ബംഗാൾ ചീഫ് സെക്രട്ടറിയുടെ സ്ഥലംമാറ്റം; ചട്ടങ്ങൾ മറികടന്നു കേന്ദ്രം

ന്യൂദൽഹി: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാദ്ധ്യയെ അദ്ദേഹം വിരമിക്കുന്നതിനു രണ്ടുദിവസം മുമ്പ് കേന്ദ്രസർവീസിലേക്കു മാറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധം. മെയ് 31നു വിരമിക്കുന്ന ബന്ദോപാദ്ധ്യയെ 28നു വൈകിട്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് കേന്ദ്രം മാറ്റിയത്. ഇത്  ഐഎഎസ്, ഐപിഎസ് സർവീസുകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധിച്ച ചട്ടങ്ങൾക്കു കടകവിരുദ്ധമായ നടപടി യാണെന്നു തലമുതിർന്ന പല മുൻ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി.

കേന്ദ്ര  ക്യാബിനറ്റിൽ സ്പെഷ്യൽ സെക്രട്ടറിയായി വിരമിച്ച വാപ്പാല ബാലചന്ദ്രൻ പറയുന്നത് കേന്ദ്രത്തിന്റെ ഉത്തരവ് കേട്ടുകേൾവി ഇല്ലാത്തതും തികഞ്ഞ വൈരനിര്യാതനബുദ്ധിയോടെ തയ്യാറാക്കിയതും ആണെന്നാണ്. വിരമിക്കാൻ മണിക്കൂറുകൾ മാത്രമുള്ള അവസരത്തിലാണ് ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനോടോ ഉദ്യോഗസ്ഥനോടോ ആലോചിക്കാതെ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്‌  നിലവിലുള്ള ചട്ട ങ്ങളുടെ ലംഘനമാണ്. വളരെ തെറ്റായ ഒരു  കീഴ്വഴക്കമാണ് ഇത് സൃഷ്ടിക്കുന്നതെന്നും ഭാവിയിൽ ഗുരുതര മായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നും അദ്ദേഹം അഭിപായപ്പെട്ടു. കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമന്റെ  ഭർത്താവാണ് മുൻകാല ഐസിഎസ് ഉദ്യോഗസ്ഥനായ വിപി  മേനോന്റെ കുടുംബക്കാരൻ കൂടിയായ വാപ്പാല ബാലചന്ദ്രൻ. 

കേന്ദ്രത്തിന്റെ ഉത്തരവ് ഇന്ത്യയിലെ ഫെഡറൽ ഭരണസംവിധാനത്തിന്റെ കടക്കൽ കത്തിവെക്കുന്നതാണെന്ന് കോൺഗ്രസ്സ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല അഭിപ്രായപ്പെട്ടു. ഭരണഘടനാ സംവിധാനത്തെ തന്നെ അട്ടിമറിക്കുകയാണ്  കേന്ദ്രസർക്കാർ. അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കും –അദ്ദേഹം പറഞ്ഞു. 

ബിജെപി ബംഗാളിൽ തോറ്റ ശേഷം തന്റെ നേരെ കേന്ദ്രസർക്കാർ പ്രകടിപ്പിക്കുന്ന പ്രതികാരബുദ്ധി മാന്യമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ നേരെയുള്ള കടന്നാക്രമണമായി മാറുന്നത് നീതീകരിക്കാനാവില്ലെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. തീർത്തും തെറ്റായ നടപടി കേന്ദ്രം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ യോഗം താൻ ബഹിഷ്ക്കരിച്ചിട്ടില്ല എന്നും തനിക്കു ദിഗയിൽ  ചുഴലിക്കാറ്റ് ദുരന്തം സംബന്ധിച്ച യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹത്തിന്റെ അനുമതിയോടെ ചീഫ് സെക്രട്ടറിയുമൊത്തു  പോകുകയാണ് ഉണ്ടായതെന്നും അവർ വ്യക്തമാക്കി. 

ഇത്  രണ്ടാം തവണയാണ് ബംഗാളിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ അനുമതി തേടാതെ സ്ഥലം മാറ്റാൻ കേന്ദ്രം ഉത്തരവ് ഇടുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനവ്യൂഹം ഡയമണ്ട് ഹാർബർ പ്രദേശത്തു ആക്രമണ വിധേയമായപ്പോൾ മൂന്ന് പ്രമുഖ ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രം ബംഗാൾ സർവീസിൽ നിന്നും മാറ്റിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം  പുറപ്പെടുവിച്ച ഉത്തരവ് ബംഗാൾ സർക്കാർ അനുസരിച്ചില്ല. ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ വിസമ്മതിക്കുകയായിരുന്നു.