ബിജെപിയിൽ പ്രതിസന്ധി; നേതൃത്വംഇരുട്ടിൽ തപ്പുന്നു
പ്രത്യേക പ്രതിനിധി
കോഴിക്കോട്: കൊടകര കുഴല്പണക്കേസിൽ ബിജെപിയുടെ സംഘടനാ സെക്രട്ടറിയും തൃശൂർ ജില്ലാ പ്രസിഡണ്ടും അടക്കമുള്ള ഉന്നത നേതാക്കളെ പോലീസ് അന്വേഷണ വലയത്തിൽ കൊണ്ടുവന്നതിനു പിന്നാലെ വയനാട് ജില്ലയിലും സമാനമായ സാമ്പത്തിക ആരോപണങ്ങൾ പാർട്ടിയെ വേട്ടയാടുന്നു. ആദിവാസി നേതാവ് സി കെ ജാനുവിനെ മുന്നണിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് പത്തുലക്ഷം രൂപ നൽകിയെന്നും അത് കുഴൽപ്പണ ഇടപാടായാണ് നൽകിയതെന്നുമാണ് ആരോപണം. ഈ ആരോപണം ഉന്നയിച്ചത് ജാനുവിന്റെ സംഘടനയായ ജനാധിപത്യവേദി തന്നെയാണ്. സംഘടന അനധികൃത പണം ഇടപാട് നടത്തിയതിന്റെ പേരിൽ ജാനുവിനെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു.
ഇതോടെ വിവിധ ജില്ലകളിൽ പണമെറിഞ്ഞു വോട്ടു പിടിക്കാനുള്ള ബിജെപി തന്ത്രങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. കൊടകരയിൽ മൂന്നരക്കോടി രൂപ തട്ടിയത് സംബന്ധിച്ച ആരോപണത്തിൽ തങ്ങൾക്കു ഒരു പങ്കുമില്ലെന്നും തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഫണ്ട് വിതരണം പൂർണമായും ബാങ്കുകൾ വഴി ആയിരുന്നുവെന്നും സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറയുന്നുണ്ട്. എന്നാൽ ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങൾ പാർട്ടിയെ വെട്ടിലാക്കുകയാണ്. തൃശ്ശൂരിൽ ഇതിനകം അനുയായികൾ ചേരി തിരിഞ്ഞു അടിനടന്നു കഴിഞ്ഞു. ഒബിസി മോർച്ചയുടെ സംസ്ഥാന നേതാവ് ഋഷി പല്പുവിനെതിരെ വിഷയത്തിൽ സാമൂഹിക മാധ്യമത്തിൽ എഴുതിയ കുറിപ്പിന്റെ പേരിൽ നടപടി എടുത്തിരിക്കുകയാണ്.
എന്നാൽ കൂടുതൽ പ്രതിസന്ധിയിലേക്കാണ് പാർട്ടിയുടെ പോക്കെന്ന് പല പ്രധാന നേതാക്കളും ഉത്കണ്ഠ പങ്കുവെക്കുന്നുണ്ട്. പാർട്ടിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് ഭിന്നതകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നുണ്ട്. സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും അടങ്ങുന്ന മൂന്നംഗ സമിതിയാണ് ഫണ്ട് വിതരണം സംബന്ധിച്ച കാര്യങ്ങൾ നിയന്ത്രിച്ചത്. അതിൽ വിവേചനം ഉണ്ടായതായി പലർക്കും പരാതിയുമുണ്ട്.
ഈ പ്രശ്നങ്ങൾ പുകയുന്നതിന് ഇടയിലാണ് കൊടകര – വയനാട് വിവാദങ്ങൾ വന്നിരിക്കുന്നത്. കൊടകരയിൽ നഷ്ടമായ പണം കൊടുത്തയച്ചത് കോഴിക്കോട്ടെ ആർഎസ്എസ് പ്രവർത്തകനായ ധർമരാജൻ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു യുവമോർച്ചാ നേതാവ് നൽകിയ പണമാണ് അതെന്നാണ് തുടക്കത്തിൽ പറഞ്ഞത്. 25 ലക്ഷം രൂപ നഷ്ടമായി എന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞത്. എന്നാൽ പോലീസ് നടത്തിയ തിരച്ചിലിൽ ഒന്നര കോടിയോളം കള്ളപ്പണം പല ഇടങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട്.
