മുല്ലപ്പള്ളി ഇനി യുഡിഎഫ് യോഗത്തിനില്ല; പുതിയ അധ്യക്ഷനെ തേടി കോൺഗ്രസ്സ്

തിരുവനന്തപുരം:  ഐക്യജനാധിപത്യ മുന്നണി യോഗങ്ങളിൽ ഇനി മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കുകയില്ല എന്ന് പ്രഖ്യാപിച്ചതോടെ കേരളത്തിൽ കോൺഗ്രസ്സിനെ ആര് നയിക്കും എന്ന ചോദ്യം ഉയരുകയാണ്.  നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു താൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നു മുല്ലപ്പള്ളി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ  അധ്യക്ഷനെ നേതൃത്വം പ്രഖ്യാപിക്കുന്നതു വരെ സാങ്കേതികമായ അർത്ഥത്തിൽ മാത്രമാണ് താൻ തുടരുന്നെതെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മൂന്നു  വർഷം മുമ്പാണ് മുല്ലപ്പള്ളി നിയമിതനായത്. അതുവരെ അദ്ദേഹം പാർട്ടിയുടെ കേന്ദ്ര  നേതൃത്വത്തിലാണ് പ്രവർത്തിച്ചുവന്നത്. ലോക്‌സഭാ  തെരഞ്ഞടുപ്പിൽ വമ്പിച്ച വിജയം നേടിയെങ്കിലും പിന്നീട് വന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് നയിക്കുന്ന യുഡിഎഫിന് കടുത്ത പരാജയമാണ് സംഭവിച്ചത്.  പാർട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുന്നതിൽ മുല്ലപ്പള്ളി പരാജയപ്പെട്ടു എന്നാണ് പൊതു വിലയിരുത്തൽ.

പാർട്ടിയിലെ പ്രബല മായ  ഗ്രൂപ്പുകളിൽ നിന്ന് അകന്നു ഒറ്റക്കുള്ള പ്രവർത്തന ശൈലിയാണ് മുല്ലപ്പള്ളി കാഴ്ച വെച്ചത്. മുൻ അധ്യക്ഷൻ വി എം  സുധീരനെ പോലെ ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവരുമായി പരസ്യമായി ഏറ്റുമുട്ടൽ ഉണ്ടായില്ലെ ങ്കിലും വിവിധ വിഷയങ്ങളിൽ നേതൃത്വത്തിലെ ഭിന്നതകൾ പലപ്പോഴും പരസ്യമായി പുറത്തുവന്നു. തദ്ദേശ തെരഞ്ഞടുപ്പ് കാലത്തു മലപ്പുറത്തു യുഡിഎഫ് കൺവീനർ ജമാഅത്തെ ഇസ്ലാമി അമീറിന്റെ വീട് സന്ദർശിച്ച വിഷയത്തിൽ ആരോപണം വന്നപ്പോൾ മുല്ലപ്പള്ളി എടുത്ത നിലപാട് കൺവീനർ എം എം ഹസ്സനെ പരസ്യമായി ശാസിക്കുന്ന നിലയിലായിരുന്നു.  അത് വലിയ അസ്വാരസ്യങ്ങൾക്ക് ഇടയാക്കി. എൽഡിഎഫ്  പ്രചാരണത്തിന് കെപിസിസി അധ്യക്ഷൻ തന്നെ പിന്തുണ നൽകി എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പരാതിപ്പെട്ടത്.

അണികളുമായി വേണ്ടത്ര ബന്ധം സ്ഥാപിക്കുന്നതിലും പാർട്ടി സംവിധാനം ശക്തിപ്പെ ടുത്തുന്നതിലും മുല്ലപ്പള്ളിക്ക് വിജയിക്കാൻ കഴിഞ്ഞില്ല .തീർത്തും അഴിമതി രഹിത പ്രതിച്ഛായയാ ണ് അദ്ദേഹത്തിനു ഏറ്റവും പ്രധാനമായി ഉണ്ടായിരുന്ന നേട്ടം.എന്നാൽ ഫണ്ട്  പിരിവ് അടക്കമുള്ള കാര്യങ്ങൾ അവതാളത്തിലായി .അത് പാർട്ടി പ്രവർത്തനത്തെ ബാധിക്കുകയും ചെയ്‌തു.

മുല്ലപ്പള്ളി രണ്ടു തവണ വടകര നിന്ന് പാർലമെന്റിലേക്ക് വിജയിക്കാൻ ഏറ്റവും  സഹായകമായ രാഷ്ട്രീയ വികാസം സിപിഎമ്മിൽ അവിടെ ഉയർന്ന പ്രശ്നങ്ങളാണ്.ആർഎംപിയുടെ  ഇടപെടലാണ് അദ്ദേഹത്തിനു വിജയം നല്കിയ തെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎംപി സ്ഥാനാർഥിക്കെതിരെ സ്വന്തം മണ്ഡലമായ കല്ലാമലയിൽ അദ്ദേഹം വിമത സ്ഥാനാർത്ഥിയെ നിർത്തി .പ്രദേശത്തു സിപിഎമ്മിനാണ് അതിന്റെ നേട്ടം കിട്ടിയത്.  നിയമസഭയിൽ കോഴിക്കോട് ജില്ലയിൽ കോൺഗ്രസിന്റെ ഒരു സ്ഥാനാർത്ഥിയും വിജയിച്ചില്ല .വടകരയിൽ യുഡിഎഫ് പിന്തുണയിൽ വിജയിച്ച ആർഎംപിയുടെ കെ കെ രമയ്ക്ക്  വേണ്ടി കെപിസിസി അധ്യക്ഷൻ ചെറുവിരൽ അനക്കിയതുമില്ല. അതോടെ പാർട്ടിയിൽ  മാത്രമല്ല നാട്ടിലും ഒറ്റപ്പെട്ടത് കെപിസിസി അധ്യക്ഷൻ തന്നെ .