കോവിഡ് വൈറസ് ഉത്ഭവം സംബന്ധിച്ച പരിശോധന നടത്താൻ ബൈഡന്റെ ഉത്തരവ്

ന്യൂയോർക്ക്: കോവിഡ് വൈറസ് ഉത്ഭവം സംബന്ധിച്ച വിശദവിവരങ്ങൾ
ശേഖരിക്കാനായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളോട്
പ്രസിഡണ്ട് ജോ ബൈഡൻ ആവശ്യപ്പെട്ടു. വൈറസ് ചൈനയിലെ ഒരു
ലാബറട്ടറിയിൽ നിന്നും ആകസ്മികമായി പുറത്തു വന്നതാണെന്ന
വാർത്തകൾ വീണ്ടും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വിഷയത്തിൽ
അന്വേഷണം നടത്താൻ പ്രസിഡണ്ട് ഉത്തരവിട്ടത്.
2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ ആദ്യമായി
പ്രത്യക്ഷപ്പെട്ട മാരകമായ പുതിയ വൈറസ് വവ്വാലുകളിൽ നിന്ന് മറ്റൊരു
ജീവിയിലൂടെ മനുഷ്യരിൽ എത്തി എന്നായിരുന്നു ആദ്യം ഗവേഷകർ
അഭിപായപ്പെട്ടത്. ചൈനയിൽ കാട്ടിൽ നിന്ന് പിടിക്കുന്ന ജീവികളെ
ഭക്ഷിക്കുന്നത് പതിവാണ്. ഇങ്ങനെ പിടിച്ച ഉറുമ്പുതീനിയിൽ നിന്നാണ്
രോഗം പടർന്നത് എന്നും നിഗമനം ഉണ്ടായിരുന്നു.
എന്നാൽ പുതിയ വൈറസിനെ സംബന്ധച്ച വിവരങ്ങൾ ചൈനീസ്
അധികൃതർ മറച്ചുവെച്ചു എന്ന ആരോപണം ഉയർന്നിരുന്നു. അതിനാൽ
രോഗപ്രതിരോധത്തിനു ലോകം തയ്യാറെടുക്കുന്നതിൽ കാലതാമസവും നേരിട്ടു.
കോവിഡിനെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നതിൽ
ലോകാരോഗ്യ സംഘടനയും വീഴ്ച വരുത്തി എന്നും ആരോപണമുണ്ട് .
കോവിഡ് ഉറവിടം സംബന്ധിച്ച പഠനങ്ങൾക്ക് ചൈനയിൽ എത്തിയ
ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം നൽകിയ റിപ്പോർട്ടിൽ
വിഷയത്തിൽ തുടർപഠനം വേണം എന്നാണ് നിർദേശിച്ചത്. വന്യജീവികളിൽ
നിന്ന് പടർന്നതാണ് എന്ന നിഗമനം റിപ്പോർട്ട് തള്ളിക്കളയുന്നില്ലെങ്കിലും
വിശദ പഠനങ്ങൾ നിർദേശിക്കുകയും ചെയ്യുന്നുണ്ട്.
അതിനിടയിലാണ് കഴിഞ്ഞ ആഴ്ച വാൾസ്ട്രീറ്റ് ജേർണൽ പത്രം വളരെ
സുപ്രധാനമായ ഒരു വാർത്ത പ്രസിദ്ധീകരിച്ചത്. വിവാദമായ വുഹാൻ
ലാബറട്ടറിയിലെ മൂന്നു ഗവേഷകർ ചില അജ്ഞാത രോഗലക്ഷങ്ങളുമായി
2019 നവംബറിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു എന്നാണ് പത്രം
വെളിപ്പടുത്തിയത്. ഈ വാർത്ത പുറത്തുവന്നതോടെ അമേരിക്കൻ
മാധ്യമങ്ങൾ വീണ്ടും ചൈനയെ കുറ്റപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ചൈന
ഇത്തരം നീക്കങ്ങളെ ഇന്നലെ ശക്തമായി അപലപിച്ചു. ലോകം നേരിടുന്ന

ഭീഷണിയെ ഒന്നിച്ചു നിന്ന് നേരിടുന്നതിനു പകരം ഇത്തരം നീക്കങ്ങൾ
അപലപനീയമാണ് എന്നു ചൈനീസ് വിദേശകാര്യ മന്ത്രി പ്രസ്‌താവിച്ചു.