത്രിക്കാന്‍ സിവിൽ സപ്ലൈസ് വകുപ്പ് വിപണിയിൽ ശക്തമായി ഇടപെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പൊതു വിപണിയേക്കാൾ 20 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ 13 ഇനം ഉല്പന്നങ്ങൾ സപ്ലൈക്കോ
വില്പനശാലകളിലൂടെ വിതരണം ചെയ്തു വരുന്നു. ഇതിന് പുറമെ 36 ഇനം അവശ്യധാന്യങ്ങൾ പൊതു വിപണിയേക്കാൾ 10 മുതൽ 20 ശതമാനം വരെ വില കുറച്ച് സബ്സിഡി നിരക്കിൽ നൽകുന്നുണ്ട്. സപ്ലൈക്കോയുടെ സ്വന്തം ബ്രാണ്ടായ ശബരി ഉല്പന്നങ്ങളും 20 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ വിറ്റു വരുന്നു. ഇതിനുപുറമേ മറ്റ് അവശ്യ സാധനങ്ങളും ഉൽപ്പന്നങ്ങളും മാർക്കറ്റ് വിലയേക്കാൾ 5 മുതൽ 30% വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി ഇതു സംബന്ധിച്ചുയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
ഉത്സവകാലങ്ങളിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്നായി സഹകരണ വകുപ്പിൻ്റെ ധനസഹായത്തോടു കൂടി പ്രാഥമിക സഹകരണ സംഘങ്ങളെ ഏകോപിപ്പിച്ച് നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയോടെ സഹകരണ വിപണികൾ വഴി വിൽപ്പന നടത്തുന്നതാണ്. അതോടൊപ്പം, സപ്ലൈകോയും സഹകരണ വകുപ്പിന്റെ കൺസ്യൂമർഫെഡും വഴി നടപ്പാക്കിയ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുവാൻ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു
ക്വാറന്റൈനിലുള്ളവർക്ക് ആവശ്യമായ മരുന്നുകളും അവശ്യ സാധനങ്ങളുംഹോർട്ടികോർപ്പ്, മത്സ്യഫെഡ് , കുടുംബശ്രീ എന്നിവരുമായി സഹകരിച്ച് സപ്ലൈകോ ഹോം ഡെലിവറി നടത്തുന്നുണ്ട്.
കിറ്റിനായി ചില്ലിക്കാശ് പോലും കേന്ദ്രം തന്നിട്ടില്ല സംസ്ഥാനസർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റിന് കേന്ദ്രസഹായമില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു.
ഭക്ഷ്യദൗർലഭ്യമുള്ള സംസ്ഥാനമെന്ന പരിഗണന കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിച്ചിട്ടില്ല. പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാനം മികച്ച പ്രവർത്തനമാണ് കഴിഞ്ഞ അഞ്ചുവർഷവും കാഴ്ച്ചവെച്ചത്. എന്നാൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായകമായ നടപടികൾ ഉണ്ടായിട്ടില്ല.
സ്കൂൾ വിദ്യാർത്ഥികൾക്ക് അരി വീട്ടിലെത്തിച്ചു നൽകുന്ന കാര്യം തുടരുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കെ ജെ മാക്സി, കെ കെ ശൈലജ, പി മമ്മിക്കുട്ടി, കെ ആൻസലൻ, ജി എസ് ജയലാൽ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.