യുപി, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിന് ബിജെപി തയ്യാറെടുക്കുന്നു
ന്യൂദൽഹി: കോവിഡ് ദുരന്തം വിതച്ച ഉത്തർ പ്രദേശിലും ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു കൾക്കു ബിജെപി കേന്ദ്ര നേതൃത്വം ഒരുക്കം തുടങ്ങി. യുപിയിലും ഉത്തരാഖണ്ഡിലും വർഷത്തിന്റെ തുടക്കത്തിലും മറ്റു സംസ്ഥാനങ്ങളിൽ പിന്നീടുമാണ് തെരഞ്ഞെടുപ്പുകൾ നടക്കേണ്ടത്.
യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സംഘടനാ സംവിധാനം സംബന്ധിച്ചു പരിശോധിക്കാനും അടിയന്തിര തിരുത്തൽ നടപടികൾ സ്വീകരിക്കാനുമായി കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് സംസ്ഥാനങ്ങളിൽ പര്യടനം നടത്തി. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ബിജെപി പ്രവർത്തകരുമായി അദ്ദേഹം ആശയവിനിമയം നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
കോവിഡ് പ്രതിരോധം സംബന്ധിച്ച വിഷയങ്ങളിൽ ജനങ്ങൾക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും നിലനിൽക്കുന്ന അസംതൃപ്തി ഇന്നലെ നടന്ന യോഗങ്ങളിൽ ചർച്ചാവിഷയമായതായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. യുപിയിൽ ആദിത്യനാഥ് സർക്കാരിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ പാർട്ടിക്കുള്ളിൽ തന്നെ വ്യാപകമാണ്. കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച ഉണ്ടായി എന്നതു മാത്രമല്ല ഇക്കാര്യത്തിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും പരാതി ഉന്നയിച്ചവർക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്‌ത അനുഭവമുണ്ട്. തന്റെ മണ്ഡലത്തിൽ കോവിഡ് പ്രതിരോധം താളം തെറ്റിയതു സംബന്ധിച്ചു കേന്ദ്രമന്ത്രി സന്തോഷ് ഗാൻഗ്വാർ മുഖ്യമന്ത്രിക്കു എഴുതിയ കത്ത് മാധ്യമങ്ങളിൽ വ്യാപകമായ ചർച്ചയായിരുന്നു. ഇന്നലെ നടന്ന ഉന്നതതല ചർച്ചയിൽ സംസ്ഥാനത്തെ ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്ങും ആരോഗ്യവിദ്യാഭ്യാസ മന്ത്രി സുരേഷ് ഖന്നയും പങ്കെടുക്കുകയുണ്ടായി. പാർട്ടിയിൽ കടുത്ത അസംതൃപ്തി നിലനിൽക്കുന്നതായും പല എംഎൽഎമാരും ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചതായും വാർത്തയുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ ബിജെപിയുടെ കേന്ദ്രസർക്കാരിനു തന്നെ അത് കടുത്ത ആഘാതമാകും. പാർട്ടിയുടെ ഏറ്റവും പ്രധാന കേന്ദ്രങ്ങളായ യുപിയിലും ഗുജറാത്തിലും കോവിഡ് പ്രതിരോധത്തിലും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിലും സർക്കാരുകൾ പൂർണ പരാജയമായിരുന്നു എന്നാണ് പൊതുവിലെ വിലയിരുത്തൽ. ഇന്ത്യയിലെ മാധ്യമങ്ങൾ മാത്രമല്ല വിദേശ മാധ്യമങ്ങളും ഇത് ചൂണ്ടികാട്ടിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആശുപത്രികളിൽ കിടക്കകളും ഓക്സിജനും മരുന്നും ഇല്ലാതെ ഗുരുതരമായ അവസ്ഥ വന്നപ്പോൾ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ സർക്കാർ കൂടുതൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചതായി ബ്രിട്ടീഷ് മാധ്യമമായ ദി ഇക്കണോമിസ്റ്റ് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. ആരോഗ്യപാലനത്തിൽ ബിജെപിയുടെ സർക്കാരുകൾ വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികൾ നയിക്കുന്ന സർകാരുകളെക്കാൾ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.