ബാലഗോപാലന്റെ ബജറ്റ് വന്നു;ജനങ്ങൾക്ക് എന്ത് കിട്ടും?

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: പിണറായി വിജയൻ  സർക്കാർ ഈ വർഷത്തെ രണ്ടാമത്തെ ബജറ്റും അവതരിപ്പിച്ചു കഴിഞ്ഞു. ഫെബ്രുവരിയിൽ ഡോ .തോമസ് ഐസക് കഴിഞ്ഞ  സർക്കാരിലെ അഞ്ചാം ബജറ്റ് അവതരിപ്പിച്ചപ്പോൾ ഒരു പൂർണവർഷത്തെ ബജറ്റ് എന്ന നിലയിലാണ് അത് അവതരിപ്പിച്ചത്. യുവജനങ്ങൾക്ക് തൊഴിൽ എന്നതായിരുന്നു അവസാനവർഷത്തെ പ്രധാന അവകാശവാദം. എന്തുകൊണ്ട് തൊഴിലിന്റെ കാര്യം അഞ്ചാം വർഷത്തിൽ ഓർമവന്നു എന്നാണ് ചോദ്യമെങ്കിൽ ആ സമയത്താണ് പിഎസ്‌സി അട്ടിമറിയിൽ ഗതിയറ്റ യുവജനങ്ങൾ സെക്രട്ടറിയറ്റ് നടയിൽ ശയനപ്രദക്ഷിണം നടത്തിയത് എന്നാണ് ഉത്തരം.

 അതായിരുന്നു ഡോ. ഐസക്കിന്റെ ബജറ്റുകളുടെ പൊതുസ്വഭാവം.  കമ്പോളത്തിലെ അതാതു കാലത്തെ ട്രെൻഡ് നോക്കിയാണ് അദ്ദേഹം ബജറ്റുകൾ ചുട്ടെടുത്തത്. അവ ശംഖുമുഖത്തെ സർക്കാർ ഗസ്റ്റ് ഹൗസിൽ  അസ്തമനസൂര്യനെ സാക്ഷിനിർത്തി തയ്യാറാക്കിയ കലാസൃഷ്ടികളായിരുന്നു. അതിൽ മാധ്യമശ്രദ്ധ നേടാനായുള്ള എല്ലാ കരവിരുതുകളും ഒതുക്കിവച്ചിരുന്നു. ഓരോ വർഷവും പുതിയ പ്രഖ്യാപനങ്ങൾ. പുറമെ കൊച്ചു കലാകാരന്മാരുടെ കവിതകളും ചിത്രങ്ങളും. പാത്തുമ്മയുടെ ആട് മുതൽ തകഴിയുടെ കയറു വരെ മേമ്പൊടിയായി വേറെ. ഇങ്ങനെ കൗശലസമൃദ്ധമായ ബജറ്റുകൾ മൂന്നു മണിക്കൂറും അതിനപ്പുറവും കത്തിക്കേറി.

 കെഎൻ ബാലഗോപാൽ കവിയോ കലാകാരനോ അല്ല. രാഷ്ട്രീയ പ്രവർത്തകൻ മാത്രം. അതിനാൽ ബജറ്റിൽ കൗശലങ്ങൾ അധികമില്ല. ഒരു മണിക്കൂറിൽ അവതരണം കഴിഞ്ഞു. പറയാനുള്ളത് നേരെചൊവ്വേ പറഞ്ഞിരിക്കുന്നു.

എന്നാൽ എന്താണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത് എന്ന് നോക്കുമ്പോൾ നിരാശ തന്നെയാണ് ഫലം. അമിതമായ  അവകാശവാദങ്ങൾ ഇല്ല എന്നതൊരു നല്ല കാര്യം. ജനങ്ങളെ പറ്റിക്കുന്നതിനും ഒരു  അതിരുണ്ടെന്നു മന്ത്രിക്കു അറിയാം. കഥയും  കവിതയും ആസ്വദിക്കാൻ ജനങ്ങൾക്ക് നാട്ടിൽ മറ്റു സൗകര്യങ്ങൾ നിലവിലുണ്ട് എന്നും മന്ത്രിക്ക് ബോധ്യമുണ്ട്. അത്രത്തോളം നല്ലത്.

