വിദ്യാഭ്യാസ പുരോഗതിയിൽ നേട്ടം ബിജെപി ഇതര സംസ്ഥാനങ്ങൾക്കെന്നു കേന്ദ്ര സർവേ

 ന്യൂ ദൽഹി: വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതി വിലയിരുത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന സമഗ്ര സർവേയിൽ ഏറ്റവും പുരോഗതി നേടിയത് ബിജെപി ഇതര സർക്കാരുകൾ എന്ന് കണ്ടെത്തി.  മൂന്നുവർഷം മുമ്പാണ് എല്ലാ സംസ്ഥാനങ്ങളിലെയും പുരോഗതി ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന സർവേ വന്നത്.  കഴിഞ്ഞദിവസം പുറത്തുവിട്ട 2019-20 വർഷത്തെ സർവേയിൽ പഞ്ചാബ്, തമിഴ് നാട് ,കേരളം എന്നീ സംസ്ഥാനങ്ങളാണ് ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ നിൽക്കുന്നത്. മൂന്നും ബിജെപി ഇതര സർ ക്കാരുകളാണ് ഭരിക്കുന്നത്. അതേസമയം ബിജെപി ഭരണം നടത്തുന്ന ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ നേടിയ റാങ്കുകളിൽ നിന്ന് പിന്നാക്കം പോയി.ഗുജറാത്ത് കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ അവർ എട്ടാം റാങ്കിലേക്കു താണു.മധ്യപ്രദേശിലും ഛത്തിസ്ഗഢ് സംസ്ഥാനത്തും റാങ്കിൽ മാത്രമല്ല അവർ നേടിയ വിദ്യാഭ്യസ പുരോഗതിയിലും പിന്നാക്കം പോയതായി സർവേ കാണിക്കുന്നു.

സർവേയിൽ ഏറ്റവും വലിയ ഇൻഡക്‌സ് മാർക്ക് ആയ 1000ൽ പഞ്ചാബ് 929 പോയിന്റുകൾ നേടി. തമിഴ്‌നാട് 906, കേരളം 901  എന്നിങ്ങനെയാണ് തൊട്ടുപിന്നാലെയുള്ള പോയന്റ് നില. ഗുജറാത്ത് 884, മഹാരാഷ്ട്ര 869, കർണാടകം 813,  ആന്ധ്ര പ്രദേശ് 811,  തെലുങ്കാന 772, ബീഹാർ 747 എന്നിങ്ങനെയാണ് പ്രധാന സംസ്ഥാനങ്ങളുടെ പോയിന്റ് നില. 

വിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങൾ, മെച്ചപ്പെട്ട സേവന രീതി, ഉയർന്ന അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളിൽ കുതിച്ചുകയറ്റം നടത്തിയ തമിഴ്‌നാട് നേരത്തെ ഉയർന്ന സ്ഥാനത്തു ഇരുന്ന കേരളത്തെ പിന്തള്ളി മുന്നിലെത്തി. വെറും 545 പോയിന്റുമായി ഏറ്റവും പിന്നിൽ നില്കുന്നത് ലഡാഖ് ആണ്.