പല സ്രോതസ്സുകളിൽ നിന്നായി അമിതമായി കുമിഞ്ഞുകൂടിയ പണം കൈകാര്യം ചെയ്‌ത രീതിയും അതിൽ ഉണ്ടായ വിവേചനവും സംബന്ധിച്ച പ്രശ്നങ്ങളാണ് ബിജെപിയെ യഥാർത്ഥത്തിൽ ഗുരുതരമായി ബാധിച്ചിരിക്കുന്ന പ്രശ്‍നം. അതിനു പരിഹാരം കണ്ടെത്തുകയെന്നതും എളുപ്പമല്ല. കാരണം ഉന്നത നേതാക്കൾക്ക് എതിരെ തന്നെയാണ് ആരോപണത്തിന്റെ കുന്തമുന ഉയരുന്നത്. പാർട്ടിയിൽ നിന്ന് തന്നെയാണ് ആരോപണങ്ങൾ ഉയർന്നുവരുന്നതും.
ഈ വിഷയങ്ങൾ ദേശീയനേതൃത്വവും ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ അതിനുള്ള പരിഹാരം എന്തെന്നു ദേശീയ നേതൃത്വത്തിനും സംഘടനയെ നിയന്ത്രിക്കുന്ന ആർഎസ്എസ് നേതാക്കൾക്കും ഒരു പിടിയുമില്ല. പല തവണ നേതൃമാറ്റം നടപ്പിലാക്കി നോക്കി. രണ്ടുതവണയാണ് സംസ്ഥാന പ്രസിഡണ്ടുമാരെ നേതൃത്വം ഇടപെട്ടു മാറ്റിയത്. നിലവിലെ പ്രസിഡണ്ട് സുരേന്ദ്രനു എതിരായും ശക്തമായ ഒരു വിഭാഗം പാർട്ടിയിൽ അണിനിരന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ ഒരേയൊരു സീറ്റ് നഷ്ടമായതും വോട്ടുനിലയിൽ കനത്ത ഇടിവുണ്ടായതും വിശദീകരിക്കാൻ സംസ്ഥാനനേതൃത്വത്തിന് പ്രയാസമുണ്ട്.
ഇതിനിടയിലാണ് മുൻ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള കേന്ദ്ര നേതൃത്വത്തിന് നൽകിയ ഒരു വിശദമായ റിപ്പോർട്ടിന്റെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. മിസോറാം ഗവർണറായി പ്രവർത്തിക്കുന്ന അദ്ദേഹം അങ്ങനെയൊരു റിപ്പോർട്ട് നൽകിയതായ വാർത്തകൾ ശരിയല്ലെന്ന് ഗവർണറുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. എന്നാൽ ശ്രീധരൻപിള്ള തെരഞ്ഞെടുപ്പ് കാലത്തു കേരളത്തിൽ പൂർണസമയവും ഉണ്ടായിരുന്നു എന്നതാണ് വസ്‌തുത. അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ നിർദേശം അനുസരിച്ചാണ് സംസ്ഥാനത്തു ക്യാമ്പ് ചെയ്‌തതെന്നു പാർട്ടിയിലെ അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നുണ്ട് . പാർട്ടി കേന്ദ്രനേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ പാർട്ടിയിലെ ഇത്തരം സ്ഥാപിത താല്പര്യങ്ങളുടെ അമിതമായ സ്വാധീനം സംബന്ധിച്ച വിഷയങ്ങൾ തന്നെയാണ് ഉന്നയിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സ്വാധീനം ഉപയോഗിച്ചു സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനാണ് ഒരു വിഭാഗം ശ്രമങ്ങൾ നടത്തുന്നത് എന്ന് അതിൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത്തരം സാമ്പത്തിക താല്പര്യങ്ങൾ പാർട്ടിയിൽ പിടിമുറുക്കിയതിനാൽ സാധാരണ പ്രവർത്തകരും അണികളും അകന്നു പോകുകയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.