മുൻ ധനകാര്യമന്ത്രി സപ്നങ്ങളുടെ വില്പനക്കാരൻ എന്ന മട്ടിലാണ് പ്രത്യക്ഷപ്പെട്ടതെങ്കിൽ ബാലഗോപാൽ ഒരു അഗ്നിശമനസേനാനിയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. കോവിഡ്  പ്രതിസന്ധിയെ നേരിടാൻ 20,000 കോടി രൂപയുടെ പാക്കേജാണ്‌ അതിൽ പ്രധാനം. ഇതൊരു വൻ പ്രതിസന്ധിയാണെന്ന്   ഇപ്പോൾ സർക്കാർ പറയുന്നു. ഇനിയുള്ള ഒരു  വർഷമെങ്കിലും നമ്മൾ കോവിഡ്‌ ഉണ്ടാക്കിയ ദുരന്തനിഴലിൽ നിന്ന് വിമുക്തമാവില്ല എന്നും ബജറ്റ് പറയാതെ പറയുന്നു. അതിനെ  നേരിടാനുള്ള സജ്ജീകരണമാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ. ഇപ്പോഴത്തെ രണ്ടാം തരംഗവും വരാനിരിക്കുന്ന മൂന്നാം തരംഗവും നേരിടാനുള്ള പല പദ്ധതികളാണ് ബജറ്റിൽ വിവരിക്കുന്നത്. പ്രൈമറി ഹെൽത്ത് സെന്ററിൽ കോവിഡ് പ്രതിരോധ സംവിധാനമുള്ള  പത്തു കിടക്കകൾ മുതൽ കോവിഡ് വാക്‌സിൻ കേരളത്തിൽ വികസിപ്പിച്ചു ഉൽപാദിപ്പിക്കുന്നത് വരെയുള്ള വാഗ്‌ദാനങ്ങൾ. സത്യത്തിൽ കോവിഡ് മരുന്നു കേരളം നിർമിക്കും എന്നൊക്കെ പറയുമ്പോൾ ഓക്സ്ഫോർഡ് സർവകലാശാലയിലെ വിദഗ്ദ്ധർ വികസിപ്പിച്ചെടുത്ത അസ്ത്ര സെനേക്കാ വാക്‌സിനു പിന്നിലെ ഭഗീരഥ പ്രയത്നത്തെ സംബന്ധിച്ചും മോഡേണ വാക്‌സിന് പിന്നിലെ ജർമൻ ഗവേഷണ സ്ഥാപനം ബയോഎൻടെകിന്റെ ഇത്തരം വൈറസുകളെ സംബന്ധിച്ച ദീർഘകാല പഠനത്തെ സംബന്ധിച്ചും ഒക്കെ ഒരു ചെറിയ പരിശോധന  നടത്തിയിരുന്നുവെങ്കിൽ ഇത്തരം അമിതമായ അവകാശവാദം ഒഴിവാക്കാനാവുമായിരുന്നു.

മറ്റൊരു  പ്രശ്‍നം ജനങ്ങളുടെ വാങ്ങൽ കഴിവ് വർധിപ്പിക്കാനുള്ള സാധ്യതയുടെ അഭാവമാണ്. ദാരിദ്ര്യം മധ്യവർഗത്തെ പോലും പ്രതിസന്ധിയിലാക്കുന്ന കാലമാണ്. അതിനാൽ നികുതി വരുമാനത്തെ സംബന്ധിച്ച ബജറ്റ് കണക്കുകൂട്ടലുകൾ തെറ്റുകയാണ്. ബജറ്റ് കമ്മിയും  വർധിക്കുന്നു. അതിനുപുറമെ പൊതുകടവും കുതിച്ചുയരുകയാണ്. അതിനു എന്തു പരിഹാരം എന്ന് ചോദിച്ചാൽ മുൻ ധനമന്ത്രിയെ പോലെ കിഫ്‌ബി വഴിയും കേരളാ ബാങ്ക് വഴിയും കിട്ടാവുന്ന മറ്റെല്ലാ പഴുതുകൾ ഉപയോഗിച്ചും കടം വാങ്ങിയും കാര്യങ്ങൾ നടത്തും എന്നാണ്   ധനമന്ത്രി പറയുന്നത്. കടലാക്രമണത്തെ നേരിടാൻ കടലിൽ കല്ലിടുന്ന പദ്ധതിക്കും കിഫ്ബിപണം തന്നെയാണ് ഒരേയൊരു പഴുത്.  കടങ്ങൾ പലതും  ബ്ലേഡ് നിരക്കിൽ പലിശ നൽകേണ്ടതാണ്. വിദേശത്തു നിന്ന് വാങ്ങിയ കടങ്ങൾക്കു പോലും അത്രയും വലിയ പലിശയാണ്. അത് സമയത്തിനു തിരിച്ചടക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രശ്‍നം ഗുരുതരമാകും. ഭരണഘടന പറയുന്ന നിബന്ധനകൾ വിദേശ വായ്‌പയുടെ  കാര്യത്തിൽ കിഫ്‌ബി ലംഘിച്ചുവോ എന്ന വിഷയം ഇനി കോടതികളിൽ എത്താനുള്ള  കാര്യമാണ്.  അതിനാൽ കിഫ്‌ബി  വഴി വിദേശത്തു നിന്നുള്ള കടം വാങ്ങൽ ഇനി റിസർവ് ബാങ്ക് അനുവദിക്കും എന്ന് പ്രതീക്ഷിക്കാനാവില്ല.

അങ്ങനെ ഇല്ലാത്ത വരുമാനവും വല്ലാത്ത ചെലവും എന്ന മട്ടിൽ ചെകുത്താനും കടലിനും ഇടയിലാണ് ധനമന്ത്രി ബാലഗോപാൽ നിൽക്കുന്നത്. സാധാരണക്കാരായ നാട്ടുകാർക്ക്  വാഗ്‌ദാനങ്ങൾ വാരിക്കോരി; മധ്യവർഗത്തിനും ഉപരിമധ്യവർഗത്തിനും സൂപ്പർ ഹൈസ്‌പീഡ് റയിൽവെ മുതൽ ജില്ലതോറും വിമാനത്താവളം വരെ ധൂർത്തിന്റെ ആറാട്ട് . അതാണ് ഇപ്പോൾ കേരളത്തിൽ കാണുന്ന വികസനനയം. മുണ്ടുമുറുക്കാതെ, ഇത്തരം അനാവശ്യ ചെലവിനങ്ങൾ നിർദക്ഷിണ്യം വെട്ടിക്കുറക്കാതെ എത്രകാലം ഇങ്ങനെയൊരു നൂല്പാലത്തിലെ അഭ്യാസവുമായി മുന്നോട്ടു പോകും എന്ന ചോദ്യം ബാക്കിനിൽക്കുന്നു.