ശാരദാമണിയും മൈഥിലി ശിവരാമനും:വനിതാ വിമോചന രംഗത്തെ മുന്നണിപ്പോരാളികൾ

ഇന്ത്യയിലെ വനിതാ വിമോചന പ്രസ്ഥാനങ്ങളിൽ ചിന്താപരവും സംഘടനാപരവുമായ നേതൃത്വം നൽകിയ രണ്ടു ഉജ്വല രത്‌നങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുനിന്ന് അപ്രത്യക്ഷരായത്. മാധ്യമങ്ങളിൽ വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെങ്കിലും തിരുവനന്തപുരത്തു 93 വയസ്സിൽ കഴിഞ്ഞയാഴ്‌ച നിര്യാതയായ കെ ശാരദാമണിയും ചെന്നൈയിൽ അന്തരിച്ച മൈഥിലി ശിവരാമനും (81) ഇന്ത്യയുടെ ബഹുമതി പൂർണമായും അർഹിക്കുന്ന വ്യക്തികളാണ്. അക്കാദമിക  രംഗത്തും പൊതുരംഗത്തും ഇരുവരും നൽകിയ സംഭാവനകളും ദീർഘകാല പ്രാധാന്യമുള്ളതാണ് .

ശാരദാമണി

ശാരദാമണിയാണ് ആദ്യം യാത്രയായത്. ,ഇന്ത്യയിലെ സാമൂഹിക ശാസ്ത്ര പഠനമേഖലയിൽ വനിതകൾ വളരെ അപൂർവമായി മാത്രം പ്രവേശിച്ചിരുന്ന അവസരത്തിലാണ് ശാരദാമണി വളരെ ഉയർന്ന അക്കാദമിക നേട്ടങ്ങൾ കൈവരിച്ചത്.  ഡൽഹിയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിൽ ആസൂത്രണ വിഭാഗത്തിൽ അറുപതുകൾ മുതൽ മുപ്പതു വർഷക്കാലം പ്രവർത്തിച്ച അവർ അമേരിക്കൻ സർവകലാശാലയിലാണ് ഗവേഷണപഠനം പൂർത്തിയാക്കിയത്.  കേരളത്തിലെ പുലയ സമുദായത്തെപ്പറ്റിയും മരുമക്കത്തായ സമ്പ്രദായത്തെപ്പറ്റിയും അവർ നടത്തിയ പഠനങ്ങൾ വളരെ പ്രസിദ്ധമാണ്.  കേരളത്തിലെ കാർഷിക മേഖലയിൽ കീഴാള സമുദായങ്ങൾ നൽകിയ സംഭാവനകൾ അവരുടെ പഠനങ്ങളിലൂടെയാണ്  ലോകശ്രദ്ധയിൽ വന്നത്.  ഭർത്താവ് ഗോപിനാഥൻ നായർ ജനയുഗം പത്രാധിപർ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ലേഖനങ്ങൾ സമാഹരിച്ച പഠനം എഡിറ്റ് ചെയ്തതും ശാരദാമണി തന്നെയാണ്. സ്വതന്ത്രമായ അഭിപായപ്രകടനമാണ്  അക്കാദമിക -പൊതുമേഖലകളിൽ അവരെ വ്യത്യസ്തയാക്കിയത്. ദൽഹി  വിട്ടു കാൽനൂറ്റാണ്ടു കാലം തിരുവനന്തപുരത്തു താമസിച്ചിട്ടും ഇടതുപക്ഷ സർക്കാരുകൾ പോലും അവരുടെ സേവനം കാര്യമായി ഉപയോഗപ്പെടുത്തിയില്ല എന്നത് പൊതുരംഗത്തു സ്ത്രീകൾ ഇന്നും അനുഭവിക്കുന്ന അകറ്റിനിർത്തലിന്റെ ഉദാഹരണമായി മാത്രമേ കാണാൻ കഴിയൂ.  

മൈഥിലി ശിവരാമന്‍

ചെന്നൈയിൽ നിര്യാതയായ മൈഥിലി ശിവരാമൻ അമേരിക്കയിൽ സിറാക്യൂസ് സർവകലാശാലയിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ സംബന്ധിച്ച ഗവേഷണത്തിനു ശേഷം ഐക്യരാഷ്ട്രസഭാ സമിതിയിൽ ഉന്നത പദവിയിലാണ് പ്രവർത്തിച്ചത്. ഇടതുപക്ഷ വീക്ഷണം പുലർത്തിയ അവർ ഇന്ത്യയിൽ വിനോബാ ഭാവെയുമായി യോജിച്ചു ഭൂദാന പ്രവർത്തനങ്ങളിൽ സഹകരിച്ചു. തമിഴ്‌നാട്ടിൽ  കീഴ്‌വന്മണി ഗ്രാമത്തിൽ നടന്ന ദളിത് പീഡനം സംബന്ധിച്ച വിവരങ്ങൾ അവരുടെ പഠനങ്ങളിലൂടെയാണ് രാജ്യമറിഞ്ഞത്. സുപ്രധാനമായ ഈ രേഖകൾ പിന്നീട് ഒരു  പുസ്തകമായി പുറത്തുവന്നു.
ഇന്ത്യയിലെ  വനിതാ ശാക്തീകരണ മേഖലയിൽ അവരുടെ സംഭാവന പ്രധാനമാണ്. സിപിഎം തമിഴ് നാട് ഘടകത്തിൽ പ്രവർത്തിച്ച മൈഥിലി അഖിലേന്ത്യാ വനിതാ ഫെഡറേഷന്റെ സ്ഥാപക നേതാക്കളിൽ ഉൾപ്പെടുന്നു. ദി റാഡിക്കൽ റിവ്യൂ എന്നപേരിൽ ചെന്നൈയിൽ നിന്നും  പുറത്തിറക്കിയ അക്കാദമിക പ്രസിദ്ധീകരണത്തിൽ എൻ റാം, മുൻ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവർക്കൊപ്പം പത്രാധിപസമിതിയിലും അവർ പ്രവർത്തിച്ചിരുന്നു.