ഇന്ത്യയിൽ കോവിഡ് മരണം മൂന്നു ലക്ഷം കവിഞ്ഞെന്ന് സർക്കാർ; 10 ലക്ഷം കവിഞ്ഞെന്ന് ന്യൂയോർക്ക് ടൈംസ്
ന്യൂ ദൽഹി: ഇന്ത്യയിൽ കോവിഡ് കാരണമുള്ള മരണങ്ങൾ ഞായറാഴ്ചയോടെ മൂന്നുലക്ഷം കവിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ മരണനിരക്കിൽ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം.
എന്നാൽ ഇന്ത്യൻ സർക്കാരിന്റെ കണക്കുകൾ വസ്തുതാവിരുദ്ധമാണെന്നും രാജ്യത്തെ യഥാർത്ഥ മരണനിരക്ക് പത്തു ലക്ഷത്തിൽ അധികമാണെന്നും ന്യൂയോർക്ക് ടൈംസ് ഇന്ന് റിപ്പോർട്ട് ചെയ്‌തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കോവിഡ് മരണം സംബന്ധിച്ച കണക്കുകളിൽ കാര്യമായ മറച്ചുവെക്കൽ നടക്കുന്നുണ്ട് എന്നാണ് പത്രം ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും കോവിഡ് മരണം സംബന്ധിച്ച കൃത്യമായ കണക്കുകളല്ല നൽകുന്നത്. വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മൂന്നാഴ്ച വരെയുള്ള കാലവിളംബം സ്വാഭാവികമാണ്. എന്നാൽ പല സംസ്ഥാനങ്ങളും വിവരങ്ങൾ ബോധപൂർവം മറച്ചുവെക്കുന്നതായാണ് വിലയിരുത്തൽ.
ഗുജറാത്തിൽ വിവിധ ശ്മശാനങ്ങളും ആശുപത്രികളും നൽകുന്ന കണക്കുകളും സർക്കാർ പുറത്തുവിടുന്ന കണക്കുകളും തമ്മിൽ വലിയ വ്യത്യാസം കാണുന്നതായി ദി ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങളും കഴിഞ്ഞ ദിവസ ങ്ങളിൽ വാർത്ത നൽകുകയുണ്ടായി. അഹമ്മദാബാദ്, വഡോദര തുടങ്ങിയ വിവിധ നഗരസഭകളിൽ നിന്നുള്ള മരണം സംബന്ധിച്ച കണക്കുകളിൽ ഇത്തരം ഭിന്നതകൾ ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായി. ഇത് കേന്ദ്രസർക്കാരും അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധം സംബന്ധിച്ചു ജില്ലാ കളക്ടർമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു നടത്തിയ ചർച്ചയിൽ മരണനിരക്ക് മറച്ചുവെക്കുന്നത് ശരിയല്ല എന്ന് പ്രത്യേകം ഓർമപ്പെടുത്തുകയുണ്ടായി. അതേസമയം ബീഹാർ ,ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗംഗാ നദിയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ ഒഴുകി നടക്കുകയാണ്. നദീതീരങ്ങളിൽ കുഴിച്ചുമൂടിയ മൃതദേഹങ്ങൾ നദിയുടെ കരകവിയുമ്പോൾ ഒഴുകുന്നതോ ബോധപൂർവം മൃതദേഹങ്ങൾ നദിയിൽ ഒഴുക്കി വിടുന്നതോ ആണ് ഇങ്ങനെ ശവശരീരങ്ങൾ ഒഴുകാൻ കാരണമായത്. കോവിഡ് ബാധിച്ചു മരിച്ച ഇത്തരം മൃതദേഹങ്ങൾ സർക്കാർ സംവിധാനത്തിൽ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കേണ്ടതാണ്. എന്നാൽ അത്തരം സംവിധാനങ്ങൾക്ക് പുറത്താണ് ഈ മരണങ്ങളും അവയുടെ സംസ്കാരവും. വിദൂര ഗ്രാമങ്ങളിൽ പോലും കോവിഡ് ബാധ വന്നതോടെ സർക്കാർ സംവിധാനങ്ങൾ പലേടത്തും പൂർണമായി പരാജയപ്പെട്ടു. അതിനാൽ മരണം സംബന്ധിച്ച കൃത്യമായ വിവരങ്ങളും സർക്കാരിന്റെ കൈവശമില്ല.
എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ മരണം സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനുള്ള സംവിധാനം ഗവേഷകർ വികസിപ്പിച്ചിട്ടുണ്ട്. ഒരു പ്രദേശത്തെ സാധാരണ വർഷങ്ങളിലെ ശരാശരി മരണനിരക്കും കോവിഡ് ബാധയുടെ കാലത്തെ അമിതമായ മരണനിരക്കും തമ്മിലുള്ള അന്തരം കണക്കു കൂട്ടിയാണ് യഥാർത്ഥ മരണസംഖ്യ തിട്ടപ്പെടുത്തുന്നത്. ഇങ്ങനെ നോക്കിയാൽ ഇന്ത്യയിൽ ഇതിനകം തന്നെ ഒരു ദശലക്ഷത്തിൽ അധികം മരണം ഉണ്ടായതായാണ് പത്രം ചൂണ്ടിക്കാട്ടുന്നത്. അതായത് രോഗബാധയിലും മരണനിരക്കിലും ഇന്ത്യ ആഗോളതലത്തിൽ തന്നെ ഒന്നാം സ്ഥാനത്തു എത്തിക്കഴിഞ്ഞു. രോഗത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷൻ അടക്കമുള്ള കാര്യങ്ങളിൽ വികസ്വരരാജ്യങ്ങളിൽ പോലും മോശമായ പ്രകടനമാണ് ഇന്ത്യയുടേത്. വാക്‌സിനുകൾ നിർമിക്കുന്നതിൽ ലോകത്തു ഏറ്റവും ശേഷിയുള്ള രാജ്യമായിട്ടും അത് ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടു എന്നാണ് ആഗോളതലത്തിലെ വിദഗ്ദ്ധരുടെ വിലയിരുത്തൽ.