വിമാനറാഞ്ചല്‍: ബെലാറസിനെതിരെ നടപടിക്ക് യൂറോപ്യൻ യൂണിയൻ
ബ്രസ്സൽസ്: യൂറോപ്യൻ യൂണിയനിലെ രണ്ടു അംഗരാജ്യങ്ങൾക്കിടയിൽ സഞ്ചരിച്ച യാത്രാവിമാനം സൈനിക ജെറ്റുകൾ അയച്ചു തട്ടിക്കൊണ്ടുപോയ ബെലാറസ് ഭരണകൂട നടപടിയിൽ കടുത്ത പ്രതികരണം ഉണ്ടാവുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ അധ്യക്ഷ ആർസുല വാൻഡർ ലെയ്ൻ വ്യക്തമാക്കി.
ഇന്നലെയാണ് ലോകരാജ്യങ്ങളെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഗ്രീസിലെ ഏതൻസിൽ നിന്നും ലിത്വനിയയുടെ തലസ്ഥാനമായ വിൽനിയസിലേക്കു പോയ റിയാനെയർ വിമാനമാണ് ബെലാറസ് അധികൃതർ അവരുടെ തലസ്ഥാനമായ മിൻസ്കിൽ ഇറങ്ങാൻ നിർബന്ധിച്ചത്. വിമാനത്തിൽ സഞ്ചരിച്ചിരുന്ന ബെലാറസ് പൗരനായ മാധ്യമപ്രവർത്തകൻ റൊമാൻ പ്രൊട്ടാസെവിച്ചിനെ ബെലാറസ് പോലീസ് വിമാനത്തിൽ നിന്ന് പിടിച്ചിറക്കി ബന്ധനസ്ഥനാക്കി. 26 വയസ്സുള്ള റൊമാൻ ബെലാറസിലെ തെരഞ്ഞടുപ്പ് അട്ടിമറി സംബന്ധിച്ച നിരവധി വാർത്തകൾ പുറത്തു കൊണ്ടുവന്നിരുന്നു. ബെലാറസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കാൽനൂറ്റാണ്ടായി അധികാരം കയ്യാളുന്ന അലക്‌സാണ്ടർ ലുകാഷെങ്കോ തോറ്റുവെങ്കിലും അധികാരം കൈമാറാതെ ഭരണത്തിൽ തുടരുകയാണ്. ലുകാഷെങ്കോവിന്റെ വിമർശകരും രാഷ്ട്രീയ എതിരാളികളും തടവിലാണ്. പലരും അയൽരാജ്യങ്ങളിലേക്കു അഭയം തേടിപ്പോയി. റൊമാൻ ലിത്വനിയയിലാണ് ഇപ്പോൾ കഴിയുന്നത്. അദ്ദേഹത്തെ പിടികൂടാനാണ് വിമാനം ബലമായി ബെലാറസിൽ ഇറക്കാൻ ലുകാഷെങ്കോ നിർദേശം നൽകിയതെന്നു വാർത്താ മാധ്യമങ്ങൾ പറയുന്നു.
സൈനിക ജെറ്റ് ഉപയോഗിച്ചു അന്താരാഷ്ട്ര യാത്രാവിമാനം തട്ടിക്കൊണ്ടു പോയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യൂറോപ്യൻ യൂണിയനും അമേരിക്കൻ വിദേശകാര്യവകുപ്പും ചൂണ്ടിക്കാണിക്കുന്നു. ഇത് ഞെട്ടിക്കുന്ന സംഭവമാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. തടവിലാക്കിയ മാധ്യമപ്രവർത്തകനെ ഉടൻ വിമോചിപ്പിക്കണമെനും പല രാജ്യങ്ങളും ആവശ്യപ്പെട്ടു. 171 യാത്രക്കാർ ഉണ്ടായിരുന്ന വിമാനം ഏഴു മണിക്കൂർ വൈകിയാണ് വിൽനിയസിൽ ഇറങ്ങിയത്.