depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp ആഗോളകമ്പനികൾക്കു പുതിയ നികുതിനയം; വെട്ടിപ്പ് ഇനി പ്രയാസമാകും – Janashakthi Online

ആഗോളകമ്പനികൾക്കു പുതിയ നികുതിനയം; വെട്ടിപ്പ് ഇനി പ്രയാസമാകും

ലണ്ടൻ:  ആഗോളതലത്തിൽ പ്രവർത്തിക്കുന്ന കൂറ്റൻ കോർപ്പറേറ്റ് കമ്പനികൾ സ്ഥിരമായി നടത്തുന്ന നികുതിവെട്ടിപ്പ് തടയാനുള്ള നടപടികളിൽ ഇന്നലെ നടന്ന ജി ഏഴ് സമ്മേളനത്തിൽ ധാരണയായി. വിവിധ  രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം കമ്പനികൾ ഇനി മുതൽ ഏറ്റവും ചുരുങ്ങിയത് 15 ശതമാനം നികുതി അടക്കണം. ഈ നികുതി കമ്പനികൾ   പ്രവർത്തിക്കുന്ന അതാത് രാജ്യങ്ങളിൽ തന്നെ അടക്കണമെന്നും നികുതി നിരക്ക് കുറഞ്ഞ രാജ്യങ്ങളിൽ കമ്പനിയുടെ കണക്കുകൾ നൽകി കുറഞ്ഞ നികുതി അടച്ചു രക്ഷപ്പെടുന്ന സംവിധാനം ഇനി അനുവദിക്കില്ലെന്നും ജി 7 ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

അമേരിക്ക,  ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, കാനഡ, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങൾക്കു പുറമെ യൂറോപ്യൻ യൂണിയനും ഇന്നലെ നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.

നിലവിൽ ആഗോള കോർപ്പറേറ്റ് കമ്പനികൾക്ക്  തങ്ങളുടെ നികുതി ബാധ്യതകൾ സംബന്ധിച്ച കണക്കുകൾ അവർ പ്രവർത്തിക്കുന്ന ഏതു രാജ്യത്തു വേണമെങ്കിലും നൽകാം. അതിനാൽ  അവർ വൻലാഭം നേടുന്ന രാജ്യങ്ങളിൽ കണക്കുകൾ നൽകാതെ കുറഞ്ഞ നികുതിനിരക്കുള്ള രാജ്യങ്ങളിലാണ് അവർ നികുതി അടക്കുന്നത്. ഇത്തരം രാജ്യങ്ങളെ നികുതി അഭയകേന്ദ്രം എന്നാണ് വിശേഷിപ്പിക്കുന്നത്.  അയർലൻഡ്, സ്വിറ്റസർലാൻഡ്, സിംഗപ്പൂർ തടുങ്ങിയ രാജ്യങ്ങൾ അവയിൽ പ്രധാനമാണ്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിൽ മിക്ക രാജ്യങ്ങളിലും നികുതിനിരക്ക് 30 ശതമാനത്തിലും മുകളിലാണ്. അതിനാൽ  വൻകിട കമ്പനികൾ അഞ്ചു ശതമാനവും അതിലും താഴെയും മാത്രം നിരക്കുള്ള രാജ്യങ്ങളിൽ നികുതിയടക്കാൻ അവർ തിരക്ക് കൂട്ടുന്നു. ഇതുകാരണം പതിനായിരക്കണക്കിന് കോടി ഡോളർ നികുതിനഷ്ടമാണ് പ്രതിവർഷം മിക്ക വികസിത രാജ്യങ്ങൾക്കുമുള്ളത്.

ഈ പ്രശ്‍നം ആഗോളതലത്തിൽ ചർച്ചയായിട്ടു കാലമേറെയായി. എന്നാൽ ഒരു നടപടിയും  ഇതുവരെ എടുത്തിരുന്നില്ല. കമ്പനികളുടെ  സ്വാധീനം തന്നെ കാരണം. എന്നാൽ കോവിഡ് മിക്ക വികസിത-വികസ്വര രാജ്യങ്ങളുടെയും  സാമ്പത്തിക അടിത്തറ തകർത്തിട്ടുണ്ട്. വമ്പിച്ച  പൊതുകടമാണ് അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ നേരിടുന്നത്.ഈ   പ്രതിസന്ധിയിൽ കോർപ്പറേറ്റ് നികുതി വെട്ടിപ്പ്  തടഞ്ഞു വരുമാനം വർധിപ്പിക്കുക മാത്രമാണ് ഒരു പോംവഴി. മാത്രമല്ല അമേരിക്കയിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ ആ രാജ്യത്തിൻറെ നിലപാടിലും മാറ്റം വന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ഫേസ്ബുക്ക് തുടങ്ങിയ മിക്ക ആഗോളകമ്പനികളും അമേരിക്കൻ ആസ്ഥാനമാക്കിയവയാണ്. അവയുടെ നികുതി നിരക്ക് വർധിപ്പിക്കുന്നതിനോട് ട്രംപ് ഭരണകൂടം താത്പര്യം കാണിച്ചിരുന്നില്ല. എന്നാൽ നികുതിനിരക്ക്  വർധിപ്പിക്കണം എന്നതാണ് ജോ ബൈഡൻ സർക്കാരിന്റെ നയം. 

പുതിയ നികുതിനിരക്ക് വളരെ  താണതാണെന്നു ആഗോള സന്നദ്ധസംഘടന ഓക്‌സ്‌ ഫാം ചൂണ്ടികാട്ടി. ഇത് കോർപ്പറേറ്റുകൾ നിയമവിധേയമായി നടത്തുന്ന നികുതി വെട്ടിപ്പിനെ തടയാൻ പര്യാപ്‌തമല്ല.  ആഗോള നികുതിയുടെ ഗുണഫലം എല്ലാ രാജ്യങ്ങൾക്കും തുല്യമായി പങ്കിടാനുള്ള സംവിധാനം വേണമെന്നും പല വിദഗ്ദ്ധരും അഭിപായപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്ന് കമ്പനികൾ ലാഭം കൊയ്യുന്നുണ്ട്. എന്നാൽ അതിന്റെ പങ്ക് നികുതിയായി അതാത് രാജ്യങ്ങൾക്ക് ലഭിക്കുന്നില്ല.

ജി 7 സമ്മേളനത്തിന്റെ തീരുമാനം ഇനി ജി 20 സമ്മേളനത്തിൽ  പരിഗണിക്കും. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ അതിൽ അംഗങ്ങളാണ്. പിന്നീട് മറ്റു  ചെറുരാജ്യങ്ങളും പരിഗണിക്കുന്നതോടെ പുതിയ നിരക്കുകൾ നിലവിൽ വരും. പുതിയ സംവിധാനത്തെ മിക്ക കോർപ്പറേറ്റ് കമ്പനികളും സ്വാഗതം ചെയ്‌തു. ഇത് ലോകത്തിനു ഗുണം ചെയ്യുന്ന മാറ്റമാണെന്ന് ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ പ്രസ്താവനയിൽ പറഞ്ഞു.