ഫണ്ട് വിവാദത്തിൽ ഒഴിഞ്ഞുമാറി സുരേന്ദ്രൻ; നീക്കം പാർട്ടിയെ തകർക്കാൻ എന്ന് ആരോപണം

കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ തകർക്കാൻ സിപിഎമ്മും ചില മാധ്യമങ്ങളും ശ്രമം തടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

 വിവാദവിഷയങ്ങൾ സംബന്ധിച്ചു ഇന്ന് കോഴിക്കോട്ടു മാധ്യമങ്ങളുമായി സംസാരിച്ച ബിജെപി അധ്യക്ഷൻ കൊടകര സംഭവത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നു ആവർത്തിച്ചു. അതിനാൽ അന്വേഷണവുമായി പാർട്ടി സഹകരിക്കുകയാണ്. കേസിൽ  നടക്കുന്നത് അപവാദ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ ബിജെപി  സ്ഥാനാർത്ഥിയായി മത്സരിച്ച ആദിവാസി നേതാവ് സി കെ ജാനുവിന് വ്യക്‌തിപരമായ ആവശ്യങ്ങൾക്ക് താൻ പത്തുലക്ഷം രൂപ നൽകി എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. താൻ ആർക്കും പണം നൽകിയിട്ടില്ല. അത്  സംബന്ധിച്ചു തന്റേതായി പ്രചരിക്കുന്ന ശബ്ദരേഖയിൽ കാര്യമില്ല. അത് വ്യാജമായി  നിർമ്മിച്ചതാണ്. അതേസമയം ശബ്ദരേഖ പുറത്തുവിട്ടു ആരോപണം ഉന്നയിച്ച ആദിവാസി രാഷ്ട്രീയ സംഘടനാ നേതാവ്  സികെ പ്രസീദ തന്നെ വിളിച്ചുവോ എന്ന കാര്യത്തിൽ ഉറപ്പില്ല. പലരും വിളിക്കാറുണ്ട് . അതൊന്നും ഓർമിച്ചു വെക്കാൻ സാധ്യമല്ല.

അതേസമയം കൊടകരയിൽ മൂന്നരക്കോടിയുടെ കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചതായി ഇന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ ദിവസം ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡണ്ടിനെ പോലീസ് ചോദ്യം  ചെയ്തിരുന്നു, പണം ആലപ്പുഴയിലേക്ക്‌ കൊണ്ടുപോകുന്ന വഴിയിൽ തൃശൂരിലാണ് കൊള്ള നടന്നത്. അത് സംബന്ധിച്ച് ബിജെപി ആലപ്പുഴ ട്രഷറർ കെ ജി കർത്താ നൽകിയ മൊഴിയിലെ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് പ്രസിഡണ്ട് സുരേന്ദ്രനെ ചോദ്യം ചെയ്യാൻ നീക്കം നടക്കുന്നത്. അതിനിടയിൽ ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൻ പദ്മനാഭനെ ഇന്ന് തൃശൂരിൽ പോലീസ് ചോദ്യം ചെയ്‌തു. എവിടെനിന്നാണ് ഇത്രയും വലിയ തുക വന്നത് എന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്.

ബിജെപിയിൽ ഈ പ്രശ്‍നം ഗുരുതരമായ സംഘടനാ പ്രശ്നമായി വികസിക്കുകയാണ്. പാർട്ടി പ്രവർത്തകർ വിഷയത്തിൽ ഇതിനകം ചേരിതിരിഞ്ഞു ഏറ്റുമുട്ടി. ചില പ്രധാന നേതാക്കൾക്കെതിരെ നടപടി വന്നു. കൂടുതൽ നേതാക്കൾ ചോദ്യം ചെയ്യലിന് വിധേയരാകുന്നു. അതേസമയം വിഷയത്തിൽ പാർട്ടിയിലെ പ്രബല വിഭാഗം മൗനത്തിലാണ്. കെ സുരേന്ദ്രനെ പിന്താങ്ങാൻ മിക്ക നേതാക്കളും തയ്യാറാകുന്നില്ല. പണം കടത്തിയ വിഷയം ഗൗരവമുളളതാണ് എന്നും ഹവാലപ്പണം പാർട്ടിക്ക് വേണ്ടി ഉപയോഗിച്ചു എങ്കിൽ അത് രാജ്യദ്രോഹ പ്രവർത്തനമാണ് എന്നും ബിജെപി മുൻ സംഘടനാ സെക്രട്ടറിയും മുതിർന്ന നേതാവുമായ പി പി മുകുന്ദൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.