വ്യാജമദ്യ വിൽപന തകൃതിയിൽ; ഒരാഴ്ചക്കകം അരഡസൻ മരണങ്ങൾ

കോഴിക്കോട് :സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വ്യാജമദ്യ ഉപയോഗം കാരണം അരഡസൻ മരണങ്ങളാണ് ഒരാഴ്ചക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൂന്നുപേർ  ഒരേദിവസം മരിച്ച വാർത്ത ഏതാനും ദിവസം മുമ്പ് മലയാള മനോരമ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞദിവസം  സാനിറ്റൈസർ കഴിച്ചു അവശരായ രണ്ടുപേരുടെ മരണം ദൃശ്യമാധ്യമങ്ങളിൽ വന്നു. വിവിധ മാധ്യമ ങ്ങളുടെ പ്രാദേശിക പേജുകളിൽ ഇത്തരം വാർത്തകൾ നിരന്തരമായി വരുന്നുണ്ട് . കൊറോണാ മരണങ്ങളുടെ കുത്തൊഴുക്കിൽ ഇത്തരം ദുരന്തങ്ങൾ സമൂഹശ്രദ്ധയിൽ പെടുന്നില്ല എന്നു മാത്രം.

ഒരു മാസമായി സംസ്ഥാനമൊട്ടാകെയുള്ള അടച്ചിടൽ കാരണം ബിവറേജസ്  കോർപറേഷൻ മദ്യവില്പനശാലകൾ അടഞ്ഞുകിടക്കുകയാണ്.   അന്യസംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ടു പോരുന്ന മദ്യവും ഇവിടെത്തന്നെ  നിർമിക്കുന്ന വ്യാജമദ്യവും മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. കരിഞ്ചന്തയിൽ നിരവധി ഇരട്ടി വില നൽകിയാണ് പലരും ഇത്തരം ഉത്പന്നങ്ങൾ വാങ്ങുന്നത്.  കരിഞ്ചന്തയിൽ ഡിമാൻഡ് വർധിച്ചതോടെ മദ്യത്തിന്റെ ശേഖരകേന്ദ്ര ങ്ങളിൽ  കടന്നുകയറി മദ്യം കൊള്ള ചെയ്യുന്ന അനുഭവങ്ങൾ വരെ സംസ്ഥാനത്തു ഉണ്ടായി. മറുഭാഗത്തു കള്ളു വിൽപന  നിർത്തിവച്ചിട്ടില്ലെങ്കിലും അവിടെയും ഉത്പാദകർ കുഴപ്പത്തിൽ തന്നെയാണ്.  ചിറ്റൂർ അടക്കമുള്ള പ്രധാന ഉത്പാദന കേന്ദങ്ങളിൽ നിന്ന് വില്പനകേന്ദ്രങ്ങളിൽ എത്തിക്കാനാവാതെ ചെത്തുകാർ കള്ള് ഒഴിച്ചുകളയുന്നതായി പാലക്കാട് നിന്ന് വർത്തകൾ വരികയുണ്ടായി.

ഒന്നര  വർഷമായി നിലനിൽക്കുന്ന കൊറോണാഭീതിയും തൽഫലമായ അടച്ചിടലും കേരളത്തിലെ ഒരു പ്രധാന സാമ്പത്തിക മേഖലയായ മദ്യ രംഗത്തു കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.  ചില്ലറ വില്പനശാലകൾ എന്ന നിലയിൽ പ്രവർത്തിച്ച ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടുമ്പോൾ അതിനു പകരം സംവിധാനം ഏർപ്പെടുത്തുന്നതിൽ സർക്കാരിനുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിക്കും മരണങ്ങൾക്കും കാരണമായത്.

അന്യസംസ്ഥാനങ്ങളിൽ മിക്കതിലും മദ്യവില്പന സർക്കാരും സ്വകാര്യ മേഖലയും ഒരേപോലെ ഇടപെടുന്ന രംഗമാണ്. കേരളത്തിൽ ആന്റണി ഭരണകാലം മുതൽ വിദേശമദ്യവില്പന സർക്കാർ കുത്തകയാണ്. ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ മാന്യമായി വാങ്ങാൻ പോലുമുള്ള സൗകര്യം നൽകാതെ  കാലിത്തൊഴുത്തു പോലെയാണ് ബിവറേജസ് വില്പനശാലകൾ യുഡിഎഫ് ഭരണകാലത്തു നടത്തിയിരുന്നത്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതോടെ ഈ സ്ഥിതിയിൽ മാറ്റം വന്നു. ഉപഭോക്താക്കൾക്ക് വില്പനകേന്ദ്രങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ  ഏർപ്പെടുത്തി. കൂടുതൽ വില്പനശാലകളും തുറന്നു.

എന്നാൽ കൊറോണ  അടച്ചിടൽ കാലത്തു കാര്യങ്ങൾ വീണ്ടും  അവതാളത്തിലായി. ഷോപ്പുകളിലെ തിരക്ക് കുറക്കാൻ ആരംഭിച്ച ബെവ്‌ ക്യു ആപ്പിനെപ്പറ്റി പരാതികൾ നിരവധിയായിരുന്നു. അതിനു പരിഹാരമായി ബാറുകളിൽ  കുപ്പി വിതരണം അനുവദിച്ചു. അതോടെ  ബിവറേജസ് വില്പനശാലകളിൽ കച്ചവടം കുറഞ്ഞു.

ഇപ്പോൾ ഒരിടത്തും മദ്യം  കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്.  മറ്റു സംസ്ഥാനങ്ങളിൽ മദ്യം ഓർഡർ അനുസരിച്ചു വീടുകളിൽ ലഭ്യമാക്കുന്ന പദ്ധതി വിജയകരമായി കഴിഞ്ഞവർഷം തന്നെ നടപ്പിലാക്കി. കേരളത്തിൽ സർക്കാർ അത്തരം നീക്കങ്ങൾക്കു തയ്യാറായില്ല. ഇപ്പോൾ കോവിഡ്  രണ്ടാം തരംഗത്തിൽ സ്ഥിതിഗതികൾ കൈവിട്ടു പോകുകയും ചെയ്‌തു.  വ്യാജമദ്യ മരണങ്ങൾ വാർത്ത പോലും അല്ലാതായി. പക്ഷേ ഒരു  സുപ്രധാന സാമ്പത്തിക മേഖലയായ മദ്യരംഗത്തെ തളർച്ചയും തകർച്ചയും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിൽ എത്തിക്കും എന്ന് തീർച്ചയാണ്.